18 April Thursday

ആർബിഐയുടെ 
‘യുദ്ധം'തോറ്റു; വിലകൾ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023

വിലക്കയറ്റം തടയാനുള്ള യുദ്ധമെന്ന്‌ പ്രഖ്യാപിച്ചാണ് റിസർവ് ബാങ്ക് തുടർച്ചയായി റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. ആ യുദ്ധം തീർത്തും പരാജയമാണെന്ന് ഏറ്റവുമൊടുവിൽ പുറത്തുവന്ന ഔദ്യോഗിക കണക്കുതന്നെ വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള അപായരേഖയും കടന്ന്‌ വിലകൾ കുതിക്കുകയാണ്‌. കേന്ദ്ര സ്ഥിതിവിവരസംഘടന തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരം ഉപഭോക്തൃസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് ജനുവരിയിൽ 6.52 ശതമാനമായി വർധിച്ചു. ഡിസംബറിൽ 5.72 ശതമാനമായിരുന്നതാണ് ആറു ശതമാനമെന്ന അപായരേഖയും കടന്ന് മുന്നേറിയത്. ഗ്രാമീണമേഖലയിലാണ് രൂക്ഷമായ വിലക്കയറ്റം. അത് 6.85 ശതമാനവും നഗരങ്ങളിൽ ആറു ശതമാനവുമാണ്. ഭക്ഷ്യവസ്തുക്കളുടെ വില വലിയതോതിൽ കൂടി. ഇതിൽത്തന്നെ അരിയും ഗോതമ്പുമടക്കമുള്ള  ധാന്യങ്ങൾക്ക് പിടിച്ചാൽകിട്ടാത്ത വിലയായി. ധാന്യങ്ങളുടെ വിലക്കയറ്റം ഡിസംബറിൽ 13.79 ശതമാനമായിരുന്നത് ജനുവരിയിൽ 16.12 ശതമാനമായി. മീൻ, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ, എണ്ണ, പഴങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെയൊക്കെ വില കൂടിയിട്ടുണ്ട്.

ഇതേസമയം, മൊത്തവില സൂചികയിൽ ഡിസംബറിനെ അപേക്ഷിച്ച്‌ ജനുവരിയിൽ  നേരിയ കുറവുണ്ടായിട്ടുണ്ട്‌. വിലകൾക്ക് തീപിടിക്കുന്ന സാഹചര്യം തടയാനെന്നു പറഞ്ഞാണ് റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോയുടെ നിരക്ക് പലവട്ടം വർധിപ്പിച്ചത്‌. ഇതുകൊണ്ട് വിലക്കയറ്റം കുറയുന്നില്ലെന്നു മാത്രമല്ല, വാഹന -–- ഭവന വായ്പ എടുത്തിട്ടുള്ള സാധാരണക്കാരും ഇടത്തരക്കാരുമെല്ലാം അമിത പലിശഭാരത്തിന്റെ ദുരിതം താങ്ങേണ്ടിയും വരുന്നു. റിപ്പോ നിരക്ക് വർധിപ്പിക്കുന്നതോടെ ബാങ്കുകൾ വായ്പകളുടെ പലിശ കൂട്ടും. ഇതോടെ ഗഡുക്കളായി അടയ്ക്കേണ്ടിവരുന്ന തുകയും വർധിക്കും. വായ്പാ കാലാവധി നീളും. ഈമാസം എട്ടിന് കാൽശതമാനം കൂട്ടിയതടക്കം 2022 മെയ് മുതൽ ആറുതവണ ആർബിഐ റിപ്പോ വർധിപ്പിച്ചു. നിലവിൽ റിപ്പോ 6.5 ശതമാനമാണ്. വിലകൾ കുതിക്കുന്നതിനാൽ ഇനി ഏപ്രിലിലും റിപ്പോ കൂട്ടുമെന്ന് ഉറപ്പായി. ദീർഘകാല അടിസ്ഥാനത്തിൽ, പൊതുവിലനിലവാരത്തിൽ ഉണ്ടാകുന്ന വർധനയെ അഥവാ പണപ്പെരുപ്പത്തെ നാലു ശതമാനത്തിൽ നിർത്തുകയാണ് പണനയത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം.

ഇതിൽനിന്ന് പരമാവധി രണ്ടു ശതമാനം മുന്നോട്ടോ പിന്നോട്ടോ പോകാം . എന്നാൽ, നാലു ശതമാനമെന്ന സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല. ബാങ്കുകളിൽനിന്ന് വായ്പയായും മറ്റും സമ്പദ്‌വ്യവസ്ഥയിൽ എത്തുന്ന പണം കമ്പോളത്തിലേക്കൊഴുകി സാധനങ്ങളുടെ ഡിമാൻഡ് വർധിച്ച് വിലക്കയറ്റം ഉണ്ടാകുന്നുവെന്ന നിഗമനത്തിലാണ് റിസർവ് ബാങ്ക് പലിശ കൂട്ടുന്നത്‌. പലിശ കൂടുന്നതോടെ വായ്പകളും കമ്പോളത്തിൽ എത്തുന്ന പണവും കുറയുമെന്ന് കണക്കാക്കുന്നു. അപ്പോൾ ഡിമാൻഡ് ഇടിഞ്ഞ് വില കുറയും. മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിന്റെ ഈ കാഴ്ചപ്പാടിലൂന്നിയ പണനയം തുടർച്ചയായി പരാജയപ്പെടുന്നുവെന്ന് വിലയിരുത്താൻ ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല.  ഇന്ത്യയുടെ യഥാർഥ പ്രശ്നം മനസ്സിലാക്കാതെയാണ് ആർബിഐയുടെ പലിശനയം. തൊഴിലും വരുമാനവും ഇടിഞ്ഞ് സാധനങ്ങൾക്ക് ഡിമാൻഡ്‌ ഇല്ലാത്തതാണ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാനപ്രശ്നം. അപ്പോൾ, പലിശ കൂട്ടി വായ്പ നിയന്ത്രിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലകളെയും തളർത്തുകയേയുള്ളൂ. വ്യവസായോൽപ്പാദനം സംബന്ധിച്ച്  സ്ഥിതിവിവര സംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണക്കുകൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നവംബറിൽ 7.3 ശതമാനമായിരുന്ന വ്യവസായ വളർച്ച നിരക്ക് ഡിസംബറിൽ 4.3 ശതമാനമായി കുറഞ്ഞു. ഉൽപ്പന്നനിർമാണമേഖലയിൽ വലിയ ഇടിവാണ്‌ ഉണ്ടായിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ വായ്പകൾ കുറയുന്നത് ദോഷമേ വരുത്തൂ. കൃത്യമായി പറഞ്ഞാൽ രോഗമെന്തെന്ന് മനസ്സിലാക്കാതെ മരുന്ന് കുറിക്കുകയാണ് ആർബിഐ.  എന്താണ് വിലക്കയറ്റത്തിന്റെ യഥാർഥ കാരണം. മോദി ഭരണം പെട്രോളിനും ഡീസലിനും കണക്കില്ലാതെ തീരുവയും സെസും വർധിപ്പിച്ചതും പാചകവാതകവില വർധിപ്പിച്ചതും ഒരു കാരണം. പല സംസ്ഥാനത്തും ശക്തമായ പൊതുവിതരണ സംവിധാനമില്ലാത്തതും ഉൽപ്പാദനച്ചെലവിലെ വർധനയും മറ്റൊരു കാരണം. മോദി ഭരണത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ 12 പ്രാവശ്യം കൂട്ടി. വിലക്കയറ്റം തടയണമെങ്കിൽ സർക്കാരിന്റെ ഇത്തരം നയങ്ങൾ തിരുത്തണം. അല്ലാതെ ആർബിഐയുടെ പണനയംകൊണ്ട്‌ വില കുറയില്ല. പൊതുവിലക്കയറ്റം കുറച്ചെങ്കിലും പിടിച്ചുനിർത്തുന്നത് കേരളത്തിലാണ്‌ എന്നതും ഇതോടൊപ്പം കാണണം. അത് സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽവഴിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top