23 June Sunday

ആഴക്കടൽ സമ്പത്തും കോർപറേറ്റുകൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


നരേന്ദ്ര മോഡി ഭരണത്തെ ചില സാമ്പത്തികപഠനങ്ങൾ കോർപറേറ്റ്‌ ഹിന്ദുത്വം എന്നാണ്‌ വിശേഷിപ്പിച്ചു വരുന്നത്‌. ഫാസിസ്റ്റ്‌  മുഖമുദ്രയുള്ള രാഷ്‌ട്രീയ സമീപനങ്ങളുടെയും ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക അജൻഡകളുടെയും കോർപറേറ്റ്‌ പ്രീണന സാമ്പത്തിക നയങ്ങളുടെയും ആകെത്തുകയാണതെന്നും അവയിൽ വിശദീകരിക്കപ്പെടുന്നുമുണ്ട്‌. സാധാരണക്കാരന്റെ നിത്യജീവിതം താറുമാറാക്കിയ കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും മോഡിയും പരിവാരങ്ങളും രാജ്യത്തിന്റെ നട്ടെല്ലു തകർക്കുന്ന നയങ്ങളാണ്‌ അടിച്ചേൽപ്പിക്കുന്നത്‌. ഇന്ധനങ്ങളുടേതടക്കം അവശ്യസാധന വിലകൾ ഒരിക്കലുമില്ലാത്തവിധം കുതിച്ചുയരുന്നു. അമിത സ്വകാര്യവൽക്കരണവും കോർപറേറ്റ്‌ അനുകൂല ഉദാരവൽക്കരണവുമാണ്‌ മറ്റു കെടുതികൾ. ഏഴുവർഷത്തിനിടെ 27 പൊതുമേഖലാ സ്ഥാപനം മോഡി ഭരണം സ്വകാര്യവൽക്കരിച്ചു. അക്കൂട്ടത്തിൽ ഏറെയും ഏറ്റവും ലാഭകരമായി പ്രവർത്തിച്ച നവരത്‌ന കമ്പനികളാണ്‌. അയ്യായിരം കോടി രൂപയിലേറെയാണ്‌ പലതിന്റെയും വാർഷികലാഭം. സ്ഥാവര ജംഗമ വസ്‌തുക്കളടക്കം ലക്ഷം കോടി വിലമതിക്കുന്ന കമ്പനികളാണ്‌ തുച്ഛവിലയ്‌ക്ക്‌ അംബാനിക്കും അദാനിക്കും മറ്റും അടിയറവച്ചതും.

ഈ ശ്രേണിയിൽപ്പെട്ട വാർത്തയാണ്‌ കഴിഞ്ഞ ദിവസം പുറത്തുവന്നത്‌. ആഴക്കടൽ സമ്പത്ത്‌ ബഹുരാഷ്‌ട്ര കോർപറേറ്റ്‌ ഭീമൻമാർക്ക്‌ വീതംവച്ച്‌ നൽകാനുള്ള അപകടകരമായ നടപടികൾക്ക്‌ കേന്ദ്ര ഗവൺമെന്റ്‌ അംഗീകാരം നൽകിയിരിക്കുകയാണ്‌. മണ്ണും വിണ്ണും റെയിൽവേയും ഖനികളും മറ്റും വിറ്റുതുലച്ചു. ഒടുവിൽ ആഴക്കടലും ആ പട്ടികയിൽ തന്ത്രപൂർവം ഉൾപ്പെടുത്തിയിരിക്കുന്നു. മേഖലയിലെ വിദഗ്‌ധരുമായോ പ്രതിപക്ഷവുമായോ ഒരു വിധ ചർച്ചയും നടത്താതെ ധൃതിപിടിച്ച്‌ കൈക്കൊണ്ട തീരുമാനം ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതാണ്‌. പരിസ്ഥിതിലോലമായ ആഴക്കടൽ അമിത വാണിജ്യവൽക്കരണംമാത്രം ലാക്കാക്കി വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം ഉറപ്പു വരുത്താനാണെന്നതിന്റെ മറവിൽ കുത്തകകൾക്ക്‌ അടിയറ വയ്‌ക്കുന്നത്‌ വിവേകശൂന്യമാണ്‌. അത്‌ കടലിനൊപ്പം അതിനെ ഉരുമിനിൽക്കുന്ന തീരത്തെയും പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല, പരിസ്ഥിതി സന്തുലനത്തെയും തകിടം മറിക്കും. കടൽ വിഭവങ്ങൾ ആശ്രയിച്ച്‌ ജീവിക്കുന്ന കോടിക്കണക്കിന്‌ മനുഷ്യരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നതിന്‌ തുല്യമാണത്‌.

നാലായിരത്തിലധികം  കോടി രൂപയുടെ പര്യവേക്ഷണ പദ്ധതിക്കാണ്‌ കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകിയത്‌. രാജ്യസുരക്ഷയുടെ കാര്യത്തിലും തന്ത്രപ്രധാനമാണ്‌ ആഴക്കടൽ. അത്‌ ബഹുരാഷ്‌ട്ര നീരാളികൾക്ക്‌ തുറന്നുകൊടുത്താൽ സൈനിക രഹസ്യങ്ങൾപോലും ചോർന്നു പോകുമെന്നുറപ്പ്‌. കടലിൽ ആറായിരം  മീറ്റർവരെ ആഴത്തിൽ പര്യവേക്ഷകരെ എത്തിക്കാൻ നൽകുന്ന അനുമതി അവിടെ നിൽക്കില്ല. പലവിധ സമ്മർദങ്ങളിലൂടെ കുത്തകകൾ പടിപടിയായി കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുകയും ചെയ്യും.

2021ൽ ആരംഭിച്ച്‌ മൂന്നുവർഷം നീളുന്ന ആദ്യ ഘട്ടത്തിൽ മൂവായിരത്തിനടുത്ത്‌ കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതികളിൽ പ്രധാനം ആഴക്കടൽ ധാതുവിഭവ ഖനനങ്ങൾക്ക്‌ സാങ്കേതികവിദ്യ വികസിപ്പിക്കലാണ്‌. മത്സ്യസമ്പത്ത്‌ ലക്ഷ്യമിട്ട്‌ ജീവശാസ്‌ത്രരംഗത്തും പര്യവേക്ഷണത്തിനും തീരുമാനമായിട്ടുണ്ട്‌. പ്രത്യക്ഷത്തിൽ ശാസ്‌ത്രപഠനമെന്ന്‌ തോന്നിപ്പിക്കുന്ന ഈ കെണിയിൽ ഒളുപ്പിച്ചു കടത്തിയ അപകടങ്ങൾ ഏറെയാണ്‌. കോടികളുടെ ജീവിതോപാധിയായ മത്സ്യബന്ധന മേഖലയിലാണ്‌ അത്‌ ആഴത്തിലുള്ള പ്രത്യാഘാതമുണ്ടാക്കുക. മത്സ്യസമ്പത്തും വിവിധയിനം മുത്തുകളും ചിപ്പികളുമെല്ലാം നേരിട്ട്‌ ചൂഷണം ചെയ്യാൻ വിദേശ വ്യവസായികൾക്കും വാണിജ്യസംരംഭങ്ങൾക്കും എല്ലാ അവസരവുമൊരുക്കുകയാണ്‌. തീർന്നില്ല, അനിയന്ത്രിതമായ കടൽവിഭവക്കൊള്ള സമുദ്രത്തിലെ ആവാസവ്യവസ്ഥ തകിടം മറിക്കുകയും ചെയ്യും. ഇത്തരം മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച്‌ കോർപറേറ്റ്‌ കടൽക്കൊള്ളയ്‌ക്ക്‌  കുടപിടിക്കുകയാണ്‌ മോഡി ഗവൺമെന്റ്‌.

ഇതിനൊപ്പം ചേർത്തുവയ്‌ക്കേണ്ടതാണ്‌ ഓർഡനൻസ്‌ ഫാക്‌ടറി ബോർഡിനെ ഏഴ്‌ കോർപറേറ്റ്‌ കമ്പനിയായി വെട്ടിമുറിക്കാനുള്ള തീരുമാനവും. യുദ്ധവേളകളിലും സാധാരണ സമയങ്ങളിലും രാജ്യത്തിന്റെ പ്രതിരോധവും പുരോഗതിയും ലക്ഷ്യമാക്കി ആയുധങ്ങളും ഉപകരണങ്ങളും നിർമിക്കുന്ന ബൃഹദ്‌ സ്ഥാപനത്തിന്റെ മേലാണ്‌ സ്വകാര്യവൽക്കരണ ഭ്രമവും ലാഭേച്ഛയും പറന്നുകളിക്കുന്നത്‌. രണ്ടര നൂറ്റാണ്ടിനടുത്ത്‌ പഴക്കമുള്ള ബോർഡിന്റെ പരിധിയിൽ 41 ഫാക്ടറിയാണുള്ളത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ്‌ പ്രതിരോധത്തിന്‌ ആവശ്യമായ  പിപിഇ കിറ്റുകൾ നിർമിച്ചുനൽകിയും ശ്രദ്ധേയമായിരുന്നു. സാമ്പത്തിക ഉത്തേജക പാക്കേജിൽ ഉൾപ്പെടുത്തി ഓർഡനൻസ്‌ ഫാക്‌ടറി ബോർഡിനെ കോർപറേറ്റ്‌ സ്ഥാപനമാക്കി മാറ്റുമെന്ന്‌ 2020ൽ പ്രഖ്യാപിക്കുകയുണ്ടായി. ആ ദിശയിലേക്കുള്ള ചുവടുകളാണ്‌ ഇപ്പോൾ വച്ചിരിക്കുന്നത്‌. ജീവനക്കാരുടെ മുന്നറിയിപ്പുകളും ബിഎംഎസ്‌ ഉൾപ്പെടെയുള്ള ഭരണാനുകൂല സംഘടനകളുടെ പണിമുടക്കാഹ്വാനവും മുഖവിലയ്‌ക്കെടുക്കാതെയാണ്‌ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആഴക്കടലും പ്രതിരോധ സ്ഥാപനങ്ങളും പോലും വാണിജ്യ വസ്‌തുവാക്കുന്ന മോഡി സർക്കാരിനെതിരെ പൗരബോധം ഉയരേണ്ട സമയമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top