29 March Friday

‘സൈബര്‍ ഗുണ്ട’കളെ നേരിടുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കേരളത്തിലെ മാധ്യമങ്ങൾ പുതിയൊരു പോർമുഖം തുറന്നിരിക്കുന്നു. “സൈബർ ഗുണ്ട’കൾക്കെതിരെയാണ് പോരാട്ടം. ഏറെ നാളായി സജീവമായ ഈ പ്രശ്നത്തിലേക്ക് മാധ്യമങ്ങൾ ഇപ്പോളെങ്കിലും ഉണർന്നത് നന്നായി. ഈ കാലം അങ്ങനെയൊന്ന് ആവശ്യപ്പെടുന്നുണ്ട്. എതിർപ്പുള്ളവർക്ക് നേരെ വ്യാജപ്പേരുകളുടെ മുഖംമൂടിയിട്ടും അല്ലാതെയും  എന്തും പറയുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പെരുകുന്നു. അവരെ നിലയ്ക്കുനിർത്തണം. ആർക്കും തർക്കമില്ലാത്ത കാര്യം. പക്ഷേ, ഇപ്പോൾ മാധ്യമങ്ങൾ ഈ വിഷയത്തിലേക്ക് പെട്ടെന്ന് ശ്രദ്ധയൂന്നിയത് എന്തുകൊണ്ട് എന്നൊരു ചോദ്യം അവഗണിയ്ക്കാൻ പറ്റില്ല.

യുഡിഎഫിന്റെ നയവിളംബര പത്രികകൂടിയായ മലയാള മനോരമ ബുധനാഴ്ച മുഖപ്രസംഗം എഴുതുകകൂടി  ചെയ്തപ്പോൾ കാര്യം വ്യക്തമാകുന്നു. ഇപ്പോൾ “സൈബർ ഗുണ്ട’കൾക്കെതിരെ അവർ തുടങ്ങിയിരിക്കുന്ന പോരാട്ടം രാഷ്ട്രീയസമരമാണ്. കേരളത്തിൽ ദൃശ്യമാധ്യമരംഗത്തെ ആദ്യ പഥികൻ എന്ന് പറയാവുന്ന ശശികുമാർ കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ചൂണ്ടിക്കാട്ടിയതുപോലെ ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കമാണ്  നടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമർശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടം.

മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ചാനലിലെ അടക്കം  വനിതാ മാധ്യമപ്രവർത്തകർ അതിരൂക്ഷമായ സൈബർ ആക്രമണം നേരിട്ടത് അത്ര പണ്ടൊന്നുമല്ല. ആ മാധ്യമ എഡിറ്റർമാർക്കുപോലും അന്ന് ധാർമികരോഷം ഉണർന്നില്ല. ഒരു പത്രസമ്മേളനത്തിലും ചോദ്യങ്ങൾ ഉണ്ടായില്ല.

സൈബർ കുറ്റകൃത്യങ്ങൾ  മാധ്യമപ്രവർത്തകർക്കു നേരെ ഉണ്ടായതുകൊണ്ടല്ലേ ബഹളം എന്നും കരുതുന്ന ശുദ്ധാത്മാക്കളുണ്ട്. അവരെ ഒന്നുരണ്ടു കാര്യങ്ങൾ ഓർമിപ്പിക്കാം. മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ചാനലിലെ അടക്കം  വനിതാ മാധ്യമപ്രവർത്തകർ അതിരൂക്ഷമായ സൈബർ ആക്രമണം നേരിട്ടത് അത്ര പണ്ടൊന്നുമല്ല. ആ മാധ്യമ എഡിറ്റർമാർക്കുപോലും അന്ന് ധാർമികരോഷം ഉണർന്നില്ല. ഒരു പത്രസമ്മേളനത്തിലും ചോദ്യങ്ങൾ ഉണ്ടായില്ല. സിപിഐ എമ്മിന്റെ പ്രമുഖരായ ഏറെക്കുറെ എല്ലാ വനിതാ നേതാക്കൾക്കെതിരെയും കടുത്ത അധിക്ഷേപങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നു. എഴുത്തുകാരി കെ ആർ മീരയെ അധിക്ഷേപിച്ചിറങ്ങിയത് ഒരു യുഡിഎഫ് എംഎൽഎ ആയിരുന്നു. മറ്റൊരു എംഎൽഎ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ രണ്ടു സ്ത്രീകൾക്കെതിരെ ഉപയോഗിച്ച വാക്കുകൾ അച്ചടിയ്ക്കാൻപോലും ആകാത്തത്ര നികൃഷ്ടം. ഇത് സ്ത്രീകൾക്കെതിരെ നടന്നതുമാത്രം. മറ്റ് എത്രയോ നേതാക്കൾക്കെതിരെ ഈ മാതൃകയിൽ അധിക്ഷേപം ചൊരിഞ്ഞു.

കേരളം ആദരിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെയും സുശീലാ ഗോപാലനെയും നിന്ദ്യമായി അവഹേളിച്ചതും  ഒരു  യുഡിഎഫ്‌ എംഎൽഎ ആയിരുന്നല്ലോ?  ഇതിനൊക്കെ പുറമേ ചാനല്‍ അവതാരകര്‍ 'നിരീക്ഷക' പട്ടം കെട്ടിച്ച് കൊണ്ടുവരുന്നവര്‍ സിപിഐ  എം നേതാക്കള്‍ക്ക് എതിരെ ചൊരിയുന്ന വ്യക്തിപരമായ വിഷവര്‍ഷം വേറെയും. എന്നാല്‍  ബിജെപിയും യുഡിഎഫും പ്രതിക്കൂട്ടിലാകും എന്ന ഘട്ടത്തില്‍ സ്വന്തം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തെറിവര്‍ഷം പോലും മാധ്യമങ്ങള്‍  കണ്ടില്ലെന്നു നടിച്ചു. ഇങ്ങനെ ചിലതുമാത്രം കാണുന്ന മാധ്യമപ്രവണതയെപ്പറ്റിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏറ്റവും ലളിതമായി പറഞ്ഞത്. ചിലർക്കെതിരെ വരുമ്പോൾ “ആഹാ’ എന്നും മറ്റു ചിലർക്കെതിരെയാകുമ്പോൾ “ഓഹോ’ എന്നുമുള്ള സമീപനമെന്ന്.

സൈബർ രംഗത്ത് ഉണ്ടാകുന്ന അധിക്ഷേപവർഷമെല്ലാം രാഷ്ട്രീയ ബന്ധമുള്ളവരുടേതല്ല. അധമമനസ്സുള്ള വെട്ടുക്കിളിക്കൂട്ടങ്ങളാണ് പലപ്പോഴും സ്ത്രീ പ്രൊഫൈലുകളിൽ വന്ന്‌ ഉള്ളിലെ വിഷം തുപ്പി പോകുന്നത്. സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധതയുടെ സൈബർ പ്രതിനിധികളാണ് അവർ. ഇവർ പല രാഷ്ട്രീയ പാർടികളുടെ ആളുകളായി നടിക്കും. അവരെ നിയമംകൊണ്ടുതന്നെ നേരിടണം. എന്നാൽ, രാഷ്ട്രീയമായി തിരിച്ചറിയാവുന്ന വ്യക്തികളെ നിയമപരമായിമാത്രം നേരിട്ടാൽ പോരാ. അവരെ താക്കീത് നൽകിയും തിരുത്തിയും മുന്നോട്ടുപോകണം. സിപിഐ എം ആ സമീപനം സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസവും അത്തരത്തിൽ നടപടി ഉണ്ടായി. എന്നാൽ, മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചിത്രത്തിൽ മന്ത്രിയുടെ ഭാര്യയുടെ തല വെട്ടിമാറ്റി അവിടെ സ്വർണക്കടത്ത് കേസ് പ്രതിയുടെ തല ഒട്ടിച്ചു പ്രചരിപ്പിച്ചത് ഡിസിസി പ്രസിഡന്റായ ഒരു വനിതയാണ്. ഒരു ശാസനപോലും കോൺഗ്രസിൽനിന്ന് ഉണ്ടായതായി കണ്ടില്ല. ഇത് മാറണം. അറിയപ്പെടുന്ന അണികളിൽനിന്നും നേതാക്കളിൽനിന്നും ഇത്തരം ചെയ്തികൾ ഉണ്ടാകുന്നില്ലെന്ന് പാർടികൾ ഉറപ്പുവരുത്തണം.

മലയാള മനോരമ മുഖപ്രസംഗത്തിന്റെ അവസാനം സൈബർ ഗുണ്ടകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നുകൂടി പറയുന്നു. കേരളത്തിലെ വ്യാജ വാർത്താ ഫാക്ടറിയുടെ ആസ്ഥാനത്തുനിന്ന് വരുന്ന ഈ വിലാപം ആരെയും ചിരിപ്പിക്കും

മാധ്യമവിമർശനം എന്നതുതന്നെ പാടില്ലെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ വിമർശനം നടത്തിയാൽ അതും സൈബർ ഗുണ്ടായിസമാണെന്ന്‌ മനോരമ വ്യാഖ്യാനിക്കുന്നു. അതേസമയം, സർക്കാർ ട്രഷറിയിൽനിന്ന്  ശമ്പളം പറ്റി “ട്രഷറി തട്ടിപ്പിൽ ധനമന്ത്രിക്ക് പങ്ക്’ എന്നുവരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്ന, പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് അംഗങ്ങളെ ഈ മാധ്യമങ്ങൾക്ക് കാണാനേ പറ്റുന്നില്ല.

മലയാള മനോരമ മുഖപ്രസംഗത്തിന്റെ അവസാനം സൈബർ ഗുണ്ടകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നുകൂടി പറയുന്നു. കേരളത്തിലെ വ്യാജ വാർത്താ ഫാക്ടറിയുടെ ആസ്ഥാനത്തുനിന്ന് വരുന്ന ഈ വിലാപം ആരെയും ചിരിപ്പിക്കും. കഴിഞ്ഞ ഒരുമാസം  ഈ സ്ഥാപനത്തിൽ നിന്നുമാത്രം പുറത്തുവന്ന വ്യാജവാർത്തകൾ ഓരോവരിയായി അക്കമിട്ടെഴുതാൻപോലും ഈ സ്ഥലം മതിയാകില്ല. വ്യാജവാർത്തകൾക്കെതിരെ കേസെടുത്താൽ  സ്വന്തം പത്രാധിപന്മാർ എത്രവട്ടം പ്രതിക്കൂട്ടിൽ കയറി ഇറങ്ങേണ്ടിവരും എന്നുമാത്രം ഓർക്കുക.

മാധ്യമങ്ങൾ മഹാധാർമികതയുടെ വക്താക്കളായി ചോദ്യങ്ങൾ ഉയർത്തുന്നത് സംസ്ഥാന മുഖ്യമന്ത്രിക്ക് മുന്നിലാണ്. ഇല്ലാത്ത ഫയൽ കുറിപ്പുകൾ ഉദ്ധരിച്ചും ബാറിൽ മദ്യപിച്ച് ബഹളം വയ്‌ക്കുന്നതിനിടയിൽ ആരോ പറഞ്ഞതുവരെ തെളിവാക്കി വാർത്ത ചമച്ചും ഒരു ബ്ലാക്ക് മെയിൽ മാസികക്കാരൻ നിർമിച്ചെടുത്ത “കമല ഇന്റർനാഷണൽ’ പോലുള്ള കഥകൾ വിതറിയും പതിറ്റാണ്ടുകൾ നിങ്ങൾ വേട്ടയാടിയ വ്യക്തിയാണ് ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നതെന്ന് മറക്കാതിരിക്കുക. അന്നത്തെ അപവാദ പത്രങ്ങളുടെ ഫയലുകൾ അട്ടിയിട്ട പത്രമോഫീസുകളിൽ നിന്നിറങ്ങിവന്നാണ് മാധ്യമ ധാർമികതയെപ്പറ്റി വാചാലരാകുന്നതെന്നും ഇടയ്ക്ക് ഓർക്കുക. ചില ഓർമകൾ ഉണ്ടായിരിക്കുകതന്നെ വേണമല്ലോ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top