08 May Wednesday

അഭിമാനത്തോടെ കൊല്ലത്തുനിന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2017


ദേശാഭിമാനിയുടെ എട്ടാമത്തെ എഡിഷന്‍ കൊല്ലം ജില്ലയിലെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. കശുവണ്ടിയും കയറും  മത്സ്യബന്ധനവുമടക്കം പരമ്പരാഗത വ്യവസായങ്ങളില്‍ ജീവിതം സമര്‍പ്പിക്കുന്ന പരശ്ശതം മനുഷ്യര്‍ക്കുള്ള തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഉപഹാരമാണീ എഡിഷന്‍.   ശൂരനാടിന്റെയും കടയ്ക്കലിന്റെയും പോരാട്ടേതിഹാസങ്ങളുടെ സ്മരണ തുടിക്കുന്ന കൊല്ലത്തിന്റെ മണ്ണില്‍നിന്ന്  ദേശാഭിമാനി അച്ചടിച്ചുതുടങ്ങുമ്പോള്‍  പുരോഗമനപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ സഹയാത്രികരുടെയും ഒരു ചിരകാലസ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.

ദേശാഭിമാനി ദിനപത്രമായി മുന്നിലെത്താന്‍ കാത്തിരിക്കുന്നവരില്‍ ഒന്നാമനാണ് താനെന്ന്   മഹാകവി വള്ളത്തോള്‍ എഴുതിയത് ഏഴുദശാബ്ദം മുമ്പാണ്. വാരികയായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച ദേശാഭിമാനിയുടെ എഴുപത്തഞ്ചാം വാര്‍ഷികമാണിത്. വായനക്കാര്‍ക്ക് കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട പത്രം എത്തിക്കാനായി ഈ വര്‍ഷം രണ്ട് യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. അതില്‍ ആദ്യത്തേതാണ് കൊല്ലത്ത്. രണ്ടാമത്തേത് അടുത്ത മാസം പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങും.

ദേശാഭിമാനി ഇതര പത്രങ്ങളില്‍നിന്ന് ഒട്ടേറെ വ്യത്യസ്തമായി നില്‍ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ   സിപിഐ എമ്മിന്റെ  മുഖപത്രം എന്ന നിലയില്‍, പക്ഷം പറഞ്ഞുകൊണ്ടുതന്നെ ജനങ്ങളുമായി സംവദിക്കാനും ഒപ്പം സമ്പൂര്‍ണ വര്‍ത്തമാനപത്രമായി സാര്‍വത്രികമായ അംഗീകാരം നേടാനും കഴിയുന്നു എന്നത് ദേശാഭിമാനിയുടെ സവിശേഷമായ  പ്രത്യേകതയാണ്. വാര്‍ത്തകള്‍, അവ എത്രതന്നെ രാഷ്ട്രീയ എതിര്‍പ്പുള്ളതായാലും വളച്ചൊടിക്കാനല്ല, നേരേ ചൊവ്വേ റിപ്പോര്‍ട്ട് ചെയ്യാനാണ് ദേശാഭിമാനി  ശ്രമിച്ചിട്ടുള്ളത്. നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വയനാട്ടില്‍ പൊലീസ്  വെടിവച്ചുകൊന്നതിന്റെയും അടിയന്തരാവസ്ഥക്കാലത്തെ പൊലീസ്ഭീകരതയുടെയും ഏറ്റവുമൊടുവില്‍  മാധ്യമരംഗത്തെ അനാശാസ്യപ്രവണതകളുടെയും യാഥാര്‍ഥ്യം മറയില്ലാതെ വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അതിനുദാഹരണങ്ങളാണ്. 

അധ്വാനിക്കുന്നവന്റെ പക്ഷത്താണ് ദേശാഭിമാനി. ജനകീയ സമരങ്ങളുടെ പ്രചാരകനും സംഘാടകനുമാണ് ഈ പത്രം. രാജ്യത്തെ ഗ്രസിക്കുന്ന സമഗ്രാധിപത്യപ്രവണതകളും വര്‍ഗീയതയുടെ ആസുരമായ വിപത്തും തുറന്നുകാട്ടാനും നെഞ്ചുവിരിച്ചെതിര്‍ക്കാനും  ദേശാഭിമാനി മുന്നില്‍നില്‍ക്കുന്നു. കേരളത്തിന്റെ സാംസ്കാരികനേതൃത്വത്തിനുനേരെ വര്‍ഗീയതയുടെ തീട്ടൂരങ്ങളും ഭീഷണിയും ഉയരുമ്പോള്‍  പ്രതിരോധിക്കാന്‍ മാത്രമല്ല, സാംസ്കാരികനായകരെ ആദരിക്കാനും മുന്നില്‍ ദേശാഭിമാനിയുണ്ട്. പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ചത്, ജനസഹസ്രങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ഏഷ്യന്‍ റെക്കോഡായി ഉയര്‍ന്നത് പത്രത്തിന്റെ പൊതുസ്വീകാര്യതയെ അടയാളപ്പെടുത്തുന്നു.

പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത് പുത്തന്‍ സാങ്കേതികവിദ്യയുടെ കരുത്തോടെ പത്രം പുതിയ രൂപത്തിലേക്കു മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. അച്ചടിയുടെ മേന്മയും വേഗവും ഉറപ്പാക്കാന്‍ കൊച്ചിയിലും കണ്ണൂരിലും പുതിയ പ്രസുകള്‍ ഒരുങ്ങുന്നു. പ്രചാരത്തില്‍ മൂന്നാമതെങ്കിലും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസമാര്‍ജിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പ്രാരംഭകാലംമുതല്‍ ജനങ്ങളാണ് ഈ പത്രത്തിന് കരുത്തുപകര്‍ന്നത്; ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് സംരക്ഷിച്ചത്. സംസ്ഥാനത്തെ ഒന്നാമത്തെ പത്രമായി ഉയരാനുള്ള ഞങ്ങളുടെ ശ്രമത്തിനും ജനങ്ങളില്‍നിന്ന് ലഭിക്കുന്ന  നിസ്സീമമായ സഹായസഹകരണങ്ങള്‍ ആവേശകരമാണ്.

കൊല്ലത്ത് സ്വന്തമായി  പ്രസും അനുബന്ധസൌകര്യങ്ങളും ഏര്‍പ്പെടുത്തി വിപുലമായ പ്രസിദ്ധീകരണം ഈ വര്‍ഷംതന്നെ സാധ്യമാക്കാനാണുദ്ദേശിക്കുന്നത.്് അതിനുമുന്നോടിയായാണ് കൊല്ലം നഗരത്തില്‍നിന്ന് അച്ചടി ആരംഭിക്കുന്നത്.  കല്ലച്ചില്‍നിന്ന് അത്യാധുനികസംവിധാനത്തിലേക്ക് മലയാളപത്രലോകം മാറിയ വേളയിലൊക്കെ ആദ്യംതന്നെ  നവീകരിച്ച് പൊതുപുരോഗതിക്കൊപ്പം നില്‍ക്കാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ  പത്രം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും പുറത്തുവരാതെ പോകുമായിരുന്ന എത്രയോ സത്യങ്ങളുണ്ട്. ദേശാഭിമാനി ഇല്ലാതായിക്കാണണമെന്നുകരുതുന്ന ശക്തികളും നാട്ടിലുണ്ട്. ദേശാഭിമാനിക്കുവേണ്ടി എ കെ ജി പണം പിരിക്കാന്‍ സിലോണിലുംമറ്റും പോയപ്പോള്‍ അതിശക്തമായി എതിര്‍ത്തവരുണ്ട്.  അവരുടെ പിന്മുറക്കാര്‍ ഇന്നും സജീവമാണ്. താങ്ങാന്‍കഴിയാത്ത പിഴ ചുമത്തി  ദേശാഭിമാനി മുടക്കാമെന്ന്— വൈദേശിക ‘ഭരണാധികാരികള്‍ കരുതി. നാനാഭാഗത്തുനിന്നും ആക്രമണമഴിച്ചുവിട്ട് ദേശാഭിമാനിയെ തളര്‍ത്താമെന്ന് വലതുപക്ഷം എന്നും വ്യാമോഹിച്ചിട്ടുണ്ട്.  പക്ഷേ, ദേശാഭിമാനിയുടെ പുരോയാനത്തിന് തടസ്സം സൃഷ്ടിക്കാന്‍ ഒരുശക്തിക്കും കഴിഞ്ഞിട്ടില്ല എന്നത് ഏഴരപ്പതിറ്റാണ്ടത്തെ ചരിത്രം.

രാഷ്ട്രീയലക്ഷ്യത്തിന് അണുവിട കുറവുംവരുത്താതെ അതിനെ സമ്പൂര്‍ണ ദിനപത്രമായി വളര്‍ത്തുക എന്നതായിരുന്നു ഇ എം എസിന്റെ ലക്ഷ്യം. സഖാക്കള്‍ പി കൃഷ്ണപിള്ള, എ കെ ജി, അഴീക്കോടന്‍, സി എച്ച് കണാരന്‍, ഇ കെ നായനാര്‍, പി കണ്ണന്‍നായര്‍, ചടയന്‍, കെ പി ആര്‍, എന്‍ ശ്രീധരന്‍ തുടങ്ങിയ സമരനായകരും സംഘാടകരും പാലോറ മാതയെപ്പോലുള്ള അമ്മമാരും പാകിയ അടിത്തറയില്‍, ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്ന് അകന്നുപോകാതെ, നിരന്തരം സ്വയം നവീകരിച്ച് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നാവായി തല ഉയര്‍ത്തിനില്‍ക്കുന്ന പത്രമാണ് ദേശാഭിമാനി. അതിന്റെ കൊല്ലം പതിപ്പിനെ ഇന്നാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
           
എം വി ഗോവിന്ദന്‍ മാസ്റ്റര്‍    ചീഫ് എഡിറ്റര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top