23 April Tuesday

‘ഹാഥ്‌രസ്‌ ’ചോദിക്കുന്നു ഇന്ത്യ ആരുടേതാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


ഉത്തർപ്രദേശിലെ ഹത്രാസിൽ മേൽജാതിക്കാർ ബലാൽസംഗം ചെയ്‌തും ക്രൂരപീഡനങ്ങൾക്ക്‌ ഇരയാക്കിയും കൊലപ്പെടുത്തിയ പത്തൊമ്പതുകാരിയായ ദളിത്‌ പെൺകുട്ടി രാജ്യത്തിന്റെ മനഃസാക്ഷിക്കുമുന്നിൽ നടുക്കുന്ന ചോദ്യമായി നിൽക്കുകയാണ്‌. മനുഷ്യത്വം മരവിച്ച അക്രമികൾക്കു മുന്നിൽ ജീവിതം ബലിയർപ്പിക്കേണ്ടിവന്ന ആ പെൺകുട്ടിയുടെ മൃതദേഹത്തോടുപോലും സംസ്ഥാന സർക്കാർ കാട്ടിയ ക്രൂരത അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്‌. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ട നിസ്വരും ദുർബലരുമായ മനുഷ്യർക്ക്‌ രാജ്യം എന്ത്‌ പരിഗണനയും സംരക്ഷണവുമാണ്‌ ഉറപ്പുനൽകുന്നതെന്ന്‌ ഖേദത്തോടെ‌ ചോദിക്കേണ്ട സന്ദർഭമാണിത്‌.

കന്നുകാലികൾക്ക്‌ പുല്ലരിയാൻ അമ്മയോടൊപ്പം പോയ പെൺകുട്ടിയെ ഗ്രാമത്തിലെ മേൽജാതി കുടുംബങ്ങളിൽപ്പെട്ട നാല്‌ യുവാക്കൾ പിടിച്ചുകൊണ്ടുപോയി മനുഷ്യസ്‌നേഹികൾക്ക്‌ ആലോചിക്കാൻപോലും സാധിക്കാത്ത ക്രൂരപീഡനങ്ങൾക്ക്‌ ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയുടെ നാവ്‌ അരിഞ്ഞ‌ശേഷമാണ്‌‌‌ പ്രതികൾ രക്ഷപ്പെട്ടത്‌. പുല്ലിലെ വലിച്ചിഴച്ച പാടുകൾ നോക്കി അന്വേഷിച്ചു പോയ അമ്മ കണ്ടത്‌ ചോരയിൽ കുഴഞ്ഞുകിടക്കുന്ന മകളെയാണ്‌. രണ്ടാഴ്‌ചയോളം അത്യാസന്ന നിലയിൽ കഴിഞ്ഞ പെൺകുട്ടി ഡൽഹിയിലെ സഫ്‌ദർജംഗ്‌ ഹോസ്‌പിറ്റലിൽ ചൊവ്വാഴ്‌ച പുലർച്ചെ മരണത്തിന്‌ കീഴടങ്ങി. പെൺകുട്ടിയുടെ മൃതദേഹത്തിന്‌ നേരെ സംസ്ഥാന സർക്കാരും ജില്ലാ മജിസ്‌ട്രേട്ട്‌ അടക്കമുള്ള അധികാരികളും പൊലീസും നടത്തിയ അതിക്രമം ബലാൽസംഗക്കാരെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. ഡൽഹിയിൽനിന്ന്‌ ഗ്രാമത്തിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്താൻ വീട്ടുകാരെ അനുവദിക്കാതെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ രാത്രിതന്നെ സംസ്‌കരിച്ചു. മൃതദേഹം പെൺകുട്ടിയുടെ വീട്ടിലേക്ക്‌ കൊണ്ടുപോകാനും അനുവദിച്ചില്ല. പ്രതിഷേധിച്ചവരെ പൊലീസ്‌ ലാത്തിച്ചാർജ്‌ ചെയ്‌തതായും ആരോപണമുണ്ട്‌.

മകളുടെ മൃതദേഹം പകൽ സമയത്ത്‌ പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അധികൃതർ അംഗീകരിച്ചില്ലെന്ന്‌ പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ‘‘ അവളുടെ മുഖം അവസാനമായൊന്ന്‌ കാണാൻ കഴിഞ്ഞില്ല. സംസ്‌കരിച്ചത്‌ സഹോദരിയുടെ മൃതദേഹമാണോ എന്നുപോലും അറിയില്ല’’ എന്ന സഹോദരന്റ വൈകാരികമായ വാക്കുകൾ കുടുംബം അനുഭവിക്കുന്ന തീവ്രവേദനയുടെ ആഴം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിനിധിയായെത്തിയ ബിജെപി നേതാവിന്റെ നിർദേശാനുസരണമാണ്‌ എല്ലാം നടന്നതെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നു.


 

ആദിത്യനാഥിന്റെ ഭരണത്തിൽ അക്രമത്തിന്റെയും പൊലീസ്‌ അതിക്രമങ്ങളുടെയും തലസ്ഥാനമായി മാറിയിരിക്കുകയാണ്‌ ഉത്തർപ്രദേശ്‌. ദളിതരും ന്യൂനപക്ഷങ്ങളും സ്‌ത്രീകളും നിരന്തരം ആക്രമിക്കപ്പെടുന്നു. ബലാൽസംഗങ്ങളും സ്‌ത്രീ പീഡനങ്ങളും നിത്യസംഭവമായി. അക്രമികൾക്ക്‌ എല്ലാ സംരക്ഷണവും നൽകുന്ന നിലപാടാണ്‌ പൊലീസും സംസ്ഥാന സർക്കാരും സ്വീകരിക്കുന്നത്‌. ബിജെപി എംഎൽഎ ശിക്ഷിക്കപ്പെട്ട ഉന്നാവോ സംഭവമടക്കം സ്‌ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുടെ എത്രയോ ഉദാഹരണങ്ങളുണ്ട്‌.  ഹാഥ്‌രസ്‌ സംഭവത്തിന്റെ നടുക്കം മാറുംമുമ്പ്‌ യുപിയിലെ ബൽറാംപുർ ജില്ലയിൽ ഇരുപത്തിനാലുകാരിയായ ദളിത്‌ യുവതി ബലാൽസംഗത്തിന്‌ ഇരയായതാണ്‌ ഒടുവിലത്തെ വാർത്ത.

സമൂഹത്തിൽ സ്‌ത്രീകൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ ദിവസംതോറും വർധിക്കുകയാണ്‌. പ്രണയാഭ്യർഥന നിഷേധിക്കുന്ന പെൺകുട്ടികളെ നിരന്തരം ആക്രമിക്കുന്നു. പ്രായഭേദമന്യെ സ്‌ത്രീകൾ ബലാൽസംഗത്തിന്‌ ഇരയാകുന്നു. കടുത്ത ജാതിവിവേചനവും മേൽജാതി ആധിപത്യവും നിലനിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത്‌ സ്‌ത്രീകൾ ഒരു ജീവിതസുരക്ഷയുമില്ലാതെയാണ്‌ കഴിയുന്നത്‌. മേൽജാതിക്കാരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏത്‌ നിമിഷവും ഇരയാകാമെന്ന ഭീതിയിലാണ്‌ അവർ. ഇവരെ മനുഷ്യരായി കാണാൻ മനസ്സില്ലാത്ത സമ്പന്നരുടെയും മേൽജാതി ജന്മികളുടെയും ആധിപത്യമാണ്‌ പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്‌.

സമ്പത്തും സ്വാധീനശക്തിയുമില്ലാത്ത ദരിദ്രനാരായണൻമാരായ മനുഷ്യരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവർക്കുണ്ട്‌. എന്നാൽ, അതിക്രമങ്ങൾക്കെതിരെ  പ്രതിഷേധിക്കാൻപോലും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ്‌ മോഡി സർക്കാരും ആദിത്യനാഥ്‌ അടക്കമുള്ള പല മുഖ്യമന്ത്രിമാരും. അതിക്രമങ്ങൾക്കിരയാകുന്നവരെയും കുടുംബങ്ങളെയുംവരെ പൊലീസിനെ വിന്യസിച്ച്‌ സമ്മർദത്തിലാക്കുന്നു. ഹാഥ്‌രസ്‌ സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക്‌ വിട്ടുകൊടുക്കാതെ രാത്രിതന്നെ സംസ്‌കരിച്ചത്‌ യുപി പൊലീസിന്റെ എണ്ണമറ്റ അതിക്രമങ്ങളിൽ ഒന്നുമാത്രം.

ഹാഥ്‌രസിലെ പെൺകുട്ടി, വിലാപവും ചോദ്യവുമായി രാജ്യത്തിനു മുന്നിൽ നിൽക്കുകയാണ്‌. എന്നെപ്പോലുള്ള സാധാരണക്കാരായ പെൺകുട്ടികളെ ആരാണ്‌ സംരക്ഷിക്കുക എന്നാണവൾ ചോദിക്കുന്നത്‌. ഇന്ത്യ ആരുടേതാണ്‌ എന്ന ചോദ്യത്തിന്‌ രാജ്യം ഭരിക്കുന്നവർ മറുപടി പറയേണ്ടതുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top