30 September Saturday

സെെബർ ലോകത്തെ ചതിക്കുഴികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 7, 2021

ഫോണിൽ പരിചയപ്പെട്ട പ്രണയിയെ അന്വേഷിച്ചിറങ്ങി വഞ്ചിതരാകുന്ന കൗമാരക്കാരുടെ കഥകൾ കേട്ടുപഴകിയതാണ്‌. പുതിയ കാലത്ത്‌ നവമാധ്യമങ്ങളുടെ സാധ്യതകൾക്കൊപ്പം വളരുകയാണ് ചതിയുടെ നാനാവഴികളും. പ്രണയവും കുറ്റവാസനയും അക്രമവുമെല്ലാം ചേർന്ന സങ്കീർണ സമസ്യയാണ്‌ വർത്തമാനകാല ജീവിതം. ഏതൊരു അസ്വാഭാവിക സംഭവമെടുത്താലും അതിലൊരു പതിവു വില്ലനുണ്ട്‌; സ്മാർട്ട്‌ഫോൺ. ജീവിതസഞ്ചാരത്തെ അനായാസമാക്കുന്ന, ഈ സൗഹൃദപേടകം എത്രപെട്ടെന്നാണ്‌ മനുഷ്യരെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിടുന്നത്‌. എല്ലാ ജീവിതവ്യാപാരങ്ങളുടെയും അച്ചുതണ്ടായി മാറിക്കഴിഞ്ഞ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചതിക്കുഴികൾക്കും പഞ്ഞമില്ല. 

ചെറുതമാശകൾമുതൽ രാജ്യാന്തര ഭീകരപ്രവർത്തനംവരെ അനന്തം, അജ്ഞാതം, അവർണനീയമാണ്‌ ഇന്റർനെറ്റിന്റെ മായാലോകം. ശരിയായി ഉപയോഗിച്ചാൽ ഏറെ ഉപകാരപ്രദമായ ഈ ശാസ്‌ത്രനേട്ടം ഇന്ന്‌ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നു. സ്വാഭാവിക കുറ്റവാളികളുടെ വിഹാരരംഗമാണിത്‌. എന്നാൽ, സാഹചര്യങ്ങളുടെ ഇരകളായി മാറുന്നവരാണ്‌ കൂടുതൽ. കുടുംബബന്ധങ്ങൾ ഉലയുകയും ഓർക്കാപ്പുറത്ത്‌ കുറ്റകൃത്യങ്ങളിൽ പെട്ടുപോകുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. കൊല്ലം കല്ലുവാതുക്കലിൽ ഒരു ചോരക്കുഞ്ഞും രണ്ടു യുവതികളും മരിക്കാനിടയായത്‌ നവമാധ്യമ ദുരുപയോഗത്തിന്റെ ഒരു ഉദാഹരണംമാത്രം. മൂന്ന്‌ ജീവൻ നഷ്‌ടമായത്‌ മാത്രമല്ല, കുഞ്ഞിന്റെ അമ്മ കൊലക്കുറ്റം നേരിടുകയുമാണ്‌. ഈ സംഭവം ഏതാനും കുടുംബങ്ങളിലുണ്ടാക്കിയത്‌ ഒരിക്കലും ഉണങ്ങാത്ത മുറിവും.

ഫെയ്‌സ്‌ബുക്ക്‌ സൗഹൃദത്തിന്റെ ബലത്തിൽ കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ചു പോകാൻ തയ്യാറാകുന്നവരിൽ സ്‌ത്രീപുരുഷ ദേഭമില്ല. നവമാധ്യമ സൗഹൃദങ്ങളുടെ പേരിൽ വഷളായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്നവർ അനവധിയാണെങ്കിലും അധികം പുറത്തറിയാറില്ല. ആളും തരവും നോക്കാതെ സൗഹൃദമുണ്ടാക്കുകയും ജീവിതത്തിന്റെ താളംതെറ്റുകയും ചെയ്യുന്നവർക്ക്‌ പാഠമാകേണ്ട ഒട്ടേറെ സംഭവങ്ങൾ ഓരോ ദിവസവും ഉണ്ടാകുന്നു. കൊല്ലത്തെ യുവതിയാകട്ടെ, മൂന്ന്‌ വയസ്സുള്ള കുട്ടിയുടെ അമ്മയും ഗർഭിണിയുമായിരിക്കെയാണ്‌ ഫെയ്‌സ്‌ബുക്ക്‌ ‘കാമുകന്റെ ’ വലയിൽ വീഴുന്നത്‌. ഫോണിന്റെ അമിത ഉപയോഗം ഭർത്താവ്‌ പലപ്പോഴും ചോദ്യം ചെയ്‌തിരുന്നു. ഗർഭം രഹസ്യമാക്കിവച്ച്‌ പ്രസവശേഷം കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചു. മരിച്ച കുഞ്ഞിന്റെ ഡിഎൻഎ ടെസ്‌റ്റിലൂടെ മാതൃത്വം സ്ഥിരീകരിച്ചു. ഇതോടെ കാമുകനോടൊപ്പം പോകാനാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ യുവതി സമ്മതിച്ചു.

ബന്ധുക്കളും കൂട്ടുകാരികളുമായ രണ്ട്‌ യുവതികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ദുരൂഹത ഏറി. ഇവരിൽ ഒരാളെ പൊലീസ്‌ വിളിപ്പിച്ചിരുന്നു. ഫെയ്‌സ്‌ബുക്കിൽ അനന്തു എന്ന വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി യുവതിയെ കബളിപ്പിച്ച കൂട്ടുകാരികളുടെ കുസൃതി പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക്‌ വഴിമാറുകയായിരുന്നു. വ്യാജ അക്കൗണ്ടിന്‌ ഉപയോഗിച്ച ഫോൺ, ഐപി നമ്പറുകൾ വ്യക്തമായതോടെ ശാസ്‌ത്രീയ തെളിവുകളായി. ലാഘവത്തോടെ നവമാധ്യമങ്ങളിൽ ഇടപെടുകയും അപരിചിതരെ കണ്ണടച്ച്‌ വിശ്വസിക്കുകയും ചെയ്യുന്നത്‌ എത്രമാത്രം അപകടമാണെന്ന്‌ കൊല്ലം സംഭവം അടിവരയിടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇവിടെ ‘കാമുകൻ’ വ്യാജ സൃഷ്‌ടിയാണെങ്കിലും പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും കെണിയൊരുക്കി ഓൺലൈനിൽ തപസ്സിരിക്കുന്നവരെ എല്ലാവരും കരുതിയിരിക്കണം. ഇതുപോലെ, ആൺകുട്ടികളെയും പുരുഷൻമാരെയും വലവീശുന്ന ‘കാമുകി’മാരും ധാരാളമുണ്ട്‌. ലൈംഗിക ചൂഷണം, പണംതട്ടൽ , ബ്ലാക്ക്‌ മെയിലിങ് തുടങ്ങിയ ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ട്‌. കമ്യൂണിക്കേഷൻ രംഗത്ത്‌ ആധുനികശാസ്‌ത്രം തുറന്നുതരുന്ന വലിയ സാധ്യതകളെയും മനുഷ്യബന്ധങ്ങളിൽ ഡിജിറ്റൽ യുഗം സൃഷ്‌ടിച്ച വിപ്ലവകരമായ മാറ്റങ്ങളെയുമാണ്‌ ഇത്തരം ക്രിമിനലുകൾ പരിമിതപ്പെടുത്തുന്നത്‌. സാമ്പത്തികത്തട്ടിപ്പുകൾ ഈ മേഖലയിൽ പുത്തരിയല്ലെങ്കിലും ഉപയോഗത്തിനനുസരിച്ച്‌ ദുരുപയോഗവും വർധിച്ചുവരികയാണ്‌.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇന്ന്‌ ഐടി മേഖലയിൽ മാത്രമായി ഒതുങ്ങുന്നതല്ല. ജീവിതത്തിന്റെ സർവമേഖലയിലേക്കും അത്‌ വ്യാപിച്ചു എന്നതാണ്‌ കോവിഡ്‌ കാലത്തിന്റെ പ്രത്യേകത. പണമിടപാടുകളും വ്യാപാരവും വലിയൊരു പങ്ക്‌ ഇന്റർനെറ്റ്‌ വഴിയാണ്‌. അതുകൊണ്ടുതന്നെ ഇന്റർനെറ്റും സ്‌മാർട്ട്‌ഫോണും ഉപയോഗിക്കാത്തവരില്ല. ഓൺലൈൻ ക്ലാസുകൾക്കായി പ്രൈമറി ക്ലാസ്‌ മുതൽ വിദ്യാർഥികൾക്ക്‌ ഫോൺ സ്വതന്ത്രമായി കൈയിൽ കിട്ടുന്നു. അതുവഴി വിശാലമായ നവമാധ്യമങ്ങളിലേക്കുള്ള കവാടമാണ്‌ തുറക്കുന്നത്‌. നേരത്തേ കംപ്യൂട്ടർ ഗെയിമുകളും മറ്റും ഉണ്ടാക്കുന്ന അഡിക്‌ഷനാണ്‌ കുട്ടികളെ ബാധിച്ചിരുന്നത്‌. എന്നാലിപ്പോൾ ഇന്റർനെറ്റ്‌ ഗെയിമിലൂടെ രക്ഷിതാക്കളുടെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ ലക്ഷങ്ങൾ നഷ്‌ടപ്പെടുത്തിയ കുട്ടികളുടെ കഥകളാണ്‌ പുറത്തുവരുന്നത്‌. പുതുതായി തുടങ്ങിയ ക്ലബ്‌ഹൗസ്‌ ഓഡിയോ കൂട്ടായ്‌മയിലും ‘വഴിതെറ്റലിന്‌ ’ പഴുതുകൾ ഏറെയാണ്‌. ഒഴിച്ചുകൂടാനാകാത്ത ഇന്റർനെറ്റ്‌–- നവ മാധ്യമ ഉപയോഗത്തെ വ്യക്തിപരമായും സാമൂഹ്യമായും ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ഓരോ സംഭവവും എടുത്തുകാട്ടുന്നത്‌. നിയമ വ്യവസ്ഥകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലിത്‌. പുതുതലമുറയ്‌ക്ക്‌ നല്ല ബോധവൽക്കരണവും വ്യക്തിത്വ വികസനത്തിനുള്ള പരിശീലനവും നൽകണം. എന്നാൽ, സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴുന്നത്‌ യുവാക്കൾ മാത്രമല്ല. ഇടപെടുന്ന മുഴുവനാളുകളുടെയും നിതാന്ത ജാഗ്രത മാത്രമാണ്‌ പരിഹാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top