15 July Monday

കോൺഗ്രസിന്റെ
 ഹിന്ദുത്വ മുഖം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആർഎസ്എസ് പറയുമ്പോൾ ഹിന്ദുരാജ്യമാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. രാഷ്ട്രവും രാജ്യവും പ്രയോഗങ്ങൾ തമ്മിലുള്ള പൊരുത്തത്തെക്കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാമർശിച്ചപ്പോൾ അദ്ദേഹത്തെ വർഗീയവാദിയെന്ന് ആക്ഷേപിക്കുകയാണ് ചിലർ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രത്യേകിച്ച്. ആർഎസ്എസ് ഒത്താശക്കാരനായ കെപിസിസി പ്രസിഡന്റ്‌  കെ സുധാകരനെ ഒഴിവാക്കാം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രസിഡന്റ്‌  കെ മുരളീധരൻ തുടങ്ങിയ സമുന്നത നേതാക്കളും പ്രസ്താവിച്ചിട്ടുണ്ട്. ലീഗിന്റെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും എന്തോ പറഞ്ഞിട്ടുണ്ട്.

ലീഗ് തീവ്രവാദ സ്വാധീനത്തിൽ വീണ്ടും കുടുങ്ങിയപ്പോൾ കോൺഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. അതിന് കോൺഗ്രസ് രൂപീകരണംവരെ പഴക്കമുണ്ട്. മഹാത്മാഗാന്ധി ഹിന്ദുത്വ ഭീകരരുടെ വെടിയേറ്റു മരിച്ച സാഹചര്യം. ഗാന്ധിജി കോൺഗ്രസിനെ തള്ളിപ്പറഞ്ഞ ചരിത്രമുഹൂർത്തം. ഇതിലേക്ക് തിരിഞ്ഞുനോക്കിയാൽ സംഘപരിവാറിന്റെ ദീർഘകാല പ്രവർത്തനവും അതിൽ കോൺഗ്രസിനെ എങ്ങനെ ഉപയോഗിച്ചു എന്നതും ചരിത്രാന്വേഷികൾക്ക് മനസ്സിലാകും. ചിതറിക്കിടക്കുന്ന ഹിന്ദുമത വിശ്വാസത്തെ ഏകീകരിക്കാനുള്ള സംഘപരിവാർ അജൻഡയാണ് ശ്രീരാമ വിശ്വാസം. ജനാധിപത്യ സ്വഭാവമുള്ള വിശ്വാസത്തെ സെമറ്റിക് മതമാക്കാനുള്ള അജൻഡ. രാമൻ ജനിച്ച സ്ഥലമെന്ന് സങ്കൽപ്പത്തിലുള്ള അയോധ്യയിലെ ബാബ്‌റി മസ്ജിദ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനം. സ്വാതന്ത്ര്യാനന്തരം രാജ്യം അടക്കിവാണ കോൺഗ്രസിനെയാണ് അവർ അന്നുമുതലേ ഉപയോഗിച്ചത്. കോൺഗ്രസ് നേതാക്കളെ പങ്കാളികളോ അല്ലെങ്കിൽ ഒത്താശക്കാരോ ആക്കാൻ സംഘപരിവാർ അന്നുമുതലേ ശ്രമിച്ചു വന്നു. ശക്തമായ മതനിരപേക്ഷ നിലപാട്‌ സ്വീകരിച്ച ജവാഹർലാൽ നെഹ്റുപോലും ഈ ചാഞ്ചാട്ടത്തിൽ നിസ്സഹായനായി മാറുകയായിരുന്നു.

1949 ഡിസംബർ 22ന് അർധരാത്രിയിൽ തുടങ്ങിയ മസ്ജിദ് -ക്ഷേത്ര സംഘർഷകാലത്ത് കോൺഗ്രസിന്റെ ദേശീയ മുഖമായിരുന്ന ഗോവിന്ദ വല്ലഭായ് പന്തായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നെഹ്റു നേരിട്ട് ഇടപെട്ടിട്ടുപോലും പന്ത് ചലിച്ചില്ല. 1985 ഡിസംബർ 19ന് അന്നത്തെ യുപി മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് വീർ ബഹാദൂർ സിങ് അയോധ്യ സന്ദർശിക്കുകയും വിശ്വഹിന്ദു പരിഷത് നേതാക്കളുമായി ഒരേ വേദി പങ്കിടുകയും ചെയ്തു. രാജീവ് ഗാന്ധി മന്ത്രിസഭയിലെ അംഗമായ അരുൺ നെഹ്റുവാണ് കോടതി വ്യവഹാരത്തിലെ ഒത്താശക്കാരനായി വന്നത്.

അലഹബാദ് ഹൈക്കോടതി തർക്കസ്ഥലമെന്ന് നിരീക്ഷിച്ച സ്ഥലത്ത് 1989 നവംബർ 10ന്  രാമക്ഷേത്ര ശിലാന്യാസം നടന്നത് കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും കോൺഗ്രസ് സർക്കാരുകളുടെ ഒത്താശയോടെ ആയിരുന്നു. പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ, ശിലാന്യാസം നടന്ന് മണിക്കൂറുകൾക്കകം, പ്രധാനമന്ത്രി രാജീവ് ഗാന്ധി നാഗ്പുരിൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്തു. "സമാധാനപരമായ' ശിലാന്യാസത്തിന്റെ അവകാശം കോൺഗ്രസിനാണെന്ന് ആർഎസ്എസ് ആസ്ഥാനത്തുവച്ച് രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. ബിജെപി കഴിഞ്ഞാൽ തൊട്ടടുത്ത സുഹൃത്ത് കോൺഗ്രസാണെന്ന് സംഘപരിവാർ പ്രമുഖൻ മഹന്ത് അവൈദ്യനാഥ് അന്ന് മുക്തകണ്ഠം പ്രശംസിച്ചു.

പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1992 ഡിസംബർ ആറിനാണ് ബാബ്‌റി മസ്ജിദ് തകർത്തത്. എൽ കെ അദ്വാനി ആത്മകഥയിൽ നരസിംഹറാവുവിന്റെ സഹായത്തെ നന്ദിപൂർവം സ്മരിച്ചിട്ടുണ്ട്. മസ്ജിദ് തകർത്തശേഷം ഉത്തരേന്ത്യയിൽ നടന്ന വർഗീയ കലാപങ്ങളിൽ കോൺഗ്രസിന്റെ പങ്ക് കുപ്രശസ്തമാണ്. മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷൻ കോൺഗ്രസിനെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. സിഖുകാരുടെ ആത്മീയ കേന്ദ്രമായ സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിക്കുപിന്നാലെ ഉണ്ടായ ഡൽഹി വംശീയാക്രമണം. ഇതിൽ കോൺഗ്രസുകാർ  തനി ഹിന്ദുത്വ ഭീകരരെയും ലജ്ജിപ്പിക്കുന്ന ക്രൂരതകളാണ് നടത്തിയത്. പല നേതാക്കളും ഇപ്പോഴും നീതിപീഠത്തിന്റെ മുൾമുനയിലാണ്.
മഹാരാഷ്ട്രയിൽ 1984ൽ നടന്ന ഭീവണ്ടി കലാപം, 1992ലെ സൂറത്ത് കലാപം തുടങ്ങി രാജ്യം കണ്ട വർഗീയ കലാപങ്ങളിലെല്ലാം കോൺഗ്രസുകാരും കോൺഗ്രസ് സർക്കാരുകളും വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. സംഘപരിവാറും കോൺഗ്രസിലെ സംഘപരിവാറുകാരും എത്ര കുഴിച്ചുമൂടിയാലും ചരിത്രം ഉണർന്നുതന്നെയിരിക്കും. അതിനാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്ക് കോൺഗ്രസ് രൂപീകരണത്തോടൊപ്പംതന്നെ ചരിത്രമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top