29 September Friday

കേരളം കുതിക്കട്ടെ പുതിയ പാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാതയ്‌ക്കെതിരെ ഉയരുന്ന എതിർപ്പുകളിൽ ന്യായമായ കാര്യങ്ങളും രാഷ്‌ട്രീയ വൈരവുമുണ്ട്‌. കേരളത്തിൽ വികസനക്കുതിപ്പിന്‌ വഴിതുറക്കുന്ന പദ്ധതി എൽഡിഎഫ്‌ ഭരണത്തിൽ യഥാർഥ്യമായിക്കൂടെന്ന വിദ്വേഷരാഷ്‌ട്രീയത്തെ തള്ളിക്കളയാൻ തന്നെയാണ്‌ സർക്കാരിന്റെ തീരുമാനം. എന്നാൽ, ഈ ബൃഹത്‌ പദ്ധതി വ്യക്തിപരമായും സാമൂഹ്യമായും ബാധിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതാണ്‌. അതിനുള്ള കർമപദ്ധതി മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും പരമാവധി ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്‌ തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്‌. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നുവെന്ന വ്യാജേന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളും പതിവുപോലെ രംഗത്തിറങ്ങിയിട്ടുണ്ട്‌. ഗെയ്‌ൽ പ്രകൃതി വാതക പൈപ്പ്‌ ലൈനും ദേശീയപാത വികസനവുമാണ്‌ ഇവർക്കുള്ള മറുപടി.

ജനങ്ങളുമായി നേരിട്ടു സംവദിച്ച്‌ ആശയക്കുഴപ്പങ്ങൾക്ക്‌ അറുതിവരുത്താനാണ്‌ സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌. ഇതിനായി വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവരുമായുള്ള ആദ്യ കൂടിക്കാഴ്‌ച ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ നടക്കും. ഈ മാസംതന്നെ വിവിധ ജില്ലയിൽ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കും. രാഷ്ട്രീയ പാർടികൾ, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ തുടങ്ങി വിവിധതലത്തിൽ തുടർന്നും ആശയവിനിമയം നടത്തും. സങ്കുചിത രാഷ്‌ട്രീയ അജൻഡയ്‌ക്കും മൗലികവാദ സമീപനങ്ങൾക്കും വഴങ്ങി നാടിന്റെ വികസനസ്വപ്‌നങ്ങൾ ബലികഴിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ്‌ ഈ ജനകീയ ആശയസംവാദത്തിലൂടെ സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്‌.

ഇന്ത്യയിലെ വൻകിട നഗരങ്ങളുടേതിനു സമാനമാണ്‌ കേരളത്തിന്റെ ജനസാന്ദ്രത. എല്ലായിടത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയൊരു നഗരമായി കേരളം പരിണമിക്കാൻ ഇനി അധികകാലം വേണ്ട. ഇവിടെ വികസനവും ജീവിതവും ഒരുപോലെ പ്രധാനം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അനിവാര്യമാണെങ്കിലും ഭൂമിയുടെ ദൗർലഭ്യം വെല്ലുവിളിയാണ്‌. തെക്കുവടക്ക്‌ 600 കിലോമീറ്റർ നീണ്ടുകിടക്കുന്ന മലയാളക്കര നേരിടുന്ന പ്രശ്‌നങ്ങളിൽ സുപ്രധാനമാണ്‌ ഗതാഗതം. പര്യാപ്‌തമായ സഞ്ചാര സൗകര്യങ്ങളില്ലാതെ ഈ നാട്‌ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം അവഗണിക്കാനാകില്ല. അതിലേറെ പ്രധാനമാണ്‌, കിടപ്പാടം വിട്ടൊഴിയാൻ നിർബന്ധിതരാകുന്നവരുടെ പുനരധിവാസം. വികസനം പ്രകൃതിക്കും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന ആഘാതം പഠിച്ച്‌ പരിഹാരമുണ്ടാക്കുകയാണ്‌ മറ്റൊരു കാര്യം. പദ്ധതിക്ക്‌ വിഭവം കണ്ടെത്തുന്നത്‌ എങ്ങനെ, അതിന്റെ ഭാരം എത്രമാത്രം സാധാരണ ജനങ്ങളുടെമേൽ പതിക്കും തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം വേണം. ഇതെല്ലാമാണ്‌ സർക്കാർ വിശദീകരിക്കുന്നത്‌.

ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ കേരളത്തിൽ ഗതാഗത സംവിധാനങ്ങളുടെ പിന്നോക്കാവസ്ഥ പ്രകടമാണ്‌. ആറുവരി ദേശീയപാത പതിറ്റാണ്ടുകൾ വൈകിയാണ്‌ യാഥാർഥ്യമാകുന്നത്‌. പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കുറഞ്ഞ വീതിയിൽ ദേശീയപാത വികസിപ്പിക്കാൻ കേന്ദ്രാനുമതി നേടിയെടുത്തത്‌ വി എസ്‌ സർക്കാരാണ്‌. അന്ന്‌ ആരംഭിച്ച സ്ഥലമെടുപ്പ്‌ ഉമ്മൻചാണ്ടി സർക്കാർ മുന്നോട്ടു കൊണ്ടുപോയില്ല. പദ്ധതിതന്നെ ഉപേക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ച ഘട്ടത്തിലാണ്‌ പിണറായി സർക്കാർ ചുമതലയേറ്റത്. ഭൂമി വിട്ടു കൊടുത്തവർക്ക്‌ മികച്ച പാക്കേജ്‌ അനുവദിച്ച്  പദ്ധതി പുനരുജ്ജീവിപ്പിച്ചപ്പോൾ സ്ഥലത്തിന്‌ കൂടിയവില നൽകാനാകില്ലെന്നായി കേന്ദ്രം. 25 ശതമാനം സംസ്ഥാനം നൽകിക്കൊണ്ടാണ്‌ ഈ പ്രതിസന്ധി അതിജീവിച്ചത്‌.
ജനങ്ങൾ സംതൃപ്‌തിയോടെ സ്ഥലം വിട്ടുകൊടുക്കാൻ തുടങ്ങിയതോടെ പലയിടത്തും കുഴപ്പം കുത്തിപ്പൊക്കാൻ ശ്രമം തുടങ്ങി.

കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ നടന്ന ദേശീയപാത വിരുദ്ധസമരങ്ങൾ മറക്കാറായിട്ടില്ല. മാധ്യമങ്ങൾ എരിതീയിൽ എണ്ണയൊഴിച്ചിട്ടും സർക്കാരിന്റെ ക്ഷമാപൂർവമുള്ള ഇടപെടൽ വിജയം കണ്ടു. ഇപ്പോൾ കേരളത്തിലെ 17 റീച്ചിലും ദേശീയപാത പ്രവൃത്തികൾ കരാറായി. പല ജില്ലയിലും നിർമാണം പുരോഗമിക്കുന്നു. അക്രമാസക്ത സമരത്തെ അതിജീവിച്ച്‌ ഗെയ്‌ൽ പദ്ധതി പൂർത്തിയാക്കിയതും ഒന്നാം പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്‌. നാലു മണിക്കൂറിൽ തിരുവനന്തപുരം –- കാസർകോട്‌ യാത്രയെന്ന സ്വപ്‌നം കൈയെത്തും ദൂരത്താണ്‌. ഇപ്പോൾ തുടങ്ങിയാൽ അഞ്ചുവർഷം. കെ– റെയിൽ നടപ്പാക്കുന്നത്‌ നാടിനെ വെട്ടിമുറിക്കാതെ, പ്രകൃതിയെ അലോസരപ്പെടുത്താതെ, ഭൂമി കൊടുത്തവരുടെ കണ്ണീർ കാണാതെ വേണം. എൽഡിഎഫ്‌ സർക്കാരാണ്‌ ഉറപ്പ്‌. അത്‌ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയതാണ്‌. ബാക്കിനിൽക്കുന്ന സംശയങ്ങൾകൂടി ദൂരീകരിക്കാനാകണം. കേരളത്തിന്‌ കുതിച്ചുപായാൻ പാതയൊരുക്കണം. വികസനവിരുദ്ധരെ അവഗണിക്കാം. നാടിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ വളർത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top