01 December Friday

ഗ്യാസ് വിലവര്‍ധന പകല്‍ക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2017


നോട്ടുനിരോധനത്തിന്റെ ഫലമായി വേലയും കൂലിയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിനില്‍ക്കുന്ന കോടിക്കണക്കിന് സാധാരണ  ജനങ്ങളുടെമേല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഒടുവിലത്തെ ദുരന്തമാണ് പാചകവാതക വിലവര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു സിലണ്ടറിന് തൊണ്ണൂറുരൂപയിലേറെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന് നൂറ്റമ്പതോളമാണ് വര്‍ധന. ഗ്രാമ-നഗര ഭേദമെന്യേ പാചകവാതകത്തിന്റെ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ ഏറ്റവും താഴെക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്കാണ് ഈ വിലവര്‍ധന കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്.

മഴക്കുറവും നോട്ടുപ്രതിസന്ധിയും സൃഷ്ടിച്ച ധാന്യവിള ഉല്‍പ്പാദനക്കുറവിന്റെ പ്രത്യാഘാതം രാജ്യമെങ്ങും രൂക്ഷമായിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി പാചകവാതകവിലയും വര്‍ധിപ്പിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം വന്‍ വിലക്കയറ്റത്തിനാണ് തിരികൊളുത്തിയത്. ധാന്യോല്‍പ്പാദനം വളരെ കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അരിവില കൂടുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ എല്ലാവഴികളും തേടുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള കഠിനശ്രമംതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.

കേരളത്തിലേക്ക് സ്ഥിരമായി അരിവരുന്ന അയല്‍സംസ്ഥാനങ്ങളെമാത്രം ആശ്രയിച്ചാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ്, മുന്‍കാലങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ബംഗാളില്‍നിന്ന് അരി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഉല്‍പ്പാദനക്കുറവിന് പുറമെ അവസരം മുതലെടുക്കാനുള്ള ആന്ധ്ര അരിലോബിയുടെ നീക്കങ്ങളെയും ഫലപ്രദമായി നേരിടേണ്ടതുണ്ട്. സര്‍ക്കാര്‍ അരി കമ്പോളത്തില്‍ നേരിട്ട് ഇടപെട്ട് കുറഞ്ഞ വിലയ്്ക്കുള്ള അരി കൊണ്ടുവരും. ഇത് പൊതുവിതരണസംവിധാനംവഴി ലഭ്യമാക്കുന്നതോടെ അരിവില അനിയന്ത്രിതമായി ഉയര്‍ത്തിക്കൊണ്ടുപോകാനുള്ള കച്ചവടലോബികളുടെ തന്ത്രം പൊളിക്കാനാകും.

കേന്ദ്രം ഭക്ഷ്യഭദ്രതാനിയമം തിരക്കിട്ട് നടപ്പാക്കിയതിന്റെഭാഗമായി കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടിക്കുറച്ചതാണ് അരികമ്പോളത്തില്‍ പിടിമുറുക്കാന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് അവസരം ഒരുക്കിയത്. പുതിയ നിയമപ്രകാരമുള്ള മുന്‍ഗണനാപട്ടികയില്‍നിന്ന് നേരത്തെ ബിപിഎല്‍ ലിസ്റ്റില്‍ പെട്ടിരുന്ന പലരും പുറത്തായിരിക്കുകയാണ്. ഇത്തരക്കാര്‍ക്കും മുന്‍ഗണനാ ഇതര പട്ടികയില്‍പെട്ടവര്‍ക്കും നാമമാത്രമായ റേഷന്‍ നല്‍കാനുള്ള അരിവിഹിതം മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. ഇത് പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളോട് കേന്ദ്രം മുഖംതിരിക്കുകയാണ്. മുന്‍ഗണനാലിസ്റ്റ് കുറ്റമറ്റതാക്കാനും ഉയര്‍ന്ന നിരക്കിലാണെങ്കിലും എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യം ലഭ്യമാക്കാനും കേന്ദ്രം സഹകരിക്കാതെ പറ്റില്ല.

പൊതുകമ്പോളത്തില്‍ വിലക്കയറ്റത്തിനുള്ള പശ്ചാത്തലം ഇതെല്ലാമാണെന്ന യാഥാര്‍ഥ്യബോധത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ പരിഹാരനടപടിയും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാരാകട്ടെ പൂര്‍ണമായ കമ്പോളാധിപത്യത്തിന്റെ വഴികളാണ് തേടുന്നത്. എല്ലാവിധ സബ്സിഡികളും അവസാനിപ്പിച്ച് കമ്പോളമത്സരത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കാനാണെങ്കില്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രസക്തിയെന്താണെന്ന ചോദ്യമാണ് ഉയരുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നാമമാത്രമായെങ്കിലും സബ്സിഡി നിലനില്‍ക്കുന്നത് പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമാണ്. ഇതുമൂലമുള്ള നഷ്ടം നികത്താന്‍ നിശ്ചിതമായ പ്രതിമാസവര്‍ധനയിലൂടെ ശ്രമിക്കുമെന്നാണ് മോഡി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ചാണ് ഓരോ മാസാരംഭത്തിലും വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍, അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചെന്ന ന്യായംപറഞ്ഞ് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വര്‍ധനയാണിപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. മോഡി സര്‍ക്കാര്‍ ഭരണമേറ്റ ഘട്ടത്തില്‍ നാനൂറ് രൂപയ്ക്ക് തൊട്ടുമുകളിലായിരുന്നു ഗാര്‍ഹിക പാചകവാതകത്തിന്റെ വില. സബ്സിഡി ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി രാജ്യവ്യാപകമാക്കിക്കൊണ്ടായിരുന്നു മോഡി ആദ്യം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണിട്ടത്. ഇതോടെ മുന്നൂറ്റമ്പതോളം രൂപ ഒറ്റയടിക്ക് ഒരു സിലിണ്ടര്‍ എല്‍പിജിക്ക് അധികം നല്‍കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതമായി. ഇതില്‍ ബാങ്ക് അക്കൌണ്ടില്‍ തിരികെ കിട്ടിയത്് 180 രൂപ മാത്രം. അതുതന്നെ കൃത്യമായി ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല. ഇങ്ങനെ സബസിഡിയില്‍ ഒരു ഒളിഞ്ഞിരിക്കുന്ന വെട്ടിപ്പ് എല്ലാമാസവും നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന് പുറമെയാണ് പ്രത്യക്ഷത്തില്‍ത്തന്നെ വന്‍വര്‍ധന വരുത്തിയത്.

അസംസ്കൃത എണ്ണവിലയുടെ വിലയുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ കമ്പനികളുടെ അവകാശവാദങ്ങല്ലൊം പൊള്ളയാണെന്ന് വ്യക്തമാകും. ബാരലിന് 100 ഡോളറിന് മുകളിലായിരുന്നത് 40 ഡോളര്‍വരെ കുറഞ്ഞപ്പോഴും ഇന്ത്യയിലെ എണ്ണവില മേലോട്ടുതന്നെ കുതിച്ചു. പെട്രോള്‍, ഡീസല്‍വില കുറയ്ക്കല്‍ എന്ന കണ്‍കെട്ടുവിദ്യ ഇടയ്ക്കുണ്ടാകാറുണ്ടെങ്കില്‍ പിന്നീടുള്ള വന്‍വര്‍ധന ഇതിനെയെല്ലാം കവച്ചുവയ്ക്കാറാണ് പതിവ്. എല്‍പിജി, മണ്ണെണ്ണവിലയിലാകട്ടെ തുടരെ വര്‍ധനയും. എണ്ണ ഉല്‍പ്പാദകരല്ലാത്ത മറ്റ് രാഷ്ട്രങ്ങളിലെ വിലയുമായുള്ള അന്തരം ഇന്ത്യയില്‍ നടക്കുന്ന പകല്‍ക്കൊള്ളയുടെ മൂടി വയ്ക്കാനാകാത്ത തെളിവാണ്.

അര്‍ഹരായവര്‍ക്ക് സബ്ഡിസി, കമ്പോള ഇടപെടലുകളിലൂടെ വിലനിയന്ത്രണം എന്നീ ആശയങ്ങള്‍ ജനാധിപത്യ ഭരണസംവിധാനങ്ങള്‍ക്ക് കൈയൊഴിയാന്‍ കഴിയാത്ത കടമകളാണ്. ജനജീവിതത്തെ ആഴത്തില്‍ ബാധിക്കുന്നതും പണപ്പെരുപ്പവും വിലക്കയറ്റവുമായി നേരനുപാതം പുലര്‍ത്തുന്നതുമായ എണ്ണവില നിയന്ത്രിക്കേണ്ടത് സ്റ്റേറ്റിന്റെ പ്രാഥമിക ചുമതലയും. ഇക്കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന  ബിജെപിയും കേരളത്തിലെ എല്‍ഡിഎഫും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അരിവിലനിയന്ത്രണവും പാചകവാതക വിലവര്‍ധനയും വ്യക്തമാക്കുന്നുണ്ട്്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top