20 April Saturday

ലഘുസമ്പാദ്യങ്ങളിലും മോഡിയുടെ കണ്ണ്

വെബ് ഡെസ്‌ക്‌Updated: Friday Apr 2, 2021


ലഘുസമ്പാദ്യങ്ങൾക്കുള്ള പലിശനിരക്ക്‌ കുത്തനെ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിൽനിന്ന്‌ മോഡി സർക്കാർ‌ അവസാനം പിന്മാറിയിരിക്കുന്നു. നടപ്പ്‌ സാമ്പത്തിക വർഷത്തിലെ (2021–-22) ആദ്യ പാദത്തിൽ ലഘുസമ്പാദ്യങ്ങളുടെ പലിശനിരക്ക്‌ കുറയ്‌ക്കാനാണ്‌ കേന്ദ്രം തീരുമാനിച്ചത്‌. പബ്ലിക്‌‌ പ്രോവിഡന്റ്‌ ഫണ്ട്‌ പലിശ 7.1 ശതമാനത്തിൽനിന്ന്‌ 6.4 ശതമാനമായും വയോജനങ്ങൾക്കുള്ള നിക്ഷേപത്തിനുള്ള പലിശ 7.4ൽനിന്ന്‌ 6.5 ശതമാനമായും നാഷണൽ സേവിങ്‌‌ സർട്ടിഫിക്കറ്റിനുള്ള‌ പലിശ 6.8ൽനിന്ന്‌ 5.9 ശതമാനമായുമാണ്‌ കുറച്ചത്‌. ഒരു വർഷംമുതൽ അഞ്ചുവർഷംവരെ കാലാവധിയുള്ള സമ്പാദ്യങ്ങളുടെ പലിശനിരക്ക്‌ 0.4 ശതമാനംമുതൽ 0.9 ശതമാനംവരെ കുറയ്‌ക്കുകയും ചെയ്‌തു. കിസാൻ വികാസ്‌ പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട്‌ പദ്ധതി, സേവിങ്‌‌ നിക്ഷേപങ്ങൾക്കുമാണ്‌ കുത്തനെ പലിശ കുറച്ച്‌ ഉത്തരവായത്‌. ബുധനാഴ്‌‌ചയാണ്‌ ധനമന്ത്രാലയം ഉത്തരവിറക്കിയത്‌.

എന്നാൽ, വ്യാഴാഴ്‌ച രാവിലെ ധനമന്ത്രി നിർമല സീതാരാമൻ ഈ തീരുമാനം പിൻവലിക്കുന്നതായും നിലവിലുള്ള നിരക്ക്‌ അടുത്ത പാദത്തിലും തുടരുമെന്നും ട്വീറ്റ്‌ ചെയ്‌തു. അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന പശ്ചാത്തലത്തിലാണ്‌ ഉത്തരവ്‌ ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്‌ എന്നുവേണം കരുതാൻ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ദിനമെന്നോണം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന പെട്രോൾവില വർധന തൽക്കാലം തടഞ്ഞതും പാചകവാതകത്തിന്‌ പേരിന്‌ 10 രൂപ കുറച്ചതും മറ്റും നിയമസഭാ തെരഞ്ഞെടുപ്പ്‌ ലാക്കാക്കി സ്വീകരിച്ച നടപടികളാണെന്ന്‌ വ്യക്തം. ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായാൽ മുൻകാല പ്രാബല്യത്തോടെ പെട്രോൾ, ഡീസൽ വില ഉയരുകയും ലഘുസമ്പാദ്യങ്ങളുടെ പലിശനിരക്ക്‌ കുറയ്‌ക്കുകയും ചെയ്യുമെന്നുറപ്പാണ്‌.

ജനങ്ങളിൽനിന്ന്‌ ഉയർന്ന ശക്തമായ പ്രതിഷേധമാണ്‌ പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള തീരുമാനത്തിൽനിന്ന്‌ സർക്കാരിനെ പിന്തിരിപ്പിച്ചത്‌. ദരിദ്ര ജനവിഭാഗങ്ങളും മധ്യവർഗവും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സമ്പാദ്യപദ്ധതികളാണ്‌ ഇവ. ജീവിതംമുഴുവൻ അധ്വാനിച്ച്‌ സ്വരുക്കൂട്ടിയ പണമാണ്‌ ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കുന്നത്‌. സർക്കാർ ഗ്യാരന്റിയുള്ള പദ്ധതികളെന്ന നിലയിൽ വിശ്വാസ്യത ഉള്ളതുകൊണ്ടുകൂടിയാണ്‌ പലിശ അൽപ്പം കുറവാണെങ്കിലും ഇത്തരം പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ജനങ്ങൾ തയ്യാറാകുന്നത്‌. ലക്ഷക്കണക്കിനു കോടി നിക്ഷേപമാണ്‌ ഇതുവഴി ലഭിക്കുന്നത്‌. രാഷ്ട്ര വികസനത്തിനായി ഈ ഫണ്ട്‌ ഉപയോഗിക്കാൻ സർക്കാരിന്‌ കഴിയുകയും ചെയ്യും. അതുകൊണ്ടുതന്നെ സാമാന്യ ജനങ്ങൾ ഭാഗഭാക്കാകുന്ന ഇത്തരം പദ്ധതികളാണ്‌ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നത്‌. എന്നാൽ, പലിശനിരക്ക്‌ കുത്തനെ കുറയ്‌ക്കുന്നതോടെ പലരും ഈ പദ്ധതികളിൽനിന്ന്‌ പണം പിൻവലിക്കാൻ തയ്യാറാകും. കൂടുതൽ പലിശ കാട്ടി പ്രലോഭിപ്പിച്ച്‌ ഈ സമ്പാദ്യങ്ങൾ സ്വകാര്യമേഖലയിലേക്ക്‌ വഴിമാറും. അതായത്,‌ സ്വകാര്യ ചിട്ടിക്കമ്പനികൾക്കും മ്യൂചൽ ഫണ്ടുകാർക്കും സഹായകമാകുന്ന നടപടികളാണ്‌ മോഡി സർക്കാർ കൈക്കൊള്ളുന്നതെന്നർഥം. ജനങ്ങളുടെ വയറ്റത്തടിച്ചായാലും സ്വകാര്യ കോർപറേറ്റുകളെ സഹായിക്കുക എന്ന മോഡി സർക്കാരിന്റെ നയത്തിന്റെ ഭാഗമായി വേണം ഈ നടപടിയെയും വീക്ഷിക്കാൻ. 

കോവിഡ്‌കാലത്ത്‌ ജനങ്ങൾക്ക്‌ പരമാവധി സഹായം നൽകി സാമ്പത്തികമായി പിന്തുണയ്‌ക്കുന്നതിനു‌ പകരം അവർക്ക്‌ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽപ്പോലും വെട്ടിക്കുറവ്‌ വരുത്തി ശിക്ഷിക്കാനാണ്‌ കേന്ദ്രസർക്കാർ തയ്യാറാകുന്നത്‌. ദുരിതകാലത്ത്‌ ജനങ്ങളെ പട്ടിണിക്കിടാതെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌തും മികച്ച ചികിത്സ ഉറപ്പുവരുത്തിയും ക്ഷേമപെൻഷൻ വർധിപ്പിച്ച്‌ അത്‌ കൃത്യമായി വിതരണം ചെയ്‌തും കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മാതൃക കാട്ടുമ്പോൾ അതിന്‌ കടകവിരുദ്ധമായ, ജനവിരുദ്ധമായ സമീപനമാണ്‌ കേന്ദ്രസർക്കാരിൽനിന്ന്‌ ഉണ്ടാകുന്നത്‌. വിലക്കയറ്റം ആറ്‌ ശതമാനമായി ഉയർന്ന ഘട്ടത്തിലാണ്‌ ലഘു സമ്പാദ്യങ്ങൾക്കുള്ള പലിശനിരക്ക്‌ കുറച്ചിട്ടുള്ളത്‌. ഇത്‌ ജനജീവിതം ഒന്നുകൂടി ദുസ്സഹമാക്കും. ഒരു വലിയ വിഭാഗം ജനങ്ങളുടെ ക്രയശേഷിക്കുറവ്‌ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സർക്കാരിന്റെ ചെലവ്‌ ചുരുക്കാനായി കൈക്കൊണ്ട പലിശനിരക്ക്‌ കുറച്ച നടപടി സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കില്ലെന്നു‌ മാത്രമല്ല പ്രതിസന്ധി രൂക്ഷമാക്കുകയാണ്‌ ചെയ്യുക. നോട്ട്‌ നിരോധനം, മുന്നറിയിപ്പില്ലാത്ത ലോക്‌ഡൗൺ എന്നിവപോലെ മോഡി സർക്കാരിൽനിന്ന്‌ ഉണ്ടായ ജനവിരുദ്ധ നടപടിതന്നെയാണ്‌ ലഘു സമ്പാദ്യങ്ങൾക്കുള്ള പലിശ കുറയ്‌ക്കാനുള്ള തീരുമാനവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top