01 December Friday

ദേശത്തിന്റെ അഭിമാനമായി ഇനിയും മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


അച്ചടി മാധ്യമരംഗത്ത്‌ പോരാട്ടത്തിന്റെ 80 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്‌ ദേശാഭിമാനി. സ്വാതന്ത്ര്യത്തിനുമുമ്പ്‌ ദേശീയ പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച്‌ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറിയ ദേശാഭിമാനി സ്വാതന്ത്ര്യാനന്തരവും ഭരണവർഗത്തിന്റെ വേട്ടയാടലിന്‌ നിർബാധം വിധേയമായി. നിരോധനത്തിനും പിഴയൊടുക്കലിനും അടച്ചുപൂട്ടലിനും വിധേയമായപ്പോഴും ജനപിന്തുണയുടെ കരുത്തിൽ അതൊക്കെ അതിജീവിക്കാൻ ദേശാഭിമാനിക്കായി. തിരിഞ്ഞുനോക്കുമ്പോൾ ഏറെ അഭിമാനവും അതിലേറെ സന്തോഷവും നൽകുന്ന നിമിഷങ്ങൾ.

എൺപത്‌ വർഷംമുമ്പ്‌ 1942 സെപ്തംബർ ആറിന്‌ കോഴിക്കോട്ടുനിന്ന്‌ വാരികയായി ആരംഭിച്ച ദേശാഭിമാനി 1946 ജനുവരി പതിനെട്ടിനാണ്‌ ദിനപത്രമായി പുറത്തിറങ്ങിയത്‌. കമ്യൂണിസ്റ്റ്‌ പാർടി കേരളത്തിൽ എന്ന പുസ്‌തകത്തിൽ ഇ എം എസ്‌ ഇങ്ങനെ എഴുതി: ‘കമ്യൂണിസ്റ്റ്‌ പാർടി രണ്ടാം ലോകയുദ്ധം സംബന്ധിച്ച്‌ കൈക്കൊണ്ട നയസമീപനം ദേശദ്രോഹപരമെന്ന എതിരാളികളുടെ വാദത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌ ‘ദേശാഭിമാനി’ എന്ന പേര്‌ പത്രത്തിനിടാൻ പാർടി തീരുമാനിച്ചത്‌ ’. പാർടി മുഖപത്രമെന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട്‌ ആരംഭിച്ച ദേശാഭിമാനി കഴിഞ്ഞ 80 വർഷവും ആ ദൗത്യം വിട്ടുവീഴ്‌ച കൂടാതെ നിർവഹിച്ചു. 1957ലെ ഇ എം എസ്‌ മന്ത്രിസഭയ്‌ക്കെതിരെ വിമോചനസമരം നടന്നപ്പോഴും ‘ചൈനാ ചാരന്മാർ’ എന്ന മുദ്രകുത്തി കമ്യൂണിസ്റ്റ്‌ പാർടിയെ വേട്ടയാടിയപ്പോഴും സോവിയറ്റ്‌ തകർച്ചയുടെ പശ്ചാത്തലത്തിൽ കമ്യൂണിസം മരിച്ചെന്ന എതിരാളികളുടെ പ്രചണ്ഡമായ പ്രചാരണങ്ങൾ നടന്നപ്പോഴും അതിനെയൊക്കെ നേരിടുന്നതിൽ ഈ പത്രം വഹിച്ച പങ്ക്‌ ചരിത്രമാണ്‌.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആ ജനാധിപത്യഹത്യയുടെ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ നടത്തിയ പോരാട്ടം മാധ്യമ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ്‌. മുതലാളിത്ത ആഗോളവൽക്കരണത്തെ ഇന്ത്യൻ ഭരണവർഗവും മുഖ്യധാരാ മാധ്യമങ്ങളും ഒരുപോലെ സ്വീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തുന്നതിൽ ദേശാഭിമാനി വഹിച്ച പങ്ക്‌ ആർക്കും കുറച്ചുകാണാനാകില്ല. തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അധഃസ്ഥിതരുടെയും നാവായി പുരോഗമന – -ജനാധിപത്യ മതനിരപേക്ഷതയുടെ കാവലാളായി  ദേശാഭിമാനി നിലകൊണ്ടു. ഇന്ന്‌ ഹിന്ദുത്വരാഷ്ട്രീയത്തിന്‌ പൊതുസമ്മിതി നിർമിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മത്സരിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കാനും മതനിരപേക്ഷ ജനാധിപത്യ ബദൽ ഉയർത്തിക്കാട്ടാനും കേരളത്തിൽ ശ്രമിക്കുന്ന മാധ്യമം ഏതെന്ന ചോദ്യത്തിനുള്ള ഉത്തരവും ദേശാഭിമാനി എന്നാണ്‌.


 

കമ്യൂണിസ്റ്റ്‌ പാർടിയുടെ മുഖപത്രമെന്ന ദൗത്യം നിർവഹിക്കുമ്പോഴും  ദേശാഭിമാനി ഒരു പൊതുപത്രമായി മാറണമെന്ന ഇ എം എസിന്റെ നിർദേശം നടപ്പാക്കുന്നതിലും വലിയൊരു അളവുവരെ വിജയിക്കാനായി. ഒരു വാർത്താപത്രം കൈകാര്യം ചെയ്യുന്ന എല്ലാ വിഷയങ്ങളും പംക്തികളും ഫീച്ചറുകളും പതിപ്പുകളുമായാണ്‌ ദേശാഭിമാനി ഇന്ന്‌ പുറത്തിറങ്ങുന്നത്‌. ശാസ്‌ത്രം, ചരിത്രം, സാഹിത്യം, സാംസ്‌കാരികം, സാമ്പത്തികം, കായികം,  വിദേശവാർത്തകൾ തുടങ്ങി എല്ലാ വിഷയങ്ങളും ഇന്ന്‌ മലയാള മാധ്യമങ്ങളിൽ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന നിലയിലേക്ക്‌ ദേശാഭിമാനിക്ക്‌ വളരാനായിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ ദേശാഭിമാനിയുടെ പ്രത്യേക കൈയൊപ്പുതന്നെയുണ്ട്‌. ഏഷ്യയിൽ ഏറ്റവും കുടുതൽ കുട്ടികൾ പങ്കെടുക്കുന്ന അക്ഷരമുറ്റം ക്വിസ്‌ മത്സരം അതിലൊന്നാണ്‌. സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരത്തിനു പുറമെ നോവൽ, ചെറുകഥ, കവിത, വിജ്ഞാനസാഹിത്യം എന്നീ മേഖലയ്‌ക്കും പ്രത്യേക പുരസ്‌കാരങ്ങളും ദേശാഭിമാനി നൽകിവരുന്നു.  പത്രത്തിന്റെ ഉള്ളടക്കത്തിലും കെട്ടിലുംമട്ടിലും അടുത്തകാലത്തുവരുത്തിയ മാറ്റങ്ങൾ വായനക്കാർ  പൊതുവെ സ്വീകരിച്ചുവെന്നതിലും ഞങ്ങൾക്ക്‌ അതിയായ സന്തോഷമുണ്ട്‌.

ഇന്ന്‌ ലോകത്തിലെ കമ്യൂണിസ്റ്റ്‌ പത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പത്രമായി ദേശാഭിമാനി വളർന്നുകഴിഞ്ഞിട്ടുണ്ട്‌. 10 എഡിഷനുകളിലായി ഏഴു ലക്ഷത്തോളം കോപ്പികൾ ഇന്നുണ്ട്‌. കേരളത്തിൽ പ്രചാരത്തിൽ മൂന്നാം സ്ഥാനത്തുള്ള ദേശാഭിമാനി പല ജില്ലയിലും ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഇടംനേടിക്കഴിഞ്ഞു. കോവിഡിന്റെ വിഷമകരമായ കാലത്ത്‌ ഒന്നും രണ്ടും സ്ഥാനത്തുനിൽക്കുന്ന പത്രങ്ങളുടെ പോലും പ്രചാരണം കുറഞ്ഞപ്പോൾ പ്രചാരംകൂടിയ പത്രമെന്ന ഖ്യാതിയും ദേശാഭിമാനിക്ക്‌ സ്വന്തം.

ദേശാഭിമാനിയെ ഇന്ന്‌  കാണുന്ന വളർച്ചയിലേക്ക്‌ നയിച്ചതിനു പിന്നിൽ പ്രവർത്തിച്ച ഒട്ടേറെയാളുകളുണ്ട്‌. സ്വന്തം സ്വത്ത്‌ വിറ്റുകിട്ടിയ തുക ദേശാഭിമാനി തുടങ്ങാൻ സംഭാവന നൽകിയ ഇ എം എസ്‌ മുതൽ പശുക്കിടാവിനെ നൽകിയ പാലോറ മാതവരെ ഒട്ടേറെപ്പർ. ചീഫ്‌ എഡിറ്റർമാർ മുതൽ വിതരണക്കാർവരെ നടത്തിയ ത്യാഗനിർഭരമായ പ്രവർത്തനത്തിന്റെ ഫലമായാണ്‌ ദേശാഭിമാനിക്ക്‌ ഇന്ന്‌ കാണുന്ന വളർച്ച നേടാനായത്‌. വളർച്ചയുടെ പുതിയ പന്ഥാവുകളിലേക്ക്‌ വാക്കുകൾ ഇടറാതെ നടന്നുനീങ്ങാൻ ജനങ്ങളുടെ അകമഴിഞ്ഞ സഹായം വരുംനാളുകളിലും ഉണ്ടാകണമെന്ന്‌ ഞങ്ങൾ വിനയപുരസ്സരം അഭ്യർഥിക്കുന്നു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top