26 April Friday

ദേശീയപാത പോലെ സിൽവർ ലൈനും വരട്ടെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022


എൽഡിഎഫ് സർക്കാർ കഴിഞ്ഞ ആറുവർഷമായി നേരിടുന്ന മുഖ്യപ്രശ്നങ്ങളിൽ ഒന്ന്‌ സംസ്ഥാന വികസനത്തിനെതിരായ ആക്രമണമാണ്. രാഷ്ട്രീയനിലപാടുകളുടെ മികവും  വികസനരംഗത്തെ കുതിപ്പുമാണ് എൽഡിഎഫ് തുടർഭരണം സാധ്യമാക്കിയതെന്ന്‌ പ്രതിപക്ഷത്തിന് അറിയാം. രാഷ്ട്രീയമായി എതിരിടൽ എളുപ്പമല്ല. അതുകൊണ്ട്  വികസനം മുടക്കി  സംസ്ഥാനത്തെ പിന്നോട്ടടിപ്പിച്ച് രാഷ്ട്രീയനേട്ടം സാധ്യമാണോ എന്നാണു നോട്ടം.

2016ൽ സർക്കാർ അധികാരമേറിയപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് ദേശീയപാത വികസനം നടപ്പാക്കിയാൽ മുഖ്യമന്ത്രിയെ അംഗീകരിക്കാം എന്നാണ്.  ‘നടപ്പാക്കുന്നതൊന്നു കാണട്ടെ' എന്ന ഭീഷണിയായിരുന്നു അത്.  പലയിടത്തും  മഴവിൽ സഖ്യം ഉണ്ടാക്കി സമരംചെയ്തു. നന്ദിഗ്രാമിലെ മണ്ണും പൊതിഞ്ഞ്‌ കേന്ദ്ര നേതാക്കൾ എത്തി. പദ്ധതി മുടക്കാൻ സംസ്ഥാന ബിജെപി അധ്യക്ഷൻ കത്തെഴുതി. യുഡിഎഫ് ഒപ്പം കൂടി. സർക്കാർ ഈ നീക്കങ്ങളെ നേരിട്ടത് സമചിത്തതയോടെയാണ്. ഒരു വശത്ത് ഭരണ നടപടികൾ വേഗത്തിൽ നീക്കി. മറുവശത്ത് ഭൂമി നഷ്ടപ്പെടുന്നവരുടെ കൂടെ സർക്കാരുണ്ടാകുമെന്നും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും തെളിയിച്ചു.

ഭൂമിക്ക് കേന്ദ്രസർക്കാരാണ് മറ്റു സംസ്ഥാനങ്ങളിൽ നഷ്ടപരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഭൂമിവില  ഉയർന്നതാണെന്ന ന്യായം പറഞ്ഞ്‌ കേന്ദ്രസർക്കാർ പിന്മാറി. ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിച്ചുകൊണ്ട് ഈ പ്രതിസന്ധി മറികടന്നു.  ഇന്നിപ്പോൾ ഒരിക്കലും ഇല്ലാത്ത മുന്നേറ്റം ദേശീയപാത വികസനത്തിൽ  കേരളം കൈവരിച്ചു. അതിന്റെ സമഗ്രചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ വരച്ചുകാട്ടി.

സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതകളിൽ ഏറ്റവും ദൈർഘ്യമുള്ള ദേശീയപാത- 66ന്റെ വികസനം മാത്രം പരിശോധിച്ചാൽ സർക്കാർ നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലപ്രാപ്തി അറിയാം. നമ്മുടെ ദേശീയപാതയുടെ 90 ശതമാനവും സംസ്ഥാനത്തിന്റെ രണ്ടറ്റവും തൊടുന്ന ഈ പാതയാണല്ലോ. 1081 ഹെക്ടർ ഭൂമിയാണ് ദേശീയപാത 66ന്റെ വികസനത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിന്റെ 98.51 ശതമാനം വരുന്ന 1065 ഹെക്ടർ ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ള 21 റീച്ചിൽ 15ലും  പ്രവൃത്തി പുരോഗമിക്കുന്നു. ബാക്കി ആറ് റീച്ചിൽ  പ്രാഥമികപ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നു.

ദേശീയപാത അതോറിറ്റി കേരളത്തിലെ ഓഫീസും പൂട്ടി പദ്ധതികളിൽനിന്നെല്ലാം പിന്മാറി കത്തും നൽകിയ അവസ്ഥയായിരുന്നു 2011-–-16 കാലത്തെ യുഡിഎഫ് ഭരണത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം ബൈപാസിനായി ആകെ 16 കിലോമീറ്റർ സ്ഥലം മാത്രമാണ് അന്ന് ഏറ്റെടുത്തത്. ഈ ശൂന്യതയിൽനിന്നാണ് ഇന്നത്തെ വമ്പൻ നേട്ടത്തിലേക്ക് എത്തിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി 2016ലെ പ്രകടനപത്രികയിൽ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. കുത്തിത്തിരിപ്പും അട്ടിമറിയും വഴി കേരളത്തിന്റെ ദേശീയപാത വികസനം തടയാൻ ശ്രമിച്ച പലരും ഇന്ന് പദ്ധതിയുടെ അവകാശികളാകാൻ മത്സരിക്കുന്നുണ്ട്. ആ ഉളുപ്പില്ലായ്മ ചില കേന്ദ്രമന്ത്രിമാരിൽനിന്നുതന്നെ കാണേണ്ടിവന്നത് നമ്മുടെ ഗതികേട്.

ദേശീയപാത വികസനത്തെ ചെറുത്ത ശക്തികൾ അതിലും തീവ്രമായി  സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ സിൽവർ ലൈനും അട്ടിമറിക്കാൻ നോക്കുന്നു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ഹൈക്കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. സിൽവർ ലൈൻ പദ്ധതി നാടിന് ആവശ്യമായ പദ്ധതിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ പദ്ധതിയെ കൈയൊഴിയുന്നത്  ശരിയല്ലെന്നും  കോടതി കണ്ടു. എന്നാൽ, പദ്ധതി വേഗത്തിൽ നടപ്പാക്കാൻ സർക്കാർ ശ്രമിച്ചത് ശരിയായില്ല എന്ന വിമർശം കൂടി നടത്തി.  അതിനുള്ള വ്യക്തമായ മറുപടി മുഖ്യമന്ത്രി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ നൽകിയിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു വികസനപദ്ധതി ഇല്ലാതാക്കാൻ  ആരെങ്കിലും ശ്രമിക്കും എന്ന് കരുതാൻ വയ്യല്ലോ. അതുകൊണ്ട് അനുമതിക്കു മുമ്പ് കഴിയുന്നതെല്ലാം  ചെയ്യാനാണ് ശ്രമിച്ചത്. ദേശീയപാത വികസനം സമയബന്ധിതമായി തീർത്ത സർക്കാരിന് സിൽവർ ലൈനും പൂർത്തിയാക്കാൻ കഴിയും എന്നുറപ്പ്. പദ്ധതിക്ക്  കേന്ദ്രസർക്കാരിന്റെ സമ്പൂർണ അനുമതി എത്രയും വേഗം ലഭിക്കുക എന്നത് അതുകൊണ്ടുതന്നെ കേരളത്തിന്റെ ആകെ ആവശ്യമാണ്‌. അതിനെതിരെ നിൽക്കുന്നവർ ക്രൂരത കാട്ടുന്നത് കേരളത്തോടാണ്; ഇവിടത്തെ ജനങ്ങളോടാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top