26 April Friday

കോളേജുകൾ സജീവമാകുന്നു; ജാഗ്രത കൈവിടരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

കോവിഡിനെ തുടർന്ന്‌ അടച്ചിട്ട സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്‌ച തുറക്കുകയാണ്‌. 2020 മാർച്ചിൽ അടച്ചിട്ട കോളേജ്‌ ക്യാമ്പസുകൾ റഗുലർ ക്ലാസുകൾക്കായി തുറക്കുന്നത്‌ ഒന്നരവർഷത്തോളം ഏറെക്കുറെ  വീടുകൾക്കുള്ളിൽ കഴിയേണ്ടിവന്ന വിദ്യാർഥികളെ സംബന്ധിച്ച്‌ ഏറെ ആഹ്ലാദകരമാണ്‌. കഴിഞ്ഞവർഷം പ്രവേശനം നേടിയ വിദ്യാർഥികൾ ക്യാമ്പസിൽ എത്തുന്നത്‌ ഇത്‌ ആദ്യമാണ്‌.

മുഴുവൻ കോളേജ്‌ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒരു ഡോസ്‌ വാക്‌സിൻ ഉറപ്പുവരുത്തിയും മറ്റ്‌ കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ്‌ ക്ലാസുകൾ ആരംഭിക്കുന്നത്‌. അവസാനവർഷ ബിരുദ (അഞ്ച്‌, ആറ്‌ സെമസ്റ്റർ), ബിരുദാനന്തര ബിരുദ ക്ലാസുകളാണ്‌ (മൂന്ന്‌, നാല്‌ സെമസ്റ്റർ) ആരംഭിക്കുന്നത്‌. ഹോസ്റ്റലുകളും തുറക്കുകയാണ്‌. 18 മുതൽ കോളേജുകളിൽ എല്ലാ ക്ലാസും മറ്റു പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും  തീരുമാനിച്ചിട്ടുണ്ട്‌.  പ്രീമെട്രിക്‌ ഹോസ്‌റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ബയോ ബബിൾ മാതൃകയിൽ സ്‌കൂൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും.  
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തിയതിനു പിന്നാലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി ലോകനിലവാരത്തിൽ എത്തിക്കുന്നതിനും കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ മേഖലകളിൽ ഗവേഷണത്തിന്‌ അവസരമുണ്ടാക്കാനും  വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ തുടങ്ങുന്നതിനിടയിലാണ്‌ കോവിഡ്‌ വ്യാപിച്ചത്‌.  വൈജ്ഞാനികസമൂഹമായി കേരളത്തെ മാറ്റിയെടുത്തുകൊണ്ട്‌  ഉന്നതവിദ്യാഭ്യാസക്കുതിപ്പിനാണ്‌ ഒന്നാം പിണറായി  സർക്കാർ പദ്ധതികൾ തയ്യാറാക്കിയത്‌. ഏറ്റവും നൂതനമായതും എല്ലാ സാങ്കേതികവിദ്യയുടെയും ഗുണഫലങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള കർമപദ്ധതി രണ്ടാം പിണറായി സർക്കാർ നടപ്പാക്കിത്തുടങ്ങി. കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നെങ്കിലും എല്ലാവർക്കും ഓൺലൈനിലൂടെ ക്ലാസുകൾ ഉറപ്പുവരുത്താനും ഓഫ്‌ ലൈനായി പരീക്ഷ നടത്താനും സാധിച്ചു. നഷ്ടപ്പെട്ടുപോയ മാസങ്ങളെക്കുറിച്ച്‌ ഓർക്കാതെ വരാനിരിക്കുന്ന ദിനങ്ങൾ  ഉപയോഗിച്ച്‌ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ ഉണർവ്‌ പകരാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. കരിക്കുലത്തിലും പഠനരീതികളിലും നിയമങ്ങളിലും സമീപനങ്ങളിലും മുൻഗണനകളിലുമെല്ലാം മാറ്റങ്ങൾ വരുത്തുകയാണ്‌. വിദഗ്‌ധരെ ഉൾപ്പെടുത്തി മൂന്ന്‌ ഉന്നതവിദ്യാഭ്യാസ കമീഷനുകൾ പ്രവർത്തനം തുടങ്ങി. ശരിക്കും കോവിഡ്‌ പിന്മാറുന്നതോടെ ക്യാമ്പസുകളുടെ മുഖം മാറും.

കോളേജുകൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലാസ്‌ റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവ അണുവിമുക്തമാക്കി. ക്യാമ്പസിലേക്ക്‌ നമ്മോടൊപ്പം കോവിഡും കയറിവരാനുള്ള സാധ്യതയുണ്ടെന്ന പൂർണ ബോധ്യത്തോടെയാകണം ഓരോ വിദ്യാർഥിയും യാത്രാവേളയിലും കോളേജിലും  മുൻകരുതൽ സ്വീകരിക്കേണ്ടത്‌. കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നമ്മൾ പൂർണമായി കോവിഡിൽനിന്ന്‌ മുക്തരല്ല. നീണ്ട ഇടവേളയ്‌ക്കുശേഷം വളരെ പോസിറ്റീവായി വിദ്യാർഥികൾ ക്യാമ്പസുകളിലേക്ക്‌ ആഹ്ലാദത്തോടെ പോകുമ്പോൾ കോവിഡ് പോസിറ്റീവാകാതിരിക്കാനുള്ള ജാഗ്രതകൂടി തുടരേണ്ടതുണ്ട്‌. മാസ്‌ക്‌ ധരിച്ചും  സാമൂഹ്യ അകലം പാലിച്ചും  ക്യാമ്പസിനുള്ളിൽ കോവിഡ് പ്രോട്ടോകോൾ പിന്തുടരുന്നുണ്ടെന്ന്‌ ഉറപ്പാക്കേണ്ടത്‌  സ്ഥാപനമേധാവികളാണ്‌. ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മന്ത്രിമാരുടെ സാന്നിധ്യത്തിൽ  ഉദ്യോഗസ്ഥ യോഗങ്ങൾ ചേർന്ന്‌ മുന്നൊരുക്കങ്ങളും പാലിക്കേണ്ട ജാഗ്രതകളും വിലയിരുത്തിയിരുന്നു. വിദ്യാർഥികളും അധ്യാപകരും പാലിക്കാനായി ആരോഗ്യവകുപ്പ്‌ പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്‌.

മാസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞതിലൂടെ മാനസികസംഘർഷവും മറ്റും അനുഭവിക്കേണ്ടിവന്ന വിദ്യാർഥികൾ  കോളേജ്‌ തുറക്കുന്നതിനെ അവസരമായി കണ്ട്‌ ആഘോഷമാക്കി മാറ്റരുത്‌.  പഴയ ക്യാമ്പസ്‌ ദിനങ്ങൾ പൂർണതോതിൽ തിരിച്ചുവരാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവോടെയാകണം ഓരോ വിദ്യാർഥിയും കോവിഡ്‌ കാലത്തെ ക്യാമ്പസിൽ ഇടപഴകേണ്ടത്‌.  ഇതിനുള്ള ജാഗ്രത തുടരാൻ എല്ലാ വിദ്യാർഥികളും മുന്നിട്ടിറങ്ങിയാൽ ഇനിയൊരു അടച്ചിടൽ ഇല്ലാതാക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top