24 April Wednesday

മോഡിയുടെ റെയ്‌ഡ്‌ രാജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021



ഭീമ കൊറേഗാവ് കള്ളക്കേസിൽ 2020 ജൂലൈ 28ന്‌ ദേശീയ സുരക്ഷാ ഏജൻസി യുഎപിഎ ചുമത്തി അറസ്‌റ്റുചെയ്‌ത്‌ വിചാരണകൂടാതെ കാരാഗൃഹത്തിലടച്ച മലയാളി അധ്യാപകൻ ഹാനി ബാബുവിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വിശ്രുത ചിന്തകൻ നോം ചോംസ്‌കി കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാണ്‌. സ്വേച്ഛാധിപത്യ ഭരണത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യവേട്ടയുടെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ആ ഡൽഹി സർവകലാശാലാ ഇംഗ്ലീഷ്‌ വിഭാഗം അസോസിയറ്റ്‌ പ്രൊഫസർ നേരിടുന്ന പീഡനങ്ങളെന്ന്‌ പറഞ്ഞ അദ്ദേഹം, ജനാധിപത്യ‐ മതനിരപേക്ഷ സംവിധാനത്തിന്റെ സംരക്ഷണത്തിൽ ഹാനിയെപ്പോലുള്ളവർക്കായുള്ള പ്രതിരോധം പ്രധാനമാണെന്ന്‌ കൂട്ടിച്ചേർത്തു. ഭയാനകമായ നിലയിൽ സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങുന്ന മോഡി സർക്കാരിന്റെ കീഴിൽ നടക്കുന്ന അടിച്ചമർത്തലിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ഈ കേസ്. ഏറെനാളായി അധിക്ഷേപകരമായ ചോദ്യംചെയ്യലിലൂടെ കടന്നുപോയ ഹാനിക്ക്‌, അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ടു. വിശ്വസനീയമായ കുറ്റങ്ങളൊന്നുമില്ലാതെ ഞെട്ടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഒരു വർഷമായി തടവിൽ കഴിയുന്നത്‌. ഇന്ത്യയുടെ മതനിരപേക്ഷ‐ ജനാധിപത്യം ഒട്ടേറെ കടന്നാക്രമണങ്ങൾ അതിജീവിച്ചിട്ടുണ്ടെന്നും എന്നാൽ, ശക്തമായും ഉറച്ചബോധ്യത്തോടും എതിരിട്ടില്ലെങ്കിൽ ഇപ്പോഴത്തെ ആക്രമണം കൂടുതൽ വിനാശകരമായിത്തീരാനിടയുണ്ടെന്നും ചോംസ്‌കി ഓർമപ്പെടുത്തി.

ജനാധിപത്യത്തിന്‌ ശ്‌മശാനമൊരുക്കുന്ന മോഡി സർക്കാരിന്റെ അമിതാധികാര പ്രവണത ദൃശ്യമാകുന്ന മറ്റൊരുതലം മാധ്യമ മേഖലയാണ്‌. ആ അർഥത്തിൽ ‘ദൈനിക്‌ ഭാസ്‌കർ’ പത്രശൃംഖലയിൽ ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡ്‌ വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ സൂചനയാണെന്ന്‌ കാണാം. നികുതി വെട്ടിപ്പ്‌ ആരോപിച്ച്‌ ഡൽഹി, ഭോപാൽ, ഇൻഡോർ, ജയ്‌പുർ, അഹമ്മദാബാദ്‌, മുംബൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും ഉൾപ്രദേശങ്ങളിലെ ചില ഓഫീസുകളിലുമായി ഒരേസമയം മുപ്പത്‌ ഇടത്തായിരുന്നു ഭീകരത സൃഷ്ടിച്ചുള്ള പരിശോധന. അതിരാവിലെ ആരംഭിച്ച റെയ്‌ഡിൽ നൂറിലധികം ഓഫീസർമാർ ഭാഗഭാക്കായി. ഉടമകളുടെ വീടുകൾ അകാരണമായി അരിച്ചുപെറുക്കിയ ഐടി ഉദ്യോഗസ്ഥർ ഇരച്ചു കയറി ഓഫീസുകളിലെ പത്രപ്രവർത്തകരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും പരിശോധനാ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതും വിമർശത്തിന്‌ ഇടയാക്കി. പ്രമോട്ടറായ സുധീർ അഗർവാളിന്റെ ഭോപാലിലെ വസതിയും ഒഴിവാക്കിയില്ല. അതിനൊപ്പം യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ ചെയ്‌തികൾ വിളിച്ചുപറയുന്ന ഉത്തർപ്രദേശിലെ പ്രാദേശിക വാർത്താചാനലായ ‘ഭാര ത്‌സമാചാർ’ ഓഫീസും റെയ്‌ഡ്‌ചെയ്‌തു. മുഖ്യപത്രാധിപർ ബ്രജേഷ്‌ മിശ്രയുടെ വസതിയിലും കടന്നുകയറി. അതിനിടെ ഡൽഹിയിൽ ദി വയറിന്റെ ഓഫീസിലും ഡൽഹി പൊലീസിന്റെ പരിശോധന ഉണ്ടായി.

‘ഉദയ സൂര്യൻ’ എന്നർഥം വരുന്ന ‘ദൈനിക് ഭാസ്‌കർ’ പത്രം 1948 ലാണ്‌ സ്ഥാപിതമായത്‌. ഇപ്പോഴതിന്‌ പ്രചാരണത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനവും ലോകത്ത്‌ നാലാം സ്ഥാനവുമാണ്‌. പന്ത്രണ്ട്‌ സംസ്ഥാനത്തായി 65 പതിപ്പ്‌ ഇറക്കുന്നത്ര വിപുലമാണ്‌ സ്വാധീനം. മധ്യപ്രദേശിലെ ഭോപാൽ ആസ്ഥാനമായുള്ള അത്‌ ഹിന്ദിക്കു പുറമെ മറാത്തി, ഗുജറാത്തി ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. കേന്ദ്രം കോവിഡ്‌ നേരിടുന്നതിൽ തുടരുന്ന അലംഭാവവും സമ്പന്നാനുകൂല നയങ്ങളും തുറന്നുകാട്ടിയതിനും ഗംഗാ നദിയിൽ ജഡങ്ങൾ ഒഴുകിനടക്കുന്നതും കൂട്ടസംസ്‌കാരവും ജീവവായുവിന്റെ അഭാവവും ചികിത്സാസൗകര്യ നിഷേധവുമടക്കം മഹാമാരി കൈകാര്യം ചെയ്‌തതിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടിയതിനുമാണ്‌ ‘ദൈനിക്‌ ഭാസ്‌കറി’നെതിരായ പ്രതികാരം. കോവിഡ് രണ്ടാം തരംഗം അഭിമുഖീകരിച്ചതിൽ വന്ന സർക്കാർ പാളിച്ചകളെ രൂക്ഷമായി വിമർശിച്ച് നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ച ആ പത്രസ്ഥാപനം ഔദ്യോഗിക അവകാശവാദങ്ങൾ തള്ളി യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിൽ എന്നും മുന്നിലുമായിരുന്നു. കോവിഡ്‌ വിതച്ച കെടുതികൾ മുൻനിർത്തി ഏറ്റവും കൂടുതൽ എഴുതിയ രാജ്യത്തെ പ്രധാന പത്രങ്ങളിലൊന്നാണ്‌ ‘ദൈനിക് ഭാസ്‌കർ’. കൊറോണ വൈറസ്‌ വ്യാപനം രാജ്യത്ത് എത്രത്തോളം ഭീതിദമാണെന്ന് വ്യക്തമാക്കുന്ന പല റിപ്പോർട്ടുകളും അതിന്റേതായിരുന്നു. കേന്ദ്ര സർക്കാരിന്റെ സത്യവിരുദ്ധവും ബാലിശങ്ങളുമായ പല ഊറ്റംകൊള്ളലുകളും തള്ളിക്കളയുന്നതായിരുന്നു അവ.

കേന്ദ്രത്തിനും യുപി സർക്കാരിനുമെതിരെ ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌ എന്നത്‌ നിസ്സംശയമാണ്‌. സത്യസന്ധവും നിർഭയവും സുതാര്യവുമായ മാധ്യമപ്രവർത്തനത്തെ മോഡി സർക്കാർ ഭയക്കുന്നതിന്റെ തെളിവാണ്‌ റെയ്‌ഡ്‌ എന്നാണ്‌ ‘ദൈനിക്‌ ഭാസ്‌കർ’ ഗ്രൂപ്പ്‌ ഔദ്യോഗികമായി പ്രതികരിച്ചത്‌. നിരവധി ദേശീയ നേതാക്കളും പ്രതിപക്ഷ മുഖ്യമന്ത്രിമാരും പ്രതിഷേധവുമായി രംഗത്തെത്തി. എതിരഭിപ്രായം പറയുന്നവരെ വിരട്ടി വരുതിയിലാക്കാൻ സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, ആദായനികുതി വകുപ്പ്‌ തുടങ്ങി വിവിധ കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്‌ അപലപനീയമാണെന്നും സത്യം പുറത്തുവരുന്നത്‌ ബലം പ്രയോഗിച്ച്‌ മൂടിവയ്‌ക്കാനുള്ള നീക്കമാണ്‌ നടത്തുന്നതെന്നുമാണ്‌ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്‌. ഗംഗാ നദിയിൽ ജഡങ്ങൾ പൊങ്ങി ഒഴുകുന്നതുപോലെ സത്യങ്ങളും പൊങ്ങിവരും. അവയെ ഒളിപ്പിക്കാൻ സർക്കാരിനാകില്ല. മോഡിയുടെ റെയ്‌ഡ്‌ രാജ്‌ ലക്ഷ്യം കാണില്ലെന്നും ഗൂഢതാൽപ്പര്യങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിര ഗാന്ധിയുടെ കാലത്തിലേതിന്‌ സമാനമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവരിഞ്ഞ്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top