18 April Thursday

റിപ്പബ്ലിക് ദിനാഘോഷവും മുറിവേറ്റ ജനാധിപത്യവും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


 

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ അവസാന ഒരുക്കത്തിലാണ്‌. ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും പൗരാവകാശവും ചരിത്രത്തിലില്ലാത്തവിധം ഭീഷണി നേരിടുന്ന ഘട്ടത്തിലാണ്‌ ഇതെന്നത്‌ തീർത്തും ഉൽക്കണ്‌ഠയുളവാക്കുന്നു. നരേന്ദ്ര മോഡിയുടെയും അമിത്‌ ഷായുടെയും കാർമികത്വത്തിൽ ഫാസിസ്റ്റ്‌ നടപടികൾ ഒന്നൊന്നായി പുറത്തെടുത്ത്‌ ഭയവും അരക്ഷിതാവസ്ഥയും അപരവൽക്കരണവും അന്യമത വിദ്വേഷവും കാട്ടുതീ പോലെ പരത്തുകയാണ്‌. ഉത്തരവാദിത്തമുള്ള ലോക മാധ്യമങ്ങളും മനുഷ്യാവകാശപ്രവർത്തകരും കലാകാരന്മാരും ബഹുജനങ്ങളും ഇത്തരം ഭീഷണികൾ മുൻനിർത്തി ശക്തമായ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. 

പൗരത്വ ഭേദഗതി നിയമത്തിന്റെയും പൗരത്വ പട്ടികയുടെയും പശ്ചാത്തലത്തിൽ മോഡി സർക്കാരിനെ വിമർശിച്ച്‌ ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ മോഡി ഭിന്നിപ്പുണ്ടാക്കുന്നു’വെന്ന ശീർഷകത്തിൽ ‘ദി ഇക്കണോമിസ്‌റ്റ്‌’ (ജനുവരി 25‐ 31 ലക്കം) പ്രസിദ്ധീകരിച്ച കവർ സ്‌റ്റോറി ഏറെ ചിന്തോദ്ദീപകമാണ്‌. വിഭജനത്തിന്റെ പ്രതീകമായ മുള്ളുവേലിയിൽനിന്നും കിളിർക്കുന്ന താമരയാണ് മുഖചിത്രമായി നൽകിയിരിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഇന്ത്യയുടെ പ്രചോദനാത്മക ആശയത്തെ പൗരത്വ ഭേദഗതി നിയമം അപകടത്തിലാക്കുന്നുവെന്നാണ്‌ അതിലെ ഊന്നൽ. പ്രധാനമന്ത്രി ഹിന്ദുരാഷ്ട്രം പണിയുമെന്ന് രാജ്യത്തെ ജനങ്ങൾ ഭയപ്പെടുന്നു. മതത്തിനും ദേശീയ സ്വത്വത്തിനുമിടയിൽ ഭിന്നതയുണ്ടാക്കുന്നതിലൂടെ ബിജെപിക്കും മോഡിക്കും രാഷ്ട്രീയനേട്ടമുണ്ടാകാൻ സാധ്യതയുണ്ട്‌. വിദേശ കുടിയേറ്റക്കാരെ വേട്ടയാടുന്നതിന്റെ മറവിൽ യഥാർഥ ഇന്ത്യക്കാരുടെ പട്ടിക സമാഹരിക്കാനുള്ള പദ്ധതി രാജ്യത്തെ 130 കോടി മനുഷ്യരെയും ബാധിക്കുന്നു. പട്ടിക തയ്യാറാക്കുകയും തിരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രക്രിയക്ക്‌ വർഷങ്ങൾ എടുക്കുമെന്നതിനാൽ അത്രയുംകാലം വികാരങ്ങളെ അത്‌ വീണ്ടും വീണ്ടും പ്രകോപിപ്പിക്കും. ബിജെപിയുടെ 2019ലെ തെരഞ്ഞെടുപ്പു ജയത്തിനുശേഷം തകർച്ചയിലായ സമ്പദ്‌വ്യവസ്ഥ പോലുള്ള വിഷമകരമായ വിഷയങ്ങളിൽനിന്നും ഇത്തരം പ്രശ്‌നങ്ങളുയർത്തി ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ലേഖനം നിരീക്ഷിക്കുന്നു. ഭരണഘടനയുടെ 370–-ാം അനുച്ഛേദം റദ്ദാക്കി കേന്ദ്രം ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചശേഷമുള്ള ആ സംസ്ഥാനത്തെ ആശങ്കാജനകമായ സ്ഥിതിഗതികളും റിപ്പോർട്ട്‌ പരാമർശിക്കുന്നുണ്ട്‌.


 

ഇക്കാര്യമെല്ലാം ആവർത്തിച്ച്‌ അടിവരയിടുന്നതാണ്‌ ഇക്കണോമിസ്റ്റ്‌ ഇന്റലിജൻസ്‌ യൂണിറ്റ്‌ ജനുവരി 23നു പുറത്തുവിട്ട 2019ലെ ‘ഡെമോക്രസി ഇൻഡെക്‌സ്‌’. അപ്രകാരം ജനാധിപത്യസൂചികയിൽ ഇന്ത്യ പത്തു റാങ്ക്‌ പിറകോട്ട്‌ പോയിരിക്കുന്നു. 7.23 എന്ന 2018ലെ സ്‌കോർ 6.9ലേക്കാണ്‌ ഇടിഞ്ഞത്‌. രാജ്യത്ത്‌ വ്യാപകമായ പൗരാവകാശനിഷേധവും ജനാധിപത്യത്തിന്റെ അധഃപതനവുമാണ്‌ ഈ തരംതാഴ്‌ത്തലിന്റെ കാരണങ്ങളെന്നാണ്‌ ഇക്കണോമിസ്റ്റ്‌ ഗ്രൂപ്പിന്റെ ഗവേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി മതത്തെ പൗരത്വത്തിന്റെ മാനദണ്ഡമാക്കി മാറ്റിയ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്‌ക്കുമെതിരായ പ്രതിഷേധങ്ങളെയും ഇൻഡെക്‌സ്‌ പരാമർശിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയ, ബഹുസ്വരതയുടെ ആശയങ്ങൾ, ഗവൺമെന്റിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തവും സംസ്‌കാരവും പൗരസ്വാതന്ത്ര്യം എന്നീ ഘടകങ്ങളാണ്‌ റാങ്ക്‌ നിർണയത്തിന്റെ പൊതുമാനദണ്ഡങ്ങൾ. ‘അപര്യാപ്‌ത ജനാധിപത്യം’ എന്ന പട്ടികയിലാണ്‌ ഇന്ത്യയുടെ സ്ഥാനമെന്നതും വിസ്‌മരിക്കാനാകില്ല. 

അപകടത്തിന്റെ ആഴം തിരിച്ചറിഞ്ഞ്‌ ചില എൻഡിഎ ഘടക കക്ഷികളും ബിജെപിക്ക്‌ സ്വാധീനമുള്ള സംസ്ഥാന സർക്കാരുകളും സ്വന്തം പാർടി നേതാക്കളും കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നത്‌ പ്രതീക്ഷാനിർഭരമാണ്‌. ബിജെപി പശ്ചിമബംഗാൾ സംസ്ഥാന ഉപാധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനുമായ ചന്ദ്രകുമാർ ബോസ്‌ ചാനലുകളിൽ പരസ്യമായാണ്‌ രംഗത്തെത്തിയത്‌. രാജ്യം തകർന്നുകൊണ്ടിരിക്കയാണ്. ഇന്ത്യൻ സമുദായങ്ങൾക്കുള്ളിൽ ഒരു ഐക്യവുമില്ല. നേതാജിയുടെ മാതൃക മുൻനിർത്തി പ്രവർത്തിച്ചില്ലെങ്കിൽ രാജ്യം ഭിന്നിക്കപ്പെടുമെന്നും ഒരിക്കൽക്കൂടി വിഭജനം നടന്നേക്കാമെന്നും മോഡിക്ക്‌ സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്നുമാണ്‌ അദ്ദേഹം തുറന്നടിച്ചത്‌.

ഇത്തവണ റിപ്പബ്ലിക്‌ ദിനത്തിൽ മോഡി സർക്കാർ ഔദ്യോഗിക മുഖ്യാതിഥിയായി ക്ഷണിച്ചത്‌  ലോകത്തിലെ ഏറ്റവും പിന്തിരിപ്പനായ ഭരണാധികാരിയെന്ന്‌ കുപ്രസിദ്ധനായ ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോയെയാണ്‌. വലതുപക്ഷക്കാരനും തീവ്രമതപരതയുടെ പ്രചാരകനും ഡോണൾഡ്‌ ട്രംപിന്റെ ഭക്തനും ഇസ്രയേൽ അനുകൂലിയും തോക്കുലോബിയുടെ വക്താവുമാണ്‌  അദ്ദേഹം. സ്ത്രീവിമോചനം ഭ്രാന്തൻ ചിന്തയാണ്‌. ഗർഭം ധരിക്കുന്നതിനാൽ സ്ത്രീക്ക്‌ വേതനം കുറച്ചേ കൊടുക്കാവൂ. മനുഷ്യാവകാശം അർഥശൂന്യമായ വാചകമടിയാണ്‌‐ തുടങ്ങിയ അറുപിന്തിരിപ്പൻ നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കാൻ മടിക്കാറുമില്ല. അങ്ങനെയൊരാൾക്ക്‌ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുന്നത്‌ നിഷ്‌കളങ്കവും യാദൃച്ഛികവുമല്ല. ജനാധിപത്യവും സഹജീവി സ്‌നേഹവും മതനിരപേക്ഷതയും സമത്വാദർശങ്ങളും സമാധാനവാഞ്ഛയും  ജീവിതത്തിന്റെ അഭേദ്യ ഭാഗമാക്കിയ, ലോകം ആദരിക്കുന്ന നേതാക്കളെയാണ്‌ ‘ഏറ്റവും വലിയ ജനാധിപത്യ’മെന്ന്‌ ഊറ്റംകൊള്ളാറുള്ള  ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുപ്പിക്കാറുള്ളത്‌. ആ പാരമ്പര്യവും മോഡി വലിച്ചെറിഞ്ഞിരിക്കയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top