30 November Thursday

കേന്ദ്രനിലപാട് തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022


ധനപരമായ ആവശ്യങ്ങളിൽ കൂടുതൽ ഉദാരമായ സമീപനമാണ് കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾ എക്കാലവും പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികളുടെ ഘട്ടത്തിൽ പ്രത്യേകിച്ചും. സംസ്ഥാനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പുരോഗതിക്കും ഇത് അനിവാര്യമാണ്. എന്നാൽ, ഉദാര സമീപനത്തിനു പകരം സംസ്ഥാനങ്ങളുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിച്ചാലോ? അതാണ് ഇന്ത്യയിൽ ഇപ്പോൾ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളം മാത്രമല്ല, ആന്ധ്രപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും സമാന സാഹചര്യം നേരിടുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോട് പ്രത്യേക രാഷ്ട്രീയവിരോധവും കേന്ദ്രം വച്ചുപുലർത്തുന്നുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു.

സംസ്ഥാന സർക്കാരുകളുടെ ഗ്യാരന്റിയുടെ ബലത്തിൽ പൊതുമേഖലാ ബാങ്കുകൾ നൽകുന്ന വായ്പയ്‌ക്കെതിരെയാണ് കേന്ദ്രത്തിന്റെ ഒരു നീക്കം. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് നോട്ടീസ് ഇറക്കിക്കഴിഞ്ഞു. ബജറ്റിനു പുറത്തുള്ള ഇത്തരം വായ്പകൾക്കെതിരെ നടപടിക്കുള്ള ഒരുക്കത്തിലാണ് കേന്ദ്രം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവിനുള്ള പണം സർക്കാർ ബജറ്റിലെ ഗ്രാന്റിൽനിന്നാണെങ്കിൽ അതും തടയുകയാണ് മറ്റൊരു ലക്ഷ്യം. ഈ രണ്ടുതരത്തിലുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെതന്നെ വായ്പയായി പരിഗണിക്കുമെന്നാണ് ഭീഷണി. അങ്ങനെ വരുമ്പോൾ, സംസ്ഥാനത്തിന്റെ വാർഷികവായ്പ കൂടും. അപ്പോൾ, പരിധി കടക്കുന്നുവെന്നു പറഞ്ഞ് വായ്പ തടയാം. അതാണ് കണക്കുകൂട്ടൽ.

ധന ഉത്തരവാദിത്വ നിയമപ്രകാരം, സംസ്ഥാന മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ ( GSDP) മൂന്നുശതമാനംവരെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള വായ്പാപരിധി. ചില വ്യവസ്ഥകൾക്ക് വിധേയമായി കഴിഞ്ഞ വർഷം നേരിയ വ്യത്യാസം വരുത്തി. വായ്പകൾ പരമാവധി പരിധിക്കകത്ത്‌ നിർത്താനാണ് കേരളം തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കിഫ്ബി വഴി പണം സമാഹരിക്കുന്നതും പെൻഷൻ കമ്പനിയുമെല്ലാം ഈ വഴിക്കുള്ള ശ്രമങ്ങളാണ്. ചരക്കു സേവന നികുതി നടപ്പാക്കിയതും പ്രളയവും കോവിഡുമെല്ലാം വന്നതും സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിച്ചുവെന്നത് വസ്തുത. അപ്പോഴും ക്ഷേമപ്രവർത്തനങ്ങളും വികസനവും മുടക്കാതിരിക്കാൻ കേരളം ജാഗ്രത പുലർത്തി. ഇതൊക്കെ എങ്ങനെയും തടയുകയാണ് കേന്ദ്രലക്ഷ്യം. വായ്പ കൂടിയാൽ ധനകമ്മി വർധിക്കുമെന്നു പറഞ്ഞാണ് കേന്ദ്രം ഇടപെടാൻ നോക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ ധനകമ്മിയും റവന്യുകമ്മിയുമെല്ലാം കൂടുതലാണ്. അവിടെ കമ്മി കൂടിയിട്ടും  സംസ്ഥാനങ്ങൾ എടുക്കുന്ന പോലെയുള്ള വായ്പയ്‌ക്കൊന്നും തടസ്സമില്ല. മാത്രമല്ല, കേരളത്തിന്റെ കിഫ്ബി വായ്പയെ വിമർശിക്കുന്ന സിഎജി കേന്ദ്രത്തിന്റെ സമാന വായ്പകളെക്കുറിച്ച് മിണ്ടുന്നുമില്ല.

നാടിന്റെ വികസനത്തിന് ധനമേഖലകൾക്ക് സുപ്രധാന പങ്കുണ്ട്. വായ്പകളും സാമ്പത്തിക സഹായങ്ങളും നിക്ഷേപങ്ങളുമൊക്കെ അതിൽപ്പെടും. അതെല്ലാം ഉൾപ്പെടുത്തി മുന്നേറാനാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ആ ബദൽവഴികളെ തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിനായി ഫെഡറൽ തത്വങ്ങളെത്തന്നെ അട്ടിമറിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനഘടനവരെ തകർക്കുന്ന ബിജെപി ഭരണം സംസ്ഥാനങ്ങളുടെ അധികാരം ഒന്നൊന്നായി കൈയേറുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. അധികാരം പലതും കേന്ദ്രത്തിലേക്ക് മാറ്റാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നു. ധനപരമായ അധികാരം പലതും നേരത്തേതന്നെ കവർന്നെടുത്തു. അതിൽ ഏറ്റവും പ്രധാനമാണ് ചരക്കു സേവന നികുതി സമ്പ്രദായം.  ഇനിയിപ്പോൾ, സംസ്ഥാന സർക്കാരുകൾക്ക് ഒരു കാര്യവും സ്വന്തം നിലയിൽ  നടപ്പാക്കാനാകില്ലെന്ന സ്ഥിതിയും വരുന്നു. വലിയ നിയമപോരാട്ടങ്ങൾ അനിവാര്യമാകുന്ന സാഹചര്യം.

കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയും ജനങ്ങളുടെ ഉന്നമനവുമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ഫ്യൂഡൽ ദുഷ്‌പ്രഭുത്വത്തിന്റെ തേർവാഴ്ച അവസാനിപ്പിച്ച ഇ എം എസ് സർക്കാർമുതൽ ഇപ്പോഴത്തെ പിണറായി മന്ത്രിസഭവരെയുള്ള ഇടതുപക്ഷ സർക്കാരുകൾ ഈ ദിശയിലുള്ള ബദൽനയങ്ങൾ നടപ്പാക്കുന്നു. പിണറായി സർക്കാർ ആറുവർഷമായി സമാനതകളില്ലാത്ത വികസന-സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കി മുന്നേറുകയാണ്. ഈ മുന്നേറ്റം തടയുന്നതിനാണ്, വികസനത്തിന്റെ കാര്യത്തിലും സാമ്പത്തികവിഹിതങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്.  ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായ കേരളത്തിന്റെ അവകാശങ്ങളും അർഹതയും അംഗീകരിക്കാനും നീതിരഹിതമായ സമീപനം തിരുത്താനും കേന്ദ്രം തയ്യാറാകണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top