25 September Monday

സമ്പന്നർക്ക്‌ പൂക്കാലം ദരിദ്രർക്ക്‌ ഇരുട്ടടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020


 

രാജ്യം ഒരിക്കലും നടുനിവർത്താനാകാത്തവിധം തകർന്നുതരിപ്പണമായി നിൽക്കുമ്പോൾ സാമ്പത്തികപരിഷ്‌കാരങ്ങൾ എന്ന മറവിൽ ലാഭത്തിന്റെ അമിത സ്വകാര്യവൽക്കരണപാതയിൽ നിലയുറപ്പിച്ച  മോഡി സർക്കാർ, ദരിദ്രർക്കുമേൽ താങ്ങാനാകാത്ത പ്രഹരമാണ്‌ അടിച്ചേൽപ്പിക്കുന്നത്‌.  കൊറോണ വൈറസ്‌ തീർത്ത സർവതലസ്‌പർശിയായ പ്രതിസന്ധികൾക്കിടയിലും അത്‌ വാശിയോടെ തുടരുന്നു.  അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞിട്ടും പെട്രോൾ‐ഡീസൽ വില തുടർച്ചയായി കൂട്ടുകയാണ്‌. ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്‌ 13 ദിവസത്തിനിടെ  നൂറുരൂപയാണ്‌ വർധിപ്പിച്ചത്‌. നവരത്ന സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും  ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ(എഫ്‌സിഐ)യും ബിഎസ്‌എൻഎല്ലും വിമാനത്താവളങ്ങളും തുറമുഖങ്ങളും റെയിൽവേയും കുത്തകകൾക്ക്‌ തീറെഴുതിക്കൊടുത്ത ജനവിരുദ്ധതയുടെ തുടർച്ചയാണ്‌ വിനാശകരങ്ങളായ ഇത്തരം നടപടികൾ.  സാധാരണക്കാർ ദിനചര്യയെന്നപോലെ ആശ്രയിക്കുന്ന പൊതുസേവന തുറകൾ അനാകർഷകമാക്കിയും അമിതഭാരം അടിച്ചേൽപ്പിച്ചും അവയെല്ലാം അപ്രസക്‌തമാക്കുകയാണ്‌. പ്രശസ്‌തങ്ങളായ റെയിൽവേ സ്‌റ്റേഷനുകൾക്കൊപ്പം ചില പ്രധാന ട്രെയിനുകളും വൻകിടക്കാർക്ക്‌ നൽകിക്കഴിഞ്ഞു. പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് പതിന്മടങ്ങ്‌  കൂട്ടിയ തീരുമാനത്തിന്‌ ഒരു ന്യായീകരണവുമില്ല. റെയിൽവേ സ്‌റ്റേഷനുകളിലെ  ആൾത്തിരക്ക്‌ കുറയ്ക്കാനാണ് നടപടിയെന്നാണ്‌ അധികൃതരുടെ ബാലിശമായ വിശദീകരണം.

ഇന്ത്യയുടെ ഹൃദയമെന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമങ്ങളുടെ ആസന്നമായ പതനത്തിനുമാത്രം വഴിവയ്‌ക്കുന്ന കർഷക‐തൊഴിലാളി ദ്രോഹനിയമങ്ങൾ  അടിച്ചേൽപ്പിച്ചതിനൊപ്പം പല സ്ഥാപനങ്ങളെയും തകർക്കാനും കേന്ദ്രം സംശയാസ്‌പദമായ ധൃതിയിൽ നീക്കം ആരംഭിച്ചിരിക്കുന്നു. എഫ്‌സിഐക്കുനേരെ നീണ്ട അറവുകത്തി മരണം ഉറപ്പാക്കുന്നത്ര മൂർച്ചയുള്ളതാണ്‌.  രാജ്യത്തുനിന്നാകെ  ഭക്ഷ്യധാന്യങ്ങൾ  താങ്ങുവിലയിൽ സംഭരിച്ച് കുറഞ്ഞ നിരക്കിലാണ് എഫ്സിഐയുടെ  വിതരണം. ആ വ്യത്യാസം സബ്‌ഡിഡിയായി കേന്ദ്ര സർക്കാർ  നൽകുന്നതാണ്‌ ഇതുവരെ തുടർന്നുവന്ന രീതി. അഞ്ച്‌ കൊല്ലത്തിലധികമായി   അത്‌ അനുവദിക്കുന്നില്ല. ആ വകയിലെ കുടിശ്ശികയാകട്ടെ, ഭീമമായ നിലയിലെത്തി.


 

ഒടുവിലത്തെ കണക്കനുസരിച്ച്‌ എഴുപതിനായിരം കോടി രൂപയിലേറെയാണത്‌. അതിനാൽ നിലവിൽ സംഭരണച്ചെലവിന്,  താങ്ങാനാകാത്ത പലിശയുള്ള  വിവിധ ധനസ്ഥാപനങ്ങളുടെ കാരുണ്യത്തെ  ആശ്രയിക്കേണ്ടിവരുന്നു. അങ്ങനെ  വായ്‌പയെടുത്ത അറുപതിനായിരം കോടി വീട്ടാൻ എഫ്‌സിഐയുടെ കണ്ണായ സ്ഥലങ്ങൾ  കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കാൻ നിർബന്ധിതമാകുകയുമാണ്‌. മറ്റൊരർഥത്തിൽ അതൊരു സർക്കാർ സ്‌പോൺസേഡ്‌ പിടിച്ചടക്കലാണ്‌. ധാന്യ ഗോഡൗണുകൾ ബിജെപിയുടെ  സാമ്പത്തിക കൂട്ടാളികളായ അംബാനിക്കും അദാനിക്കും മറ്റും പാട്ടത്തിനു കൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ എഫ്‌സിഐയെ ഘട്ടംഘട്ടമായി ഇല്ലാതാക്കിയാൽ ഭക്ഷ്യസുരക്ഷയും  താങ്ങുവില സമ്പ്രദായവും  താറുമാറാകും. 

നാണംകെട്ട നിലയിലുള്ള കൈയിട്ടുവാരലിന്റെയും  അപകടകരമായ കുത്തക പ്രീണനത്തിന്റെയും മറ്റൊരു കാഴ്‌ച ആരോഗ്യമേഖലയിൽനിന്നാണ്‌. അടിയന്തര താങ്ങും സഹായവും അവശ്യമായ പാവങ്ങളെ അവിടെനിന്ന്‌ ആട്ടിയോടിക്കുകയാണ്‌. ജീവൻരക്ഷാ മരുന്നുകൾക്ക്‌  ഉൾപ്പെടെ കൃത്രിമക്ഷാമം വരുത്തി സാധാരണക്കാർക്ക്‌ അപ്രാപ്യമാക്കുകയാണിപ്പോൾ. കോവിഡ്‌ വാക്‌സിൻ വന്നാൽ അമിതവില ഈടാക്കുമെന്ന ഭീതിയും പരന്നിട്ടുണ്ട്‌.  2019‐20 ലെ കുടുംബാരോഗ്യ സർവേ പ്രകാരം കുട്ടികളിലെ പോഷകാഹാരക്കുറവ്‌ ഭയാനകമായ നിലയിലാണ്‌. അതും ഭരണക്കാരെ അലട്ടുന്നേയില്ല. കാഴ്‌ചപരിമിതിയുള്ളവർക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊൽക്കത്തയിലെയും  സെക്കന്തരാബാദിലെയും കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ നിർദേശാനുസരണം  ഡെറാഡൂൺ ആസ്ഥാനം തീരുമാനിച്ചത്‌ അതിന്റെ അനുബന്ധവും. സാമൂഹ്യനീതി‐ ശാക്തീകരണവകുപ്പിനു കീഴിലെ ആ കേന്ദ്രം അതി ദരിദ്രരായ ആയിരക്കണക്കിനു വിദ്യാർഥികൾക്ക്‌  ആശ്രയമായിരുന്നു.  വിദ്യാഭ്യാസമേഖലയെ പൂർണമായും കച്ചവടവൽക്കരിക്കാനും സർക്കാർ നിയന്ത്രണം കുറച്ചുകൊണ്ടുവരാനും അറിവ്‌ ഉൽപ്പന്നമാക്കാനും വിഭാവനംചെയ്‌ത  2020ലെ  വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള  നടപടി ഇപ്പോൾ എൻറോൾചെയ്‌തവരെ മാത്രമല്ല, ഭാവിതലമുറകളെക്കൂടി ദോഷകരമായി ബാധിക്കും.

സമൂഹത്തിൽ ഏറെ വിവേചനം അനുഭവിക്കുന്നവർക്ക്‌ അവസരസമത്വം ഉറപ്പാക്കാനാണ്‌ 1997ൽ ആ സ്ഥാപനങ്ങൾ തുറന്നത്‌. അവയ്‌ക്ക്‌ താഴിടുന്നത്‌ സർക്കാർവക  കാഴ്‌ചസഹായ ഉപകരണങ്ങളുടെ സൗജന്യവിതരണം മുടങ്ങാനും ഇടയാക്കും.
തിരുവനന്തപുരത്തെ പ്രശസ്‌തമായ  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ കുട്ടികൾക്കുള്ള സൗജന്യ ചികിത്സ നിർത്തലാക്കിയതും ഇതോട്‌ ചേർത്താണ്‌ കാണേണ്ടത്‌. ഹൃദയസംബന്ധമായ അസുഖങ്ങൾ  വലയ്‌ക്കുന്ന  ബിപിഎൽ കുട്ടികൾക്ക്‌ മാത്രമായി  ഇനിയത്‌ പരിമിതപ്പെടും.  സാമ്പത്തികവ്യത്യാസം പരിഗണിക്കാതെ എല്ലാ കുട്ടികൾക്കുമുള്ള വിദഗ്ധചികിത്സ തികച്ചും  സൗജന്യമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌  ഒട്ടേറെ കുടുംബങ്ങളാണ്‌  ചികിത്സയ്‌ക്കെത്തിയിരുന്നതും.  ഇതര സംസ്ഥാന കുട്ടികൾക്കുള്ള സൗജന്യം  നേരത്തേ നിർത്തിയിരുന്നു. രാഷ്‌ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) എന്ന കേന്ദ്ര പദ്ധതി അനുസരിച്ചുള്ള 60 ശതമാനം ഫണ്ട്‌ സംസ്ഥാനം  മുഖേനയാണ്‌‌ ശ്രീചിത്രയ്ക്ക്‌ നൽകിയിരുന്നത്‌. ആ ആനുകൂല്യം എടുത്തുകളഞ്ഞതോടെയാണ്‌ സൗജന്യചികിത്സയ്‌ക്ക്‌ അന്ത്യമായതും. സമ്പന്നർക്ക്‌ പൂക്കാലവും ദരിദ്രർക്ക്‌ ഇരുട്ടടിയും എന്നായിരിക്കുന്നു മോഡിയുടെ ‘വികസനമന്ത്രം’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top