13 April Saturday

ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019


ഭരണഘടനയോടും അതിലടങ്ങിയ മൂല്യങ്ങളോടും മാത്രമായിരിക്കും പുതിയ സർക്കാരിന്റെ വിധേയത്വമെന്നാണ് രണ്ടാംമൂഴം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. സർക്കാരിനെ പിന്തുണച്ചവർക്കുവേണ്ടി മാത്രമായിരിക്കില്ല സർക്കാരിനെ പിന്തുണയ‌്ക്കാത്തവർക്കുവേണ്ടി കൂടിയായിരിക്കും ഭരണമെന്നും നരേന്ദ്ര മോഡി പറഞ്ഞു. എന്നാൽ, രാജ്യത്തു നടക്കുന്ന കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകൾക്ക് നേർവിപരീതമായ കാര്യങ്ങളാണ് എന്ന് പറയാതിരിക്കാനാവില്ല. പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ കക്ഷിക്ക് വൻഭൂരിപക്ഷം ലഭിച്ച മധ്യപ്രദേശിൽനിന്നും ഉത്തർപ്രദേശിൽനിന്നും ഗുജറാത്തിൽനിന്നും വരുന്ന വാർത്തകൾ ഒട്ടും പ്രതീക്ഷ ഉണർത്തുന്നതല്ല.  കഴിഞ്ഞവർഷത്തെ മോഡി ഭരണകാലത്തേതുപോലെ തന്നെ ദളിതരും ന്യൂനപക്ഷങ്ങളും വ്യാപകമായ തോതിൽ സംഘപരിവാർ ആക്രമണത്തിനു വിധേയരാകുന്ന കാഴ‌്ചയാണ‌് കാണാനാകുന്നത്. 

ലോക‌്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പാണ് മധ്യപ്രദേശിലെ സിയോണിയിൽ ഓട്ടോറിക്ഷയിൽ ബീഫ് കൊണ്ടുപോകുകയാണെന്ന് സംശയിച്ച് ‘ഗോസംരക്ഷക' വേഷമണിഞ്ഞ സംഘപരിവാറുകാർ രണ്ടു യുവാക്കളെയും ഒരു സ്ത്രീയെയും മർദിച്ചത്. ഗുജറാത്തിലെ ഉനയിലുണ്ടായ ദളിത് പീഡനത്തിന് സമാനരീതിയിലുള്ള ആക്രമണമാണ് സിയോണിയിലും നടന്നത്. യുവാക്കളെ മരത്തിൽ കെട്ടിയിട്ട് മാറിമാറി വടികൊണ്ട് മർദിക്കുകയായിരുന്നു. ജയ് ശ്രീറാം വിളിക്കാൻ അക്രമികൾ നിർബന്ധിക്കുകയും ചെയ‌്തു.  എന്നാൽ, ഏറെ രസകരമായ കാര്യം അക്രമികളായ അഞ്ചുപേർക്കൊപ്പം ആക്രമണത്തിനു വിധേയരായ മൂന്നുപേരെയും കമൽനാഥ് സർക്കാർ അറസ്റ്റുചെയ‌്തുവെന്നതാണ്. 
പശ്ചിമ ഉത്തർപ്രദേശിലെ ബിജ്നോറിലെ ബസവൻപുർ ഗ്രാമത്തിൽ അംബേദ്കറുടെ പ്രതിമ സംഘപരിവാറുകാർ തകർത്തു. മണ്ഡലത്തിൽ ബിഎസ‌്പിയുടെ സ്ഥാനാർഥി വിജയിച്ചതിലുള്ള അമർഷമാണ് പ്രതിമ തകർക്കുന്നതിൽ കലാശിച്ചത്.  

പ്രധാനമന്ത്രി മോഡിയുടെ നാടായ ഗുജറാത്തിലും ദളിത് ദമ്പതികൾക്കെതിരെ സംഘടിതമായ ആക്രമണംതന്നെ അരങ്ങേറി. വഡോദര ജില്ലയിലെ പദ്ര താലൂക്കിലുള്ള മഹുവാദ് ഗ്രാമത്തിലെ ക്ഷേത്രം ദളിത് വിവാഹത്തിനായി സർക്കാർ തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രവീൺ മക്വാന ഇട്ട ഫെയ‌്സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഈ ആക്രമണം അരങ്ങേറിയത്. സർവജൻ ട്രസ്റ്റ് അടുത്തയിടെ നടത്തിയ ഒരു പഠനത്തിൽ ഗുജറാത്തിലെ 90 ശതമാനം ക്ഷേത്രങ്ങളിലും ഇന്നും ദളിതരെ പ്രവേശിപ്പിക്കുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി. അതിന്റെ ഭാഗമാണ് ഈ സംഭവവും. പ്രവീൺ മക്വാനയുടെ ഭാര്യ താരുലത ബെൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെയൊന്നും അറസ്റ്റുചെയ‌്തിട്ടില്ല. ഗുജറാത്തിൽ ഒരു പരമ്പര പോലെ ദളിത് വിവാഹാഘോഷങ്ങൾ സംഘപരിവാറുകാർ തടയുകയാണ‌് ഇപ്പോൾ. 2016ലെ ഉന, 2018ലെ ഭീമ കൊറേഗാവ് സംഭവങ്ങൾക്കുശേഷം ദളിത് സമൂഹത്തിൽ ഉണ്ടായ പുത്തനുണർവിന്റെ ഭാഗമായി ഒരു മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ത്വര ഗുജറാത്തിലെ ദളിതർക്കിടയിലും ദൃശ്യമാണ്. വിദ്യാഭ്യാസവും വരുമാനവും ആർജിച്ച ദളിത‌് യുവാക്കൾ ജാതി പാരമ്പര്യത്തിന്റെ ഭാഗമായുള്ള അടിമത്തം അംഗീകരിക്കാൻ തയ്യാറല്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെങ്ങും ഇപ്പോൾ നടക്കുന്ന ഈ വിവാഹഘോഷയാത്രകൾ. ഇതിനെതിരെയാണ് സവർണരായ പട്ടേലുകളും താക്കോറുകളും വൻതോതിൽ ആക്രമണം അഴിച്ചുവിടുന്നത്. ബിജെപിയുടെ മാതൃകാ സംസ്ഥാനത്ത് ദളിതരെ മനുഷ്യരാകാൻ അനുവദിക്കാതെ സവർണ ജാതിക്കാർ നിയമം കൈയിലെടുത്ത്‌ ദളിതരെ മർദിച്ച് ഒതുക്കുന്ന കാഴ‌്ചയാണ‌്  കാണാനാകുന്നത്. സർക്കാരാകട്ടെ ഇവിടെ മൗനത്തിലാണ്. 

മോഡിയുടെ ഗുജറാത്തിലെ സ്ഥിതിയാണിത്. രാജ്യത്ത് വ്യാപകമാകുന്ന ഇത്തരം ദളിത്–-ന്യൂനപക്ഷ പീഡനങ്ങൾ മറച്ചുവയ‌്ക്കാനാണ് ഇന്ത്യൻ ഭരണഘടനയ‌്ക്കു മുമ്പിൽ വണങ്ങിനിൽക്കാൻ മോഡി തയ്യാറാകുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മോഡി ഭരണത്തിന്റെ ചെയ‌്തികളെല്ലാം തന്നെ ഭരണഘടനയെ തകർക്കുക ലക്ഷ്യമിട്ടായിരുന്നു. ഗാന്ധിജിയെ വണങ്ങാനെന്ന മട്ടിൽ കുനിഞ്ഞ നാഥുറാം ഗോഡ്സെയാണ് ആ മഹാത്മാവിനു നേരെ നിറയൊഴിച്ചതെന്ന കാര്യം മറന്നുപോകരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top