19 April Friday

മഹാരാഷ്ട്രയിലെ ദളിത് വേട്ടയും ചെറുത്തുനില്‍പ്പും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


മഹാരാഷ്ട്ര കത്തുകയാണ്. രാജ്യത്താകെ ദളിതര്‍ക്കെതിരെ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ നടത്തിവന്ന സംഘപരിവാറിന്റെ സഹോദരശക്തികള്‍ ഇവിടെ സംഘടിത ആക്രമണംതന്നെ നടത്തുകയായിരുന്നു. ദളിത് വേട്ടയുടെ പുതിയൊരു പോര്‍മുഖം തുറക്കുകയാണ് അവര്‍ ഇവിടെ. മുംബൈ നഗരംതന്നെ സ്തംഭിപ്പിക്കുന്ന കലാപമായി അക്രമം മാറി. എന്നാല്‍, അധികാരത്തിന്റെ ഹുങ്കില്‍ ദളിതര്‍ക്കുമേല്‍ കുതിരകയറുന്ന ഹിന്ദുത്വശക്തികള്‍ കടുത്ത ചെറുത്തുനില്‍പ്പ് നേരിടുന്നുമുണ്ട്്. അക്രമത്തിനെതിരെ ബന്ദാചരിച്ച് മഹാരാഷ്ട്ര പ്രതികരിക്കുകയാണ്.

കൊറേഗാവ് യുദ്ധം മഹാരാഷ്ട്രയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ദളിതന് ജീവിക്കാന്‍ കരുത്തുനല്‍കുന്ന ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ടുതന്നെ ആ യുദ്ധവിജയവാര്‍ഷികം തീവ്രവികാരത്തോടെയാണ് അവര്‍ ആചരിക്കാറ്. ബ്രിട്ടീഷ് സേനയ്ക്കുവേണ്ടി പോരാടി വിജയിച്ചതിന്റെ വാര്‍ഷികമാണെങ്കിലും ആ വിജയം നൂറ്റാണ്ടുകളായി തങ്ങളെ അടിച്ചമര്‍ത്തി കാല്‍ക്കീഴിലാക്കിയ സവര്‍ണമേധാവികളുടെ സൈന്യത്തിനെതിരെ ആയിരുന്നു എന്നതാണ് ഇന്നും അവരെ ആവേശം കൊള്ളിക്കുന്നത്. മറാത്ത സാമ്രാജ്യത്തിന്റെ പ്രതിനിധികളായിരുന്ന ബ്രാഹ്മണരായ പേഷ്വാമാര്‍ക്കെതിരെ ബ്രിട്ടീഷ് സേനയുടെ ഭാഗമായിരുന്ന ദളിത് സൈനികര്‍ വിജയം നേടിയതാണ് കൊറേഗാവ് യുദ്ധത്തിന്റെ ചരിത്രപ്രാധാന്യം. നൂറ്റാണ്ടുകളായി തങ്ങളെ കീടങ്ങളായി ചവിട്ടിയരച്ച ബ്രാഹ്മണ മേധാവികളുടെ സേനയോടാണ് ദളിതര്‍ ഏറ്റുമുട്ടിയത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അന്ന് കാലുറപ്പിച്ചിട്ടില്ല. അവരുടെതന്നെ ആദ്യ സൈനികപോരാട്ടങ്ങളിലൊന്ന്.

ഭീകരമായിരുന്നു അക്കാലത്തെ ജാതിപീഡനം. ദളിതുകള്‍ കഴുത്തില്‍ ഒരു കലം കെട്ടിത്തൂക്കി നടക്കേണ്ടിയിരുന്നു. ആ കലത്തില്‍ ചൂലും തുപ്പല്‍ക്കോളാമ്പിയും കരുതണം. തുപ്പാനിടയായാല്‍ അതില്‍ തുപ്പണം. ഭൂമിയില്‍ കാല്‍പ്പാട് പതിഞ്ഞാല്‍ കഴുത്തില്‍ തൂക്കിയ കലത്തിലെ ചൂലെടുത്ത് അത് തൂത്തുമാറ്റണം. പാദംപോലും ഭൂമിയില്‍ പതിപ്പിക്കാന്‍ അര്‍ഹതയില്ലാത്തവരായി ദളിതരെ കരുതിയവര്‍ എവിടുന്നോ വന്ന ബ്രിട്ടീഷ് കമ്പനിയേക്കാള്‍ നേര്‍ശത്രുക്കള്‍തന്നെയായിരുന്നു ദളിതര്‍ക്ക്. കൊറേഗാവ് യുദ്ധം അവര്‍ക്ക് മനുഷ്യന്‍ എന്ന സ്വത്വം വീണ്ടെടുത്ത് നല്‍കുകയായിരുന്നു. അവരുടെ ജീവിതത്തിന് അര്‍ഥം പകരുകയായിരുന്നു.

28,000 വരുന്ന പേഷ്വാ സൈന്യത്തോട് പോരാടിയത് വെറും 834 പേര്‍ വരുന്നവരായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു കീഴിലെ നാട്ടുസൈന്യ (നേറ്റീവ് ഇന്‍ഫന്‍ട്രി)ത്തിന്റെ ഭാഗമായിരുന്ന മഹറുകളായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഇവരില്‍ കുറെപ്പേര്‍, ദളിതരായതിനാല്‍ പേഷ്വാ സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരുമായിരുന്നു. ഇവരുടെ ധീരോദാത്ത പോരാട്ടം കാല്‍ലക്ഷംവരുന്ന പേഷ്വാ സൈന്യത്തിന് വന്‍ ആള്‍നാശം വരുത്തി. പേഷ്വാ സൈന്യത്തെ അവര്‍ പൂര്‍ണമായി പുണെയില്‍നിന്ന് തുരത്തിയതായി ബോംബെ പ്രസിഡന്‍സി ഗസറ്റിയര്‍ രേഖകള്‍ പറയുന്നു. കൊറേഗാവ് യുദ്ധം പുണെ പിടിക്കാനുള്ള പേഷ്വാമാരുടെ ശ്രമത്തിനും ഒപ്പം പേഷ്വാഭരണത്തിനും അന്ത്യംകുറിക്കുകയായിരുന്നു.

കൊറേഗാവില്‍ ബ്രിട്ടീഷുകാര്‍തന്നെ ഉയര്‍ത്തിയ സ്മാരകസ്തൂപത്തില്‍ യുദ്ധത്തില്‍ മരിച്ച പോരാളികളുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. അവരില്‍ ഭൂരിപക്ഷവും മഹര്‍ വിഭാഗത്തില്‍പ്പെട്ട ദളിതരാണ്. മഹറുകള്‍ പേരിന് അവസാനം ഉപയോഗിക്കുന്ന 'നാക്' എന്ന വാക്ക് ഇവരില്‍ മിക്കവരുടെയും പേരിന് അവസാനമുണ്ട്.

ബ്രിട്ടീഷുകാര്‍ക്കുവേണ്ടിയുള്ള വെറും ഒരു യുദ്ധവിജയത്തിനപ്പുറമാണ് കൊറേഗാവ് വിജയം എന്ന് ആദ്യം സ്ഥാപിച്ചുറപ്പിച്ചത് ഡോ. ബി ആര്‍ അംബേദ്കറാണ്. 1927 ജനുവരി ഒന്നിനാണ് അദ്ദേഹം ആദ്യം അവിടെ സന്ദര്‍ശിക്കുന്നത്. പിന്നീട് എല്ലാവര്‍ഷവും ജനുവരി ഒന്നിന് കൊറേഗാവ് വിജയസ്തൂപം സന്ദര്‍ശിക്കുക പതിവായി. പേഷ്വാ സൈന്യത്തിനെതിരെ നേടിയ വിജയം അഭിമാനകരമായിത്തന്നെ അദ്ദേഹം കരുതി. 'മഹര്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. മഹര്‍ ധീരന്മാരുടെ ജാതിയാണ്'- 1941ല്‍ ഒരു കൊറേഗാവ്  പോരാട്ട അനുസ്മരണ പ്രസംഗത്തില്‍ അംബേദ്കര്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിജ്ഞകള്‍ക്കും ഈ വിജയസ്തൂപം സാക്ഷ്യമായി. ബിജെപി- ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ശക്തിപ്രാപിച്ച 1990 ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത്തരത്തിലൊരു രാഷ്ട്രീയനീക്കത്തിന് തുടക്കമായതും ഇവിടെനിന്നായിരുന്നു. ബിജെപി- ശിവസേന സഖ്യത്തിന് മഹാരാഷ്ട്രയില്‍ അന്ത്യം കുറിക്കുമെന്ന് അന്നത്തെ യുണൈറ്റഡ് റിപ്പബ്ളിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യയുടെ നേതാക്കള്‍ പ്രതിജ്ഞയെടുത്തത് ഇവിടെയാണ്.

എല്ലാവര്‍ഷവും ജനുവരി ഒന്നിന് ഇവിടെ ആചരണം നടക്കാറുണ്ട്. ഇക്കുറി യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികമാകുമ്പോള്‍ കൂടുതല്‍ ആവേശത്തോടെയും ആത്മാഭിമാനത്തോടെയും ദളിതര്‍ ഒത്തുകൂടി. ഈ ആവേശവും ആത്മവിശ്വാസവും തങ്ങളുടെ ഹിന്ദുത്വ അജന്‍ഡയ്ക്ക് ഇന്നല്ലെങ്കില്‍ നാളെ തിരിച്ചടി നല്‍കും എന്ന തിരിച്ചറിവില്‍തന്നെയാണ് ഹിന്ദുത്വശക്തികള്‍ ഈ ദിനത്തില്‍ ആക്രമണത്തിന് ഇറങ്ങിയത്. അടുത്തൊരു ഗ്രാമത്തില്‍ സ്ഥാപിച്ച ഒരു മഹര്‍ പോരാളിയുടെ ശവകുടീരം തകര്‍ത്ത് തുടങ്ങിയ അക്രമം പിന്നെ മഹാരാഷ്ട്രയിലാകെ വ്യാപിച്ചു.

കൂട്ടത്തോടെയും സംഘടിതമായും ദളിതരെയും അവരുടെ ഏത് സ്വാഭിമാന നീക്കങ്ങളെയും അടിച്ചമര്‍ത്തും എന്നുതന്നെയാണ് സംഘപരിവാര്‍ പ്രഖ്യാപിക്കുന്നത്. പുരോഗമനശക്തികള്‍ ഇത് തിരിച്ചറിയുന്നുണ്ട്. ദളിത് വേട്ടയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ആചരിച്ച ബന്ദിന് മഹാരാഷ്ട്രയിലെ ഇടതുപക്ഷ പാര്‍ടികളുടെ സഖ്യം പിന്തുണ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റിയും ബന്ദിനെ പിന്തുണച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top