16 April Tuesday

ഗാന്ധിനിന്ദയുടെ കോൺഗ്രസ്‌ പതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


വധിക്കപ്പെട്ട് 74 വർഷത്തിനുശേഷവും നിരന്തരം നിന്ദിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന മഹാത്മാവാണ് ഗാന്ധിജി. ഗാന്ധിജിയെ വധിച്ച  തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾ ഗാന്ധിഘാതകരെ ആദരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുമ്പോൾ മതനിരപേക്ഷതയുടെ മഹാപ്രവാചകൻ വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്. ഗാന്ധിഘാതകനായ നാഥുറാം ഗോഡ്സെയെ  തൂക്കിക്കൊന്നതിന്റെ വാർഷികത്തിൽ ഗാന്ധിചിത്രത്തിനുനേരെ സംഘപരിവാർ നേതാക്കൾ പ്രതീകാത്മകമായി വെടിവയ്ക്കുമ്പോഴും സംഭവിക്കുന്നത് മറ്റൊന്നല്ല. ഗാന്ധിവധം ആസൂത്രണം ചെയ്തതിന് വിചാരണ നേരിട്ട സവർക്കർ വീരപുരുഷനായി കൊണ്ടാടപ്പെടുകയാണ് സംഘപരിവാർ ഭരണത്തിൽ.

പ്രത്യയശാസ്ത്രപരമായി ഗാന്ധിജിയെ എതിർക്കുന്നവരുടെ ചെയ്തികളാണിതെല്ലാം. എന്നാൽ, ഗാന്ധിജിയുടെ അനുയായികൾ എന്നവകാശപ്പെടുന്ന  കോൺഗ്രസുകാർ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച് നാട്ടിൽ കലാപം നടത്താൻ ശ്രമിക്കുന്നതിന് കേരളം സാക്ഷിയായി. ജൂൺ 24ന്‌ കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ ഗാന്ധിജിയുടെ ഛായാചിത്രം നിലത്തെറിഞ്ഞ്  നശിപ്പിച്ചെന്ന് കള്ളം പ്രചരിപ്പിച്ച്‌  കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസുകാർ അക്രമപ്പേക്കൂത്ത് നടത്തി.  ഡൽഹിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ ആക്രമിക്കാനും മുതിർന്നു. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ സിപിഐ എം ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും അപലപിച്ചിട്ടും കോൺഗ്രസുകാർ കലാപശ്രമങ്ങൾ തുടർന്നു.

ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകർ അല്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ച് മടങ്ങുമ്പോൾ ഗാന്ധിജിയുടെ ചിത്രം ഒരു പോറലുമേൽക്കാതെ ചുവരിൽത്തന്നെ ഉണ്ടായിരുന്നത് വിവിധ മാധ്യമ ഫോട്ടോഗ്രാഫർമാരുടെ കാമറയിൽ പതിഞ്ഞിരുന്നു. കോൺഗ്രസുകാർ ഓഫീസിലെത്തിയശേഷം അവരെടുത്ത ചിത്രങ്ങളിൽ ഗാന്ധിജിയുടെ ചിത്രം നിലത്ത് തകർന്നുകിടക്കുന്ന നിലയിലായിരുന്നു. കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇതെന്ന് ദേശാഭിമാനി ഈ സംഭവത്തിന്റെ പിറ്റേന്ന് വാർത്ത നൽകുകയും ചെയ്തിരുന്നു. അനിഷേധ്യമായ ഈ ചിത്രത്തെളിവുകളെയും അതിനെ അടിസ്ഥാനമാക്കിയുള്ള വാദങ്ങളെയും സാധൂകരിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ഡിജിപി സംസ്ഥാന സർക്കാരിന് കൈമാറിയത്.

പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് ഈ റിപ്പോർട്ട്. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് പുറത്താക്കിയത് 3.54നാണ്. അവർ മടങ്ങിയശേഷം 4.04ന് പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ ഗാന്ധിചിത്രം ചുവരിൽ ഉണ്ട്. അതിനു പിന്നാലെയാണ് കോൺഗ്രസുകാർ ഓഫീസിലെത്തുന്നത്.  തുടർന്ന്, 4.29ന് എടുത്ത  ഫോട്ടോയിലാണ് ഗാന്ധിചിത്രം തറയിൽ പൊട്ടിത്തകർന്ന നിലയിൽ കാണുന്നത്. ഗാന്ധിശിഷ്യർതന്നെ കലാപത്തിന് കോപ്പുകൂട്ടാൻ  ഗാന്ധിജിയെ നിന്ദിക്കുന്ന ഏറ്റവും നീചമായ പ്രവൃത്തിയാണിത്. എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഓഫീസിൽ കയറി ഗാന്ധിചിത്രവും ഫയലുകളും നശിപ്പിച്ചതാണെന്ന അപഹാസ്യമായ വാദവും മുതിർന്ന ഒരു കോൺഗ്രസ് നേതാവ് ഉന്നയിക്കുന്നതായി കണ്ടു. അതിനായി അദ്ദേഹം കാണിച്ച ദൃശ്യങ്ങളിലുള്ള ആൾ രാഹുൽ ഗാന്ധിയെ ഗാഢമായി ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആ വാദവും പൊളിഞ്ഞു.

വാസ്തവത്തിൽ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. ലോകം ആദരിക്കുന്ന മഹാനായ നേതാവിന്റെ   ചിത്രം നശിപ്പിക്കുകയും അതിന്റെ പേരിൽ  നാട്ടിലാകെ  അഴിഞ്ഞാടാൻ പ്രേരണ നൽകുകയും ചെയ്തവർക്കെതിരെ നടപടി എടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ? ജാമ്യത്തിലിറങ്ങിയ  ബിജെപി പ്രവർത്തകനെ മുസ്ലിം നാമധാരികളായ ബിജെപി പ്രവർത്തകരെക്കൊണ്ട് കഴുത്തറുത്ത് കൊല്ലിച്ച ഉദയ്പുർ മാതൃകയുടെ മറ്റൊരു പതിപ്പാണിത്. അടിമുടി സംഘപരിവാർവൽക്കരിക്കപ്പെട്ട കോൺഗ്രസിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.  ആർഎസ്എസിന്റെ ഗാന്ധിവധവും ഗാന്ധിനിന്ദയും പുനരാവിഷ്കരിക്കുന്ന തിരക്കിലാണവർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top