27 April Saturday

ദളിതരുടെ ശത്രുക്കളാര്?

വെബ് ഡെസ്‌ക്‌Updated: Wednesday Apr 11, 2018


പട്ടികവിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമംതടയൽ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തെ തുടർന്നുണ്ടായ പൊട്ടിത്തെറി സവിശേഷമായ സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഈ നിയമപ്രകാരമുള്ള പരാതികൾ കൈകാര്യംചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരായ കേസിൽ ഉടനടി അറസ്റ്റ് പാടില്ലെന്നാണ്  ഉത്തരവ്. കേസ് കൈകാര്യംചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥന് എതിരായ  നടപടി റദ്ദാക്കിയ ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ആരോപണവിധേയർ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ അറസ്റ്റുചെയ്യുംമുമ്പ്  നിയമന അധികാരിയുടെ അനുമതി വാങ്ങണം. സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസിന്റെ രേഖാമൂലം അനുമതി വേണം. ഇത്തരം കേസുകളിൽ കസ്റ്റഡി കാലാവധി നീട്ടണമോയെന്ന വിഷയത്തിൽ ബന്ധപ്പെട്ട മജിസ്ട്രേട്ടുമാർ തീരുമാനം എടുക്കണം. അതിക്രമംതടയൽ നിയമപ്രകാരം മുൻകൂർജാമ്യം അനുവദിക്കാൻപാടില്ലെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കണ്ടെത്തിയാൽ മുൻകൂർജാമ്യം അനുവദിക്കാം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി ആരോപണങ്ങൾ വ്യാജമോ പരപ്രേരണയുടെ അടിസ്ഥാനത്തിൽ ഉള്ളതോ അല്ലെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശം പറയുന്നു. 

ദളിതർക്ക് ലഭിച്ചുവരുന്ന നിയമപരമായ പരിരക്ഷപോലും ദുർബലമാക്കുന്നതാണ് ഈ മാർഗനിർദേശമെന്ന ശക്തമായ പരാതിയാണ് ഉയർന്നത്. കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ ഉടൻ പുനരവലോകന ഹർജി നൽകണമെന്നും രാഷ്ട്രീയപാർടികളും ദളിത്സംഘടനകളും ആവശ്യപ്പെട്ടു. മാർച്ച് 20ന് കോടതി ഉത്തരവ് വന്നശേഷം രണ്ടാഴ്ചയോളം കേന്ദ്രം മൗനം പാലിച്ചു.  തുടർന്ന് ദളിത് സംഘടനകൾ ആഹ്വാനംചെയ്ത ഭാരത് ബന്ദിനെ അടിച്ചമർത്താൻ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകൾ പൊലീസിനെ ഉപയോഗിച്ചു. പൊലീസ് വെടിവയ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ ദളിതരെ വെടിവച്ചുവീഴ്ത്താൻ പൊലീസിനോടൊപ്പം മേൽജാതിക്കാരും കൂടി. ഇതിനൊക്കെശേഷമാണ് പുനരവലോകന ഹർജിയുമായി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.   ഉത്തരവ് സ്റ്റേചെയ്യാൻ കോടതി തയ്യാറായില്ല.

രാജ്യത്ത് ഓരോ 15 മിനിറ്റിലും ദളിതർക്കുനേരെ ആക്രമണം നടക്കുന്നുവെന്നാണ് ദേശീയ ക്രൈം റെേക്കാഡ്സ് ബ്യൂറോയുടെ കണക്ക്. ദിവസം ആറ് ദളിത് സ്ത്രീകൾ ബലാത്സംഗംചെയ്യപ്പെടുന്നു. 10 വർഷം മുമ്പ്, ഓരോദിവസവും മൂന്ന് ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരകളായിരുന്നത്. ജനസംഖ്യയിൽ ആറുശതമാനംമാത്രം ദളിതരുള്ള രാജസ്ഥാനിലാണ് ദളിതർക്കെതിരെയുള്ള ആക്രമണങ്ങളിൽ 17 ശതമാനവും. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ദളിത് വിരുദ്ധ ആക്രമണങ്ങൾ ഉയർന്ന നിരക്കിലാണ്. ബിഹാറിൽ ഓരോ അഞ്ച് കുറ്റകൃത്യത്തിലും രണ്ടെണ്ണം  ദളിതർക്കുനേരെ.   2016ൽ ദളിതർക്കെതിരായ ആക്രമണങ്ങൾ സംബന്ധിച്ച് 10,426 കേസാണ് യുപിയിൽ രജിസ്റ്റർ ചെയ്തത്, രാജ്യത്ത് മൊത്തം രജിസ്റ്റർ ചെയ്ത കേസിന്റെ 26 ശതമാനം. നഗരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കു നോക്കുമ്പോൾ ദളിതർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് ലഖ്നൗവിൽ, 262 എണ്ണം. 2017 മെയ് അഞ്ചിന്  സഹാറൻപുരിൽ സംഘപരിവാർ നേതാക്കളുടെ ഒത്താശയിൽ നടന്ന ആക്രമണത്തിൽ ദളിതരുടെ അമ്പതോളം വീടുകൾ കത്തിച്ചു. ഇതിനെ ചെറുക്കാൻ രൂപീകരിച്ച ദളിത് സംഘടനാനേതാക്കളെ കേസിൽ കുടുക്കി ജയിലിൽ അടച്ചു.

ജാർഖണ്ഡിൽ 2016ൽ പൊലീസിന്റെ നിറതോക്കിനുമുന്നിൽ പിടഞ്ഞുവീണത് എട്ട് ആദിവാസിജീവനുകൾ. ഹസാരിബാഗ്, ഗോല, ഖുന്തി എന്നിവിടങ്ങളിലായി നടന്ന മൂന്ന് വെടിവയ്പുകളിലാണ് ഇത്രയുംപേർ കൊല്ലപ്പെട്ടത്. സ്വന്തം മണ്ണ് രക്ഷിക്കാൻ നടത്തിയ പോരാട്ടങ്ങളിലാണ് ഇവർ രക്തസാക്ഷികളായത്.  ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനെന്നപേരിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. ഇവിടത്തെ 3.29 കോടി ജനസംഖ്യയിൽ 26.2 ശതമാനവും ആദിവാസികളാണ്. രാജ്യത്ത് ആദിവാസികൾ ഏറ്റവും കൂടുതൽ ദുരിതവും കടന്നാക്രമണങ്ങളും നേരിടുന്നതും ഈ സംസ്ഥാനത്താണ്. ഗുജറാത്തിലും ദളിതരുടെ ഭൂമി തട്ടിയെടുത്ത് കോർപറേറ്റുകൾക്ക് ദാനംചെയ്യുകയാണ്. ഇതിനെ ചെറുക്കാൻ ശ്രമിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബിജെപി  സർക്കാർ വേട്ടയാടുന്നു.

ഈ സാഹചര്യത്തിലാണ് ദളിത് അവകാശസംരക്ഷണത്തിന് രാജ്യത്താകെ പ്രക്ഷോഭം  പടർന്നത്. രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിജെപി സർക്കാർ തുടരുന്ന ദളിത് അക്രമങ്ങളിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്ഭവനിലേക്കും എല്ലാ ജില്ലകളിലെയും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും സിപിഐ എം ബഹുജന മാർച്ച് നടത്തിയതിന്റെയും  തുടർപ്രക്ഷോഭത്തിനൊരുങ്ങുന്നത്തിന്റെയും പശ്ചാത്തലം ഇതുതന്നെയാണ്.   

ദളിത് പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം 12 പേർ കൊല്ലപ്പെട്ടു. സവർണ ഹിന്ദുത്വസംഘടനകൾക്ക് ദളിതുകളെ എപ്പോഴും അക്രമിക്കാമെന്ന അവസ്ഥയാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ ഇപ്പോൾ നടക്കുന്ന ദളിത് വേട്ടയ്ക്ക് ശക്തിപകരും സുപ്രീംകോടതി വിധി. ഇത് പുനഃപരിശോധിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയ്യാറായിട്ടുമില്ല. സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറൽ മിണ്ടിയില്ല. തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡനനിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കി ഉത്തരവിറക്കിയത്. 

ദളിത് വിഭാഗത്തിന്റെ മാത്രമല്ല, ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന, സമത്വം ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിന്റെതന്നെ വിഷയമാണിത്; രാജ്യത്തിന്റെ പൊതു പ്രശ്നം. ഇതിൽ വ്യക്തമായ നിലപാടെടുക്കുന്ന പ്രസ്ഥാനം എന്ന നിലയിലാണ്, സിപിഐ എം പ്രക്ഷോഭരംഗത്തു വന്നത്. എന്നാൽ, കാപട്യപൂർണമായ സമീപനമാണ് ഇക്കാര്യത്തിൽ ബിജെപി ഇവിടെയും കൈക്കൊണ്ടത്.

ഏതാനും ദളിത് സംഘടനകൾ കഴിഞ്ഞദിവസം നടത്തിയ ഹർത്താൽ പൊളിക്കാനും അതിനെ അധിക്ഷേപിക്കാനും സംഘപരിവാർ കൂട്ടത്തോടെ രംഗത്തിറങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാകട്ടെ, ഹർത്താലിന്റെ യഥാർഥലക്ഷ്യം മറച്ചുപിടിച്ച് അത് സംസ്ഥാന സർക്കാരിനെതിരെയാണ് എന്ന് പരിഹാസപൂർവമായ നിലപാടാണ് എടുത്തത്. ആ വഴിക്കുതന്നെ പ്രചാരണം വഴിതിരിച്ചു വിടാൻ വി എം സുധീരനെപ്പോലുള്ള കോൺഗ്രസ് നേതാക്കളും ശ്രമിച്ചു. അടിച്ചമർത്തുന്ന ദളിത് വിഭാഗങ്ങളുടെ പ്രതിഷേധം ബിജെപിയും കോൺഗ്രസും ഒരുപോലെ ഭയപ്പെടുന്നു. 

ഹൈദരാബാദ് സർവകലാശാലയിൽ   രോഹിത് വെമുല ജീവനൊടുക്കിയതുമുതൽ അംബേദ്കർ പ്രതിമകൾ തകർത്തതും അംബേദ്കറെ കാവിയുടുപ്പിച്ചതുംവരെയുള്ള സംഭവങ്ങളിൽ ബിജെപിയുടെ ദളിത് വിരുദ്ധ മുഖമാണ് തെളിയുന്നത്. അതേസമയംകോൺഗ്രസ് ഒരുഘട്ടത്തിലും ദളിതരോട് നീതി കാട്ടിയിട്ടില്ല.

ആ പാർടികൾ അല്ല,  തൊഴിലാളിവർഗ പ്രസ്ഥാനമാണ്, സിപിഐ എമ്മാണ് ദളിതരുടെയും അടിച്ചമർത്തപ്പെടുന്ന സകലരുടെയും കണ്ണീരൊപ്പാനും അവകാശസംരക്ഷണത്തിനും മുന്നിലുണ്ടാകുക എന്ന യാഥാർഥ്യമാണ് ചൊവ്വാഴ്ച കേരളത്തിലെമ്പാടും നടന്ന പ്രതിഷേധപരിപാടിയിൽ പ്രതിഫലിച്ചത്. ഈ പോരാട്ടം തുടരേണ്ടതുണ്ട്. അതിനോടൊപ്പം ഇന്നാട്ടിലെ മുഴുവൻ ജനവിഭാഗങ്ങളും അണിചേരേണ്ടതുമുണ്ട്. അതിലൂടെയാണ് സമത്വം, തുല്യനീതി, തുല്യ അവകാശം എനീ മഹനീയ സങ്കൽപ്പങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുക

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top