26 April Friday

രാജ്യത്തെ തകർക്കുന്നതാര്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


രാജ്യത്തെ പ്രതിപക്ഷം രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കുന്നവരാണെന്ന്‌ ആരോപിച്ചത്‌ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയാണ്‌. ഹൈദരാബാദിൽ പാർടി ദേശീയ നിർവാഹകസമിതി യോഗത്തിന്‌ തുടക്കംകുറിച്ചു നടത്തിയ പ്രസംഗത്തിലാണ്‌ നദ്ദ ‘പ്രധാനമന്ത്രിയെ എതിർക്കുന്നതിനായി രാഷ്ട്രത്തെത്തന്നെ എതിർക്കുന്നവരായി പ്രതിപക്ഷം മാറി’യെന്ന്‌ ആരോപിച്ചത്‌. അതേദിവസംതന്നെയാണ്‌ ‘ഇന്ത്യാ ടുഡേ’ ഉദയ്‌പുരിൽ വിദ്വേഷക്കൊല നടത്തിയവർക്കൊപ്പമുള്ള ബിജെപി നേതാക്കളുടെ പടം പുറത്തുവിട്ടതും. ഉദയ്‌പുരിൽ മതവിദ്വേഷത്താൽ തയ്യൽത്തൊഴിലാളിയെ കൊല ചെയ്‌ത റിയാസ്‌ അക്താരിക്കൊപ്പം ബിജെപിയുടെ രാജസ്ഥാൻ നിയമസഭാ കക്ഷി നേതാവ്‌ ഗുലാബ്‌ചന്ദ്‌ കട്ടാരിയയും  ബിജെപി ഉദയ്‌പുർ ജില്ലാ പ്രസിഡന്റ്‌ രവീന്ദ്ര ശ്രിമാലിയും നിൽക്കുന്ന പടമാണ്‌ പുറത്തുവന്നത്‌. പാകിസ്ഥാനിൽനിന്നു പരിശീലനം ലഭിച്ച ഭീകരവാദിയാണ്‌ ഇയാളെന്നും അതിനാലാണ്‌ ദേശീയ അന്വേഷണ ഏജൻസിയെ അന്വേഷണം ഏൽപ്പിക്കുന്നതെന്നും നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചിരുന്നു. അങ്ങനെ ഉള്ളവരുമായി കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക്‌ ബന്ധംവരുന്നത്‌ എങ്ങനെയാണെന്ന്‌ വിശദീകരിക്കേണ്ട ബാധ്യത ബിജെപിക്കുണ്ട്‌. ഇത്തരം ഭീകരവാദികളെപ്പോലും ഉപയോഗിച്ച്‌ രാജ്യത്ത്‌ വിദ്വേഷം ആളിക്കത്തിക്കാൻ പ്രയത്‌നിക്കുന്നവരല്ലേ യഥാർഥ രാജ്യദ്രോഹികളെന്ന ചോദ്യവും സ്വാഭാവികമായും ഉയരും. രാജ്യസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരക്കാർക്കെതിരെ എന്തേ ഒരു നടപടിയും കൈക്കൊള്ളാൻ മോദി–-ഷാ ഭരണം തയ്യാറാകുന്നില്ല.

ഉദയ്‌പുരിനു പിറകെ ഇപ്പോൾ മഹാരാഷ്ട്രയിലെ അമരാവതിയിലും വിദ്വേഷക്കൊല നടന്നിരിക്കുന്നു. മെഡിക്കൽ സ്‌റ്റോർ ഉടമ ഉമേഷ്‌ പ്രഹ്ലാദ്‌ റാവു കോലെയാണ്‌ അമരാവതിയിൽ കൊല്ലപ്പെട്ടത്‌. ഈ കേസും കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻഐഎയ്ക്ക്‌ വിട്ടിരിക്കുകയാണ്‌. കൊലയാളികൾക്കെതിരെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷതന്നെ നൽകണമെന്ന കാര്യത്തിലും സംശയമില്ല.

സുപ്രീംകോടതിയുടെ ഭാഷയിൽ ഇത്തരം വിദ്വേഷക്കൊലകൾക്ക്‌ ഉത്തരവാദി ബിജെപിയുടെ വക്താവായിരുന്ന നൂപുർ ശർമയാണ്‌. ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിക്കവെ പ്രവാചകനിന്ദ നടത്തിയതാണ്‌ ഇന്ന്‌ രാജ്യത്തുനടക്കുന്ന സംഭവങ്ങൾക്ക്‌ ഉത്തരവാദിയെന്നാണ്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. നൂപുർ ശർമ രാഷ്ട്രത്തോട്‌ മാപ്പുപറയണമെന്നും ഉന്നത നീതിപീഠം പറഞ്ഞു. എന്നാൽ, രാജ്യത്ത്‌ നടന്നുവരുന്ന വിദ്വേഷക്കൊലകൾക്ക്‌ ഉത്തരവാദിയെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടും അവരെ അറസ്റ്റുചെയ്യാനോ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ, ഇതേ സുപ്രീംകോടതി ഗുജറാത്ത്‌ കലാപക്കേസിൽ ചില നിരീക്ഷണം നടത്തിയപ്പോൾ മണിക്കൂറുകൾക്കുള്ളിലാണ്‌ സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദിനെയും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്ന ആർ ബി ശ്രീകുമാറിനെയും അറസ്റ്റുചെയ്‌തത്‌.  രാജ്യത്തെ കലാപത്തിലേക്ക്‌ നയിക്കുന്നവർക്ക്‌ സംരക്ഷണം നൽകുകയും ഇരകൾക്കുവേണ്ടി വാദിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ അതിവേഗം മാറുകയാണ്‌. ലോകത്ത്‌ ഇന്ത്യയുടെ പ്രതിച്ഛായ ഇടിക്കുന്ന സംഭവങ്ങളാണ്‌ ഇതൊക്കെ.

ഈയൊരു പശ്ചാത്തലത്തിലാണ് നൊബേൽ സമ്മാനജേതാവും സാമ്പത്തിക വിദഗ്‌ധനുമായ  അമർത്യ സെൻ, രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാജ്യത്തിന്റെ തകർച്ച തന്നെയാണെന്ന്‌ മുന്നറിയിപ്പുനൽകിയത്‌. നിലവിലെ സംഭവവികാസങ്ങൾ തന്നെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സഹിഷ്‌ണുതകൊണ്ടു മാത്രം രാജ്യത്തെ ഇന്നത്തെ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകില്ലെന്നു പറഞ്ഞ അമർത്യ സെൻ ഹിന്ദുക്കളും മുസ്ലിങ്ങളും യോജിച്ചു പ്രവർത്തിക്കേണ്ട കാലമാണ്‌ ഇതെന്നും ഓർമിപ്പിച്ചു. ഇന്ത്യക്ക്‌ ഹിന്ദുക്കളുടേതു മാത്രമായി നിൽക്കാൻ കഴിയില്ലെന്നതുപോലെ തന്നെ മുസ്ലിങ്ങൾക്കു മാത്രമായി ഇന്ത്യയെ രൂപപ്പെടുത്താനാകില്ലെന്നും അമർത്യ സെൻ ഓർമിപ്പിച്ചു. മതനിരപേക്ഷതയിലൂന്നുന്ന, സമന്വയത്തിൽ അധിഷ്‌ഠിതമായ ഇന്ത്യക്കു മാത്രമേ വിജയിക്കാൻ കഴിയൂ. വിദ്വേഷരാഷ്ട്രീയം തകർക്കുന്നത്‌ ഇന്ത്യയെ തന്നെയാണെന്ന മുന്നറിയിപ്പാണ്‌  അമർത്യ സെൻ നൽകുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top