26 April Friday

ഗുജറാത്ത്‌ നൽകുന്ന പാഠം കോൺഗ്രസിനുള്ളത്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 15 വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം പരാജയത്തിന്റെ രുചിയറിഞ്ഞ ബിജെപിയെ ഹിമാചൽപ്രദേശും കൈവിട്ടു. ഹിമാചൽപ്രദേശിൽ വിജയിച്ചത്‌ കോൺഗ്രസിന്‌ ആശ്വാസം നൽകുന്നതായി. ഗുജറാത്തിൽ ബിജെപിക്ക്‌ മോദി മുഖ്യമന്ത്രിയായിരിക്കേ നേടാൻ കഴിഞ്ഞതിലും വലിയ വിജയം നേടാനാകുകയും ചെയ്‌തു. 1985ൽ കോൺഗ്രസ്‌ നേതാവായ മാധവ്‌ സിങ് സോളങ്കി ക്ഷത്രിയ–-ഹരിജൻ–-ആദിവാസി–-മുസ്ലിം സഖ്യം (ഖാം) രൂപീകരിച്ചുനേടിയ 149 സീറ്റിനേക്കാൾ സീറ്റ്‌ കരസ്ഥമാക്കിയാണ്‌ ബിജെപിയുടെ വിജയം. ആംആദ്‌മി പാർടി (ആപ് )യുടെ രംഗപ്രവേശത്തോടെ ബിജെപിവിരുദ്ധ വോട്ടുകളിലുണ്ടായ ഭിന്നിപ്പും കോൺഗ്രസിന്റെ നിഷ്‌ക്രിയത്വവുമാണ്‌ ബിജെപിക്ക്‌ വൻവിജയം സമ്മാനിച്ചത്‌.

അതോടൊപ്പം വർഷങ്ങളായി ബിജെപി സൃഷ്ടിച്ച ശക്തമായ വർഗീയധ്രുവീകരണവും മോദിയെ മുൻനിർത്തിയുള്ള ഗുജറാത്ത്‌ സ്വാഭിമാനബോധവും അവരെ വിജയിക്കാൻ സഹായിച്ചു. ബിജെപി വിജയിച്ചോട്ടെ എന്ന നിസ്സംഗമായ സമീപനമാണ്‌ ഗുജറാത്തിൽ കോൺഗ്രസ്‌ സ്വീകരിച്ചത്‌. ഭാരത്‌ ജോഡോ യാത്ര ഗുജറാത്തിലൂടെ പോയില്ലെന്ന്‌ മാത്രമല്ല, രാഹുൽ ഗാന്ധി ഒരുദിവസം മാത്രമാണ്‌ ഗുജറാത്തിൽ പ്രചാരണം നടത്തിയത്‌. മറ്റൊരർഥത്തിൽ പറഞ്ഞാൽ കോൺഗ്രസ്‌ സമ്മാനിച്ച വിജയമാണ്‌ ഗുജറാത്തിൽ ബിജെപിയുടേത്‌. ബിജെപി ഉയർത്തിയ ഗുജറാത്ത്‌ മാതൃകയുടെ പൊള്ളത്തരം തുറന്നുകാണിക്കാൻ വസ്‌തുതകൾ ഏറെ നിരത്താമെങ്കിലും അതിനൊന്നും കോൺഗ്രസ്‌ തയ്യാറായില്ല. പ്രധാനമന്ത്രിയും അമിത്‌ ഷായും ദിവസങ്ങളോളമാണ്‌ ഗുജറാത്തിൽ പ്രചാരണം നടത്തിയത്‌.  ബിജെപിയുടെ തീവ്രഹിന്ദുത്വ നയങ്ങളെ പിന്തുണയ്‌ക്കാൻ ആപ്‌ തയ്യാറായതോടെ ബിജെപിക്കെതിരെയുള്ള ബദലായി ആ രാഷ്ട്രീയ പ്രസ്ഥാനത്തെ കാണാൻ ജനങ്ങൾ തയ്യാറായതുമില്ല. മുൻ തെരഞ്ഞെടുപ്പുകളിൽനിന്നും വ്യത്യസ്‌തമായി പോളിങ് കുറയാൻപോലും കാരണം ഇതാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ശക്തമായ ഒരു ബദലിന്റെ അഭാവം ബിജെപിക്ക്‌ വിജയം എളുപ്പമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന ഒരു ലോക്‌സഭാ സീറ്റിലേക്കും ആറ്‌ നിയമസഭാ സീറ്റിലേക്കും തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടിയാണ്‌ ഉണ്ടായത്‌.  മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ്‌ മരിച്ചതിനാൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വൻവിജയമാണ്‌ സമാജ്‌വാദി പാർടി നേടിയത്‌. അതോടൊപ്പം രണ്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും ആർഎൽഡിയും വിജയിച്ചു. ഛത്തീസ്‌ഗഢിലും ഒഡിഷയിലും ഭരണകക്ഷിയാണ്‌ വിജയിച്ചത്‌.

ഈ തെരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമായ രണ്ട്‌ സൂചനകൾ നൽകുന്നുണ്ട്‌. അതിലൊന്ന്‌ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്നു തന്നെയാണ്‌. ഓരോ സംസ്ഥാനത്തുമുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിവിരുദ്ധ വോട്ടുകൾ നേടാനുള്ള തന്ത്രങ്ങൾക്ക്‌ രൂപംനൽകിയാൽ അതതിടത്ത്‌ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ്‌ ഡൽഹി, ഹിമാചൽപ്രദേശ്‌ ഫലവും ഉത്തർപ്രദേശ്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുഫലങ്ങളും വ്യക്തമാക്കുന്നത്‌ ഈ പാഠം ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തിക്കാൻ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഇനിയുള്ള ദിവസങ്ങളിൽ ശ്രമിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

രണ്ടാമതായി ഗുജറാത്തിലെ ദയനീയ പരാജയത്തോടെ ബിജെപിക്ക്‌ എതിരെയുള്ള രാഷ്ട്രീയ ബദൽ കെട്ടിപ്പടുക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്നും വ്യക്തമായിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളായ ഉത്തർപ്രദേശിലും (രണ്ട്‌ സീറ്റാണ്‌ ലഭിച്ചത്‌) ഇപ്പോൾ ഗുജറാത്തിലും  ദയനീയമായി തോറ്റ കോൺഗ്രസിനെ മുന്നിൽനിർത്താൻ മറ്റു പ്രതിപക്ഷ പാർടികൾ തയ്യാറാകുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. നേരത്തേ തന്നെ ഇത്തരത്തിലുള്ള സംശയം ആർജെഡിയും സമാജ്‌വാദി പാർടിയും പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക കക്ഷികൾ ശക്തമായ സ്ഥലത്ത്‌ രാഷ്ട്രീയ ബദലിനുള്ള നേതൃത്വം പ്രാദേശിക കക്ഷികൾക്ക്‌ നൽകണമെന്ന ആവശ്യമാണ്‌ അവർ ഉന്നയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top