26 March Sunday

നൈൽ നദിയിൽ ശവം ഒഴുകുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

നൈൽ നദിയിലൂടെ ശവങ്ങൾ ഒഴുകുകയാണെന്നാണ് സുഡാനിൽനിന്നു ലഭിക്കുന്ന ഏറ്റവും അവസാനത്തെ വാർത്തകൾ. തലസ്ഥാന നഗരിയിലെ സൈനിക ആസ്ഥാനത്തിനു മുമ്പിലുള്ള കുത്തിയിരിപ്പ് സമരക്കാരെ പിരിച്ചുവിടാൻവേണ്ടി സുഡാൻ സൈന്യം നടത്തിയ വെടിവയ‌്പിലും വേട്ടയാടലിലും മരിച്ചവരുടെ മൃതദേഹങ്ങൾ രാത്രിയുടെ മറവിൽ  ഖാർത്തൂമിലെ ബ്ലൂ നൈൽ നദിയിൽ തള്ളുകയായിരുന്നു. 2002ൽ ഡാർഫുർ പ്രവിശ്യയിൽ നടത്തിയ കൂട്ടക്കുരുതിക്ക് സമാനമായ സൈനികനടപടിയാണ് ഖാർത്തൂമിലും ആവർത്തിച്ചിട്ടുള്ളത്.  ഡാർഫുറിലെ മനുഷ്യക്കുരുതിക്ക് നേതൃത്വം നൽകിയ അർധസൈനിക വിഭാഗം തന്നെയാണ് റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) എന്ന പേരിൽ ഇപ്പോഴത്തെ കൂട്ടക്കുരുതിക്കും നേതൃത്വം നൽകിയിട്ടുള്ളത്.

  ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സുഡാനിസ് പ്രൊഫഷണൽ അസോസിയേഷന്റെ  മെഡിക്കൽ വിഭാഗമായ ഡോക്ടേഴ്സ് കമ്മിറ്റിയാണ് നാൽപ്പതോളം മൃതദേഹം നൈൽ നദിയിൽനിന്ന‌് കണ്ടെത്തിയതായി അറിയിച്ചത്. ഇതോടെ സൈനികനടപടിയിൽ നൂറിലധികം പേരെങ്കിലും കൊല്ലപ്പെട്ടെന്ന് വ്യക്തമായി. ഇരുനൂറിലധികംപേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.  അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

സിവിലിയൻ ഭരണം ആവശ്യപ്പെട്ട് സമാധാനപരമായി നടക്കുന്ന ജനകീയപ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലുന്നതിനുവേണ്ടിയാണ് സൈന്യം ജൂൺ മൂന്നിന് സമരപ്പന്തലിന് തീയിട്ടതും അവിടെ തടിച്ചുകൂടിയ ജനങ്ങൾക്കുനേരെ വെടി ഉതിർത്തതും. സമാധാനപരമായ പ്രക്ഷോഭത്തിലൂടെ 30 വർഷമായി തുടരുന്ന ഒമർ അൽ ബഷിർ സർക്കാരിനെ താഴെയിറക്കുന്നതിൽ വിജയിച്ചെങ്കിലും സിവിലിയൻ ഭരണം സ്ഥാപിക്കുന്നതിൽ ഇനിയും വിജയിച്ചിട്ടില്ല. ബഷിർ സ്ഥാനം ഒഴിഞ്ഞ ഉടൻതന്നെ പിൻഗാമിയായി ലഫ്റ്റനന്റ് ജനറൽ അഹമ്മദ് അവദ് ഇബിൻ ഔഫ‌് ചുമതലയേറ്റെങ്കിലും 24 മണിക്കൂറിനകം അദ്ദേഹത്തിനും അധികാരമൊഴിയേണ്ടിവന്നു.  തുടർന്നാണ് ട്രാൻസിഷനൽ മിലിട്ടറി കൗൺസിൽ(ടിഎംസി) ഭരണം ഏറ്റെടുത്തത്. മൂന്ന് വർഷം ഇടക്കാല സർക്കാരിന് രൂപം നൽകാനും അതിനുശേഷം തെരഞ്ഞെടുപ്പ് നടത്താനുമായിരുന്നു ടിഎംസി പ്രതിപക്ഷശക്തികളുമായി എത്തിയ ധാരണ. ഇടക്കാല സർക്കാരിന് സൈന്യവും പ്രതിപക്ഷസഖ്യവും മാറി മാറി നേതൃത്വം നൽകണമെന്നും നിശ്ചയിക്കപ്പെട്ടു. എന്നാൽ, ടിഎംസി ഏകപക്ഷീയമായി ഒമ്പതുമാസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അധികാരം കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. 

ഇതോടെ സുഡാന്റെ ഭരണം ലഫ്. ജനറൽ അബ്ദേൽ ഫത്തഹ് അൽ ബുർഹാന്റെയും ഡെപൂട്ടി ഡഗോലോവിന്റെയും കൈകളിൽ അമർന്നു. ഇതോടെ ചർച്ചയ‌്ക്കുള്ള എല്ലാ വഴികളും അടയുകയും ചെയ‌്തു. ജനകീയപ്രക്ഷോഭം വിജയിക്കാതിരിക്കാൻ സൗദി അറേബ്യയും യുഎഇയും ഈജിപ്തും സജീവമായി രംഗത്തിറങ്ങിയതും സുഡാൻ ജനതയുടെ ജനാധിപത്യ മോഹങ്ങൾക്ക് കരിനിഴൽ വീഴ‌്ത്തി.  ബുർഹാന്റെ ഈജിപ്ത്, യുഎഇ സന്ദർശനത്തിനും ഡഗോലോവിന്റെ സൗദി സന്ദർശനത്തിനുംശേഷമാണ് പ്രക്ഷോഭകർക്കുനേരെ വെടി ഉതിർക്കാൻ ടിഎംസി തയ്യാറായത്.  സൗദി സേനയ‌്ക്ക് പിന്തുണയുമായി യമനിൽ എത്തിയ സുഡാൻ സേനയ‌്ക്ക് നേതൃത്വം നൽകിയത് ബുർഹാനായിരുന്നു. സുഡാനിലെ ജനകീയപ്രതിഷേധത്തിന് പിന്നിൽ മുസ്ലിം ബ്രദർഹുഡാണെന്നും മറ്റും പ്രചരിപ്പിച്ചാണ് അതിനെ അടിച്ചമർത്താൻ സൗദിയും യുഎഇയും പട്ടാള ഭരണാധികാരികൾക്ക് 300 കോടി ഡോളർ സഹായം നൽകിയിട്ടുള്ളത്. അൽ ജസീറയുടെ ഖാർത്തും ഓഫീസ് അടപ്പിച്ചതും ഇതിന്റെ ഭാഗമാണ്. ലോകത്തിൽ ജനാധിപത്യം  ‘വളർത്താൻ' ശ്രമിക്കുന്ന അമേരിക്കയും ബ്രിട്ടനും മറ്റും തികഞ്ഞ മൗനത്തിലുമാണ്. അബദ്ധത്തിൽപോലും സുഡാനിലെ പൊരുതുന്ന ജനതയ‌്ക്ക് പിന്തുണ നൽകാൻ അവർ തയ്യാറായിട്ടില്ല.

സുഡാൻ സൈന്യത്തിനും ജനാധിപത്യഭരണം സ്ഥാപിക്കുന്നതിൽ ഒരു താൽപ്പര്യവുമില്ല. കാരണം പൊതുചെലവിന്റെ മൂന്നിൽ രണ്ടും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് സൈന്യമാണ്. അത് നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. റൊട്ടിയുടെ വിലക്കയറ്റത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത് സുഡാൻ കമ്യൂണിസ്റ്റ് പാർടിയാണെന്നതും സൗദിയുടെയും യുഎഇയുടെയും ഈജിപ്തിന്റെ ഇടപെടലിന‌് കാരണമായിട്ടുണ്ട്. അർധ സൈനിക വിഭാഗമായ ആർഎസ്എഫിന് പണവും പരിശീലനവും ഉൾപ്പെടെ നൽകി വിദേശ ശക്തികൾ (സൗദിയും യുഎഇയും മറ്റും) സുഡാനിൽ ഇടപെടുന്നത് ജനാധിപത്യപ്രക്ഷോഭത്തിന് കനത്ത ഭീഷണിയാണെന്ന് സുഡാൻ കമ്യൂണിസ്റ്റ് പാർടി അഭിപ്രായപ്പെട്ടത് ഈ സാഹചര്യത്തിലാണ്.  ഭിന്നിച്ചുനിൽക്കുന്ന എല്ലാ പ്രതിപക്ഷ ശക്തികളെയും ഒരു കുടക്കീഴിൽ അണിനിരത്തിയതും സ്ത്രീകളെയും യുവാക്കളെയും വർധിച്ച തോതിൽ പ്രക്ഷോഭത്തിൽ അണിനിരത്തിയതും കമ്യൂണിസ്റ്റ് പാർടിയായിരുന്നു.  പാർടി ജനറൽ സെക്രട്ടറി മുഹമ്മദ് മുക്താർ അൽ ഖതബ് ഉൾപ്പെടെ അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങളും 16 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇപ്പോഴും ജയിലിലാണ്. സുഡാനിലെ ഭരണവും അതിന്റെ രൂപവും സ്വഭാവവും നിശ്ചയിക്കേണ്ടത് അന്തിമമായി അവിടത്തെ ജനതയാണ്. അതിനവരെ അനുവദിക്കുകയാണ് സാർവദേശീയ സമൂഹം ചെയ്യേണ്ടത്. മറിച്ച് ജനാധിപത്യത്തിലേക്കുള്ള മാറ്റത്തെ അട്ടിമറിക്കുകയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top