20 April Saturday

മോഡി നിറംകെടുത്തിയ പുതുവര്‍ഷം

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2016

വിദ്വേഷപ്രചാരണവും അസഹിഷ്ണുതയും പണനിയന്ത്രണവും അതിര്‍ത്തികടന്നുള്ള സംഘര്‍ഷവും രാഷ്ട്രീയ ധ്രുവീകരണശ്രമങ്ങളും കൊണ്ട് ശ്രദ്ധേയമായ വര്‍ഷമാണ് കടന്നുപോകുന്നത്. ആഘോഷത്തിന്റെ ആരവങ്ങളല്ല മറിച്ച് ആശങ്കയും വേവലാതിയും നിറഞ്ഞ രോദനമാണ് രാജ്യമെങ്ങും ഉയരുന്നത്. നരേന്ദ്രമോഡിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയാണ് പുതുവര്‍ഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടുള്ളത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളകള്‍ക്ക് പുതുവര്‍ഷം കടുത്ത ആശങ്കയുടേതാണ്. കൂലിയില്ലാത്ത, തൊഴിലില്ലാത്ത പുതുവര്‍ഷം അവര്‍ ആഘോഷിക്കുന്നതെങ്ങനെ? മോഡിയുടെ തുഗ്ളക് പരിഷ്കാരം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ തകര്‍ത്തിരിക്കുകയാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്കു തന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ജനങ്ങളുടെ നിയമാനുസൃതമുള്ള നിക്ഷേപങ്ങള്‍പോലും ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാതെ നിയന്ത്രണം ഏര്‍പ്പെടുത്തിയ മോഡിയുടെ നടപടിക്ക് സ്വേഛാധിപത്യത്തിന്റെ ചുവയുണ്ട്. ഈ നടപടിയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ആക്ഷേപമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്. ഏറ്റവും അവസാനമായി മോഡിയുടെ നടപടിയെ വിമര്‍ശിച്ച പ്രശസ്ത സാഹിത്യകാരന്‍ എം ടിയോടും വായ മൂടിക്കെട്ടാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

ദളിത്പീഡനത്തിന്റെയും അതിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെയും വര്‍ഷം കൂടിയാണ് കടന്നുപോയത്.  രോഹിത് വെമുലയുടെ ആത്മഹത്യയും അതിനെതുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായ പോരാട്ടവും എടുത്തുപറയത്തക്കതാണ്. ഗുജറാത്തിലെ ഉനയില്‍ നാല് ദളിതരെ അര്‍ധനഗ്നരാക്കി കെട്ടിയിട്ടു മര്‍ദിച്ചത് രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച ദളിത് പ്രക്ഷോഭത്തിന് തിരികൊളുത്തി.  ഇതേഘട്ടത്തില്‍തന്നെ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങളും 2016ല്‍ നടത്തി. ഹരിയാണയിലെയും പശ്ചിമ യുപിയിലെയും ജാട്ടുകളും മഹാരാഷ്ട്രയിലെ മറാത്തക്കാരും ഗുജറാത്തിലെ പട്ടേലുമാരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.  

ഡല്‍ഹിയിലെ ജെഎന്‍യു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്ന് ആരോപിച്ച് ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതും ജയിലിലടച്ചതും അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനുള്ള മികച്ച ഉദാഹരണമാണ്. ജെഎന്‍യു രാജ്യദ്രോഹികളുടെ കൂടാരമാണെന്നും പാകിസ്ഥാനി ഭീകരവാദികളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും അവിടെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ വേശ്യകളാണെന്നും വരെ സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചു. ഹിന്ദുത്വ പദ്ധതിയെ തടയുന്ന ബൌദ്ധിക കോട്ടയാണ് ജെഎന്‍യു എന്ന തിരിച്ചറിവാണ് ഈ പ്രചണ്ഡമായ പ്രചാരണത്തിനു കാരണം. ജെഎന്‍യു മാത്രമായിരുന്നില്ല ലക്ഷ്യമാക്കിയത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയും മദ്രാസ് ഐഐടിയും മറ്റും ലക്ഷ്യംവച്ചു. മതേതര റിപ്പബ്ളിക്കായ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായിരുന്നു ഇതൊക്കെ. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പോരാട്ടത്തിന്റെ കൊടി ഉയര്‍ത്തി. ജെഎന്‍യുവില്‍ എസ്എഫ്ഐ-ഐസ സഖ്യത്തിന്റെ വിജയം അതിന്റെ തുടര്‍ച്ചയാണ്. ഇന്ത്യ എന്ന ആശയമാണ് ഇവിടെ വിജയിച്ചത്.

സെപ്തംബര്‍ 18ന് ഉറിയില്‍ 20 സൈനികരുടെ ജീവനെടുത്ത പാക് ഭീകരാക്രമണത്തിന് മറുപടിയെന്നോണം സെപ്തംബര്‍ 29ന് സൈന്യം നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നാലുമാസം പൂര്‍ത്തിയായി. എന്നിട്ടും അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാനായിട്ടില്ല. ഭീകരാക്രമണങ്ങള്‍ തുടരുകയാണ് ഇപ്പോഴും. 10 വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ടതും 2016ലാണ്.  ജോര്‍ജ് പെര്‍ക്കോവിച്ചും ടോബി ഡാള്‍ട്ടണും അടുത്തയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് അന്വര്‍ഥമാക്കുന്നതാണ് അതിര്‍ത്തിയിലെ സ്ഥിതി. 'യുദ്ധമില്ല സമാധാനവും'. ജമ്മു കശ്മീരിലെ സ്ഥിതിയും ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. തീവ്രവാദം അതിന്റെ ഉച്ചാവസ്ഥയിലായിരുന്ന 1989-94 കാലത്തേക്കാളും സ്ഥിതി വഷളായിരിക്കുന്നു. സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിന് ശമനം കാണാന്‍ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കശ്മീരിലെ ഈ സ്ഥിതിവിശേഷമാണ് ഇന്ത്യ-പാക് ബന്ധങ്ങളിലെ അകല്‍ച്ചയ്ക്ക് പ്രധാന കാരണം. 

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രചാരണം നടത്തിയാണ് 2014ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. അഴിമതിരഹിതഭരണം വാഗ്ദാനം ചെയ്താണ് ബിജെപിയും നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നത്. എന്നാല്‍, ഇപ്പോള്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. മോഡിക്കെതിരെ മൂന്ന് അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഒന്നാമതായി നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ്. വന്‍കിട കോര്‍പറേറ്റുകളെ മുന്‍കൂട്ടി അറിയിച്ചാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതെന്നാണ് ആരോപണം.

രണ്ടാമതായി ഉയര്‍ന്ന അഴിമതി ആരോപണം വ്യക്തമായ തെളിവോടുകൂടിയാണ് ഉയര്‍ത്തിയിട്ടുള്ളത്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറഗ്രൂപ്പില്‍നിന്നും ബിര്‍ള ഗ്രൂപ്പില്‍നിന്നുമായി 40 മുതല്‍  55.2 കോടി രൂപ വരെ കൈപ്പറ്റിയെന്നാണ് ആരോപണം. നിക്ഷേപകരെ വഞ്ചിച്ച കേസില്‍ 2014 നവംബര്‍ 22ന് സഹാറഗ്രൂപ്പിന്റെ ഓഫീസില്‍ ആദായനികുതി വിഭാഗം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത രേഖകളാണ് ഈ ആരോപണത്തിന്റെ അടിസ്ഥാനം. പ്രധാനമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന മറ്റൊരു ആരോപണം മഹേഷ് ഷായെന്ന ബിസിനസുകാരന്‍ വെളുപ്പിച്ച 13,860 കോടി രൂപയുടെ സ്രോതസ്സ്  ചില രാഷ്ട്രീയ നേതാക്കളുടേതാണെന്ന പ്രസ്താവനയാണ്. മോഡിയുമായും അമിത്ഷായുമായി അടുത്ത ബന്ധമുള്ളയാളാാണ് മഹേഷ് ഷാ.

നോട്ട് പ്രതിസന്ധിയും അഴിമതിയും മറ്റും മോഡി സര്‍ക്കാരിന്റെ പ്രതിഛായക്ക്് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് 2017ല്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പു ഫലം മോഡി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top