20 April Saturday

ചെറുത്തുനില്‍പ്പില്‍ അണിചേരുക

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2016


നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തോട് ചെയ്ത പ്രഭാഷണത്തിലൂടെയാണ് 500, 1000 രൂപ നോട്ടുകള്‍ ഏതാനും മണിക്കൂറുകള്‍ക്കകം റദ്ദാക്കിയത്. ഡിസംബര്‍ 30 വരെ ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും പ്രവൃത്തിദിവസങ്ങളില്‍ ആര്‍ക്കും പരിധിയില്ലാതെ ഈ നോട്ടുകള്‍ അക്കൌണ്ടുകളില്‍ നിക്ഷേപിക്കാം എന്നായിരുന്നു അന്ന് മോഡി പറഞ്ഞത്. ആകെ അടിച്ചിറക്കിയ നോട്ടുകളില്‍ 86 ശതമാനമാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടത്. പകരം   നോട്ടുകള്‍ ലഭിക്കാത്തതിനാല്‍ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍കും നേരിട്ട ജീവിതപ്രയാസം മോഡി പ്രഖ്യാപിച്ച 50 നാള്‍ പരിധി പിന്നിട്ടിട്ടും കടുത്തരീതിയില്‍ തുടരുകയാണ്.

ദിവസക്കൂലിയും ആഴ്ചക്കൂലിയും ലഭിക്കുന്ന അസംഘടിതമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 94 ശതമാനത്തോളം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ജോലി ലഭിക്കുന്നില്ല. വരുമാനമില്ല.  അവരെ ജോലിക്കുവയ്ക്കുന്ന ചെറുകിട- ഇടത്തരം ഉല്‍പ്പാദകരുടെ കൈയില്‍ കൂലികൊടുക്കാന്‍ നോട്ടുകളില്ല. കൃഷിക്കാരും ചെറുകിട- ഇടത്തരം നിര്‍മാണസ്ഥാപനങ്ങളും സേവനദാതാക്കളും ഉല്‍പ്പാദനം നടത്താനാകാതെ ക്ളേശിക്കുന്നു. പലതരം പ്രയാസങ്ങള്‍ക്കിടയിലും നടന്നുവന്ന രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനം ഏതാണ്ട് നിശ്ചലമായെന്നത് തര്‍ക്കമറ്റ കാര്യമാണ്.

മോഡിയുടെയും സഹപ്രവര്‍ത്തകരുടെയും പല നടപടികളും ഇത് കൂടുതല്‍ രൂക്ഷമാക്കുന്നു. 15.44 ലക്ഷം കോടി രൂപ വില വരുന്ന 500, 1000 രൂപ നോട്ടുകളാണ് റദ്ദാക്കപ്പെട്ടത്. അവയില്‍ 14 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകള്‍ ഇതിനകം ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് വാര്‍ത്ത. 10-11 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകള്‍മാത്രമേ തിരിച്ചെത്തുകയുള്ളൂ, ബാക്കി കള്ളപ്പണമായി അപ്രത്യക്ഷമാകും എന്നായിരുന്നു ബിജെപി നേതാക്കളടക്കം പലരും പ്രവചിച്ചത്. അതൊക്കെ തെറ്റി. ഏതാനും ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചുവരാതിരുന്നാല്‍ പല പുതിയ പരിഷ്കാരങ്ങളും നടപ്പാക്കുമെന്നുള്ള പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും മറ്റും കണക്കുകൂട്ടലുകളൊക്കെ പാഴായി. അതിനെത്തുടര്‍ന്ന് ഏതാനും ദിവസംമുമ്പ് സര്‍ക്കാര്‍ പുതിയ ഉത്തരവിട്ടു, ഇനി നോട്ടുകള്‍ അക്കൌണ്ടില്‍ ഇടുമ്പോള്‍  ബാങ്ക് അധികൃതര്‍ക്ക് വിശദീകരണം നല്‍കണമെന്ന്. 30ന് ശേഷം റിസര്‍വ് ബാങ്കിലും നോട്ട് സമര്‍പ്പിക്കാനാകില്ലെന്നും ഉത്തരവ് വന്നു.  ഇത് സര്‍ക്കാരിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്നതായി മറ്റ് പല രാജ്യങ്ങളുടെ ഔദ്യോഗിക വക്താക്കളടക്കം പ്രതികരിച്ചു. തുടര്‍ന്ന് ആ ഉത്തരവ് തിരുത്തപ്പെട്ടു.

പ്രധാനമന്ത്രി മോഡിയുടെ ഭരണപരമായ പിടിപ്പുകേട് നഗ്നമായി വെളിവാക്കി ഈ നടപടികളെല്ലാം. അത്യപൂര്‍വമായാണ് ഒരു സര്‍ക്കാര്‍ നോട്ട് റദ്ദാക്കുന്നത്. ഏറെ ആലോചനയും തയ്യാറെടുപ്പുംനടത്തിവേണം അത് ചെയ്യാന്‍. എന്നിട്ടും അപ്രതീക്ഷിതമായി എന്തെങ്കിലും പാളിച്ച ഉണ്ടായാല്‍ റദ്ദാക്കല്‍ മാറ്റിവയ്ക്കേണ്ടിവരും. അതാണ് ഈയിടെ വെനസ്വേലയില്‍ സംഭവിച്ചത്. ഇവിടെ ചെയ്തതുപോലെ 86 ശതമാനം വിലവരുന്ന നോട്ടുകള്‍ ഒരു രാജ്യവും ഒറ്റയടിക്ക് റദ്ദാക്കിയിട്ടുമില്ല. 

മോഡി ഒരിക്കലും നോട്ട് റദ്ദാക്കല്‍ പ്രശ്നം സംബന്ധിച്ച് പാര്‍ലമെന്റില്‍ ഒരു വിശദീകരണത്തിനും തയ്യാറായില്ല. താന്‍ നേരിട്ട് പ്രഖ്യാപിച്ച ഒരു പരിഷ്കാരം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന ചെയ്യാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. അതായിരുന്നു കീഴ്വഴക്കം. പ്രതിപക്ഷം ഒന്നടങ്കം ഇരുസഭയിലും ആവശ്യപ്പെട്ടിട്ടും അദ്ദേഹം പ്രസ്താവന ചെയ്യാനോ  ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ തയ്യാറായില്ല.  ജന ജീവിതത്തെയാകെ പിടിച്ചുകുലുക്കിയ, ഇപ്പോഴും കുലിക്കിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് നോട്ട് റദ്ദാക്കല്‍. തന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ച് പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. അത് ചെയ്തില്ല.

കള്ളനോട്ട്, കള്ളപ്പണം, ഭീകരാക്രമണം, അഴിമതി എന്നിവ തടയാനാണ് നോട്ട് റദ്ദാക്കുന്നത് എന്നായിരുന്നു മോഡി അവകാശപ്പെട്ടത്. ആ ലക്ഷ്യങ്ങളുടെ അടുത്തൊന്നും എത്താന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്ന് സ്പഷ്ടമാണ്. ലക്ഷ്യം പാളി എന്ന് കണ്ടപ്പോള്‍ അദ്ദേഹം പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു. ശമ്പളവും കൂലിയും ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും നോട്ടുകളായിട്ടല്ലാതെ ഇലക്ട്രോണിക് സംവിധാനം വഴിയാക്കുക. കേള്‍ക്കുമ്പോള്‍ സുന്ദരമാണ് ഈ ലക്ഷ്യം. പക്ഷേ, 125 കോടി ജനങ്ങളുള്ള രാജ്യത്ത് 45 കോടി അക്കൌണ്ടുകളാണുള്ളത്. അവയില്‍ പകുതിയോളം വിവിധതരം സ്ഥാപനങ്ങളുടേതാകും. പല വ്യക്തികള്‍ക്കും ഒന്നിലേറെ ബാങ്ക് അക്കൌണ്ടുകള്‍ ഉണ്ടാകും. 15-20 കോടി  പേര്‍ക്കായിരിക്കും സ്വന്തം അക്കൌണ്ടുകള്‍ ഉണ്ടാവുക. രാജ്യത്ത് പല സംസ്ഥാനങ്ങളിലും എല്ലാ പഞ്ചായത്തിലും ബാങ്കിന്റെയോ തപാല്‍ ഓഫീസിന്റെയോ ശാഖകളില്ല. കടകളിലും മറ്റ് സ്ഥാപനങ്ങളിലും പണമില്ലാതെ ഇടപാട് നടത്തണമെങ്കില്‍ ഇലക്ട്രോണിക് സംവിധാനംവേണം. ഒട്ടുവളരെ പ്രദേശത്തും ഇന്റര്‍നെറ്റ് സംവിധാനമോ വൈദ്യുതിയോ ഇല്ല. ഇവയൊന്നും ഇല്ലാതെ എങ്ങനെ ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സുഗമമാക്കാന്‍ കഴിയും?

ഇനി അവയൊക്കെ ഏര്‍പ്പാടാക്കി എന്നു കരുതുക. അത്തരത്തില്‍ പണമില്ലാ ഇടപാടുകള്‍ നടത്തുമ്പോള്‍ ഓരോ ഇടപാടിനും ശരാശരി ഓരോ രൂപ വീതമെങ്കിലും ബാങ്കിന് കമീഷന്‍ നല്‍കേണ്ടിവരും. അതിനായി റിലയന്‍സിന്റെയും മറ്റും പുതുതലമുറ പേമെന്റ് ബാങ്കുകള്‍ ആരംഭിച്ചിരിക്കുന്നു. നൂറുകോടി ജനങ്ങള്‍ ദിവസേന ഒരു ഇടപാടുവീതം നടത്തിയാല്‍ പ്രതിവര്‍ഷം ഈ ബാങ്കുകള്‍ക്ക് 36,500 കോടി രൂപ കമീഷന്‍ ഇനത്തില്‍ ജനങ്ങള്‍ നല്‍കേണ്ടിവരും. ഈ സമ്പ്രദായം വ്യാപകമായി നടപ്പാക്കിയാല്‍ അതിന്റെ പല ഇരട്ടി തുക പേമെന്റ് ബാങ്കുകള്‍ക്ക് വരുമാനം ഉണ്ടാകും. നോട്ട് റദ്ദാക്കലിന്റെ ഫലമായി വന്‍കിട കുത്തകകളുടെ പേമെന്റ് ബാങ്കുകള്‍ക്ക് ഈ നേട്ടം ഉണ്ടാക്കിക്കൊടുക്കലല്ലാതെ ആദ്യം പ്രഖ്യാപിച്ച കള്ളനോട്ട്- കള്ളപ്പണം- ഭീകരപ്രവര്‍ത്തനം- അഴിമതി എന്നിവ തടയുക എന്നത് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നില്ല.

സാധാരണ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി രൂപീകരിച്ചവയാണ് സഹകരണബാങ്കുകള്‍. അവയെ തകര്‍ക്കുക കേരളത്തിലെങ്കിലും ബിജെപി നേതാക്കളുടെ ലക്ഷ്യമാണെന്ന് സ്പഷ്ടം. ജനങ്ങള്‍ക്ക് പെട്ടെന്ന് വായ്പയും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്ന അവരുടെതന്നെ ബാങ്കുകളെ തകര്‍ത്ത് അവരെ കൊള്ളപ്പലിശക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ്. ഇത് വ്യക്തമായതോടെയാണ് കേരളത്തില്‍ ഡിസംബര്‍ 29ന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. നോട്ട് റദ്ദാക്കലിനെതിരായ ജനകീയസമരത്തിന്റെ ഒരു പ്രധാനഘട്ടമാണ് ഇത്. ജനങ്ങള്‍ ഒന്നടങ്കം ഈ പ്രക്ഷോഭത്തില്‍ അണിചേരണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top