21 June Friday

കുപ്രചാരണത്തില്‍ രോഷം ശമിക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2016


ഒന്നിനും ഒരു നിശ്ചയവുമില്ല. ഇന്ന് പ്രഖ്യാപിക്കുന്ന തീരുമാനം നാളെ പിന്‍വലിക്കപ്പെടാം. രണ്ടു ദിവസംകൊണ്ട് അവസാനിക്കുമെന്നു പറഞ്ഞ പ്രശ്നം ഒരുമാസം തികയാനാകുമ്പോള്‍ മൂര്‍ച്ഛിച്ച് മഹാവ്യാധിയായി മാറി. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയില്‍ എന്നു പറഞ്ഞാല്‍പോലും ഇന്നത്തെ അവസ്ഥയുടെ ഗൌരവം പ്രതിഫലിക്കപ്പെടില്ല. ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടുംകൊണ്ടാണ് നരേന്ദ്ര മോഡി കളിക്കുന്നത്. ആയകാലം മുഴുവന്‍ അധ്വാനിച്ച് പെന്‍ഷന്‍കൊണ്ട് ശിഷ്ടകാലം ജീവിക്കുന്ന വയോജനങ്ങള്‍മുതല്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍വരെ ദുരിതത്തില്‍നിന്ന് മുക്തരല്ല. സുനാമിയില്‍ എല്ലാം തകര്‍ന്നപ്പോള്‍ അത് പ്രകൃതി ദുരന്തമല്ലേ, തടയാനാവുന്നതല്ലല്ലോ എന്ന ആശ്വാസ വാക്ക് കൂട്ടിനുണ്ടായിരുന്നു. ഇന്ന് ഒരു വാക്കും ന്യായീകരണമാകുന്നില്ല. എല്ലാം ചെയ്തത് കള്ളപ്പണക്കാരെ പിടികൂടാനാണെന്ന പല്ലവിയും വിലപ്പോകുന്നില്ല. മോഡി സൃഷ്ടിച്ച ദുരന്തത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയും ജനജീവിതവും തകരുകയാണ്. അത് വിളിച്ചു പറയുന്നവര്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തി തളര്‍ത്താനാണ് ഏറ്റവുമൊടുവിലത്തെ ശ്രമം. കേരളത്തിന്റെ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്കിനെതിരായ സംഘപരിവാറിന്റെ ആസൂത്രിത ആക്രമണം അതിന്റെ പ്രതിഫലനമാണ്.

ഐസക് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു; കേരളത്തിന് ശമ്പളം വിതരണംചെയ്യാന്‍ പണം വേണമെന്ന് തലേ ദിവസമാണ് ആവശ്യപ്പെട്ടത്; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു-ഇത്തരത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍മുതല്‍ സോഷ്യല്‍ മീഡിയയിലെ സംഘപരിവാറുകാര്‍വരെ ഏക സ്വരത്തില്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിന്റെ പ്രശ്നം കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പോകാനിരുന്നപ്പോള്‍ മുഖംതിരിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതിരുന്ന മോഡിയുടെ ശിഷ്യര്‍ തന്നെയാണ്, ദൈനംദിനാവശ്യങ്ങള്‍ക്ക് നിര്‍ബന്ധമായും അനുവദിക്കേണ്ട തുകയ്ക്ക് പ്രത്യേകം ആവശ്യപ്പെടണമെന്ന വിചിത്രമായ വാദമുന്നയിക്കുന്നത്. നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും പൂര്‍ണമായി കാശായി പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദവും സഹായവും അഭ്യര്‍ഥിച്ച്  സംസ്ഥാനം എഴുതിയ കത്തും  കേന്ദ്ര ധനമന്ത്രിയോട് നേരിട്ടു നടത്തിയ അഭ്യര്‍ഥനയും കോള്‍ഡ് സ്റ്റോറേജില്‍ വച്ചവരാണ്, ട്രഷറികളില്‍ പാവങ്ങളുടെ കണ്ണീരു വീഴുമ്പോള്‍ പച്ചക്കള്ളവുമായി ഇറങ്ങുന്നത്.

കേരളത്തില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 1200 കോടി രൂപയുടെ നോട്ടുകള്‍ എത്തിക്കണമെന്ന് സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ 1000 കോടി രൂപയുടെ നോട്ടുകള്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായതാണ്. ആദ്യ ഗഡു  500 കോടി രൂപ എത്തിക്കുമെന്ന് പറഞ്ഞു; പിന്നെ അതില്‍നിന്ന് പിന്മാറി; ആദ്യ ദിവസത്തെ ആവശ്യത്തിനു വേണ്ട 160 കോടി രൂപ അടിയന്തരമായി എത്തിച്ചാല്‍ മതിയെന്ന് സംസ്ഥാനം അറിയിച്ചു-അതുപോലും ചെയ്യാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല; ഇതിനെല്ലാം കാരണക്കാരായ പ്രധാനമന്ത്രിയോ കേന്ദ്ര ധനമന്ത്രിയോ ഇടപെട്ടുമില്ല. അരാജകത്വമാണ് അരങ്ങേറുന്നത്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം വിളിച്ചുപറയാന്‍ ഒരു ബിജെപിക്കാരന്റെയും അനുവാദം ആവശ്യമില്ല. നവംബര്‍ എട്ടിന്റെ രാത്രി പ്രസംഗത്തിലൂടെ മോഡി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുന്ന ധൃതിപിടിച്ചതും വീണ്ടുവിചാരമില്ലാത്തതുമായ നടപടിയാണ്. അതിലൂടെ കള്ളപ്പണക്കാരെ കുരുക്കാനല്ല, രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് നോട്ടമിട്ടത്. കള്ളപ്പണക്കാര്‍ സുരക്ഷിതരാണ്; അവരെ ഒന്നു തൊട്ടുനോവിക്കാന്‍ പോലും മോഡിക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ജനജീവിതം മുന്നോട്ടുപോകണമെങ്കില്‍ മോഡി സ്തുതി ഭക്ഷിച്ചാല്‍ പോരാ.ജനങ്ങള്‍ക്ക് അധ്വാനിക്കുന്നതിന്റെ കൂലി കൈയില്‍ കിട്ടണം. ഒരു മാസം അധ്വാനിച്ചതിന്റെ വേതനമാണ് ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം. ജോലി ചെയ്തതിന്റെ കൂലി, അതും നിയമാനുസൃതമായ എല്ലാ നികുതികളും കൃത്യമായി അടച്ചതിനുശേഷമുള്ള തുക പിന്‍വലിക്കുകയും ചെലവാക്കുകയും ചെയ്യുന്നത് ഭരിക്കുന്നവരുടെ ഇംഗിതപ്രകാരമായിരിക്കണമെന്ന് വരുന്നതു തന്നെ ധിക്കാരമാണ്, അധ്വാനിക്കുന്നവരോടുള്ള വെല്ലുവിളിയാണ്. പെന്‍ഷന്‍കാരുടെ ജീവിതവും ട്രഷറിയില്‍നിന്ന് മാസാദ്യം പെന്‍ഷന്‍ ലഭിച്ചാലേ മുന്നോട്ടുപോകൂ. അതാണ് മുടങ്ങിയിരിക്കുന്നത്.

സര്‍വമേഖലയിലും പ്രതിസന്ധി രൂപപ്പെട്ടു. അതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതെ, പാര്‍ലമെന്റിനോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാതെ റേഡിയോ വഴി ജനങ്ങളെ പറഞ്ഞുപറ്റിക്കാനിറങ്ങിയ പ്രധാനമന്ത്രിയുടെ അനുയായികളാണ് തങ്ങളെന്ന് അനുനിമിഷം തെളിയിക്കുകയാണ് കേരളത്തിലെ പ്രശ്നങ്ങളുടെ ഭാരം സംസ്ഥാനത്തിന്റെ തലയില്‍വച്ചുകെട്ടാനുള്ള നാണംകെട്ട  സമീപനത്തിലൂടെ സംഘപരിവാര്‍.

കടുത്ത നാണയ ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഇപ്പോഴത്തെ ആവശ്യത്തിനുവേണ്ട നോട്ടുകള്‍ അച്ചടിച്ചിറക്കാന്‍ റിസര്‍വ് ബാങ്കിന്റെ നാല് പ്രസും രാപ്പകല്‍ പ്രവര്‍ത്തിപ്പിച്ചാലും ആറു മാസത്തിലേറെ വേണമെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതുവരെ ജനം എന്താണ് ചെയ്യേണ്ടത്? വിപണിയില്ലാതെ കുഴിയെടുത്ത് പച്ചക്കറികള്‍ കുഴിച്ചിടേണ്ടിവരുന്ന കര്‍ഷകരും തൊഴില്‍ നഷ്ടമായി പട്ടിണിയിലേക്ക് വീഴുന്ന സാധാരണ തൊഴിലാളികളും അന്നത്തെ അന്നത്തിനുള്ള വകപോലും നഷ്ടമാകുന്ന ചെറുകിട കച്ചവടക്കാരും ഇതൊക്കെ നാടിനുവേണ്ടിയാണല്ലോ എന്ന് വിശ്വസിച്ച് ജീവിതം അവസാനിപ്പിക്കണോ? എന്താണ് ഈ നടപടികള്‍കൊണ്ട് നാടിനു സംഭവിച്ചതെന്ന് കണ്ണുതുറന്നു കാണാനും പരിഹാരം കണ്ടെത്താനും തയ്യാറാകാതെ, രാജ്യസ്നേഹത്തിന്റെയും കള്ളപ്പണ വേട്ടയുടെയും ബഡായി പറഞ്ഞ് ഇനിയും വന്നാല്‍ ജനങ്ങളുടെ പ്രതികരണം രൂക്ഷമാകുമെന്നതിന്റെ സൂചന രാജ്യത്താകമാനം തെളിയുന്നുണ്ട്. അതു മനസ്സിലാക്കാനും അധിക പ്രസംഗം അവസാനിപ്പിക്കാനും തയ്യാറായില്ലെങ്കില്‍, രാജ്യം ഭരിക്കുന്നവരെ ജനം രാജ്യദ്രോഹികളെന്നു വിളിക്കുക മാത്രമല്ല, ചവിട്ടിപ്പുറത്താക്കാന്‍ തെരുവിലിറങ്ങുകയും ചെയ്യും. രാജ്യത്ത് കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പരമോന്നത നീതിപീഠംതന്നെ ചൂണ്ടിക്കാട്ടിയത്. അത്തരമൊരവസ്ഥയില്‍ ജനങ്ങളുടെ രോഷം തണുപ്പിക്കാനും പ്രയാസം ദൂരീകരിക്കാനും ഒരു വ്യാജ പ്രചാരണംകൊണ്ടും സാധ്യമാകില്ല. വിവരദോഷത്തിന്റെ സംഘ ധനശാസ്ത്രമല്ല, യാഥാര്‍ഥ്യത്തിന്റെ അടിത്തറയിലുള്ള സാമ്പത്തിക സമീപനവും ലക്ഷ്യബോധവുമാണ് ജനങ്ങള്‍ കാംക്ഷിക്കുന്നത്. അത് തിരിച്ചറിഞ്ഞ് തിരുത്തുകയോ ഇറങ്ങിപ്പോകുകയോ ചെയ്യുന്നതിനു പകരം ജനങ്ങളുടെയും ജനകീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരുടെയും വാപൊത്താന്‍ തുനിഞ്ഞാല്‍, അതിനുള്ള രൂക്ഷ പ്രതികരണംകൂടി ജനങ്ങളില്‍നിന്ന് സ്വീകരിക്കേണ്ടിവരുമെന്ന് ആര്‍എസ്എസ്-ബിജെപി നേതൃത്വം ഓര്‍ക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top