26 April Friday

ബാങ്കുകള്‍ സംഘര്‍ഷ കേന്ദ്രങ്ങളാക്കുന്ന സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2016


ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കറന്‍സി നിരോധനം പുതിയ സാമൂഹ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രഖ്യാപിച്ച നോട്ട്  ഇല്ലാതാക്കല്‍ എല്ലാ ജനവിഭാഗങ്ങളെയും തീരാദുരിതത്തിലാക്കി. ഈ തുഗ്ളക്കിയന്‍ നീക്കത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവന്ന ഒരു തൊഴിലാളിവിഭാഗമാണ് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍. പ്രഖ്യാപനത്തിന്റെ പിറ്റേന്നുമുതല്‍ അവധിദിവസങ്ങളിലടക്കം എട്ടും പത്തും മണിക്കൂര്‍ അധികജോലി ചെയ്ത് ജനങ്ങളുടെ ദുരിതത്തിന് അയവുവരുത്താന്‍ ശ്രമിച്ചവരാണ് അവര്‍. ജോലിഭാരംകൊണ്ട് കുഴഞ്ഞുവീണ് മരിച്ചവരും ഓഫീസില്‍തന്നെ തളര്‍ന്നുവീണവരുമുണ്ട്. പക്ഷേ, ജനനന്മ മാത്രം ലാക്കാക്കി ജോലി തുടരുകയായിരുന്നു അവര്‍ ഭൂരിപക്ഷവും.

എന്നാല്‍, നിരോധനം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ബാങ്കുകള്‍ സംഘര്‍ഷകേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് പലയിടത്തും. റിസര്‍വ് ബാങ്ക് ആവശ്യത്തിന് പണം എത്തിച്ചിട്ടില്ലാത്തതിനാല്‍ അനുവദിച്ച തുകപോലും ജനങ്ങള്‍ക്ക് പല ബാങ്കില്‍നിന്നും പിന്‍വലിക്കാനാകുന്നില്ല. 24,000നുപകരം 5000 രൂപയുമായി മടങ്ങേണ്ടിവരുന്നവര്‍ സ്വാഭാവികമായും ക്ഷുഭിതരാകുന്നു. ചില ബാങ്ക് ശാഖകളിലാകട്ടെ ഉച്ചയോടെ പണം തീരുന്ന സ്ഥിതിയാണ്. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയില്‍ രണ്ടു ബാങ്ക് ശാഖകള്‍ ഈ പ്രശ്നത്തെതുടര്‍ന്ന് സംഘര്‍ഷത്തിന്റെ പിടിയിലായി. ബുധനാഴ്ചയായപ്പോള്‍ കൂടുതല്‍ ശാഖകളിലേക്ക് സംഘര്‍ഷം ബാധിക്കുന്ന നിലയായി. ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റുകള്‍ പൊലീസ് സംരക്ഷണം തേടുന്ന സ്ഥിതിവരെയെത്തി.

അടിസ്ഥാനപ്രശ്നത്തിന് പരിഹാരമില്ലാത്തിടത്തോളം ഈ സ്ഥിതി തുടരാനാണ് സാധ്യത. 500, 1000 നോട്ടുകള്‍ അസാധുവാക്കി 22 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ എല്ലാ ശാഖകളിലേക്കുമായി റിസര്‍വ് ബാങ്ക് എത്തിച്ചത് 200 കോടി രൂപയുടെ നോട്ടുകള്‍മാത്രം. ഇതുതന്നെ ഒരേരീതിയിലല്ല ബാങ്കുകളിലെത്തുന്നത്. കറന്‍സി ചെസ്റ്റിന്റെ എണ്ണമനുസരിച്ചാണ് റിസര്‍വ് ബാങ്ക് അവരെത്തിക്കുന്ന പരിമിതമായ നോട്ടുകള്‍ വീതിക്കുന്നത്. കനറാബാങ്ക് സംസ്ഥാനതല ബാങ്കിങ് സമിതി കണ്‍വീനര്‍സ്ഥാനമുള്ള ബാങ്കാണ്. അഞ്ച് വടക്കന്‍ ജില്ലകളില്‍ ലീഡ് ബാങ്കുമാണ്. രണ്ട് വടക്കന്‍ ജില്ലകളില്‍ സിന്‍ഡിക്കറ്റ് ബാങ്ക് ലീഡ് ബാങ്കാണ്. ഈ ബാങ്കുകള്‍ക്ക് കറന്‍സി ചെസ്റ്റുകള്‍ കുറവാണ്. സംസ്ഥാനത്ത് ആകെ പത്തു കറന്‍സി ചെസ്റ്റുകള്‍മാത്രമുള്ള കനറാ ബാങ്കിനാണ് അഞ്ചു ജില്ലയില്‍ ഗ്രാമീണ്‍ ബാങ്കുകള്‍ക്ക് പണം നല്‍കേണ്ട ചുമതല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശാഖകളുള്ള കനറാബാങ്കിലും അവരില്‍നിന്ന് പണം ലഭിക്കുന്ന ഗ്രാമീണ്‍ ബാങ്കിലും ഇതോടെ പ്രതിസന്ധി രൂക്ഷമായി. സ്വന്തം ശാഖകളില്‍ എത്തിക്കാന്‍പോലും ആവശ്യത്തിന് നോട്ടുകളില്ലാതെ കഷ്ടപ്പെടുന്നതിനിടയില്‍ സ്പോണ്‍സര്‍ഷിപ്പിലുള്ള ബാങ്കിന് നല്‍കാന്‍ പണം കണ്ടെത്താന്‍ കനറാ ബാങ്കിന് കഴിയുന്നില്ല. കണ്ണൂരിലും കാസര്‍കോട്ടും സിന്‍ഡിക്കറ്റ് ബാങ്കും ഇതേപ്രശ്നം നേരിടുന്നു. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന സാഹചര്യവുമില്ല.

എന്നാല്‍, 60 കറന്‍സി ചെസ്റ്റുകളുള്ള എസ്ബിടിക്കുപോലും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് പണം നല്‍കാനാകാത്ത അവസ്ഥയുമുണ്ട്. വരുംദിവസങ്ങളില്‍ എല്ലാ ബാങ്കിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നോട്ടുക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൈവശമുള്ള തുക നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. ഇക്കാരണത്താല്‍ അക്കൌണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന 24,000 രൂപ പലപ്പോഴും നല്‍കുന്നില്ല. 10000, 5000 രൂപമാത്രം പിന്‍വലിക്കാന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്്. ഇതും സംഘര്‍ഷത്തിന് ഇടയാക്കുന്നു.

ആവശ്യത്തിന് നോട്ടുകള്‍ എത്താതായതോടെ ഗ്രാമീണ്‍ ബാങ്കിന്റെ ചില ശാഖകളില്‍ നാട്ടുകാര്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. ഒടുവില്‍ പൊലീസ് സംരക്ഷണയില്‍ ജോലി ചെയ്യേണ്ടിവന്നു. മലപ്പുറം ജില്ലയിലെ താനൂര്‍ ശാഖയിലും കോഴിക്കോട് ജില്ലയിലെ മരുതോംകരയിലും സമാനമായ സംഭവങ്ങളുണ്ടായി. കോഴിക്കോട് പേരാമ്പ്രയിലും നാദാപുരത്തും ശാഖകള്‍ നോട്ടില്ലാത്തതിനെതുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയുമുണ്ടായി. ബുധനാഴ്ച കനറാ ബാങ്കിന്റെയും സിന്‍ഡിക്കറ്റ് ബാങ്കിന്റെയും  പത്തിലേറെ ശാഖകള്‍ സമാനപ്രശ്നത്തെതുടര്‍ന്ന് അടച്ചുപൂട്ടി.

ഇതിനിടെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയിലെ പ്രശ്നങ്ങളുമുണ്ട്. എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ ഈ അക്കൌണ്ടുകളില്‍ പലതും ബാങ്കിന്റെ നിലവിലുള്ള കെവൈസി (ഇടപാടുകാരനെ അറിയുക) മാനദണ്ഡങ്ങള്‍ പാലിച്ചല്ല തുടങ്ങിയത്. ഉത്തരേന്ത്യയില്‍ ഈ അക്കൌണ്ടുകളില്‍ പലതും ആരുടേതാണെന്നുപോലും കണ്ടെത്താനാകാത്ത സ്ഥിതിയുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം അക്കൌണ്ടുകളില്‍നിന്ന് 5000 രൂപമാത്രമാണ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. ഇതും ബാങ്ക് ശാഖകളില്‍ സംഘര്‍ഷത്തിനിടയാക്കുന്നു. ഇത്തരം അക്കൌണ്ടുകളും കുടുംബശ്രീകളുടെയും തൊഴിലുറപ്പുജോലിക്കാരുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയുമൊക്കെ അക്കൌണ്ടുകളും കൂടുതലുള്ള ഗ്രാമീണ്‍ ബാങ്കുകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു.

ചുരുക്കത്തില്‍, ഭരണത്തിന്റെ പിടിപ്പുകേടുമൂലം കഷ്ടപ്പെടുന്നവര്‍തന്നെ ചേരിതിരിയുന്ന സ്ഥിതിവരികയാണ്. അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം അക്കൌണ്ടില്‍നിന്ന് തിരിച്ചെടുക്കാനാകാത്ത സാധാരണജനങ്ങളും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനാകാത്ത ബാങ്ക് ജീവനക്കാരും ഏറ്റുമുട്ടുന്ന അവസ്ഥ വരികയാണ്. ഇത് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകണം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പാക്കണം. ജനങ്ങളുടെ രോഷത്തില്‍നിന്ന് ബാങ്ക് ജീവനക്കാരെ സംരക്ഷിക്കാനും സംവിധാനമുണ്ടാകണം. ഇല്ലെങ്കില്‍ വരുംദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമായ നിലയിലെത്തും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top