29 May Sunday

ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2017


രാഷ്ട്രീയ എതിരാളികളെ ഏതുമാര്‍ഗവും ഉപയോഗിച്ച് ഇല്ലാതാക്കുന്നത് ആര്‍എസ്എസ് അതിന്റെ തുടക്കംമുതല്‍ അനുവര്‍ത്തിക്കുന്ന നയമാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ചപ്പോള്‍ മധുരപലഹാരം വിതരണംചെയ്ത് ആഘോഷിക്കുകയും നിരോധിക്കപ്പെടുകയുംചെയ്ത സംഘടനയാണ് ആര്‍എസ്എസ്. ആ സംഘം ജന്മശതാബ്ദിയിലേക്കെത്തുമ്പോള്‍ ഉന്മൂലനത്തിന്റെയും അസഹിഷ്ണുതയുടെയും പുതിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈപ്പിടിയിലെത്തിയപ്പോള്‍ കടിഞ്ഞാണില്ലാതെ പായുന്ന ആര്‍എസ്എസിനെയാണ് കാണാനാകുന്നത്. ഗോരക്ഷാസേനകള്‍മുതല്‍ വര്‍ഗീയക്കലിപൂണ്ട് മനുഷ്യനെ കൊന്നുതള്ളുന്ന സംഘങ്ങള്‍വരെ ആര്‍എസ്എസിന്റെ കുടക്കീഴിലുണ്ട്. കേന്ദ്രഭരണത്തിന്റെ സൌകര്യം ഉപയോഗിച്ച് സമുന്നത അന്വേഷണ ഏജന്‍സിയായ സിബിഐയെയും ആര്‍എസ്എസ് അതിന്റെ നശീകരണ ആയുധങ്ങളില്‍ ഒന്നാക്കിമാറ്റി. ഇന്ത്യയില്‍ ഇന്ന് ആര്‍എസ്എസിന്റെ പ്രാഥമിക പ്രത്യയശാസ്ത്രം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി ഇടതുപക്ഷത്തില്‍നിന്നാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. ഇടതുപക്ഷത്തെ നയിക്കുന്ന സിപിഐ എമ്മിനെ ഇല്ലാതാക്കിയാല്‍മാത്രമേ ആ വെല്ലുവിളി തരണംചെയ്യാനാകൂ എന്നാണ് സംഘം കരുതുന്നത്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ കേരളത്തിനുനേരെയുള്ള ആസൂത്രിത ആക്രമണം അതിന്റെ ഭാഗമാണ്.

കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിക്കുക, കേരളത്തിലെ ഇടതുപക്ഷത്തിന്റെ നെടുംകോട്ടയായ കണ്ണൂര്‍ ജില്ലയെ ഒറ്റപ്പെടുത്തി ആക്രമിക്കുക- ഈ തന്ത്രം ആര്‍എസ്എസ് പുറത്തെടുത്തിട്ട് നാളുകളേറെയായി. അതിനായി കൈയും കണക്കുമില്ലാതെ പണവും അധ്വാനവും ചെലവിട്ടു. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കഴിഞ്ഞദിവസം ചുമത്തിയ കുറ്റപത്രം. 

കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ യുഎപിഎ വകുപ്പടക്കം ചുമത്തി പ്രതി ചേര്‍ത്താണ് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ രണ്ടാംഘട്ടത്തിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ത്തന്നെ അതിലെ നിയമപരവും സാങ്കേതികവുമായ പിഴവുകള്‍ കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടിവന്നു.

25 പ്രതികളുള്ള കേസില്‍ അവസാനത്തെ ആറുപേര്‍ക്കെതിരെയാണ് കുറ്റപത്രം. കേസിലെ 25-ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയത്. സിപിഐ എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനന്‍, റിജേഷ്, മഹേഷ്, സുനില്‍കുമാര്‍ എന്ന സുനൂട്ടി, സജിലേഷ് എന്നിവരെയാണ് അനുബന്ധ കുറ്റപത്രത്തില്‍ 20 മുതല്‍ 24 വരെയുള്ള പ്രതികളായി ചേര്‍ത്തിരിക്കുന്നത്.

യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകള്‍ക്ക് പുറമെ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം, മാരകായുധമുപയോഗിക്കല്‍, തെളിവുനശിപ്പിക്കല്‍, മനഃപൂര്‍വം വിവരം ഒളിച്ചുവയ്ക്കല്‍, കുറ്റക്കാരെ ഒളിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളുമായാണ് അനുബന്ധകുറ്റപത്രം. അവസാനപ്രതിയായ പി ജയരാജന്‍ കേസിലെ മുഖ്യസൂത്രധാരനാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇത് സാമാന്യബുദ്ധിയുള്ള ആരെയും അമ്പരപ്പിക്കുന്നതാണ്. വിചിത്രവുമാണ്. കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജുമായി പി ജയരാജന് വിരോധമുണ്ട് എന്ന് സ്ഥാപിക്കാന്‍ സിബിഐ നിരത്തുന്ന ഒരു തെളിവ് നോക്കുക. 2014ല്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മില്‍നിന്ന് 500 പേര്‍ ബിജെപിയിലേക്ക് പോയെന്നും അതിന്റെയും അവര്‍ക്ക് നല്‍കിയ സ്വീകരണത്തിന്റെയും മുഖ്യസംഘാടകന്‍ മനോജ് ആയിരുന്നു എന്നുമാണ് സിബിഐ പറയുന്നത്. ആ വിരോധമാണത്രെ  കൊലപാതകത്തിലേക്ക് നയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ബിജെപിയിലേക്ക് അങ്ങനെ ആരും പോയിട്ടില്ല. അഞ്ഞൂറോളംപേര്‍ക്ക് സ്വീകരണവും ഉണ്ടായിട്ടില്ല. ആ നാട്ടിലെ ജനങ്ങളോ മാധ്യമങ്ങളോ അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല. എന്നിട്ടും പി ജയരാജനെ പ്രതിചേര്‍ക്കാന്‍  ആര്‍എസ്എസിനുവേണ്ടി വിചിത്രമായ തെളിവുകള്‍ മെനഞ്ഞെടുക്കുകയാണ് സിബിഐ.

2014 സെപ്തംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആദ്യഘട്ടത്തില്‍ 19 പേര്‍ക്കെതിരെ സിബിഐ 2015 മാര്‍ച്ച് ആറിന് കുറ്റപത്രം നല്‍കിയിരുന്നു. ആര്‍എസ്എസ് ബിജെപി ദേശീയനേതൃത്വത്തിന്റെ ആജ്ഞപ്രകാരം 2016 ജനുവരി 21നാണ് പി ജയരാജനെ പ്രതിചേര്‍ത്തത്. പി ജയരാജനെ ഒന്നര പതിറ്റാണ്ട് മുമ്പ് വെട്ടിനുറുക്കി കൊല്ലാന്‍ ആര്‍എസ്എസ് ശ്രമിച്ചതാണ്. കണ്ണൂര്‍ ജില്ലയിലെ സിപിഐ എമ്മിന്റെ കരുത്തനായ നേതാവാണ് പി ജയരാജന്‍ എന്നതാണ് ആ വിരോധത്തിന് കാരണം. അന്ന് അത്ഭുതകരമായാണ് ജയരാജന്റെ ജീവന്‍ രക്ഷപ്പെട്ടത്. തുന്നിച്ചേര്‍ത്ത കൈകളും പരിക്ക് മാറാത്ത ശരീരവുമായാണ് ഇന്നും ജയരാജന്‍ പൊതുരംഗത്തുള്ളത്. അദ്ദേഹത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ആയുധംകൊണ്ട് സാധിക്കാത്തത് സിബിഐയെ ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണവര്‍.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗമായാണ് കതിരൂരിലെ ഗൂഢാലോചനക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്ന്  പി ജയരാജന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായാണ് സിബിഐ ധൃതിയില്‍ ഇങ്ങനെയൊരു കുറ്റപത്രം സമര്‍പ്പിച്ചത്. യുഎപിഎ ചുമത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. അതനുസരിച്ചുള്ള അനുമതി ലഭിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതെല്ലാം പരിശോധിച്ച് ആവശ്യമായ നിയമനടപടി സ്വീകരിക്കും എന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്.

ഹരിയാനയിലുംമറ്റും കൂട്ടക്കൊലകളും കലാപങ്ങളും നടക്കുമ്പോള്‍ മൌനം പാലിക്കുന്ന ആര്‍എസ്എസ്-ബിജെപി നേതൃത്വം രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍  ക്രമസമാധാനം പാലിക്കപ്പെടുന്ന സംസ്ഥാനമായ കേരളത്തിനുനേരെ ഉയര്‍ത്തുന്ന ആക്രോശം ഈ സംസ്ഥാനത്തിന്റെ ഇടതുപക്ഷമനസ്സിനെ ലക്ഷ്യംവച്ചാണ്. അത് നിരന്തരം തുടരുന്നതാണ്. ആര്‍എസ്എസിന്റെ രീതി തന്നെയാണത്. സിബിഐയെ ഉപയോഗിച്ചായാലും കത്തിയുംവാളും ഉപയോഗിച്ചായാലും ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളുടെ പൊതുബോധം ഉണരേണ്ടതാണ്. ജയരാജനെന്ന വ്യക്തിയോ സിപിഐ എം എന്ന പ്രസ്ഥാനമോ മാത്രമല്ല കേരളംതന്നെയാണ്, ഇന്ത്യന്‍ ജനാധിപത്യംതന്നെയാണ് ആക്രമിക്കപ്പെടുന്നത് എന്ന ബോധത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top