26 April Friday

പുതിയ ഉണർവിലൂടെ ഭാവികേരളത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളും ജനങ്ങളുടെ സാമൂഹ്യസുരക്ഷിതത്വവും ഉറപ്പാക്കി പുതിയ വികസനപാതയിലൂടെ മുന്നേറാനാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ അഞ്ചുവർഷവും ശ്രമിച്ചത്. ഏതു പ്രതിസന്ധിക്ക് നടുവിലും പുതുവഴി വെട്ടിത്തുറക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ഇപ്പോഴിതാ ആ അടിത്തറയിൽനിന്ന് പുതിയ കേരളത്തെ രൂപപ്പെടുത്താൻ ദീർഘവീക്ഷണത്തോടെ, കൃത്യവും വ്യക്തവുമായ കർമപദ്ധതി. ധനമന്ത്രി തോമസ് ഐസക്‌ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച 2021–-22 വർഷത്തിലെ ബജറ്റ് കേരളത്തെ ആനന്ദം നിറഞ്ഞ പുതിയ പുലരിയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കേരളത്തെ അറിവിന്റെ സമൂഹമായി മാറ്റാൻ, വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാൻ സവിശേഷമായ ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ച ബജറ്റ് സംസ്ഥാന ബജറ്റ് ചരിത്രത്തിലെ മായാമുദ്രയായി. തൊഴിലില്ലായ്മ പരിഹരിക്കൽ മുൻനിർത്തി ഉന്നത വിദ്യാഭ്യാസത്തിലടക്കം വമ്പിച്ച അഴിച്ചുപണികൾക്കും മാറ്റത്തിനും ബജറ്റ് പദ്ധതി രൂപപ്പെടുത്തുന്നു. അറിവും പ്രതിഭയും സർഗശേഷിയും എല്ലാം സമന്വയിപ്പിച്ചുള്ള മുന്നേറ്റമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഒപ്പം ഒരു തരത്തിലുമുള്ള വ്യത്യാസവുമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസസൗകര്യം എന്നിവ ഉറപ്പാക്കുന്ന നടപടികൾക്കും തോമസ് ഐസക്കിന്റെ 12–-ാമത്തെ ബജറ്റ് അടിവരയിടുന്നു.


 

2021-–-22 ധനവർഷത്തിൽ സംസ്ഥാനത്ത് എട്ടുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നതാണ് ബജറ്റിലെ ഏറ്റവും പ്രധാന പ്രഖ്യാപനം. മൂന്നു ലക്ഷം തൊഴിലവസരം അഭ്യസ്തവിദ്യർക്കും അഞ്ചുലക്ഷം മറ്റുള്ളവർക്കും. യുവജനങ്ങൾക്കും വിദ്യാർഥികൾക്കും തൊഴിൽ തേടുന്ന എല്ലാവർക്കും ഏറെ പ്രതീക്ഷ നൽകുന്ന പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ 4000 പുതിയ തസ്തിക ഇതിനു പുറമെയാണ്.

എല്ലാ ക്ഷേമപെൻഷനും 1600 രൂപയായി വർധിപ്പിച്ചത്, റബറിന്റെ താങ്ങുവില വർധന, നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില വർധന, 2500 പുതിയ സ്റ്റാർട്ടപ്, തദ്ദേശസ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി, ആശാ വർക്കർമാർക്ക് 1000 രൂപയുടെ വേതന വർധന, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും വേതന വർധന, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി, പെൻഷൻ, പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കൈത്തറി വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ എന്നിവ എടുത്തുപറയേണ്ട പ്രഖ്യാപനങ്ങളാണ്. റബറിന്റെ താങ്ങുവില 170 രൂപയായും നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 32 രൂപയായും വർധിപ്പിച്ചത് കൃഷിക്കാർക്ക് ആശ്വാസവും സന്തോഷവും പകരുന്ന തീരുമാനമാണ്. കിഫ്‌ബി മുഖേന വരും ധനവർഷത്തിൽ 15,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നതും പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടും.


 

ഈ കോവിഡ്കാലം വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി എന്നിവയുടെ വലിയ സാധ്യതകളാണ് തുറന്നത്. ബ്ലോക്ക് മുനിസിപ്പൽ തലത്തിൽ 5000 ചതുരശ്രഅടി വിസ്തീർണത്തിൽ കെട്ടിടസൗകര്യം ഉറപ്പാക്കി വർക്ക്സ്റ്റേഷനുകൾ തുടങ്ങുന്നത് ഈ തൊഴിൽസാധ്യതയെ ലക്ഷ്യമിട്ടാണ്. ഇതിന് 20 കോടി വകയിരുത്തി. മറ്റൊരു പ്രധാന പരിപാടിയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം കിട്ടിയവരുടെയുമെല്ലാം വിവരം ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കുക. ഇതുവഴി കമ്പനികൾ ജോലിക്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വിവിധ ആനുകൂല്യങ്ങൾ ഉറപ്പാക്കും. ഉദ്യോഗാർഥികൾക്ക് കംപ്യൂട്ടറും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിന് കേരള ബാങ്ക്, കെഎഫ്സി, കെഎസ്എഫ്ഇ എന്നിവ വഴി വായ്പ ലഭിക്കും. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി കിട്ടുന്നതുവരെ വായ്പ അടയ്‌ക്കേണ്ടതില്ല. ധനസ്ഥാപനങ്ങളുടെ നഷ്ടം സർക്കാർ നികത്തും. ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ കിട്ടും. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ -ഡിസ്ക്) പുനഃസംഘടിപ്പിക്കുന്നതും പുതിയ തൊഴിൽസാധ്യതകൾ തുറന്നിടും. കെ -ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി അനുവദിച്ചിട്ടുണ്ട്. ഈ ഡിജിറ്റൽ മുന്നേറ്റത്തിനുള്ള ആദ്യ ചുവടായിരുന്നു നമ്മുടെ സ്കൂളുകൾ ഹൈടെക്കാക്കിയത്. എല്ലാ വീട്ടിലും ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ പദ്ധതി മറ്റൊരു കാൽവയ്പ്. എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസമേഖലയിൽ മൂന്നര ലക്ഷം പേർക്കുകൂടി പഠനാവസരം, കോളേജുകളിൽ 1000 അധ്യാപകരുടെ നിയമനം, ശ്രീചിത്ര, സിഡിഎസ് മാതൃകയിൽ സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രം, പുതിയ കോഴ്സുകൾ, ഒരു ലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എന്നിവയൊക്കെ ഇതിന്റെ ഭാഗമായി കാണണം. സർവകലാശാലകളുടെ പശ്ചാത്തല വികസനത്തിന് കിഫ്ബിയിൽനിന്ന് 2000 കോടി നൽകും.

ഉപജീവന തൊഴിൽ കണ്ടെത്തുന്നതിനും ബജറ്റിൽ വിപുലമായ പരിപാടികളുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യൻകാളി തൊഴിൽ പദ്ധതി എന്നിവയെ മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങൾ ഈ ലക്ഷ്യത്തോടെയാണ്. തൊഴിൽ സൃഷ്ടിക്കുന്നതിന് വലിയ പരിഗണന നൽകുന്ന ബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളത്തിലെ സ്ത്രീകൾ തന്നെയാണ്. സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കുന്ന ഒട്ടേറെ പദ്ധതികൾ ബജറ്റിലുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള കുടുംബാധിഷ്ഠിത മൈക്രോ പ്ലാൻ മറ്റൊരു മാതൃകാ പരിപാടിയാണ്. പരമ ദരിദ്രരായ അഞ്ചു ലക്ഷത്തോളം കുടുംബത്തെ എല്ലാ അർഥത്തിലും ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിയും. ഈ സർക്കാരിന്റെ കാലത്ത് വലിയ മുന്നേറ്റമുണ്ടായകേരളത്തിന്റെ കാർഷിക- വ്യവസായ മേഖലകളുടെ പുതിയ കുതിപ്പിനും മൂന്ന്‌ വ്യവസായ ഇടനാഴിയും ചെറുകിട സംരംഭങ്ങളും വഴിയൊരുക്കും. തരിശുരഹിത കേരളമെന്ന പ്രഖ്യാപനം ആവർത്തിച്ചു പറയുന്ന ബജറ്റിൽ കാർഷികമേഖലയിലും രണ്ടു ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ പരിപാടികൾ നിർദേശിക്കുന്നു.


 

നെൽക്കൃഷി വികസനത്തിനുമാത്രം 116 കോടി വകയിരുത്തി. ജൈവ സാങ്കേതികവിദ്യാ വ്യവസായങ്ങൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായം എന്നിവയ്‌ക്കായി പദ്ധതികളുണ്ട്. ലോകത്തിന്റെയാകെ ആദരവ് നേടിയ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് മുന്നിൽനിന്ന് പൊരുതിയ മുന്നണിപ്പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച് തുടങ്ങുന്ന ബജറ്റ് ആരോഗ്യമേഖലയ്‌ക്ക് 2341 കോടിയുടെ പദ്ധതിയും ഉൾപ്പെടുത്തി. പ്രതിസന്ധികളിലും വിവേചനങ്ങളിലും പകച്ചുനിൽക്കാതെ കോവിഡ്കാലത്ത് സർക്കാർ ചെയ്ത കാര്യങ്ങൾ ധനമന്ത്രി തുടക്കത്തിൽത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ്കാലത്തും അല്ലാത്തപ്പോഴും ധനപരമായ കാര്യങ്ങളിൽ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തോട് ഒട്ടും ഉദാരമായ സമീപനമല്ല സ്വീകരിച്ചത്. തുടർച്ചയായ പ്രതിസന്ധികൾക്കിടയിലും കേരളം അതിജീവിച്ച് മുന്നേറുകയാണ്. ഒടുവിൽ, കോവിഡ് മഹാമാരി വരുമാനത്തെ എല്ലാ തരത്തിലും ബാധിച്ചു. ചെലവ് കൂട്ടുകയും ചെയ്തു. എന്നിട്ടും പുതിയ നികുതിയൊന്നും ബജറ്റിലില്ല. അതേസമയം ഇളവുകളുണ്ടുതാനും. ചുരുക്കിപ്പറഞ്ഞാൽ, അതിജീവനത്തിന്റെ മഹത്തായ ഏടുകൾ എഴുതിച്ചേർത്ത എൽഡിഎഫ് സർക്കാർ കേരളത്തിന് മുന്നിൽ പുതിയ വികസന ചക്രവാളം തുറക്കുകയാണ് ഈ ബജറ്റിലൂടെ. കുഴൽമന്ദം സ്കൂളിലെ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതപോലെ ആനന്ദം നിറഞ്ഞ പുലരിയിലേക്ക് ബജറ്റ് വാതിൽ തുറക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top