30 November Thursday

പുന്നപ്ര വയലാറിന്റെ പോരാട്ടഭൂമിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018ഒരു ജനതയുടെ വിമോചനപ്രതീക്ഷകൾക്കൊപ്പം എക്കാലത്തും അചഞ്ചലമായി നിലകൊള്ളുന്ന ദേശാഭിമാനിയുടെ ഒമ്പതാമത് എഡിഷൻ ഇന്ന് ആലപ്പുഴയിൽ യാഥാർഥ്യമാകുകയാണ്. തൊഴിലാളിവർഗപോരാട്ടങ്ങളുടെ ആവേശോജ്വലമായ ചരിത്രമുറങ്ങുന്ന ആലപ്പുഴയിൽ ദേശാഭിമാനിക്ക് എഡിഷൻ ആരംഭിക്കുന്നുവെന്നത്  അഭിമാനകരമാണ്.

കയർത്തൊഴിലാളിയുടെയും കർഷകത്തൊഴിലാളിയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും  ചരിത്രം ഈ മണ്ണിന‌് സ്വന്തം. കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന ആരംഭിച്ചത് ആലപ്പുഴയിലാണ്. കേരളത്തിന്റെ ചരിത്രത്തിൽ തൊഴിലാളിപണിമുടക്കിന്റെ ഭാഗമായ ആദ്യ രക്തസാക്ഷിയുടെ നാടാണിത്.

മാനവപോരാട്ടങ്ങളുടെ മലയാളി ചരിത്രത്തിലെ ജ്വലിക്കുന്ന നേർപടമായ പുന്നപ്ര വയലാറിന്റെ മണ്ണിൽ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ജിഹ്വയായ ദേശാഭിമാനി പ്രസിദ്ധീകരണം ആരംഭിക്കുന്നത് വരുംകാലപോരാട്ടങ്ങൾക്ക് നിലയ‌്ക്കാത്ത ഊർജം പ്രദാനംചെയ്യും.

എല്ലാ പ്രതികൂലസാഹചര്യങ്ങളെയും ഭരണകൂട അടിച്ചമർത്തലുകളെയും നേരിട്ടാണ്  കേരളത്തിലെ ആദ്യത്തെ മൂന്നുപത്രങ്ങളിൽ ഒന്നായി ദേശാഭിമാനി വളർന്നത്. ‘പ്രഭാത’ ത്തിന്റെ പിൻഗാമിയായി 1942ൽ വാരികയായി കോഴിക്കോട്ടുനിന്ന‌്‌ പ്രസിദ്ധീകരണം ആരംഭിച്ച ദേശാഭിമാനി എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും അതിശക്തമായി നേരിട്ടു. എപ്പോഴൊക്കെയാണോ തൊഴിലാളിവർഗരാഷ്ട്രീയം വെല്ലുവിളികളെ  നേരിട്ടത‌്, അപ്പോഴൊക്കെ അസാധാരണമായ രാഷ്ട്രീയപ്രബുദ്ധതയോടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും അക്ഷരങ്ങളും വിന്യാസങ്ങളുമായി ദേശാഭിമാനി നിലകൊണ്ടു. ഓരോവാക്കിലും ഞങ്ങൾക്ക് നിലപാടുകളുണ്ട്. അമേരിക്ക ഇറാഖിനെ ആക്രമിക്കുമ്പോൾ ഞങ്ങളുടെ സഹജീവികൾക്ക് അത് യുദ്ധമാണെങ്കിൽ ഞങ്ങൾക്ക് അത് കടന്നാക്രമണമോ അധിനിവേശമോ ആണ്. എന്നാൽ, വാർത്ത വസ്തുതയായിരിക്കണമെന്നും അഭിപ്രായപ്രകടനം സ്വതന്ത്രമാകാമെന്നുമുള്ള അടിസ്ഥാന നിലപാട് പിന്തുടരാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇക്കിളിപ്പെടുത്തുന്ന ‘സ്റ്റോറി’ കൾക്ക് പകരം അസ്വസ്ഥമാക്കുന്ന വാർത്തകൾക്ക് ഞങ്ങൾ ഇടം നൽകുന്നു.

പാർശ്വവൽക്കരിക്കപ്പട്ടവരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും നാവായി ദേശാഭിമാനി നിലയുറപ്പിക്കുന്നു. ഞങ്ങൾക്ക് ഒരു പക്ഷമുണ്ട്. അത് മഹാഭൂരിപക്ഷത്തിന്റെ പക്ഷമാണ്. അത് ഞങ്ങൾ തുറന്നുപ്രഖ്യാപിക്കുകയും ചെയ്യുന്നു. ദേശാഭിമാനി ജനങ്ങളുടെ സ്വന്തം പത്രമാണ്.

മറച്ചുവയ‌്ക്കപ്പെട്ട അജൻഡകൾ ദേശാഭിമാനിക്കില്ല.  ആഗോളവൽക്കരണനയങ്ങൾ ജീവിതം തകർത്തെറിഞ്ഞ കർഷകർക്കും തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കുമൊപ്പമാണ് പത്രം. എവിടെയൊക്കെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുന്നുവോ അവിടെയെല്ലാം അക്ഷരങ്ങൾകൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നു. ഭീഷണികൊണ്ടോ പ്രലോഭനംകൊണ്ടോ അതിൽനിന്ന‌് വ്യതിചലിപ്പിക്കാൻ ആരു ശ്രമിച്ചാലും സാധ്യമല്ലെന്ന് ചരിത്രം തെളിയിച്ചു. പത്രം പ്രചാരകൻ മാത്രമല്ല, പ്രക്ഷോഭകാരിയും സംഘാടകനുമാണെന്ന തിരിച്ചറിവ‌് ദേശാഭിമാനിക്കുണ്ട്. ലോകത്തെമ്പാടും ശക്തിപ്പെടുന്ന സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങൾക്ക് ഈ പത്രത്തിൽ ഇടമുണ്ട്. മറ്റു പത്രങ്ങൾ ബോധപൂർവം തമസ്കരിക്കുന്ന തൊഴിലാളി പോരാട്ടങ്ങൾ ഞങ്ങൾക്ക് വാർത്തയാണ്.

എന്നാൽ, ഇടതുപക്ഷ രാഷ്ട്രീയനിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം ഇടതുപക്ഷേതര രാഷ്ട്രീയനിലപാടുകൾകൂടി വായനക്കാരിലേക്ക് എത്തിക്കുന്നതിനും ശ്രമിക്കുന്നു. അതോടൊപ്പം , ദേശാഭിമാനി ഒരു പൊതുപത്രമായി വികസിപ്പിക്കുന്നതിനുകൂടിയാണ് പിന്നിട്ട വർഷങ്ങളിൽ ഞങ്ങൾ ശ്രമിച്ചത്. മറ്റൊരു പത്രവും വായിക്കാതെ ദേശാഭിമാനിമാത്രം വായിക്കുന്ന ഒരു വായനക്കാരന് ദൈനംദിനം നടക്കുന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും പൊതുവായ വിവരം ലഭിക്കാൻ ആവശ്യമായ എല്ലാ വാർത്തകളും നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലെ വാർത്തകളും വിശകലനങ്ങളും നൽകാൻ പല പരിമിതികൾക്കകത്തുനിന്നും ശ്രമിക്കുന്നു. ആധുനിക കാലത്തിന്റെ സാങ്കേതികവൈദഗ‌്ധ്യം സ്വായത്തമാക്കുന്നതിനായി നടത്തിയ നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗം. ആദ്യമായി റോട്ടറി പ്രസിൽ അച്ചടിച്ചതിലും ഡിടിപി സമ്പ്രദായം കൊണ്ടുവന്നതിലും മുമ്പേ നടക്കാൻ പത്രത്തിനു കഴിഞ്ഞു. വായന ദൃശ്യാനുഭവംകൂടിയായി മാറുന്ന കാലത്ത്  അതിനനുസൃതമായി രൂപകൽപ്പനയിലും മാറ്റം വരുത്തി.

വർഗീയശക്തികൾ ഭരണകൂട ഉപകരണങ്ങളെയും ഭരണഘടനയെയും വരെ തകർത്തെറിയാൻ ശ്രമിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. സത്യം വിളിച്ചുപറയേണ്ട രാജ്യത്തെ മാധ്യമങ്ങളിൽ പലതും സ്തുതി പാഠകരായി മാറുന്നു. ഭരണകൂടത്തിന്റെ സമ്മതനിർമാണപ്രക്രിയയുടെ ഉപകരണമായ മാധ്യമങ്ങളിൽ പലതും പണത്തിനായി എന്തും ചെയ്യുമെന്നതും അടുത്തിടെ കാണുകയുണ്ടായി. സ്വന്തം അഭിപ്രായം നിർഭയം പറയുന്നവരിൽ പലരും കൊല്ലപ്പെടുന്നു. അത് സാഹിത്യകാരനാകാം, മാധ്യമപ്രവർത്തകനാകാം, ശാസ്ത്ര പ്രചാരകനാകാം. ഈ സന്ദർഭത്തിൽ വർഗീയതയ‌്ക്ക് എതിരായ വിശാലമായ ജനകീയ ഐക്യനിര ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം കോർപറേറ്റ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്. പരിമിതികൾക്കകത്തുനിന്ന‌് ബദൽനയങ്ങൾ നടപ്പാക്കി, മഹാഭൂരിപക്ഷംവരുന്ന ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. നിർമിത കഥകളിലൂടെയും പർവതീകരണത്തിലൂടെയും വിവാദങ്ങളിലൂടെയും ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്നവയാണ് നല്ലൊരു പങ്ക് മാധ്യമങ്ങളും. അവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഒറ്റ അജൻഡയേയുള്ളൂ. ഈ സാഹചര്യത്തിൽ വസ്തുതകൾ ജനങ്ങളിലേക്ക്എത്തിച്ച് അതിനെയും പ്രതിരോധിക്കേണ്ടതുണ്ട്.

ദേശാഭിമാനിയുടെ പ്രചാരണം നന്നായി വർധിക്കേണ്ട ഈ കാലത്താണ് ആലപ്പുഴയിലെ പുതിയ എഡിഷൻ ഉദ്ഘാടനംചെയ്യപ്പെടുന്നത്. ഏറെക്കാലത്തെ ആഗ്രഹസാക്ഷാൽക്കാരത്തിനായി വിശ്രമരഹിതമായി പ്രവർത്തിച്ച ആലപ്പുഴയിലെ പാർടിയെയും ബഹുജനങ്ങളെയും ഞങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. ഈ ജില്ലയിലെ ജനതയുടെ നാവായി ഇനി ദേശാഭിമാനി ഉണ്ടാകും. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഞങ്ങൾ അഭ്യർഥിക്കുന്നു. മലയാള പത്രങ്ങളുടെ വായനക്കാരുടെ എണ്ണം പ്രതീക്ഷ നൽകുന്ന രീതിയിൽ വർധിച്ച കാലത്ത് വായനയുടെ ഈ ജനപക്ഷമുഖം വായനദിനത്തിൽത്തന്നെ നിങ്ങൾക്കായി സമർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top