26 April Friday

ഡൽഹിഫലം ബിജെപിക്കുള്ള താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


വർഗീയ ഫാസിസ്റ്റ് അജൻഡകൾക്കെതിരെ ഉജ്വലപോരാട്ടങ്ങൾ നടക്കുന്ന ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി നേടിയ വൻ വിജയം ബിജെപിക്ക് മുഖമടച്ച് കിട്ടിയ അടിയായി. ഭരണഘടനയുടെ ഹൃദയംതന്നെ പിളർന്ന് രാജ്യത്തെ വർഗീയമായി ചേരിതിരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് നടുവിലായിരുന്നു ഡൽഹിയിലെ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റപ്പോൾ, അവരുടെ അജൻഡ രാജ്യതലസ്ഥാനത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായി. അതെ, ഡൽഹിഫലം ഒരു സൂചനയാണ്, താക്കീതാണ്. മതനിരപേക്ഷതയുടെ, ജനങ്ങളുടെ വിജയമാണ്.

വലിയ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് രംഗത്തിറങ്ങിയ പ്രചാരണത്തിൽ പൗരത്വ ഭേദഗതി നിയമംതന്നെയായിരുന്നു അവർ മുഖ്യവിഷയമാക്കിയത്. വർഗീയവിഷം ചീറ്റിയ പ്രചാരണത്തിൽ മുന്നൂറോളം ബിജെപി എംപിമാരും രംഗത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആം ആദ്മി പാർടിയെ വീണ്ടും അധികാരത്തിലേറ്റിയ ജനങ്ങളുടെ തീരുമാനത്തിൽ ബിജെപിക്കെതിരായ വികാരം പ്രകടമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള മേഖലകളിലsക്കം ബിജെപി പരാജയപ്പെട്ടത് ഹിന്ദുക്കളിൽ വലിയൊരു വിഭാഗവും എങ്ങനെ ചിന്തിക്കുന്നുവെന്നതിന് തെളിവായി.


 

അത്യന്തം നാടകീയതയും ദുരൂഹതകളും നിറഞ്ഞ വോട്ടെണ്ണലിന് ഒടുവിൽ പൂർണഫലം പ്രഖ്യാപിക്കുമ്പോൾ എഴുപതംഗ നിയമസഭയിൽ ആം ആദ്മി പാർടി 62 സീറ്റ് നേടി. ബിജെപിക്ക് എട്ട്‌ സീറ്റും ലഭിച്ചു. കെജ്‌രിവാളിനുമുമ്പ് 15 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു. കോൺഗ്രസിനു കിട്ടിയത് നാലര ശതമാനത്തോളം വോട്ടുമാത്രം. ഒരു സീറ്റുപോലുമില്ല. അവരുടെ വോട്ട് എവിടെപ്പോയെന്നത് സംശയം ജനിപ്പിക്കുന്നു. അതേസമയം, നിലവിലെ സഭയിൽ മൂന്നുസീറ്റുമാത്രമുണ്ടായിരുന്ന ബിജെപിക്ക് നാല് സീറ്റ് കൂടുതൽ കിട്ടുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് എഎപിയുമായി ചേർന്നുനിന്നിരുന്നെങ്കിൽ ഫലം കുറച്ചുകൂടി വ്യത്യസ്തമാകുമായിരുന്നു. എഎപി ക്ക് 53 ശതമാനത്തിലേറെ വോട്ടു ലഭിച്ചതായാണ് പ്രാഥമികവിവരം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുഖ്യവിഷയമാക്കിയിരുന്നില്ലെന്നത് നേരുതന്നെ. എഎപി നടപ്പാക്കിയ ജനക്ഷേമ നടപടികളും വികസന പരിപാടികളുമായിരുന്നു കെജ്‌രിവാൾ പ്രധാനമായി ജനങ്ങൾക്കു മുന്നിൽ പറഞ്ഞത്. അതിനാൽ, ആ വികസന-ജനക്ഷേമ അജൻഡകൾക്ക് കിട്ടിയ അംഗീകാരവും ഈ ജനവിധിയിലുണ്ട്. വൈദ്യുതിയും വെള്ളവും യാത്രാസൗകര്യവുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ജനങ്ങൾക്ക് എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായി കെജ്‌രിവാൾ കണ്ടിരുന്നു.

വികസനംമാത്രം പറഞ്ഞ കെജ്‌രിവാൾ ഒരുവേളയിൽ പൗരത്വ ഭേദഗതി നിയമം മുസ്ലിം–- ഹിന്ദു പ്രശ്നംമാത്രമല്ലെന്നും എല്ലാവരുടെയും പ്രശ്നമാണെന്നും പറയുകയുണ്ടായി. പൗരത്വ ഭേദഗതി നിയമമൊന്നുമല്ല, തൊഴിലും ആശുപത്രികളും സ്കൂളുകളുമൊക്കെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രചാരണരംഗത്ത് അമിത് ഷായടക്കം കെജ്‌രിവാളിനെ വ്യക്തിപരമായി ആക്രമിച്ചെങ്കിലും അതിനൊന്നും അദ്ദേഹം ചെവികൊടുത്തില്ല. മറുപടി പറഞ്ഞില്ല. അമിത് ഷായുടെ ആ തന്ത്രമൊക്കെ പൊളിഞ്ഞു.


 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതൽ എഎപി മുന്നിൽത്തന്നെയായിരുന്നു. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും ജനങ്ങൾക്ക് ബിജെപിയോടുള്ള എതിർപ്പ് കാണാമായിരുന്നു. ബിജെപി അനുഭാവികൾപോലും കെജ്‌രിവാളിന് വോട്ട്‌ ചെയ്യുമെന്ന് പരസ്യമായി പറയുന്നതും കേട്ടു. അതിനാൽ, കെജ്‌രിവാളിന്റെ വിജയവും    തുടക്കം മുതൽ ആർക്കും സംശയമില്ലാത്ത കാര്യമായിരുന്നു. മിക്കവാറും എക്സിറ്റ്പോൾ ഫലങ്ങളും എഎപി വിജയം പ്രവചിച്ചു.

സ്വാതന്ത്ര്യസമരത്തിനുശേഷം ജനങ്ങളൊന്നാകെ അണിനിരന്ന ഒരു ദേശീയ പ്രക്ഷോഭത്തിന്റെ നടുവിലാണ് ഈ തെരഞ്ഞെടുപ്പ് എന്നതുതന്നെയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ആ പ്രക്ഷോഭത്തിന്റെ മുൻനിരയിലാണ് രാജ്യതലസ്ഥാനമായ ഡൽഹി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഈ പോരാട്ടത്തിൽ സ്ത്രീകളും യുവജനങ്ങളും വിദ്യാർഥികളുമെല്ലാം ഒറ്റക്കെട്ടായി രംഗത്തുണ്ട്. ക്യാമ്പസുകളിൽ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ആളിപ്പടരുന്നു. ജവാഹർലാൽ നെഹ്‌റു സർവകലാശാലയും ജാമിയ മിലിയയും യമുനാതീരത്തെ ഷഹീൻ ബാഗുമെല്ലാം കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്.

അമിത് ഷാ നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പൊലീസും സംഘപരിവാറും ഈ പ്രതിഷേധങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ‌കൈയും കണക്കുമില്ല. ഭീകരമായ ലാത്തിച്ചാർജ്, വെടിവയ്‌പ്‌, ലൈംഗികാതിക്രമങ്ങൾ... അങ്ങനെ എത്ര എത്ര സംഭവങ്ങൾ. വെടിയുണ്ടകളെയും ചോരപ്പുഴകളെയും അതിജീവിച്ച് മുന്നേറുന്ന പോരാട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ഡൽഹി ജനതയ്‌ക്ക് ഒരുവഴി കാണിച്ചുകൊടുത്തുവെന്ന് നിസ്സംശയം പറയാം. തെരഞ്ഞെടുപ്പ് ഫലത്തെ ഈ പോരാട്ടങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഷഹീൻ ബാഗിലടക്കം എഎപി നേടിയ തിളക്കമാർന്ന വിജയം ശ്രദ്ധേയമായി.

2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ബിജെപിക്ക് നഷ്ടമായി. പിന്നെ ജാർഖണ്ഡും മഹാരാഷ്ട്രയും പോയി. ഇപ്പോഴിതാ ഡൽഹി പിടിച്ചെടുക്കാനുള്ള നീക്കവും പരാജയപ്പെട്ടിരിക്കുന്നു. ബിജെപിയെ രാജ്യത്തെ ജനങ്ങൾ എങ്ങനെ കാണുന്നുവെന്ന് ഡൽഹിഫലം വെളിപ്പെടുത്തുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top