27 April Saturday

അന്വേഷണമല്ല; രാഷ്ട്രീയ കുതന്ത്രം

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020


നയതന്ത്ര ചാനലിലൂടെ കേരളത്തിൽ നടന്ന സ്വർണക്കടത്ത് പുറത്തുവന്നിട്ട് അഞ്ചുമാസം പിന്നിടുകയാണ്. കേസിൽ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. സത്യം പുറത്തുവരാൻ അന്വേഷണം നടക്കട്ടെ എന്ന, ഒരു മുൻവിധിയും ഇല്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) മുതൽ ഏറെക്കുറെ എല്ലാ കേന്ദ്ര ഏജൻസികളും കേസിന്റെ പല വശങ്ങൾ അന്വേഷിക്കാനെത്തി. അപ്പോഴും അന്വേഷണത്തോട്  സംസ്ഥാന സർക്കാർ പൂർണമായി സഹകരിച്ചു.

എന്നാൽ, ക്രമേണ അന്വേഷണത്തിന്റെ സ്വഭാവം മാറി.സ്വർണം അയച്ചവരെയും ഏറ്റുവാങ്ങിയവരെയുംപറ്റിയുള്ള അന്വേഷണം നിലച്ചു.  സംസ്ഥാന സർക്കാരിന്റെ വിവിധ വികസന പദ്ധതികളിലേക്കായി ശ്രദ്ധ. കേരളത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് മുന്നേറുന്ന പദ്ധതികളെ ഒന്നൊന്നായി സംശയത്തിന്റെ പുകമറയിലാക്കാനായി ശ്രമം. വീടില്ലാത്തവർക്ക് വീടൊരുക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽമുതൽ സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ പദ്ധതിയിൽവരെ അവർ പാഞ്ഞുകയറി. ഒപ്പം പ്രതികളുടെ ഉള്ളതും ഇല്ലാത്തതുമായ മൊഴികളുടെയും അന്വേഷണവിവരങ്ങളുടെയും മുക്കുംമൂലയും പുറത്തുവിട്ട് അപവാദ പ്രചാരണം തുടങ്ങി. മാധ്യമങ്ങൾക്കും ചില പ്രതിപക്ഷ നേതാക്കൾക്കും നുണക്കഥകൾ രചിക്കാനുള്ള വിഭവങ്ങൾ ചോർത്തിക്കൊടുക്കൽ മാത്രമായി ഈ ഏജൻസികളുടെ പണി. മാധ്യമങ്ങളും ഈ നേതാക്കളും ചേർന്നു നിശ്ചയിക്കുന്ന ‘പ്രതികളെ’ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്ന രീതിവരെ വന്നു.

ഇപ്പോൾ ചിത്രം തീർത്തും വ്യക്തമാണ്. സ്വർണക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളുമെല്ലാം കൈവിട്ട ഏജൻസികൾ സർക്കാരിനെ തകർക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നു. നിയമപരമായുള്ള അധികാരത്തിന്റെ പരിധികൾ കടന്ന്, കേന്ദ്ര സർക്കാർ ഏൽപ്പിച്ച രാഷ്ട്രീയദൗത്യ നിർവഹണത്തിലേക്ക് അവർ തിരിഞ്ഞു. രാഷ്ട്രീയമര്യാദയും ഫെഡറൽ തത്വങ്ങളും മറികടന്ന്‌ പല സംസ്ഥാനത്തും നടപ്പാക്കിയ അട്ടിമറി നീക്കമാണ് ഇപ്പോൾ ഇവിടെയും പരീക്ഷിക്കുന്നത്. ഇതുവരെ അന്വേഷണ ഏജൻസികൾക്കെതിരെ ഒന്നും പറയാതിരിക്കാൻ ശ്രദ്ധിച്ച മുഖ്യമന്ത്രിക്ക് കടുത്ത വാക്കുകളിൽ വിമർശനം ഉയർത്തേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.

വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ഇതര സർക്കാരുകളുടെ ഭരണം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെയാണ് ബിജെപി സർക്കാർ ദുരുപയോഗിക്കുന്നത്. ഒരുവശത്ത് കോടികൾ കൊടുത്ത് കൂറുമാറ്റം സംഘടിപ്പിക്കുന്നു. മറുഭാഗത്ത് ഈ നീക്കം ചെറുക്കാൻ കഴിയുന്നവരെ കേസുകളിൽ കുടുക്കി നിശ്ശബ്ദരാക്കുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യുന്നു. ഹരിയാനയിലും ത്രിപുരയിലും ഉത്തർപ്രദേശിലും പഞ്ചാബിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകത്തിലും ഈ തന്ത്രം പയറ്റി. കോൺഗ്രസിന്റെ ഉന്നത നേതാക്കളെവരെ ഇങ്ങനെ കുടുക്കി. അതേസമയം തന്നെ കണക്കില്ലാത്ത പണം ഒഴുക്കി ഭരണം പിടിക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബിജെപി നേതാവിനെപ്പോലും തൊടാതിരിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികൾ ശ്രദ്ധിച്ചു. കൂറുമാറി ബിജെപിക്കൊപ്പം എത്തിയവർക്കെതിരെയുള്ള കേസുകൾ ഒഴിവാക്കുകയും ചെയ്തു.

ഇതിന്റെ വ്യത്യസ്ത പതിപ്പാണ്‌ കേരളത്തിൽ കാണുന്നത്. ഇവിടെ എംഎൽഎമാരെ വിലയ്ക്കെടുത്ത് ഭരണം തകർക്കാനാകില്ല. അതുകൊണ്ട് ഇവിടെ ഇരട്ട ആക്രമണമാണ്. ഒരു വശത്ത് രാജ്യത്തിനു തന്നെ മാതൃകയായ വികസനപദ്ധതികളെ കേസുകൾ നിർമിച്ച്‌ തകർക്കാൻ നോക്കുന്നു. പലതലത്തിൽ ഓഡിറ്റും പരിശോധനയും നടക്കുന്ന പദ്ധതികളിൽവരെ ഇതിനായി കടന്നുകയറുന്നു. ഒപ്പം ജനങ്ങൾക്ക് തികഞ്ഞ വിശ്വാസമുള്ള ഭരണനേതാക്കളെ അപകീർത്തിപ്പെടുത്താൻ കഴിയുമോ എന്നും ശ്രമിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ ഈ നീക്കങ്ങൾക്ക്‌ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഒത്താശ കൂടിയുണ്ടെന്നു മാത്രം. ബിജെപി സർക്കാരിന്റെ മനസ്സിലിരിപ്പുതന്നെയാണ്  യുഡിഎഫിനുമെന്ന് അവരുടെ നേതാക്കളുടെ പ്രതികരണങ്ങളും തെളിയിക്കുന്നു. ലൈഫ് പദ്ധതി തകർക്കും എന്നൊക്കെയാണല്ലോ അവർ  ജനങ്ങൾക്കു നൽകുന്ന പുതിയ ‘വാഗ്ദാനം’.

ഇത്രയും പ്രകോപനമുണ്ടായിട്ടും ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ഫെഡറൽ തത്വങ്ങൾക്ക് അനുസൃതമായ നീക്കമാണ് മുഖ്യമന്ത്രിയിൽനിന്ന്‌ ഉണ്ടായത്. ഈ ഏജൻസികളെ നിലയ്ക്കുനിർത്താൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതുകയാണ് അദ്ദേഹം ചെയ്തത്. അട്ടിമറി ദൗത്യവുമായി ഈ ഭൂതഗണങ്ങളെ  ഇവിടേക്ക്‌ അയച്ച കേന്ദ്രഭരണത്തിൽനിന്ന് നീതി പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും മുഖ്യമന്ത്രി ആ ഭരണമര്യാദ പുലർത്തി.

ബിജെപിയുടെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പുജാഥയ്ക്ക് മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന ജോലിയല്ല പാർലമെന്റ് പാസാക്കിയ നിയമപ്രകാരം നിലവിൽവന്ന അന്വേഷണ ഏജൻസികൾ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ അതിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ടിവരും. അവർ വഴിവിട്ട നീക്കങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്ന ഈ ജനകീയ സർക്കാരിനൊപ്പം നിന്നും ആ സർക്കാരിനെ നയിക്കുന്ന മുന്നണിയെ വീണ്ടും അധികാരം ഏൽപ്പിച്ചും മാത്രമേ തിരിച്ചടിക്കാനാകൂ. അതിനുള്ള പ്രബുദ്ധത രാഷ്ട്രീയ കേരളത്തിനുണ്ട്. അത് ഇപ്പോൾ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമാകുക തന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top