24 April Wednesday

യുദ്ധപ്രഖ്യാപനം പെൻഷൻകാരോട്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന്‌ രണ്ടു രൂപ സെസ്‌ ഏർപ്പെടുത്തിയതിനെതിരെ ഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും വലിയ പ്രതിഷേധം ഉയർത്തുകയാണ്‌. ജനാധിപത്യവ്യവസ്ഥയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്‌. പ്രതിഷേധം കണക്കിലെടുത്ത്‌ വിലവർധന പുനഃപരിശോധിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കാൻ സർക്കാരിനും അവകാശമുണ്ട്‌. എന്നാൽ, പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നവരുടെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ നാം ബോധവാന്മാരാകണം. ജനങ്ങളുടെ വിഷമങ്ങൾ ഏറ്റവും കൂടുതൽ അറിയുന്ന എൽഡിഎഫ്‌ സർക്കാർ പെട്രോൾ സെസ് ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യം എന്താണെന്നും മനസ്സിലാക്കാതെ പോകരുത്‌.

പെട്രോൾ വില  ഇത്രമാത്രം വർധിക്കാൻ പ്രധാന കാരണം 1991ൽ നരസിംഹ റാവു സർക്കാർ കൊണ്ടുവന്ന നവഉദാരവാദ നയമാണ്‌. അന്ന്‌ ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയാകവെ 2010ൽ ആണ്‌ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത്‌. ഇതോടെ വില നിശ്ചയിക്കാനുള്ള അധികാരം സർക്കാരിന്‌ നഷ്ടമാകുകയും എണ്ണക്കമ്പനികൾ വില നിശ്ചയിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്‌തു. റിലയൻസും എസ്സാറും മറ്റും പെട്രോൾ മേഖലയിലേക്ക്‌ കാലെടുത്തുവച്ചപ്പോൾ അവരുടെ ലാഭം വർധിപ്പിക്കുക ലക്ഷ്യമാക്കിയാണ്‌ കോൺഗ്രസ്‌ സർക്കാർ വിലനിയന്ത്രണം ഉപേക്ഷിച്ചത്‌. 2014ൽ അധികാരത്തിൽ വന്ന മോദി സർക്കാരാകട്ടെ ഡീസലിന്റെ വിലനിയന്ത്രണവും  പാചകവാതകത്തിനുള്ള സബ്‌സിഡിയും എടുത്തുകളഞ്ഞു. ഇതോടെ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മൂന്നിരട്ടിയെങ്കിലും വില വർധിച്ചു. ഇതിനുംപുറമെ മോദി സർക്കാർ 20 രൂപയോളം പെട്രോളിയം ഉൽപ്പന്നങ്ങളിൽ സർചാർജും ഏർപ്പെടുത്തി. ഈ ഘട്ടത്തിലൊന്നും യുഡിഎഫോ, ബിജെപിയോ വലതുപക്ഷ മാധ്യമങ്ങളോ പ്രതിഷേധം ഉയർത്തുന്നത്‌ കേരളീയർ കണ്ടില്ല. കാരണം അതിന്റെ നേട്ടം കൊയ്യുന്നത്‌ അംബാനിമാരും അദാനിമാരുമായിരുന്നു.

എന്നാൽ, ഇപ്പോൾ കേരളത്തിലെ സർക്കാർ ജനസംഖ്യയിൽ അഞ്ചിലൊന്നു വരുന്ന പെൻഷൻകാർക്കുള്ള പെൻഷൻ ഉറപ്പുവരുത്താൻ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്‌ ചുമത്തിയപ്പോൾ  വൻ പ്രതിഷേധവുമായി ഇവർ രംഗത്തുവന്നിരിക്കുകയാണ്‌. കാരണം വ്യക്തമാണ്. വിലകൂടിയതിന്റെ ഗുണം ലഭിക്കുന്നത്‌ സ്വകാര്യ കോർപറേറ്റുകൾക്കല്ല മറിച്ച്‌ അവശതയനുഭവിക്കുന്ന സാധാരണ ജനങ്ങൾക്കാണ്‌. അവശരെ സംരക്ഷിക്കുകയെന്ന ക്ഷേമസങ്കൽപ്പത്തിന്‌ നവഉദാരവാദ നയം അംഗീകരിക്കുന്ന കോൺഗ്രസും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും എതിരാണ്‌. അവശർക്ക്‌ പെൻഷൻ നൽകുന്നത്‌ ദുർവ്യയമാണെന്നും അത്‌ സമ്പദ്‌വ്യവസ്ഥയെ തളർത്തുമെന്നുമാണ്‌ ഇക്കൂട്ടരുടെ വാദം. അതിനാൽ സബ്‌സിഡികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ചെലവാക്കുന്ന പണം കോർപറേറ്റുകൾക്ക്‌ നൽകണമെന്നാണ്‌ വാദം. വൻകിട മുതലാളിമാരാണ്‌ സമ്പത്ത്‌ ഉൽപ്പാദിപ്പിക്കുന്നവരെന്നും അതിനാൽ അവർക്ക്‌ സൗജന്യങ്ങൾ വാരിക്കോരി നൽകിയാൽ സ്വാഭാവികമായും പാവങ്ങളും രക്ഷപ്പെടുമെന്നുമുള്ള നവ ഉദാരവാദമാണ്‌ മുക്കൂട്ട്‌ മുന്നണി ശക്തമായി മുന്നോട്ടുവയ്‌ക്കുന്നത്‌.

ഈ ഉദാരവാദനയത്തിന്‌ ജനപക്ഷ ബദൽ ഉയർത്തുകയാണ്‌ എൽഡിഎഫ്‌. ഇത്‌ അംഗീകരിക്കാൻ ഇവർക്ക്‌ കഴിയുന്നില്ല. അതിനാലാണ്‌ ജനങ്ങളെ എൽഡിഎഫ്‌ സർക്കാരിനെതിരെ തിരിച്ചുവിടാൻ കഴിയുമോ എന്ന്‌  ശ്രമിക്കുന്നത്‌. എല്ലാ ക്ഷേമപ്രവർത്തനങ്ങളിൽനിന്നും സർക്കാരിനെ പിന്തിരിപ്പിക്കാനും പെൻഷൻ നിഷേധിക്കാനുമാണ്‌ ഈ സമരം. വയോജനങ്ങൾക്കുനേരെയുള്ള യുദ്ധപ്രഖ്യാപനമാണ്‌ ഇത്‌. ഇത്‌ രാഷ്ട്രീയ സമരമാണ്‌ അത്‌ തിരിച്ചറിയാൻ കേരളീയർക്ക്‌ കഴിയും.

പെൻഷൻ ഉറപ്പുവരുത്തുന്നതിനായി പെട്രോൾ വില വർധിപ്പിക്കുന്നത്‌ ഗത്യന്തരമില്ലാതെയാണെന്ന്‌ ധനമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്‌. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ കേരളത്തിന്റെ വരുമാനസ്രോതസ്സുകൾ ഒന്നൊന്നായി തടയുകയാണ്‌. സംസ്ഥാന വിഭവവിന്യാസത്തിന്റെ ഏറ്റവും പ്രധാന ഏജൻസിയായ പ്ലാനിങ് കമീഷൻ പിരിച്ചുവിട്ടത്‌ കേരളത്തിന്‌ ന്യായമായും ലഭിക്കേണ്ട പദ്ധതിസഹായം ഇല്ലാതാക്കി. ജനസംഖ്യയിൽ 2.59 ശതമാനമാണ്‌ കേരളീയരെങ്കിലും നമുക്ക്‌ ലഭിക്കുന്ന കേന്ദ്രവിഹിതം 1.92 ശതമാനം മാത്രമാണ്‌. 2021–-22 സാമ്പത്തികവർഷത്തെ അപേക്ഷിച്ച്‌ നടപ്പുസാമ്പത്തിക വർഷം 40,000 കോടിയുടെ വരുമാനക്കുറവാണ്‌ കേന്ദ്രത്തിന്റെ തെറ്റായ നയത്തിന്റെ ഭാഗമായിമാത്രം ഉണ്ടായത്‌. അർഹമായ വായ്‌പ എടുക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്‌.  ഒരു തരത്തിലും സംസ്ഥാന സർക്കാരിനെ  പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന നയമാണ്‌ കേന്ദ്രത്തിന്റേത്‌. ഈ ഘട്ടത്തിലാണ്‌ താൽക്കാലിക നടപടിയെന്നനിലയിൽ സെസ്‌ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായത്‌. കേന്ദ്രത്തിന്റെ  അനീതിക്കെതിരെ ചെറുവിരൽപോലും അനക്കാൻ തയ്യാറല്ലാത്തവരാണ്‌ ഇപ്പോൾ സമരാഹ്വാനവുമായി രംഗത്തുവന്നിട്ടുള്ളത്‌. ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ്‌ എംപിമാരിൽ ആരെങ്കിലും കേന്ദ്രത്തിന്റെ ഈ അനീതിക്കെതിരെ ശബ്ദമുയർത്തിയോ? കേരളത്തെ ധനപരമായി ശ്വാസംമുട്ടിക്കുന്ന മോദി സർക്കാരിനും ബിജെപിക്കും പൂർണപിന്തുണ നൽകുകയാണ്‌ യുഡിഎഫ്‌.

എന്നാൽ, കേന്ദ്രത്തിന്റെ സമ്മർദത്തിനു വഴങ്ങാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ്‌ ബജറ്റിലൂടെ എൽഡിഎഫ്‌ സർക്കാർ കൈക്കൊണ്ടിട്ടുള്ളത്‌. ജീവിതത്തിന്റെ സായാഹ്നത്തിൽ വിവിധ രോഗങ്ങളോട്‌ മല്ലിടുന്ന വയോജനങ്ങളെ  കൈവിടുകയെന്ന നവഉദാരവാദ യുക്തിയല്ല സർക്കാരിനെ നയിക്കുന്നത്‌. അവരെയും ചേർത്തുപിടിക്കാനാണ്‌ സർക്കാരിന്റെ ശ്രമം. അത്‌ സമൂഹത്തിന്റെ ബാധ്യതകൂടിയാണ്‌. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ അവരുടെ പെൻഷൻ മുടങ്ങാതെ നൽകാനുള്ള സർക്കാരിന്റെ സദുദ്യമത്തിന്‌ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ,  ചില വിഷമങ്ങൾ സഹിച്ചാണെങ്കിലും പിന്തുണ നൽകുമെന്നുതന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. കൃത്യമായ പെൻഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ ശ്രമത്തെ തടയുന്നത്‌ പെൻഷൻ തടസ്സപ്പെടുത്തുന്നതിനു സമാനമാണ്‌. അത്‌ സ്വന്തം രക്ഷിതാക്കളെ തെരുവിലെറിയുന്ന മനുഷ്യത്വരഹിതമായ നടപടിക്ക്‌ തുല്യമാണെന്ന്‌ സമരത്തിന്‌ കോപ്പുകൂട്ടുന്നവരെ ഓർമിപ്പിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top