30 May Thursday

നിയമമന്ത്രി സുപ്രീംകോടതിയെ വിരട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 27, 2018


ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ബിജെപി അയോധ്യ വിഷയത്തിന്‌  തീപകർന്നു തുടങ്ങി. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങളെല്ലാം പിഴയ്‌ക്കുകയും  ആയുധങ്ങൾ കൈവിട്ടുപോകുകയും ചെയ്‌തതോടെ രാമക്ഷേത്രനിർമാണം എന്ന വിഷയത്തിലേക്ക്‌ കേന്ദ്രീകരിക്കുകയാണ്‌ ബിജെപി. അയോധ്യയിലെ ക്ഷേത്രനിർമാണം ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പ്‌ അടുത്തിട്ടും ഈ വഴിക്ക്‌ കാര്യമായി ഒന്നും ചെയ്യാൻ അവർക്കായിട്ടില്ല.

ക്ഷേത്രനിർമാണം എന്ന ഒറ്റ അജൻഡയിൽ കൂടെനിർത്തിയ വിഷശക്തികൾ പലരും ഇടഞ്ഞുതുടങ്ങി. സന്ന്യാസി സംഘങ്ങൾ താക്കീതു നൽകുന്നു. ആർഎസ്‌എസ്‌ കണ്ണുരുട്ടുന്നു. സഖ്യം വിടുമെന്ന്‌ ശിവസേന പ്രഖ്യാപിക്കുന്നു. ബിജെപിയെ ഇതെല്ലാം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്‌. ഈ വിഷമവൃത്തത്തിൽനിന്ന്‌ പുറത്തുകടക്കാൻ അവർ ഒടുവിൽ കണ്ടെത്തിയ വഴിയാണ്‌ സുപ്രീംകോടതിയെ പ്രതിക്കൂട്ടിലാക്കുക എന്നത്‌.

ഇതുവരെ തെരുവ്‌ പ്രസംഗത്തിൽ ഒതുങ്ങിനിന്നിരുന്ന ഈ തന്ത്രം ഇപ്പോൾ മറനീക്കി പുറത്തെത്തി. കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി; അതും നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിതന്നെ സുപ്രീംകോടതിക്കെതിരെ രംഗത്തുവന്നിരിക്കുന്നു. നിയമമന്ത്രി രവിശങ്കർ പ്രസാദ്‌ യഥാർഥത്തിൽ സുപ്രീംകോടതിക്ക്‌ അന്ത്യശാസനം നൽകുകയാണ് ചെയ‌്തിരിക്കുന്നത‌്. സുപ്രീംകോടതിയിൽ കാലങ്ങളായി തീർപ്പാക്കാതെ കിടക്കുന്ന അയോധ്യ കേസ്‌ എത്രയുംവേഗം കേട്ട്‌ തീർപ്പാക്കാൻ കോടതി തയ്യാറാകണം എന്നാണ്‌ ആവശ്യപ്പെട്ടത്. ഇത്‌ ഭീഷണിയുടെ ഭാഷയാണ്‌. ആർഎസ്‌എസിന്റെ അഭിഭാഷക സംഘടനയുടെ യോഗത്തിൽ സുപ്രീംകോടതി ജഡ്‌ജി എം ആർ ഷായെ അരികിലിരുത്തിയായിരുന്നു നിയമമന്ത്രിയുടെ പ്രസംഗം. ഗുജറാത്ത്‌ ചീഫ്‌ ജസ്റ്റിസ്‌ ആയിരിക്കെ മോഡിയെ ‘മാതൃകാ നായകനാ'യി ചിത്രീകരിച്ച്‌ വിവാദത്തിലായ വ്യക്തിയാണ്‌ ജസ്റ്റിസ്‌ ഷാ എന്നതും ഓർത്തെടുക്കാം.

അയോധ്യക്കേസ്‌ തീർപ്പാക്കണം എന്നുപറഞ്ഞ്‌ വെറുതെ അവസാനിപ്പിക്കുകയായിരുന്നില്ല മന്ത്രി. ‘ശബരിമല കേസ്‌ വേഗത്തിൽ തീർപ്പാക്കിയ നിങ്ങൾ എന്തേ അയോധ്യക്കേസ്‌ തീർക്കുന്നില്ല' എന്ന ചോദ്യവും ഉന്നയിച്ചു. തികച്ചും ദുസ്സൂചന നിറഞ്ഞതും ദുരുദ്ദേശ്യപൂർണവുമാണ്‌ ഈ താരതമ്യം. സുപ്രീംകോടതിക്ക്‌ കേസുകൾ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനും അതിന്റേതായ രീതികളുണ്ട്‌. അത്‌ കോടതിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽപെടുന്നതാണ്‌. ഒരു കേസ്‌ എപ്പോൾ കേൾക്കണം എന്ന്‌ വിധിപറയണം എങ്ങനെ വിധി പറയണം എന്നതൊക്കെ കോടതിയുടെ അധികാരപരിധിയിൽപെടുന്ന കാര്യമാണ്‌. പുറത്തുനിന്നാരും ഇക്കാര്യത്തിൽ ഇടപെടാറില്ല. ഇവിടെ നിയമമന്ത്രിതന്നെ കോടതിക്ക്‌ താക്കീത്‌ നൽകുകയാണ്‌. കോടതിയുടെ അധികാരപരിധിയിലേക്ക്‌ മന്ത്രി കടന്നുകയറുകയാണ്‌.  ജനങ്ങളെയാകെ ബാധിക്കുന്ന ഏതെങ്കിലും സാമൂഹ്യ പ്രശ്‌നത്തിലല്ല ഈ മുന്നറിയിപ്പ്‌ എന്നതും കാണണം. ബിജെപിയുടെ രാഷ്‌ട്രീയ താൽപ്പര്യംമാത്രം മുൻനിർത്തിയുള്ള വിഷയത്തിലാണ്‌ ഈ ഭീഷണി.

ചുരുക്കത്തിൽ സ്വന്തം പാർടിയുടെ രാഷ്‌ട്രീയതാൽപ്പര്യത്തിന്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തെക്കൂടി വിരട്ടി  ഒപ്പം നിർത്താനുള്ള ശ്രമമാണിത്‌. ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകർത്തെറിയുന്ന ബിജെപി സർക്കാർ സുപ്രീംകോടതിക്കുനേരെയും തിരിയുകയാണ്‌. വരുംദിവസങ്ങളിൽ ഓരോ നിലവാരത്തിലുള്ള ബിജെപി നേതാക്കൾ ഇനി കോടതിക്കെതിരെ വാളെടുക്കും. അതാണ്‌ അവരുടെ രീതി.

സൂചനകൾ വ്യക്തമാണ്‌. അയോധ്യക്കേസിൽ ബിജെപിക്ക്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്ന തീരുമാനം സുപ്രീംകോടതിയിൽനിന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുന്നില്ലെങ്കിൽ ബിജെപി  കോടതിയ‌്ക്കുമേൽ സമ്മർദം കൂട്ടും. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ കോടതിയെ പരസ്യമായി വെല്ലുവിളിക്കും. പിന്നെയും  വിജയിച്ചില്ലെങ്കിൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ ചെയ‌്തതുപോലെ കോടതിയെ അപകീർത്തിപ്പെടുത്തിയും ജഡ‌്ജിമാരെ വ്യക്തിഹത്യ ചെയ‌്തും രംഗത്തുവരും. നാട് കരുതിയിരിക്കേണ്ടിയിരിക്കുന്നു.


ബാങ്കിങ് മേഖലയിൽ പ്രതിസന്ധികൾ ഏറെയുണ്ട്‌. മുഖ്യപ്രശ്‌നം കോടികളുടെ കിട്ടാക്കടമാണ്‌. 2018 മാർച്ച് 31 -ൽ കിട്ടാക്കടം 10 ലക്ഷംകോടി കടന്നിരിക്കുകയാണ്‌. ഇത്‌ തിരിച്ചുപിടിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ പ്രഖ്യാപിച്ച ലയനനീക്കം മുഖ്യപ്രശ്‌നത്തിൽനിന്ന്‌ ജനശ്രദ്ധ തിരിക്കാനാണെന്ന്‌ ബാങ്ക്‌ രംഗത്തെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു

ഈ ബാങ്ക് സമരം ജനങ്ങൾക്കുവേണ്ടി
രാജ്യത്തെ ബാങ്കുകൾ ഒന്നടങ്കം ബുധനാഴ്‌ച അടഞ്ഞു കിടക്കുകയായിരുന്നു. ബാങ്കിങ് രംഗത്തെ ഒമ്പത് സംഘടനയുടെ ഐക്യവേദിയുടെ കീഴിൽ പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരുമാണ്‌ പണിമുടക്കിയത്‌. പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള പണിമുടക്ക്‌ പെട്ടെന്ന്‌ പ്രഖ്യാപിച്ചതല്ല. ഡിസംബർ പത്തിന്‌ ധനമന്ത്രിക്ക്‌ കത്തെഴുതിയും തുടർന്ന്‌ ശാഖകൾ തോറും പ്രകടനം നടത്തിയും ബാഡ്‌ജ്‌ ധരിച്ച്‌ പ്രതിഷേധിച്ചും നൽകിയ മുന്നറിയിപ്പുകൾക്കുശേഷമാണ്‌ പണിമുടക്കിലേക്ക്‌ ജീവനക്കാർ നീങ്ങിയത്‌.

ബാങ്കിങ് മേഖലയിൽ പ്രതിസന്ധികൾ ഏറെയുണ്ട്‌. മുഖ്യപ്രശ്‌നം കോടികളുടെ കിട്ടാക്കടമാണ്‌. 2018 മാർച്ച് 31 -ൽ കിട്ടാക്കടം 10 ലക്ഷംകോടി കടന്നിരിക്കുകയാണ്‌. ഇത്‌ തിരിച്ചുപിടിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ പ്രഖ്യാപിച്ച ലയനനീക്കം മുഖ്യപ്രശ്‌നത്തിൽനിന്ന്‌ ജനശ്രദ്ധ തിരിക്കാനാണെന്ന്‌ ബാങ്ക്‌ രംഗത്തെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ബാങ്ക്‌ ഓഫ്‌ ബറോഡ, ദേന ബാങ്ക്‌, വിജയ ബാങ്ക്‌ എന്നിവയാണ്‌ ലയിപ്പിക്കുന്നത്‌. എസ്‌ബിഐയിൽ അസോസിയേറ്റ്‌ ബാങ്കുകൾ ലയിപ്പിച്ചതിന്റെ കയ്‌പേറിയ അനുഭവം ജീവനക്കാർക്കും ഇടപാടുകാർക്കുമുണ്ട്‌. ആയിരം എസ്‌ബിഐ ശാഖകൾ ലയനത്തോടെ അടച്ചുപൂട്ടി.

ഇടപാടുകാരെയാകട്ടെ കനത്ത യൂസർഫീസുകൾ അടിച്ചേൽപ്പിച്ച്‌ ദുരിതത്തിലാക്കി. ഇതേ വഴിക്കാകും പുതിയ ലയനവും എന്ന്‌ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകൾ ലയിച്ച്‌ വലുതാകുമ്പോൾ കുറയുന്നത് ചെറുകിട വായ്‌പകളായിരിക്കും. ബാങ്കിങ‌് സേവനം വൻകിടക്കാർക്ക് മാത്രമാകും. ഇപ്പോൾത്തന്നെ ബാങ്കുകളിലെ വായ്‌പയുടെ 56 ശതമാനം അഞ്ച്‌ കോടിയിലധികംരൂപ വായ്‌പയെടുത്തിട്ടുള്ള വൻകിടക്കാരുടേതാണ്‌. കിട്ടാക്കടത്തിന്റെ 88 ശതമാനവും ഇത്തരം വായ്‌പകളാണ്‌. ബാങ്കുകൾ ലയിപ്പിച്ച്‌ വലുതാക്കിയാൽ വിദേശമൂലധന ശക്തികൾക്ക്‌ അവയെ കൈക്കലാക്കാൻ സൗകര്യമാകും. ഇതുതന്നെയാണ്  ലയനമടക്കമുള്ള പരിഷ്കാരങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പ്രവർത്തനലാഭത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോൾ ലയിപ്പിക്കുന്ന പൊതുമേഖലാബാങ്കുകൾ. ലയനത്തിലൂടെ അവയും കുഴപ്പത്തിലേക്ക് നീങ്ങാനാണ് സാധ്യത.

ബാങ്ക് ജീവനക്കാരുടെ ഈ പണിമുടക്ക് ജനങ്ങളുടെ പൊതുതാൽപ്പര്യം മുൻനിർത്തിയാണ്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നടക്കുന്ന പൊതുസമരങ്ങളിലേക്ക് കണ്ണിചേർക്കപ്പെടുകയാണ് ഈ അഖിലേന്ത്യാ പണിമുടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top