26 April Friday

വികസനത്തിന്റെ കേരള ബദൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 12, 2022


2022‐ 23 വർഷത്തേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്‌ പ്രത്യേക സാഹചര്യത്തിലാണ്‌. ജനവിരുദ്ധ, സമ്പന്നാനുകൂല, കോർപറേറ്റ്‌ പ്രീണനം മുഖമുദ്രയായ കേന്ദ്രനയങ്ങൾക്ക്‌ ബദലായ കേരളമാതൃക മുന്നോട്ടുവച്ചുവെന്നതാണ്‌ അതിന്റെ സവിശേഷത. കാൽനൂറ്റാണ്ട്‌ അപ്പുറത്തേക്ക്‌ കാണുന്ന ദീർഘകാല ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരിക്കുമെന്ന്‌ അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌ അന്വർഥമായി. റഷ്യ -‐ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന്‌ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങൾ, കോവിഡ്‌ ബാക്കിയാക്കുന്ന മുറിവുകൾ, അനുബന്ധ സാമ്പത്തിക‐ആരോഗ്യ പ്രതിസന്ധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ തുടങ്ങി വെല്ലുവിളികൾ കൂട്ടായി നേരിടാമെന്ന ആത്മവിശ്വാസം പകരുന്ന ബജറ്റ്‌, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ ഉപയോഗിച്ച്‌ കൂടുതൽ തൊഴിലും ഉൽപ്പാദനവർധനയും വിഭാവനംചെയ്യുന്നു. ലോകത്തിന്റെ നിലനിൽപ്പ്‌ ഭീഷണിയിലായ ഘട്ടത്തിൽ ആഗോള സമാധാന സമ്മേളനത്തിന്‌ ആതിഥ്യമരുളാനുള്ള തീരുമാനം പ്രതീകാത്മകമാണ്‌. അതിന്‌ രണ്ടു കോടി വകയിരുത്തി. പുതുതായി ഏറ്റെടുക്കേണ്ടിവരുന്ന കടുത്ത സാമ്പത്തിക ഭാരങ്ങൾക്കിടയിലും അടിസ്ഥാന സൗകര്യവികസനത്തിന്‌ കാര്യമായ തുക വകയിരുത്തി വികസനത്തിന്റെ പുതുവസന്തത്തിലേക്ക്‌ സംസ്ഥാനത്തെ കൈപിടിക്കുകയാണ്‌ എൽഡിഎഫ്‌ ഭരണം. വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിയാണ്‌ അനുവദിച്ചത്‌. സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന്‌ ആദ്യ ഘട്ടമായി കിഫ്ബിയിൽനിന്ന് 2000 കോടി രൂപ നൽകും. ആരോഗ്യമേഖലയ്‌ക്ക്‌ 2629 കോടി, റീബിൽഡ്‌ കേരളയ്‌ക്ക്‌ 1600 കോടി തുടങ്ങി സർവതല സ്‌പർശിയാണ്‌ പരിഗണനകൾ. കോവിഡ്‌ നാലാംതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യമേഖലയിലെ കരുതൽ പ്രതീക്ഷ നൽകുന്നു. കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ മക്കൾക്ക്‌ പ്രഖ്യാപിച്ച സഹായങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്‌.

കാർഷിക, വ്യാവസായിക, പരമ്പരാഗത മേഖലകളിലെല്ലാം ഉണർവു പകരുന്ന തീരുമാനങ്ങളും ഏറെ. വ്യവസായമേഖലയുടെ ബജറ്റ്‌ വിഹിതം 1226.66 കോടിയാക്കി. ബഹുനില വ്യവസായ എസ്‌റ്റേറ്റുകൾ വികസിപ്പിക്കാൻ 10 കോടി, ഇലക്ട്രോണിക് ഹാർഡ്‌വെയർ ഹബ്ബിന് 28 കോടി, ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി–- തുടങ്ങി വിശദാംശങ്ങളും മന്ത്രി അറിയിച്ചു. ഐടി പാർക്ക്‌ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാനും നാല്‌ സയൻസ്‌ പാർക്കിനും ആയിരം കോടി വീതം, ഐടി ആഭ്യന്തരസൗകര്യ വികസനത്തിന്‌ കിഫ്‌ബി വഴി 100 കോടി, കണ്ണൂരിൽ ഐടി പാർക്കും കൊല്ലത്ത്‌ ടെക്‌നോപാർക്കും, നാല്‌ ഐടി ഇടനാഴി, തിരുവനന്തപുരത്ത്‌ ആഗോള ശാസ്‌ത്രോത്സവത്തിന്‌ നാലു കോടി, ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 350 കോടി, കയർമേഖലയ്‌ക്ക്‌ 117 കോടി, കശുവണ്ടി വ്യവസായത്തിന്‌ 30 കോടി പലിശയിളവ്‌, കൈത്തറി മേഖലയിൽ അതിജീവന സംരംഭങ്ങൾ തുടങ്ങിയവ എടുത്തുപറയണം. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സമഗ്ര മാറ്റങ്ങൾക്ക്‌ തുടക്കമാകുന്ന, ദീർഘവീക്ഷണമുള്ള പദ്ധതികൾ പലതാണ്‌. ആ മേഖലയ്‌ക്ക്‌ 200 കോടി നീക്കിവച്ചു.

സർവകലാശാലകളോട് ചേർന്ന് 1500 ഹോസ്റ്റൽ മുറി, രാജ്യാന്തര നിലവാരമുള്ള 250 ഹോസ്റ്റൽ മുറി, 150 പേർക്ക്‌ മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് തുടങ്ങിയവയ്‌ക്കടക്കം. കാർഷികമേഖലയ്‌ക്ക്‌ അടങ്കൽ 851 കോടിയാണ്‌. നെല്ലിന്റെ താങ്ങുവില കൂട്ടിയതും നെൽക്കൃഷിക്ക്‌ 76 കോടി അനുവദിച്ചതും വേറെ. കൃഷിശ്രീ സ്വയംസഹകരണ സംഘങ്ങൾക്ക്‌ 19 കോടി, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‌ 140 കോടി, വിളനാശം തടയാൻ 51 കോടി, കാർഷിക വിഭവങ്ങളിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നനിർമാണത്തിന്‌ കാർഷിക മിഷൻ, (മരച്ചീനിയിൽനിന്ന്‌ എഥനോൾ ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി പ്രധാനം)തനത്‌ ഉൽപ്പന്ന വിപണനത്തിന്‌ മിനി ഫുഡ്‌ പാർക്കുകൾ, റബർ സബ്‌സിഡിക്ക്‌ 500 കോടി, സിയാൽ മാതൃകയിൽ കാർഷിക വിപണന കമ്പനി എന്നിങ്ങനെയുമുണ്ട്‌. സിയാലിനെ പൊതുമേഖലയിൽ നിലനിർത്താൻ 186 കോടി, കെഎസ്ആർടിസി നവീകരണത്തിന് 1000 കോടി, കേരള ഗ്രാമീൺ ബാങ്കിന്റെ അധിക മൂലധന നിക്ഷേപത്തിന്‌ 91. 75 കോടി തുടങ്ങിയ കൈത്താങ്ങുകളും രണ്ടാം കുട്ടനാട്‌ പാക്കേജും ഇടുക്കി, കാസർകോട്‌, വയനാട്‌ പാക്കേജുകളും സാമൂഹ്യ ഉള്ളടക്കമുള്ളവ. ദരിദ്ര‐പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ട്രാൻസ്ജെൻഡേഴ്സിനും പരിരക്ഷയും തൊഴിലവസരങ്ങളും ഉറപ്പുനൽകുന്ന ബജറ്റിലെ പരിസ്ഥിതി സൗഹൃദ സന്ദേശവും ശ്രദ്ധേയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top