03 June Saturday

ചെങ്കോട്ട ഇനി ഡാൽമിയ കോട്ട

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018


ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഒട്ടനവിധയുണ്ട്.  അതിലൊന്നാണ് തലസ്ഥാന നഗരമായ ഡൽഹിയിലെ ചെങ്കോട്ട അഥവാ ലാൽ കില. ആഗ്രയിലെ താജ്മഹലും ഡൽഹിയിലെ തന്നെ ജുമാമസ്ജിദും നിർമിച്ച മുഗൾരാജാവായ ഷജഹാൻതന്നെയാണ് ചെങ്കോട്ടയും നിർമിച്ചത്. എന്നാൽ,  ഇന്ത്യൻ ജനങ്ങളുടെ മനസ്സിലുള്ള ചെങ്കോട്ട പ്രധാനമന്ത്രിമാർ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്ന ചെങ്കോട്ടയാണ്. എല്ലാ ആഗസ്ത് 15നും രാവിലെ പ്രധാനമന്ത്രി ഇവിടെ പതാക ഉയർത്തുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും പതിവാണ്. സ്വാതന്ത്ര്യ സമരവുമായി ഈ കെട്ടിടത്തിനുള്ള ബന്ധം ഇതിൽനിന്നുതന്നെ വായിച്ചെടുക്കാം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യത്തെ സംഘടിത മുന്നേറ്റം നടന്നത് 1857ലാണ്. ഝാൻസി റാണിയും നാനാസാഹബും താന്തിയതോപ്പിയും ബീഗം ഹസ്രത്ത് മഹലും കൻവർസിങ്ങും നയിച്ച ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതാവായി അവരോധിക്കപ്പെട്ടത് അവസാനത്തെ മുഗൾ രാജവായ ബഹദൂർഷാ സഫറായിരുന്നു.   ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി ഡൽഹിയിലേക്ക് മുന്നേറിയ ഇന്ത്യൻ സൈന്യം  സ്വാതന്ത്ര്യപ്രഖ്യാപനം വായിച്ചത് ചെങ്കോട്ടയിൽവച്ചായിരുന്നു.  അവസാനം ബഹദർൂഷയെ ബ്രിട്ടീഷുകാർ വിചാരണ ചെയ്തതും ഇവിടെവച്ചുതന്നെ.  മുഗൾ അധികാരത്തിന്റെ കേന്ദ്രം മാത്രമല്ല ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന കേന്ദ്രംകൂടിയായിരുന്നു ചെങ്കോട്ടയെന്നർഥം.

എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസും അവരാൽ നയിക്കപ്പെടുന്ന ബിജെപി സർക്കാരുമാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്.  രാഷ്ട്രപിതാവിനുനേരെപ്പോലും നിറയൊഴിക്കുകയും അതിൽ അഭിമാനംകൊള്ളുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തുന്നവരാണ് അധികാരത്തിലുള്ളത്. അതുകൊണ്ടുതന്നെ ചെങ്കോട്ട വിൽക്കാൻ അവർക്ക്  ഒരു മടിയും ഉണ്ടായില്ല. ഒരു മുസ്ലിം രാജാവ് നിർമിച്ച കെട്ടിടംമാത്രമാണ് അവർക്ക്  ചെങ്കോട്ട. പിന്നെ അത് വിൽക്കുന്നതിന് എന്തിന് മടിക്കണം. 25 കോടി രൂപയ‌്ക്ക് അഞ്ച് വർഷത്തേക്കാണ് ചെങ്കോട്ട ഡാൽമിയ കമ്പനിക്ക് നൽകിയത്.  ഇനി ചെങ്കോട്ട കാണണമെങ്കിൽ ഡാൽമിയ നിശ്ചയിക്കുന്ന പണം നൽകേണ്ടി വരും. ഇന്നത്തേതിനേക്കാൾ ഇരട്ടി പണം നൽകിയാലേ ഈ ചരിത്ര സ്മാരകം ഇനി കാണാനാകൂ. അതുപോലെതന്നെ ലൈറ്റ് ആൻഡ‌് സൗണ്ട് ഷോ കാണണമെങ്കിലും ഡാൽമിയക്ക് കൂടുതൽ കാശ് നൽകണം. 

ഡാൽമിയക്കു കീഴിൽ ഈ കെട്ടിടം എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം, ഡാൽമിയ കമ്പനിയുടെ ഉടമ വിഷ്ണു ഹരി ഡാൽമിയ ആണ്. വിശ്വഹിന്ദു പരിഷത്തിന്റെ മുൻ ഇന്റർനാഷണൽ പ്രസിഡന്റ്. നിലവിൽ വിഎച്ച്പിയുടെ ഉപദേശകൻ. അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്ത കേസിലെ പ്രതികൂടിയാണ‌് ഇയാൾ. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത മസ്ജിദ് തകർക്കണമെന്ന് ആവശ്യപ്പെട്ട് കലാപാഹാന്വം നടത്തിയ വ്യക്തികൂടിയാണ് ഈ വൻ വ്യവസായി. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യവസായിയുടെ കൈകളിലാണ് ചെങ്കോട്ട ഏൽപ്പിക്കുന്നത്. 

ഇത് ഒരു തുടക്കംമാത്രമാണ്. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനായി നൽകുന്ന 'അവിശ്വസനീയ ഇന്ത്യ' എന്ന പരസ്യത്തിൽ പറയുന്നത് ഇന്ത്യയിൽ 3686 പുരാവസ്തുകേന്ദ്രവും 36 ലോക പൈതൃകകേന്ദ്രവും 116 പുരാവസ്തു സ്മാരകവും ഉണ്ടെന്നാണ്. ഇതിൽ ലോക പൈതൃകകേന്ദ്രത്തിൽപ്പെട്ട ചെങ്കോട്ടയാണ് ഇപ്പോൾ സ്വകാര്യമേഖലയ‌്ക്ക് കൈമാറിയിട്ടുള്ളത്. കോർപറേറ്റ് മുതലാളിത്തത്തിന്റെ ലാഭക്കണ്ണുകൾ നമ്മുടെ ചരിത്രസ്മാരകങ്ങളെയും തേടിയെത്തിയിരിക്കുന്നു.  അതിൽ വിലപിടിപ്പുള്ളതെന്തും കടത്താനുള്ള ഒരവസരംകൂടി ഈ നടത്തിപ്പുകാർക്ക് ലഭിച്ചിരിക്കുന്നുവെന്നർഥം. കൊള്ളലാഭം കിട്ടിയാൽ ഏത് ചരിത്രസ്മാരകവും അപ്രത്യക്ഷമാകും. കോർപറേറ്റുകളുടെ സാമൂഹ്യബാധ്യത ലാഭം വർധിപ്പിക്കലല്ലാതെ മറ്റൊന്നുമല്ലെന്നു പറഞ്ഞത് തോമസ് എൽ ഫ്രീഡ്മാനാണ്. ചരിത്ര സംരക്ഷണമല്ല ലാഭമാണ് കോർപറേറ്റുകളെ നയിക്കുന്നതെന്നർഥം.  'പാരമ്പര്യത്തെ സ്വീകരിക്കുക' എന്ന മോഡി സർക്കാരിന്റെ പദ്ധതിയുടെ കീഴിലാണ് ഈ വിൽപ്പന നടന്നിട്ടുള്ളത്. കഴിഞ്ഞവർഷം വിനോദസഞ്ചാര ദിനത്തിൽ രാഷ്ട്രപതി രംനാഥ് കോവിന്ദാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയിൽനിന്ന‌് സർക്കാർ പിന്മാറുകയാണെന്നർഥം. സ്മാരകങ്ങളും ചരിത്രവസ്തുതകളും മാത്രമല്ല ചരിത്രത്തെതന്നെ നശിപ്പിച്ച് പുതുചരിത്രം  മെനയാനുള്ള പടപ്പുറപ്പാടിലാണ് ഹിന്ദുത്വരാഷ്ട്രവാദികൾ.  നാം നേഞ്ചേറ്റി സൂക്ഷിക്കുന പല സ്മാരകങ്ങളും വരുംദിവസങ്ങളിൽ സ്വകാര്യ ഹസ്തങ്ങളിലേക്ക് മാറിയേക്കാം. പാർലമെന്റ് മന്ദിരം ഉൾപ്പെടെ. ഈ നീക്കം ചെറുക്കപ്പെടേണ്ടതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top