08 May Wednesday

കുറ്റകൃത്യങ്ങളുടെ രാജ്യതലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 12, 2022

നരേന്ദ്ര മോദിയുടെ കാർമികത്വത്തിൽ തുറന്നുവിട്ട വംശഹത്യയിൽ നൂറുകണക്കിന്‌ മുസ്ലിങ്ങളെ വധിച്ച  ഗുജറാത്തിനു പിന്നാലെ ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളാണ്‌ ഉത്തർപ്രദേശും ഒഡിഷയും കർണാടകവും. അവിടങ്ങളിലെല്ലാം വസ്‌ത്രവും ഭക്ഷണവും ഭാഷയും രൂപവും ആരാധനാ രീതികളുമെല്ലാം കൈയേറ്റം ചെയ്യപ്പെടുന്നു. കന്യാസ്‌ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി ബൈബിൾ കീറിയെറിഞ്ഞ്‌ പള്ളികൾ തകർത്ത്‌ ക്രൈസ്‌തവരെ വേട്ടയാടിയ കന്ദമൽ ഇപ്പോഴും ഒഡിഷയുടെ മുറിവാണ്‌. ആർഎസ്‌എസ്‌ കുത്തിപ്പൊക്കിയ  ഹുബ്ലി ഈദ്‌ഗാഹ്‌ പ്രശ്‌നം മുതൽ  ശ്രീരാമസേനയുടെ പബ്‌ ആക്രമണ പരമ്പരകൾ  തൊട്ട്‌ ഏറ്റവുമൊടുവിൽ എബിവിപി ഏറ്റെടുത്ത ഹിജാബിന്റെ പേരിലുള്ള കലാപശ്രമങ്ങൾവരെ കർണാടകത്തിൽ അശാന്തി വിതച്ചിരിക്കുന്നു. 

ത്രിവർണ പതാകയ്‌ക്കു പകരം കാവിക്കൊടിയുയർത്തുമെന്ന്‌  ഗ്രാമവികസന പഞ്ചായത്ത്‌ രാജ്‌ മന്ത്രി  കെ എസ്‌ ഈശ്വരപ്പ തുറന്നടിച്ചത്‌ ആ സംസ്ഥാന ഭരണത്തിന്റെ  പോക്ക്‌ അടയാളപ്പെടുത്തുന്നതാണ്‌.   സമാനനാടകങ്ങളാണ് യോഗി ആദിത്യനാഥ്‌  ഉത്തർപ്രദേശിൽ ആവർത്തിക്കുന്നതെന്ന്‌ കാണാം. ഭീകരതയുടെ ഭീഷണി ഊന്നി  അയഥാർഥ  ശത്രുക്കളെചൂണ്ടി  ഭയമിളക്കിവിടുകയാണ്‌ അവിടെ. അഞ്ചു വർഷംകൂടി വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്നത്‌ അതേ ‘സ്വർഗ’മാണ്‌. ആ അർഥത്തിൽ യുപി ഒരിക്കലും കേരളവും പശ്‌ചിമ ബംഗാളും കശ്മീരും ആകരുതെന്ന പ്രഖ്യാപനം ആലോചിച്ചുറപ്പിച്ച സന്ദേശമാണെന്ന്‌ വ്യക്തം. മാരകമായ  വർഗീയധ്രുവീകരണം  അടിവരയിട്ടത്‌, പശ്‌ചിമ യുപിയിലെ   കർഷകപ്രതിഷേധം തകർക്കാനുള്ള അവസാന ആയുധങ്ങളിലൊന്നായിട്ടാണെന്നതിൽ സംശയമില്ല.

മതരാഷ്ട്രം, ഭീകരത, അന്യവൽക്കരണം, ഭയമനഃശാസ്‌ത്രം തുടങ്ങി യോഗിയുടെയും പരിവാരങ്ങളുടെയും  ഫാസിസ്‌റ്റ്‌ പ്രയോഗങ്ങൾ നിരവധിയാണ്‌. ദാരിദ്ര്യത്തിന്റെ പടുകുഴി, കുറ്റകൃത്യങ്ങളുടെ രാജ്യതലസ്ഥാനം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശ്‌മശാനം, സ്‌ത്രീവിരുദ്ധതയുടെയും ശിശുമരണത്തിന്റെയും നരകം,  ഗോപൂജയുടെയും ആൾക്കൂട്ട     കൊലപാതകങ്ങളുടെയും   തൊഴുത്ത്‌ എന്നിങ്ങനെയും നീളുന്നതാണ്‌ യുപിയുടെ യാഥാർഥ്യം. നിതി ആയോഗ് കണക്കനുസരിച്ച് അവിടുത്തെ  ജനസംഖ്യയിലെ  37.79 ശതമാനം ദരിദ്രരാണ്, ഒമ്പത് കോടി;  കേരള ജനസംഖ്യയുടെ മൂന്നിരട്ടി. ദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്‌. ഇപ്പോഴത്തെ  0.79 ശതമാനം തന്നെ  കുറച്ചുകൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് എൽഡിഎഫ്‌ ഭരണം.അപ്പോഴാണ് അതിദരിദ്രരുടെ തലയിൽകയറി യോഗിയുടെ ഉപദേശം. മാഫിയാ പ്രവർത്തനം വലിയ തോതിൽ കെടുതികൾ തീർക്കുകയാണവിടെ. ഭൗതിക മുന്നേറ്റങ്ങൾക്കൊപ്പം സമാധാന ജീവിതവും പ്രധാനമാണ്‌. അങ്ങനെ നോക്കിയാൽ  യുപി ഭയപ്പെടുത്തും. സത്യം വിളിച്ചുപറയുന്ന പത്രപ്രവർത്തകരുടെ വായ്‌മൂടിക്കെട്ടുകയും കള്ളക്കേസിൽ കുടുക്കുകയുമാണ്‌. ബലാത്സംഗങ്ങളും കുട്ടികൾക്കെതിരായ അതിക്രമങ്ങളും ഞെട്ടിപ്പിക്കുന്നു. പ്രധാന മെഡിക്കൽ കോളേജുകളിൽ ഓക്‌സിജൻ കിട്ടാതെ നൂറിലധികം നവജാത ശിശുക്കളാണ്‌ മരിച്ചത്‌. 

ഗോപൂജയുടെ അന്ധവിശ്വാസങ്ങൾ കോവിഡ്‌ വ്യാപനത്തിനിടയിലും തെളിഞ്ഞു. ചാണകവും ഗോമൂത്രവും   വൈറസിനെ ചെറുക്കുമെന്നായിരുന്നു മന്ത്രിമാരുടെയടക്കം അവകാശവാദം. പശുക്കടത്ത്‌ ആരോപിച്ച്‌ എത്രയോ മുസ്ലിങ്ങളെയും ദളിതരെയും കൊന്നുതള്ളി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളും ആശുപത്രികളും ഏറുമ്പോൾ  ഒട്ടേറെ  ക്ഷേത്രങ്ങളും ഗോശാലകളും പണിതതും പ്രതിമകൾ നിർമിച്ചതും കുംഭമേളയ്‌ക്ക്‌ കോടികൾ നീക്കിവച്ചതുമാണ്‌  മറ്റു‘നേട്ടങ്ങൾ’.
സാമൂഹ്യ പുരോഗതിയുടെ ഏത്‌ അളവുകോലായാലും കേരളം രാജ്യത്ത്‌ വിസ്‌മയകരമായ നിലയിലാണ്‌.  തുല്യത, സാമൂഹ്യനീതി, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം തുടങ്ങി ജീവിതനിലവാരത്തിന്റെ  മിക്ക സൂചികകളിലും ഒന്നാമത്‌  നിൽക്കുന്ന  സംസ്ഥാനങ്ങളിലൊന്ന്‌. അതിനാൽ അന്താരാഷ്ട്ര പഠന സ്ഥാപനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും മുക്തകണ്‌ഠമായ പ്രശംസ ഏറ്റുവാങ്ങി. എന്നിട്ടും യുപി കേരളം പോലെയാകരുതെന്നാണ് യോഗിയുടെ വിലകുറഞ്ഞ പ്രസ്‌താവം. പുരോഗതി  തകിടംമറിക്കുന്ന, വിദ്വേഷത്തിൽ അധിഷ്‌ഠിതമായ രാഷ്ട്രീയമാണ് സംഘപരിവാറിന്റേത്‌. വർഗീയഫാസിസത്തിന്‌  വേരൂന്നാൻ കഴിയാത്ത നിലയിൽ  ജനാധിപത്യ‐മതനിരപേക്ഷ മൂല്യങ്ങളും  ആധുനിക ചിന്തയുംകൊണ്ട്‌ ബലിഷ്‌ഠമായ സാമൂഹ്യ അടിത്തറയിലുറച്ച  കേരളം കാവിപ്പടയ്‌ക്ക്‌ ബാലികേറാമലയാണ്‌. അതിനാലാണ്‌ ഹീനപ്രചാരണങ്ങൾ ആവർത്തിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top