25 April Thursday

നിലയ്‌ക്കുനിർത്തണം ഈ സ്ത്രീവിരുദ്ധരെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


സ്‌ത്രീകൾക്ക്‌ ലഭിക്കുന്ന ആദരവും സുരക്ഷയും ഒരു പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോലാണ്‌. പൊതു ഉടമസ്ഥത എന്ന സോഷ്യലിസ്റ്റ്‌ ആശയത്തെ നേരിടാൻ, സ്‌ത്രീകളെയും പൊതുസ്വത്താക്കുമോ എന്ന പിന്തിരിപ്പൻ ചോദ്യം ഉയർന്നത്‌ പതിനെട്ടാം നൂറ്റാണ്ടിലാണ്‌. ബൂർഷ്വാസി സ്‌ത്രീയെ  ഉൽപ്പാദനോപകരണമായി കാണുന്നതിനാലാണ്‌ ഈ ചോദ്യമെന്ന്‌ മാർക്‌സും എംഗൽസും കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയിൽ മറുപടി നൽകി. കാലമേറെ പിന്നിട്ടിട്ടും സമൂഹത്തിൽ സ്‌ത്രീപദവി ചോദ്യമായി അവശേഷിക്കുന്നു. ഉൽപ്പാദന ഉപകരണമെന്നതിലുപരി, വെറും ലൈംഗിക ഉപകരണമായി സ്‌ത്രീയെ കാണുന്നവരും കുറച്ചൊന്നുമല്ല. ഈ അധമചിന്തയുടെ വിളനിലമാണ്‌ ഇന്ന്‌ സാമൂഹ്യ മാധ്യമങ്ങൾ. സ്‌ത്രീയെ എത്ര നികൃഷ്ടമായി ചിത്രീകരിക്കാനും അപമാനിക്കാനും മടിക്കാത്ത ഒരുകൂട്ടം ആളുകളുടെ വിഹാരരംഗമായി നവമാധ്യമങ്ങൾ അധഃപതിക്കുമ്പോൾ പൊതുസമൂഹം മൂകസാക്ഷിയാവുകയാണ്‌.

കേരളത്തിലെ പ്രമുഖരായ വനിതകളെ ഉൾപ്പെടെ പരാമർശിച്ച്‌ ലൈംഗികാധിക്ഷേപം നടത്തിയ ഒരു ഞരമ്പുരോഗിയെ ഡബ്ബിങ്‌ ‌ആർട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ കൈകാര്യംചെയ്‌തത്‌ വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുകയാണ്‌. സ്വന്തം യുട്യൂബ്‌ ചാനലിലാണ്‌ ഇയാൾ തുടർച്ചയായി അപവാദ വ്യാപാരം നടത്തിവന്നിരുന്നത്‌. തനിക്ക്‌ പലരിൽനിന്നും ലഭിച്ച വിവരമെന്ന നിലയിലാണ്‌ അശ്ലീലഭാഷയിൽ വീഡിയോ റെക്കോഡിങ്‌ നടത്തി പ്രദർശിപ്പിക്കുന്നത്‌. ഈ ആക്രമണത്തിന്‌ ഇരയാകുന്നവർ പലപ്പോഴും ഇതൊന്നും അറിയാറില്ല. അറിഞ്ഞാൽത്തന്നെ അപകീർത്തിക്കാണ്‌ നിയമനടപടി സ്വീകരിക്കാൻ സാധിക്കുക. അപകീർത്തി ‌സൈബർ ഇടത്തിലാകുമ്പോൾ പിന്നെയും പരിമിതി. ഇനി കേസ്‌ എടുത്താൽത്തന്നെ പേര്‌ പരാമർശിച്ചിട്ടില്ല തുടങ്ങിയ പഴുതുകൾ വേറെയും.  നിയമം കൈമലർത്തുമ്പോൾ,  കേസ്‌ തെളിയിക്കേണ്ട ബാധ്യത പരാതിക്കാരുടേതുമാത്രമാകുന്നു.


 

നിയമത്തിന്റെ   ശക്തിയും ദൗർബല്യങ്ങളുമൊക്കെ വ്യാഖ്യാനിച്ച്‌, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേമ്പൊടികൂടി ചേർത്താൽ എന്ത്‌ അപവാദവും പ്രചരിപ്പിക്കാം;  ആരും ചോദിക്കാനില്ല. ഈ യുട്യൂബ്‌  വീഡിയോയിൽ രേഖപ്പെടുത്തിയത്‌ ശരിയാണെങ്കിൽ അസംബന്ധ പ്രക്ഷേപണം ഏറെ പേർ കണ്ടതാണ്‌. ആശാസ്യമല്ലാത്ത കാര്യങ്ങൾ എന്ന്‌ റിപ്പോർട്ട്‌ ചെയ്‌താൽ നവമാധ്യമ സ്ഥാപനംതന്നെ ഉള്ളടക്കം നീക്കംചെയ്യും. എന്നാൽ, അത്തരമൊരു സമീപനം കാഴ്‌ചക്കാരിൽനിന്ന്‌ ഉണ്ടായില്ല. നിയമവഴിയിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലാഞ്ഞപ്പോഴാണ്‌ പരസ്യപ്രതികരണത്തിന്‌ നിർബന്ധിതമായതെന്ന്‌ വനിതാ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്‌.

നിയമം അനുവദിക്കുന്ന നടപടികൾപോലും സ്വീകരിക്കാതെ പരിമിതികളെക്കുറിച്ച്‌ പരാതിക്കാരെ ഉദ്‌ബോധിപ്പിക്കുന്ന രീതി നിയമപാലകർ അവസാനിപ്പിക്കണം. ഐടി–- സൈബർ നിയമങ്ങൾ ഇന്ത്യയിൽ പൊതുവെ ദുർബലമാണെന്ന വസ്‌തുത ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ കേരളം സ്വീകരിക്കുന്ന മുൻകൈ പ്രശംസനീയംതന്നെ‌. മാധ്യമ സൗകര്യങ്ങൾ ദുരുപയോഗംചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമനടപടി കൈക്കൊള്ളുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ത്രീത്വത്തിനുനേരെ അധിക്ഷേപം ചൊരിഞ്ഞ വ്യക്തിക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാർ ഇടപെടുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്‌ യാഥാർഥ്യമാക്കിക്കൊണ്ട്‌ അശ്ലീല യുട്യൂബറെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു‌. വിവാദമായ വീഡിയോ നീക്കണമെന്ന്‌  യുട്യൂബ്‌ അധികൃതരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ നവമാധ്യമങ്ങളുടെ ദുരുപയോഗം ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്‌. ഇത്‌ ഗൗരവപൂർവം കണ്ട്‌ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം  പ്രതീക്ഷ പകരുന്നതാണ്‌

സ്‌ത്രീകൾക്കെതിരായ ലൈംഗികാധിക്ഷേപത്തിനും അപവാദപ്രചാരണത്തിനുമുള്ള ഇടമായി നവമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ദുരന്തഫലങ്ങൾ വർധിച്ചുവരികയാണ്‌. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ലൈംഗികാക്രമണങ്ങൾ അടുത്തകാലത്ത്‌ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും സ്വന്തം വീടുകളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ അക്രമിക്കപ്പെട്ട സംഭവങ്ങളുമുണ്ടായി. കുട്ടികളെ കാമപൂർത്തിക്ക്‌ ഇരയാക്കുന്നവരുടെ എണ്ണവും കുറവല്ല. പ്രതികളിൽ അധ്യാപകരും രാഷ്ട്രീയപ്രവർത്തകരുമുണ്ട്‌. എഴുപതു പിന്നിട്ട സ്‌ത്രീകളെ ബലാത്സംഗംചെയ്‌ത സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഇത്തരത്തിൽ സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ നവമാധ്യമങ്ങളുടെ ദുരുപയോഗം ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്‌. ഇത്‌ ഗൗരവപൂർവം കണ്ട്‌ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം  പ്രതീക്ഷ പകരുന്നതാണ്‌.

എൽഡിഎഫ്‌ സർക്കാർ ലൈംഗികാതിക്രമ കേസുകളിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളതെന്ന്‌ അനുഭവങ്ങളിൽനിന്ന്‌ വ്യക്തമാണ്‌. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖ നടനെനെതിരെ മുഖംനോക്കതെ പൊലീസ്‌ കേസെടുത്ത്‌ റിമാൻഡ്‌ ചെയ്‌തു. ഒരു പ്രതിപക്ഷ എംഎൽഎ ലൈംഗികചൂഷണത്തിന്‌ ജയിലിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി കുറ്റം അച്ഛന്റെ തലയിൽ കെട്ടിവച്ച ഒരു ക്രിസ്‌ത്യൻ പുരോഹിതൻ ശിക്ഷിക്കപ്പെട്ടതും ‌സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവുകളാണ്‌. യുഡിഎഫ്‌ ഭരണത്തിൽ ഇത്തരം കാര്യങ്ങളൊന്നും കേട്ടുകേൾവിയില്ലാത്തതാണ്‌. ഇപ്പോഴാകട്ടെ, പ്രതിപക്ഷത്തിരുന്ന്‌ അശ്ലീലപ്രചാരകരുടെ ഭാഷയിൽ സംസാരിക്കുകയാണ്‌ അവരുടെ മുതിർന്ന നേതാക്കൾ. ബലാത്സംഗം ഇന്നവർക്കേ പറ്റൂ എന്ന്‌ എഴുതിവച്ചിട്ടുണ്ടോ എന്ന്‌ ചോദിച്ച പ്രതിപക്ഷനേതാവും ആരോഗ്യമന്ത്രിയെ റോക്‌ഡാൻസർ എന്നു വിളിച്ച കെപിസിസി പ്രസിഡന്റും ഉണ്ടാക്കിയ കളങ്കം എളുപ്പം മായ്‌ച്ചുകളയാവുന്നതല്ല. അടുത്തകാലത്തായി കോവിഡ്ബാധിതയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടതും ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ വീട്ടിൽ സർട്ടിഫിക്കറ്റിനായി ചെന്ന പെൺകുട്ടിയെ ബലാത്സംഗംചെയ്‌തതും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവങ്ങളാണ്‌. ഇത്തരം കുറ്റവാളികൾക്ക്‌ പരമാവധി ശിക്ഷ സർക്കാർ ഉറപ്പാക്കണം. ഒപ്പം ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രവർത്തകരും സാസ്‌കാരിക നായകരും ഈ സാമൂഹ്യ വിപത്തിനെതിരെ ശക്തമായി രംഗത്തിറങ്ങണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top