23 April Tuesday

ഒടുവില്‍ അവര്‍ റിസർവ്‌ ബാങ്കിനെ തേടിയും വന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 8, 2018


വമ്പൻ സാമ്പത്തിക കുതിപ്പിന്‌ വഴിവയ‌്ക്കുമെന്ന വാഗ്‌ദാനവുമായി വന്ന്‌  ദുർനാടകമായി മാറിയ നോട്ട്‌ പിൻവലിക്കൽ ദുരന്തം രണ്ടാണ്ട് പിന്നിടുന്നു. പ്രഖ്യാപിക്കപ്പെട്ടതൊന്നും നേടാതെയാണ്‌ ആ പരിഷ്‌കാരം അവസാനിച്ചതെന്നതിന്‌ ഇന്ന് ആർക്കും തർക്കമില്ല. കള്ളപ്പണം പുറത്തെത്തിയില്ല. കള്ളനോട്ടും പിടിച്ചില്ല. ഭീകരരുടെ ധനസ്രോതസ്സും അടഞ്ഞില്ല. ആദ്യത്തെ അവകാശവാദങ്ങൾ ഇവയൊക്കെയായിരുന്നല്ലോ. ഇതെല്ലാം പൊളിയുമെന്നായപ്പോൾ  അവസാനമായി ഉയർത്തിയ വാദമായിരുന്നു സാമ്പത്തിക പ്രവർത്തനങ്ങൾ കറൻസി രഹിതമാകുമെന്നത്‌. അതും  പൊളിഞ്ഞു. നിരോധനം നടപ്പാക്കിയ 2016 നവംബറിൽ പ്രചാരത്തിലുണ്ടായിരുന്നതിനേക്കാൾ 25 ശതമാനം കറൻസി ഇന്ന്‌ പ്രചാരത്തിലുണ്ടെന്ന്‌ റിസർവ്‌ ബാങ്കിന്റെ കണക്കുതന്നെ പുറത്തുവന്നു. ഡിജിറ്റലൈസേഷൻ എന്ന പ്രതീക്ഷയും അസ്‌തമിച്ചു. ചുരുക്കത്തിൽ സംഘപരിവാറിന്റെ നുണമില്ലുകൾക്കുപോലും കഥയുണ്ടാക്കി സമർഥിക്കാൻ ഒന്നും ബാക്കിവയ‌്ക്കാതെ ആ പരിഷ്‌കാരം അസ്‌തമിച്ചു.

ഈ ഉന്നംതെറ്റിയ പരിഷ്‌കാരം വിജയമാണെന്നു വരുത്താൻ റിസർവ്‌ ബാങ്കിനുമേൽ സമ്മർദമുണ്ടായിരുന്നതായി പല ഘട്ടത്തിൽ സുചനകൾ വന്നിരുന്നു. തിരികെവന്ന നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന്‌ നിരോധനത്തിനുശേഷം ഒന്നരവർഷം പിന്നിട്ടിട്ടും ബാങ്കിനു പറയേണ്ടിവന്നത്‌ ഈ സാഹചര്യത്തിലായിരുന്നു. കണക്കു പുറത്തുവരരുതെന്ന വാശി സർക്കാരിനുണ്ടായിരുന്നു. അതിന്‌ റിസർവ്‌ ബാങ്കിനെ സമ്മർദത്തിലാക്കി എന്നത്‌ അന്ന്‌ ബാങ്കും സർക്കാരും നിഷേധിച്ചിരുന്നു. റിസർവ്‌ ബാങ്കിനെ പൂർണമായി ഇരുട്ടിൽ നിർത്തിക്കൊണ്ടായിരുന്നു കറൻസി നിരോധനം. തുടർന്ന്‌ പാർലമെന്റ്‌ സമിതിക്കുമുന്നിൽ ബാങ്ക്‌ നാണംകെട്ടു.  അന്നുമുതൽതന്നെ റിസർവ്‌ബാങ്കിനുമേൽ എല്ലാ വഴക്കങ്ങളും ലംഘിച്ച്‌ സർക്കാർ പിടിമുറുക്കിത്തുടങ്ങിയിരുന്നു. മുൻ ഗവർണർ രഘുറാം രാജന്റെ രാജിക്കിടയാക്കിയതും കേന്ദ്ര ഇടപെടലുകൾ തന്നെ. കിട്ടാക്കടവുമായി ബന്ധപ്പെട്ടും മറ്റും ഇന്നുയരുന്ന വാദങ്ങളും റിസർവ്‌ ബാങ്ക്‌ ഗവർണർ ഉർജിത്‌ പട്ടേലിന്റെ രാജി ഭീഷണിയുമെല്ലാം ഇത്‌ കൂടുതൽ വെളിവാക്കുന്നു.

റിസർവ്‌ ബാങ്ക്‌ സർവതന്ത്ര സ്വതന്ത്ര സംവിധാനമാകണമെന്ന നിലപാട്‌ കാലങ്ങളായി ലോകബാങ്കും ഐഎംഎഫും സ്വീകരിക്കുന്നുണ്ട്‌. ആഗോളവൽക്കരണ സാമ്പത്തിക നയങ്ങളുടെ  ഭാഗമായി ഉയർന്ന ആവശ്യമാണിത്‌. ഇത്  കേന്ദ്രബാങ്കിനെ അവരുടെ ചൊൽപ്പടിയിലാക്കാനാണ്‌. അത്  ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്‌ സ്വീകാര്യമാകുന്ന കാര്യമല്ല. ആ ആവശ്യം  ചെറുക്കണം. എന്നാൽ, കേന്ദ്രബാങ്കെന്ന നിലയിൽ റിസർവ്‌ ബാങ്കിന്‌ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം. പാർലമെന്റിനും  ഭരണഘടനയ്‌ക്കും വിധേയമായി ആ സ്വാതന്ത്ര്യം നിലനിൽക്കുകയും വേണം. എങ്കിൽ മാത്രമേ ജനേച്ഛയ്‌ക്ക്‌ അനുസൃതമായി ബാങ്കിന്റെ പ്രവർത്തനം ക്രമീകരിക്കാൻ കഴിയൂ. എന്നാൽ, അത് സർക്കാരിന്‌ തോന്നിയതുപോലെ ഇടപെടാനുള്ള അധികാരമാകരുത്‌. പാർലമെന്റിന്റെ മേൽനോട്ടം വേണം. ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയും ബാങ്കിന്‌ ഉണ്ടാകണം. അത്തരത്തിലുള്ള ജനകീയ നിയന്ത്രണമാണ്‌ വേണ്ടത്‌.

ലോകബാങ്ക്‌ ആവശ്യപ്പെടുന്ന സ്വയംഭരണവും ബിജെപി സർക്കാർ ഇപ്പോൾ റിസർവ്‌ ബാങ്കിനുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണവും ഒരേ ലക്ഷ്യത്തോടെയാണ്‌. അവരുടെ നയങ്ങളുടെ ഭാഗമായി കോർപറേറ്റുകൾക്കുവേണ്ടി ബാങ്കിനെ ഉപയോഗപ്പെടുത്തുകയാണ്‌ ആ ലക്ഷ്യം. റിസർവ്‌ ബാങ്കും കേന്ദ്ര സർക്കാരുമായി ഇപ്പോഴുണ്ടായ ഭിന്നതയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു. വൻ കുത്തകകൾ കോടികൾ വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കാതെ ബാങ്കുകളെ തകർക്കുന്നു. എന്നാൽ, ബാങ്കുകളുടെമേൽ റിസർവ്‌ ബാങ്കിന്‌ കൂടുതൽ  നിയന്ത്രണാധികാരം കൊടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. അതുപോലെ സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കാൻ ബാങ്കിന്റെ കരുതൽധനം കിട്ടണമെന്ന സർക്കാർ നിലപാടിനെതിരെ റിസർവ്‌ ബാങ്ക്‌ നിൽക്കുന്നതും സർക്കാരിനെ ചൊടിപ്പിക്കുന്നു. പ്രതികാരമെന്ന മട്ടിൽ ബാങ്കിന്റെ വിശ്വാസ്യത തന്നെ തകർക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ നീങ്ങുന്നു. ഡെബിറ്റ്‌ കാർഡുകളിലൂടെയും ക്രെഡിറ്റ്‌ കാർഡുകളിലൂടെയും ഉള്ള സാമ്പത്തിക ഇടപാടുകൾ റിസർവ്‌ ബാങ്കിന്റെ അധികാരപരിധിക്ക‌് പുറത്ത്‌ പേയ്‌മെന്റ്‌സ്‌ റെഗുലേറ്ററി ബോർഡ്‌ എന്ന സ്ഥാപനത്തിനു കീഴിലാക്കാൻ നീക്കമുണ്ട്‌. ഇത് റിസർവ് ബാങ്കിന് സമാനമായ ഒരു സംവിധാനം സമാന്തരമായി സൃഷ്ടിക്കുന്നതിനു തുല്യമാണ്. റിസർവ് ബാങ്കിന്റെ വിയോജിപ്പ്‌ തള്ളിക്കൊണ്ടാണ് ഈ നീക്കം.

ബിജെപിക്കും അവർ നയിക്കുന്ന കേന്ദ്ര സർക്കാരിനും എല്ലാ കാര്യത്തിലും ഭരണഘടന ഒരു അസൗകര്യമാണ്‌. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം  ഭരണഘടനാ സ്ഥാപനങ്ങൾക്കുമേൽ അവർ കുതിരകയറുന്നു. തകർക്കാവുന്ന വിധത്തിലെല്ലാം അവയെ തകർക്കാനും മുതിരുന്നു. ഏറ്റവും ഒടുവിൽ സിബിഐയിലെ ഇടപെടലുകൾ കണ്ടു. ഇപ്പോൾ കേന്ദ്രബാങ്കിനെയും പിടികൂടുന്നു. ഒരുവശത്ത്‌ ബാങ്കിനെ തകർക്കുന്ന നടപടികൾ. മറുവശത്ത്‌ ബാങ്കിൽ സംഘപരിവാർ പ്രതിനിധികളെ തിരുകിക്കയറ്റിയുള്ള പിടിമുറുക്കൽ. വ്യക്തമായ സംഘപരിവാർ ബന്ധമുള്ള എസ് ഗുരുമൂർത്തിയെയും മുൻ എബിവിപി നേതാവ്‌ സതീഷ്‌ കാശിനാഥ്‌  മറാത്തെയും ഇപ്പോൾത്തന്നെ റിസർവ്‌ ബാങ്ക്‌ ഡയറക്ടർമാരാക്കി കഴിഞ്ഞു.

റിസർവ്‌ ബാങ്കിനെതിരായ കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക്‌ രണ്ടുവശമുണ്ട്‌. ഒരുവശത്ത്‌ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുക എന്ന അവരുടെ ഒളി അജൻഡയും മറുവശത്ത്‌ കോർപറേറ്റ്‌ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി ബാങ്കിനെ പരുവപ്പെടുത്തുക എന്ന ലക്ഷ്യവും. ബിജെപി സർക്കാരിന്റെ സാമ്പത്തിക ദുർനയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഈ കരുനീക്കങ്ങളെ ചെറുക്കാനുള്ള ജാഗ്രതകൂടി വേണ്ടിവരും എന്നുറപ്പ്‌. നോട്ട് നിരോധനത്തിന്റെ ഈ വാർഷികവേള അതിനുള്ള അവസരമാകണം.

വളർന്നത‌് ജിയോ പേമെന്റ്സ് ബാങ്ക‌്

നോട്ടുനിരോധനം പ്രഖ്യാപിച്ച് മൂന്നാംനാളിൽ റിലയൻസിന്റെയും എസ്ബിഐയുടെയും സംയുക്തസംരംഭമായ ജിയോ പേമെന്റ്സ് ബാങ്ക് നിലവിൽവന്നത് പല സംശയങ്ങളും ഉയർത്തിയിരുന്നു. ഇൗ സംശയങ്ങൾക്ക‌് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ‌്. രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ  എസ്ബിഐയുടെ മേധാവിയായിരുന്ന നോട്ട‌ുനിരോധന കാലത്ത‌് അരുന്ധതി ഭട്ടാചാര്യ, അവർ ഇപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. എസ്ബിഐയിൽനിന്ന് വിരമിച്ച് ക്യത്യം ഒരുവർഷം കഴിഞ്ഞപ്പോൾ അരുന്ധതിക്ക് ഈ സ്ഥാനം തളികയിൽവച്ച് നൽകുകയായിരുന്നു.

കറൻസി റദ്ദാക്കലിനെക്കുറിച്ച് കോർപറേറ്റുകൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണ്  ജിയോ പേമെന്റ്സ് ബാങ്കും ജിയോ മണിയും. ജിയോ പേമെന്റ്സ് ബാങ്ക് പ്രഖ്യാപിക്കപ്പെട്ടത് നവംബർ 10ന്.  റിലയൻസ് ജിയോയുടെ  പ്രീപെയ്ഡ് വാലറ്റ് സംവിധാനമായ ജിയോ മണിയും ഇതോടൊപ്പം രംഗത്തെത്തി. ജിയോ മൊബൈൽ വരിക്കാർക്ക് എസ്ബിഐയുടെ വിപുലമായ ശൃംഖല  ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനമാണ് ജിയോ പേമെന്റ്സ് ബാങ്ക്. കുറെനാളായി അണിയറയിൽ നടന്ന നീക്കങ്ങളുടെ ഫലമായാണ് റിലയൻസിന‌് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വാണിജ്യഇടപാടുകൾ നടത്താൻ കഴിയുന്ന സ്ഥിതി കറൻസി നിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരുക്കാൻ കഴിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top