22 March Wednesday

നോട്ടുനിരോധനം: സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2017

എട്ടുമാസത്തിനുശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആ സത്യം പുറത്തുവിട്ടിരിക്കുന്നു. മോഡി സര്‍ക്കാര്‍ കൊട്ടുംകുരവയുമായി കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് അര്‍ധരാത്രിയോടടുത്ത് പ്രഖ്യാപിച്ച കറന്‍സി പിന്‍വലിക്കല്‍ നടപടി തനി വങ്കത്തരമായിരുന്നുവെന്ന്. കള്ളപ്പണം തടയാനും ഭീകരവാദികള്‍ക്ക്് ഫണ്ട് ലഭിക്കുന്നത് തടയാനുമുള്ള ചരിത്രപരമായ നടപടിയെന്ന് മോഡി വിശേഷിപ്പിച്ച 500, 1000 രൂപ നോട്ട് പിന്‍വലിക്കല്‍കൊണ്ട് ഒരു ഫലവുമുണ്ടായിട്ടില്ലെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐക്ക് സമ്മതിക്കേണ്ടി വന്നു. പിന്‍വലിച്ച നോട്ടുകളില്‍ എത്ര പണം തിരിച്ചുവന്നുവെന്ന് വ്യക്തമാക്കാന്‍ പാര്‍ലമെന്റിലും സുപ്രീംകോടതിയിലും വിവരാവകാശമനുസരിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരു വിവരവും നല്‍കാന്‍ ആര്‍ബിഐ ഇതുവരെയും തയ്യാറായിരുന്നില്ല. എന്നാല്‍, വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ആദ്യമായി തുറന്നുപറയാന്‍ ആര്‍ബിഐ തയ്യാറായി. ജനങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കി കറന്‍സി പിന്‍വലിച്ചാലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യം നേടാമായിരുന്നുവെന്ന വിമര്‍ശത്തെ തീര്‍ത്തും ശരിവയ്ക്കുന്നതാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍. കള്ളപ്പണം കറന്‍സിയായിമാത്രമല്ല രാജ്യത്ത് നിലനില്‍ക്കുന്നതെന്ന പ്രഭാത് പട്നായിക്കിനെപ്പോലുള്ള സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തലും ശരിവയ്ക്കുന്നതാണ് ആര്‍ബിഐയുടെ പുതിയ വെളിപ്പെടുത്തല്‍. 

അഞ്ഞൂറിന്റെയും ആയിരം രൂപയുടേതുമായി 15.44 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് മോഡി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. ഇതില്‍ 15.28 ലക്ഷം കോടി രൂപയുടെയും കറന്‍സികള്‍ തിരിച്ചുവന്നുവെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. അതായത്, 98.96 ശതമാനം കറന്‍സിയും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുവന്നുവെന്നര്‍ഥം. കേവലം 16,000 കോടി രൂപമാത്രമാണ് തിരിച്ചുവരാനുള്ളത്. ജില്ലാ സഹകരണ ബാങ്കിലും നേപ്പാളി പൌരന്മാരില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും തിരിച്ചുവരാനുള്ള കറന്‍സികൂടി കണക്കിലെടുത്താല്‍ നൂറു ശതമാനം കറന്‍സിയും തിരിച്ചുവരാനാണ് സാധ്യതയെന്നര്‍ഥം. അപ്പോള്‍ മോഡി സര്‍ക്കാര്‍ കറന്‍സി പിന്‍വലിക്കലിലൂടെ ലക്ഷ്യമിട്ട കള്ളപ്പണം എവിടെ പോയി ഒളിച്ചു? അതല്ല കള്ളപ്പണം മുഴുവന്‍ വെളുപ്പിക്കാനായിരുന്നോ ഈ നടപടി? 

മൂന്നര ലക്ഷം കോടി രൂപയുടെയെങ്കിലും കള്ളപ്പണം വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നും അതുമുഴുവന്‍ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുമെന്നുമായിരുന്നു മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തിരിച്ചുവരാനുള്ളത് 16,000 കോടി രൂപ മാത്രമാണെന്നരിക്കെ എന്തിനുവേണ്ടിയായിരുന്നു ജനങ്ങളെ ബുദ്ധമുട്ടിച്ചുള്ള, സമ്പദ് വ്യവസ്ഥയെത്തന്നെ പിന്നോട്ടടിപ്പിക്കുന്ന കറന്‍സി പിന്‍വലിക്കല്‍ നടപടി? കൈവശമുണ്ടായിരുന്ന തുച്ഛമായ കറന്‍സി പിന്‍വലിക്കുന്നതിന് ക്യൂനിന്നും അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും 103 പേരാണ് മരിച്ചത്. പഴയ കറന്‍സി പിന്‍വലിച്ച് പുതിയ കറന്‍സി അച്ചടിക്കാന്‍മാത്രം 21,000 കോടി രൂപയാണ് ചെലവ്. അതിനുള്ള പണംപോലും കറന്‍സി പിന്‍വലിക്കലിലൂടെ സര്‍ക്കാരിന് ലഭിച്ചില്ലെന്നുമാത്രമല്ല 5000 കോടി രൂപ നഷ്ടമാവുകയും ചെയ്തു. സമ്പദ്വ്യവസ്ഥയില്‍ വിനിമയത്തിലിരുന്ന പണംമുഴുവന്‍ ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുവന്നതോടെ പലിശ ഇനത്തിലും മറ്റുമായി കോടികള്‍ ചെലവഴിക്കേണ്ടി വന്നു. അങ്ങനെ ഏത് കോണില്‍ക്കൂടി നോക്കിയാലും സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ച തീരുമാനമായിരുന്നു കേന്ദ്രസര്‍ക്കാരിന്റേത്. സാമ്പത്തികവളര്‍ച്ചയെമാത്രമല്ല വ്യാവസായികവളര്‍ച്ചയെയും കാര്‍ഷികവളര്‍ച്ചയെപ്പോലും കറന്‍സി പിന്‍വലിക്കല്‍ നടപടി ദോഷകരമായി ബാധിച്ചു. കര്‍ഷക ആത്മഹത്യ വര്‍ധിക്കാനും ഇത് കാരണമായി. എന്നിട്ടും കറന്‍സി പിന്‍വലിക്കല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അവകാശപ്പെട്ടത്.

ആര്‍ബിഐയുടെ കണക്ക് പുറത്തുവന്നതോടെ മലക്കംമറിഞ്ഞ ധനമന്ത്രി നികുതിവല വിപുലമാക്കാനും ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം വര്‍ധിപ്പിക്കാനും ഭീകരവാദികള്‍ക്ക് ലഭിക്കുന്ന ഫണ്ടിങ് കുറയ്ക്കാനും കറന്‍സി പിന്‍വലിക്കല്‍ നടപടിയിലൂടെ കഴിഞ്ഞെന്നാണ് അവകാശപ്പെടുന്നത്. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അരുണ്‍ ജെയ്റ്റ്ലി പയുന്നത്. ഒരുദാഹരണംമാത്രം ഉദ്ധരിക്കാം. ആര്‍ബിഐയുടെതന്നെ കണക്കനുസരിച്ച് 2016 മാര്‍ച്ചില്‍ 13,90,000 കോടി രൂപയാണ് ഇലക്ട്രോണിക് ഇടപാടുകള്‍വഴിയുള്ള നികുതിവരുമാനമെങ്കില്‍ കറന്‍സി പിന്‍വലിക്കല്‍ നടപടിക്കുശേഷം 2017 ജൂണില്‍ ഇ ഇടപാടുവഴിയുള്ള നികുതിവരുമാനം 13,75,000 കോടിയായി കുറഞ്ഞു. ഡിജിറ്റല്‍വല്‍ക്കരണം പേറ്റിഎം, മോബിക് വിക് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കുമാത്രമാണ് ഗുണം ചെയ്തിട്ടുള്ളതെന്നു സാരം. മോഡി സര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കല്‍ നടപടി തുഗ്ളക്കിന്റെ പരിഷ്കാരമായിട്ടായിരിക്കും ചരിത്രം രേഖപ്പെടുത്തുക. കറന്‍സി പിന്‍വലിക്കല്‍ പരിഷ്കാരം പരാജയമാണെന്നു കണ്ടാല്‍ എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ മോഡി അത് ഏറ്റുവാങ്ങേണ്ട സമയം ആഗതമായിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top