19 April Friday

ഡ്രെഡ്ജിങ് കോര്‍പറേഷന്റെ സ്വകാര്യവല്‍ക്കരണവും വെങ്കിടേഷിന്റെ ആത്മഹത്യയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017


വിശാഖപട്ടണത്ത് ഡ്രെഡ്ജിങ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ് (ഡിസിഐഎല്‍) എന്ന പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇരുപത്തൊമ്പതുകാരനായ എന്‍ വെങ്കിടേഷ് ഡിസംബര്‍ നാലിന് ആത്മഹത്യചെയ്തു.  മാതാപിതാക്കള്‍ക്കും രണ്ട് സഹോദരിമാര്‍ക്കും ഏക ആശ്രയമായിരുന്ന വെങ്കിടേഷിന്റെ മരണം ആ കുടുംബത്തിന്റെ അന്നം മുട്ടിച്ചു. വെങ്കിടേഷിനെപ്പോലെ ഡിസിഐഎല്ലില്‍ ജോലിചെയ്യുന്ന 474 ജീവനക്കാരുടെയും 1035 കരാര്‍തൊഴിലാളികളുടെയും 322 ട്രെയിനികളുടെയും (ബിസിനസ് ലൈന്‍ നല്‍കിയത്) അവരുടെ കുടുംബത്തിന്റെയും അന്നം മുട്ടിക്കുന്ന തീരുമാനം യഥാര്‍ഥത്തില്‍ ഉണ്ടായത് നവംബര്‍ ഒന്നിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഡിസിഐഎല്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ മനംനൊന്താണ് ജോലിപോകുമെന്ന ഭയത്താല്‍ വെങ്കിടേഷ് ആത്മഹത്യ ചെയ്തത്. 

ഇന്ദിരാഗാന്ധിയുടെ കാലത്ത് 1976ല്‍ 28 കോടി രൂപയുമായി തുടങ്ങിയ കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ഡിസിഐഎല്‍. സ്ഥാപനത്തിന്റെ 26.53 ശതമാനം ഓഹരി നേരത്തെതന്നെ വിറ്റിരുന്നു. ഇപ്പോള്‍ ബാക്കിയുള്ള 73.47 ശതമാനം ഓഹരികളും വില്‍ക്കാനാണ് തീരുമാനിച്ചത്. തുടങ്ങിയതുമുതല്‍ ഇന്നുവരെയും ലാഭത്തില്‍മാത്രം പ്രവര്‍ത്തിച്ച പൊതുമേഖല സ്ഥാപനമെന്ന അപൂര്‍വ ബഹുമതിയും ഈ സ്ഥാപനത്തിനുണ്ട്. ഇന്ത്യയുടെ 7517 കിലോമീറ്റര്‍ നീളംവരുന്ന തീരപ്രദേശത്തിന്റെയും നാവികസേനയുടെയും സുരക്ഷിതത്വവുമായി അടുത്തബന്ധമുള്ള സ്ഥാപനംകൂടിയാണിത്. അതുകൊണ്ടായിരിക്കണം രാജ്യസ്നേഹത്തെക്കുറിച്ച് സിനിമാശാലകളില്‍പ്പോലും ജനങ്ങളെ ഓര്‍മിപ്പിക്കുന്ന മോഡിസര്‍ക്കാര്‍, ഈ പൊതുമേഖല സ്ഥാപനത്തെ സ്വകാര്യമുതലാളിമാര്‍ക്ക് കൈയൊഴിയാന്‍ തീരുമാനിച്ചത്. മൊത്തം 6000 കോടി രൂപയുടെ ആസ്തിയുള്ള ഡിസിഐഎല്ലിനെ തുച്ഛമായ 1400-1500 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. വാങ്ങുന്നത് കേന്ദ്ര ഷിപ്പിങ് മന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ മകന്‍ ഉടമസ്ഥനായ കമ്പനിയാണത്രേ. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെയും മക്കളെപ്പോലെ നിതിന്‍ ഗഡ്കരിയുടെ മകനും കേന്ദ്രഭരണത്തെ സ്വയം കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് സാരം. 

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കിടയിലും തിളങ്ങിനില്‍ക്കുന്ന സ്ഥാപനമാണ് ഡിസിഐഎല്ലെന്ന് തുറമുഖ ആധുനികവല്‍ക്കരണം സംബന്ധിച്ച 2011ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സേതുസമുദ്രം ഷിപ്പിങ് കനാല്‍ കോര്‍പറേഷന്‍ 578 കോടി രൂപയാണ് ഡിസിഐഎല്ലിന് നല്‍കാനുള്ളത്. ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് എളുപ്പത്തിലുള്ള കപ്പല്‍പ്പാത നിര്‍മിക്കുന്നതിനായിരുന്നു ഡിസിഐഎല്ലിന് കരാര്‍ നല്‍കിയത്. ഇതനുസരിച്ച് മണ്ണുമാന്തല്‍ പ്രവര്‍ത്തനം ഡിസിഐഎല്‍ ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് 'രാമസേതു' ഐതിഹ്യം ഉയര്‍ത്തി ഈ പദ്ധതിക്കെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തുവന്നത്. ഇതോടെ പുതിയ കപ്പല്‍പ്പാതനിര്‍മാണം ഉപേക്ഷിച്ചു. അവസാനം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഡിസിഐഎല്ലിന് 578 കോടിക്കുപകരം 167 കോടി രൂപ നല്‍കിയാല്‍ മതിയെന്ന് നിശ്ചയിക്കുകയും ചെയ്തു. 411 കോടി രൂപയാണ് ഈയൊരു പദ്ധതിയില്‍മാത്രം ഡിസിഐഎല്ലിന് നഷ്ടമായത്. എന്നിട്ടും 1855 കോടി രൂപയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന സ്ഥാപനമാണിത്. ഇന്ത്യയില്‍മാത്രമല്ല ബംഗ്ളാദേശ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഡിസിഐഎല്ലിന് പ്രവൃത്തി നല്‍കിയിട്ടുണ്ട്. ഇത്തരമൊരു സ്ഥാപനത്തെയാണ് മോഡി സര്‍ക്കാര്‍ ചില്ലിക്കാശിന് വില്‍ക്കുന്നത്.

ഈ മേഖലയില്‍ സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചപ്പോഴൊക്കെ പ്രവൃത്തി പൂര്‍ത്തിയാക്കാതെ പാതിവഴിക്ക് ഉപേക്ഷിച്ചുപോയ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. കൊച്ചി പോര്‍ട്ട് ട്രസ്റ്റാണ് വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ പണി സ്വകാര്യമേഖലയെ ഏല്‍പ്പിച്ചത്. എന്നാല്‍, പ്രവൃത്തി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചുപോയപ്പോള്‍ അവസാനം ഡിസിഐഎല്‍തന്നെ വേണ്ടിവന്നു ആ പണി പൂര്‍ത്തീകരിക്കാന്‍. ഡിസിഐഎല്‍ ഏറ്റെടുത്തതോടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് മണ്ണുമാന്തലിനുള്ള ചെലവില്‍ 25 ശതമാനം കുറവുമുണ്ടായി. മാത്രമല്ല, ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നപക്ഷം സമുദ്രകടത്ത് വഴിയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകും.

ഈവര്‍ഷം ഓഹരിവിറ്റഴിക്കലിലൂടെ 75,000 കോടി രൂപ നേടുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമാണ് ഡിസിഐഎല്ലിന്റെ വില്‍പ്പന. 25 വര്‍ഷംമുമ്പ് നരസിംഹറാവു- മന്‍മോഹന്‍സിങ് കൂട്ടുകെട്ട് രാജ്യത്ത് ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ആരംഭിച്ചത്. കാല്‍നൂറ്റാണ്ടിനകം 2.8 ലക്ഷം കോടി രൂപയുടെ പൊതുമേഖല ഓഹരികളാണ് വിറ്റഴിച്ചത്. ഇതില്‍ പകുതിയോളം തുകയുടെ ഓഹരി വിറ്റത് മൂന്നരവര്‍ഷക്കാലത്തെ മോഡിസര്‍ക്കാരിന്റെ കാലത്താണെന്നതാണ് വാസ്തവം. 1.24 ലക്ഷം കോടി രൂപയുടെ ഓഹരിവില്‍പ്പനയാണ് മോഡി നടത്തിയത്. മന്‍മോഹന്‍സിങ്ങിനേക്കാളും വലിയ വില്‍പ്പനക്കാരനാണ് മോഡിയെന്നര്‍ഥം. വര്‍ഗീയച്ചുവയുള്ള പ്രചാരണങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യാത്ത കാര്യങ്ങളാണിവ. വെങ്കിടേഷിന്റെ ആത്മഹത്യ വാര്‍ത്തപോലുമാകാത്തതും ഈ സാഹചര്യത്തിലാണ്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നയവും ഇതേ കഴുത്തറപ്പന്‍ നവ ഉദാരവല്‍ക്കരണനയംതന്നെയാണെന്നതും ഇതിന് കാരണമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top