25 May Saturday

സർക്കാരിനെതിരെ വിശാല ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമ സമരങ്ങൾക്ക്‌ പിന്നിൽ സൂക്ഷ്‌മവും വിശാലവുമായ ഗൂഢാലോചനയുണ്ടെന്ന്‌  സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ സർക്കാരിനെ ആരോപണങ്ങളുടെ പുകമറയിലാക്കാൻ വിമോചനസമരകാലത്തെന്നപോലെ വലതുപക്ഷവും സ്ഥാപിത താൽപ്പര്യക്കാരും വർഗീയശക്തികളും ഒന്നിക്കുകയാണ്‌. വിമോചന സമരകാലത്തുനിന്ന്‌ വ്യത്യസ്‌തമായി സംഘപരിവാറിന്റെ നേരിട്ടുള്ള ഇടപെടലിലും നിയന്ത്രണത്തിലുമാണ്‌ ഇപ്പോഴത്തെ കരുനീക്കങ്ങൾ. എങ്ങനെയും അധികാരം തിരിച്ചുപിടിക്കാൻ നടത്തുന്ന കൈവിട്ട കളിയിൽ സംഘപരിവാറിന്റെ കളിപ്പാവകളാകുകയാണ്‌ കോൺഗ്രസും ലീഗും. ശത്രു ബിജെപിയല്ല സിപിഐ എം ആണെന്ന മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന അപകടകരമായ ഈ കൂട്ടുകെട്ടിന്‌ പിന്നിലെ ഗൂഢാലോചനയാണ്‌ വ്യക്തമാക്കുന്നത്‌. സംഘപരിവാറിന്‌ വഴിയൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അപകടം കേരളം തിരിച്ചറിയേണ്ടതുണ്ട്‌.

വ്യത്യസ്‌തവും പരസ്‌പരവിരുദ്ധവുമായ താൽപ്പര്യങ്ങളും നിലപാടുകളുമുള്ള വലതുപക്ഷ–-വർഗീയ ശക്തികളുടെ  വിചിത്രമായ കൂട്ടുകെട്ടാണ്‌ കേരളത്തിൽ രൂപം കൊള്ളുന്നത്‌. അഭൂതപൂർവമായ വികസനപ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുന്ന പിണറായി വിജയൻ സർക്കാരിന്റെ ജനപ്രീതി തുടർഭരണത്തിന്‌ വഴിതുറക്കുമെന്ന ഭയമാണ്‌ പിന്തിരിപ്പൻ ശക്തികളുടെ യോജിപ്പിന് പിന്നിൽ. പ്രളയത്തിലും ഈ കോവിഡ്‌ കാലത്തുമെല്ലാം നടത്തിയ പ്രവർത്തനങ്ങൾ സർക്കാരിന്റെ ജനപിന്തുണ വൻതോതിൽ വർധിപ്പിച്ചെന്ന യാഥാർഥ്യം യുഡിഎഫിനെ വല്ലാതെ അലട്ടുന്നുണ്ട്‌. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം കിട്ടിയില്ലെങ്കിൽ നിലനിൽപ്പ്‌ അപകടത്തിലാകുമെന്ന ആശങ്കയിൽ വെന്തുരുകുകയാണ്‌ കോൺഗ്രസും മുസ്ലിംലീഗും. അതിനാൽ സർക്കാരിനെ സ്വസ്ഥമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ ഉറപ്പിച്ച്‌‌ അവർ കള്ളക്കഥകൾ മെനയുന്നു. സംഘപരിവാറും എസ്‌ഡിപിഐയും അടക്കം ആരുമായും കൈകോർത്ത്‌ അധികാരം തിരിച്ചുപിടിക്കാനാണ്‌ ശ്രമം‌. യുഡിഎഫിനെ കരുവാക്കി കേരളത്തിലെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ നേടാൻ ഇത്‌ അവസരമാക്കാമെന്ന്‌ സംഘപരിവാറും കരുതുന്നു. ബിജെപിയല്ല സിപിഐ എം ആണ്‌ ശത്രു എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന കൂടുതൽ അപകടകരമാകുന്നത്‌ ഇതുകൊണ്ടാണ്‌.

സംസ്ഥാന സർക്കാരിനെതിരെ നിരന്തരം കള്ളക്കഥകളും ആരോപണങ്ങളും ഉന്നയിച്ച്‌ മാധ്യമങ്ങളുടെ സഹായത്തോടെ ചർച്ചാ വിഷയമാക്കി പ്രചരിപ്പിക്കുകയാണ്‌ വലതുപക്ഷം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും കെട്ടുകഥകളുടെയും പേരിൽ കേന്ദ്ര സർക്കാർ ഏജൻസികൾക്ക്‌ നിരന്തരം പരാതി നൽകുന്നു. പരാതിയുടെ പേരിൽ ബന്ധപ്പെട്ട ഏജൻസികൾ വിവരങ്ങൾ ആരാഞ്ഞാൽ അതുപറഞ്ഞ്‌ അക്രമസമരം നടത്തുന്നു. ധാർമികതയും മര്യാദയും മറന്ന്‌ ആർക്കെതിരെയും എന്തും വിളിച്ചുപറയുന്നതിന്‌ യുഡിഎഫ്‌, ബിജെപി നേതാക്കൾ മൽസരിക്കുകയാണ്‌.


 

മന്ത്രി കെ ടി ജലീലിൽനിന്ന്‌ കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ആരാഞ്ഞതിന്റെ പേരിലാണ്‌ ഇപ്പോൾ യുഡിഎഫും ബിജെപിയും കലാപം നടത്തുന്നത്‌. എൻഫോഴ്‌സ്‌മെന്റ്‌ കേസിൽ ജയിലിൽ കിടന്ന നേതാവാണ്‌ കർണാടകത്തിൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്‌.  രാജസ്ഥാനിൽ മന്ത്രിമാരെ എൻഫോഴ്‌സ്‌മെന്റ്‌ വേട്ടയാടുകയാണെന്ന്‌ കോൺഗ്രസിന്‌ വലിയ പരാതിയാണ്‌‌.  ഇതെല്ലാം മറന്നാണ്‌ ‌ ഇഡിയുടെ പേരുപറഞ്ഞ്‌ യുഡിഎഫ്‌ കലാപം നടത്തുന്നത്‌. കെ ടി ജലീലിനോടുള്ള വ്യക്തിവിരോധം തീർക്കാൻ ലീഗ്‌ നടത്തുന്ന നീക്കങ്ങൾ സംഘപരിവാറിന്‌ അവസരമൊരുക്കലും കൈവിട്ട കളിയുമാണ്‌. പഴയ കോലീബി സഖ്യകാലത്തുനിന്ന്‌ വിനാശകരമായ അധികാരശക്തിയായി സംഘപരിവാർ മാറിയിട്ടുണ്ടെന്ന്‌ ലീഗിനെ പിന്തുണയ്‌ക്കുന്നവർ ഓർക്കേണ്ടതുണ്ട്‌.

സംഘപരിവാറിന്റെ അതിക്രമങ്ങൾക്കെതിരെ ധീരമായി ശബ്ദിക്കുന്ന രാഷ്‌ട്രീയ പാർടിയാണ്‌ സിപിഐ എം. പൗരത്വഭേദഗതി നിയമം അടക്കമുള്ള കേന്ദ്ര സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ സിപിഐ എം നിരന്തരപോരാട്ടത്തിലാണ്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഡൽഹി കലാപത്തിൽ പ്രതിചേർത്ത്‌ പ്രതികാരം ചെയ്യുകയാണ് സംഘപരിവാർ‌. കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലിരിക്കുന്നത്‌ സഹിക്കാൻ കഴിയാത്ത സംഘപരിവാർ യുഡിഎഫിനെ കൂട്ടുപിടിച്ച്‌ അക്രമങ്ങൾക്ക്‌ ശക്തിപകരുന്നു. ബംഗാളിലും ത്രിപുരയിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ അരങ്ങേറിയ വലതുപക്ഷ പിന്തിരിപ്പൻ മഴവിൽ സഖ്യത്തിന്റെ കേരള പതിപ്പിനാണ്‌ അരങ്ങൊരുങ്ങുന്നത്‌. നിഷ്‌പക്ഷ മുഖംമൂടിയണിഞ്ഞ ഇടതുപക്ഷവിരുദ്ധർമുതൽ അഴിമതിഭരണം വരണമെന്ന്‌ ആഗ്രഹിക്കുന്ന സ്ഥാപിത താൽപ്പര്യക്കാർവരെ ഇതിൽ ഒരുമിക്കുന്നു. രാജ്യത്ത്‌ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ്‌ യുഡിഎഫുമായി ചേർന്ന്‌ സംഘപരിവാറിന്റെ പുതിയ നീക്കങ്ങളെന്ന്‌ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന കേരളീയസമൂഹം തിരിച്ചറിയണം. അപകടകരമായ ഈ അവിശുദ്ധസഖ്യത്തെ തള്ളിക്കളയണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top