03 June Saturday

കുതികൊൾക ശക്തിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 1, 2022കുതിച്ചും കിതച്ചും ഒഴുകുന്ന കാലം. അതിന്റെ കണക്ക്‌ പുസ്‌തകത്തിൽനിന്ന്‌ 2021ലെ അവസാന ദിവസവും അടർന്നുവീണിരിക്കുന്നു. മൂന്നു വർഷത്തോളമായി ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന  കൊറോണ വൈറസ്‌ ഭീഷണി വേഗം ഒഴിഞ്ഞുപോകുമെന്ന്‌ കരുതുകവയ്യ. ഭൂഗോളത്തെ കീഴ്‌മേൽ മറിച്ച സ്ഥിതിയിൽ ചെറിയ മാറ്റം ദൃശ്യമായത്‌ ആശ്വാസകരമായിരുന്നു. എന്നാൽ, വകഭേദങ്ങൾ ഭീഷണിയുയർത്തുകയാണ്‌. അന്ധവിശ്വാസങ്ങൾക്കുപകരം ശാസ്‌ത്രം, വാക്സിൻ സാധ്യമാക്കി. അതിനെയും മൂലധനം ചൂഷണോപാധിയാക്കുകയായിരുന്നു. സാമ്രാജ്യത്വം വൻ കുഴപ്പത്തിലാണ്‌. ഉദാരവൽക്കരണം അഗാധ പ്രതിസന്ധി തീർത്തതിനാൽ ആഗോളവൽക്കരണ വാഗ്‌ദാനങ്ങളിൽ ജനകോടികൾക്ക്‌ വിശ്വാസമില്ലാതായി. പാരിസ്ഥിതിക കടബാധ്യതയെന്ന്‌ നിരീക്ഷകർ വിളിച്ച പ്രകൃതി ചൂഷണം കാലാവസ്ഥാ വ്യതിയാനത്തിലടക്കം ദൃശ്യമാണ്‌.  സമ്പന്ന‐ ദരിദ്ര വിടവ്‌ ഭയാനകമായി ഏറി.  അട്ടിമറികളുടെയും  പ്രതിവിപ്ലവങ്ങളുടെ  കയറ്റുമതിയും മറ്റൊരു കെടുതി.

അഫ്‌ഗാനിസ്ഥാൻ  താലിബാന്റെ  കൈയിലമർന്നു. പലസ്‌തീനുനേരെ  ഇസ്രയേൽ കടന്നുകയറ്റം തുടരുകയാണ്‌.   സിറിയയിലെയും  ഇറാഖിലെയും അവസാനിക്കാത്ത  സംഘർഷങ്ങൾ. അതിനിടയിലാണ്‌ ലാറ്റിനമേരിക്കയിലെ തുടർച്ചയായ ഇടതുപക്ഷ മുന്നേറ്റങ്ങൾ ആവേശകരമാകുന്നത്‌. ബൊളീവിയ, പെറു, നിക്കരാഗ്വ, ഹോണ്ടുറാസ്‌, വെനസ്വേല, ചിലി എന്നീ രാജ്യങ്ങളിൽ ചെങ്കൊടി ഉയർന്നുപാറുന്നു. വർധിച്ചുവരുന്ന സംഘർഷങ്ങളും  ആഭ്യന്തരകലഹങ്ങളും മതതീവ്രവാദം അടക്കമുള്ള   വിഭജനത്തിന്റെ ആശയങ്ങളും പല മേഖലയെയും കണ്ണീരിലാഴ്‌ത്തുകയാണ്‌. ദൈവത്തിന്റെ പിറകിലൊളിക്കുന്ന ഹിംസയുടെ തത്വശാസ്‌ത്രത്തെ ഫ്രാൻസിസ്‌ മാർപാപ്പപോലും തുറന്നുകാട്ടി. മതമില്ലായിരുന്നെങ്കിൽ നല്ലവർ നല്ലവരായും മോശപ്പെട്ടവർ മോശമായും ജീവിക്കും. പക്ഷേ, നല്ലവരെക്കൊണ്ടുപോലും മോശം കാര്യങ്ങൾ ചെയ്യിക്കാൻ മതം പ്രേരണയാകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശം. 

അനേകം മനുഷ്യർ മരണത്തിന്‌ കീഴടങ്ങിയ  മഹാമാരിക്കാലത്തും കർഷകരുടെ അതിജീവന പോരാട്ടത്തിനുമുന്നിൽ മോദിക്ക്‌  മുട്ടുകുത്തേണ്ടിവന്നത്‌  പുതുവർഷപ്പിറവിയിൽ ഇന്ത്യയുടെ പ്രതീക്ഷകളിൽ പ്രധാനമാണ്‌. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിലോമകാരിയായ മോദിയുടെ ജനവിരുദ്ധ  ഭരണത്തിനെതിരെ തൊഴിലാളികളുടെയും  പൊതുമേഖലാ ജീവനക്കാരുടെയും  പ്രക്ഷോഭങ്ങൾ ആർത്തിരമ്പുമ്പോഴാണ് 2022ന്റെ  തിരശ്ശീല ഉയരുന്നത്‌. സാമ്പത്തികത്തകർച്ച കോവിഡ്‌ വ്യാപനത്തോടെ  അതിരൂക്ഷമായി. കൂട്ടപ്പലായനം, ആത്മഹത്യ,  വിലക്കയറ്റം,  സ്വകാര്യവൽക്കരണം,  വരുമാനത്തകർച്ച,  തൊഴിലില്ലായ്‌മ തുടങ്ങി പ്രതിസന്ധികൾ അതിരൂക്ഷമായ സ്ഥിതി. കാർഷികമേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്ന കരിനിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ കർഷകസമൂഹം സമരത്തിലുറച്ചു നിന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനം പ്രതിപക്ഷ ബഹുമാനവും കൂടിയാലോചനകളുമാണ്‌.   അങ്ങനെയൊന്നുമില്ലാതെ കൂലി അടിമത്തത്തിലേക്ക്‌ നയിക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌ സംഘപരിവാർ ഭരണം. രാഷ്ട്രീയ‐സാമൂഹ്യ രംഗത്തും ഇതുതന്നെയാണ്‌ സ്ഥിതി. ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം, വൈവിധ്യം തുടങ്ങിയ  ഉറപ്പുകളെല്ലാം ആർഎസ്‌എസ്‌ അട്ടിമറിച്ചു. ആൾക്കൂട്ട വധങ്ങളും ഗോപൂജയും അതിരുവിട്ടു. 2021 ക്രിസ്‌മസ്‌ ദിനം പല ഉത്തരേന്ത്യൻ നഗരങ്ങളെയും  അക്ഷരാർഥത്തിൽ രക്തത്തിൽ കുളിപ്പിച്ച മട്ടായിരുന്നു.

ഭീതിജനകമായ ഈ ദേശീയ പശ്‌ചാത്തലത്തിലാണ്‌ കേരളം മാതൃകയും സാന്ത്വനവുമാകുന്നത്‌. സംസ്ഥാന ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ തുടർഭരണം ഏൽപ്പിച്ചതിൽ ജനങ്ങൾ പൂർണ തൃപ്‌തരാണ്‌. വികസനവും ജനക്ഷേമവും ഊന്നിയുള്ള പ്രവർത്തനങ്ങൾ പരക്കെ ശ്ലാഘിക്കപ്പെടുന്നു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന ജാഗ്രതയും എടുത്തുപറയേണ്ടതാണ്‌. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ചില മാധ്യമങ്ങളുടെയും വിനാശകരമായ സമീപനങ്ങൾക്കിടയിലാണ്‌ ഈ നേട്ടങ്ങൾ.  സാമ്പത്തികമടക്കമുള്ള  പ്രതിസന്ധികൾ ആർത്തിരമ്പുമ്പോഴും അശരണർക്ക്‌ തുണയാകുന്ന ഭരണനേതൃത്വം പകരുന്ന ആത്മവിശ്വാസവും ചെറുതല്ല. നവീനലോകത്ത്‌ പുതിയ ഇന്ത്യയും കേരളവുമെന്ന  മുദ്രാവാക്യം സഫലമാക്കാൻ ഐക്യത്തിന്റെ പതാകവാഹകരാകുക നാം. അപ്പോൾ ഉദിക്കുക പ്രതീക്ഷയുടെ പുതിയ പ്രഭാതങ്ങൾ.  ഇടശേരി ഗോവിന്ദൻ നായർ  ‘പണിമുടക്കം’ കവിതയിലെഴുതിയപോലെ:

‘കുഴിവെട്ടിമൂടുക വേദനകൾ

കുതികൊൾക ശക്തിയിലേക്ക്‌ നമ്മൾ’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top