23 April Tuesday

രാഷ്ട്രീയനാടകം തീര്‍ത്ത അരാജകത്വം

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2016


അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് അഞ്ച് ദിവസം പൂര്‍ത്തിയായി. എന്നിട്ടും പകരം കറന്‍സി എത്തിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. വിവരണാതീതമായ ദുരിതമാണ് രാജ്യമെങ്ങും ജനം അനുഭവിക്കുന്നത്. രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളം, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന്റെ കറന്‍സി പരിഷ്കരണത്തെ രൂക്ഷമായി വിമര്‍ശിക്കുന്നിടംവരെയെത്തി കാര്യങ്ങള്‍. എന്നാല്‍, മൂന്നാഴ്ച ക്ഷമിക്കാനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ജനങ്ങളോട് ആവശ്യപ്പെടുന്നതെങ്കില്‍ അമ്പത് ദിവസം ക്ഷമിക്കാനാണ് പ്രധാനമന്ത്രി മോഡി ആവശ്യപ്പെടുന്നത്. ഇതിനര്‍ഥം ജനങ്ങളുടെ തീരാദുരിതം ഈ വര്‍ഷം മുഴുവന്‍ നീളുമെന്നാണ്.

ലോകത്തിലെതന്നെ ഏറ്റവും പ്രധാന സാമ്പത്തികശക്തിയായി വളരുന്ന രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് പ്രധാനമന്ത്രി മോഡിയും കൂട്ടരും. രാജ്യത്തെ കറന്‍സി വിനിമയത്തിന്റെ 85 ശതമാനവും 500, 1000 രൂപനോട്ടുകള്‍ വഴിയാണ് നടക്കുന്നത്. അതാണ് നിലച്ചത്. 100, 50 രൂപ നോട്ടുവഴിയുള്ളത് വിനിമയത്തിന്റെ 15 ശതമാനം മാത്രമാണ്. അതായത് 100 രൂപ നോട്ട് എല്ലാ എടിഎമ്മുകളിലും ലഭ്യമാക്കിയാല്‍പോലും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നര്‍ഥം. മാത്രമല്ല പുതുതായി ഇറക്കിയിട്ടുള്ള 2000 രൂപ നോട്ട് എടിഎമ്മുകളില്‍ കൂടി വിതരണംചെയ്യാന്‍ കാലതാമസം എടുക്കും. രണ്ടുദിവസം എടിഎമ്മുകള്‍ അടച്ചിട്ട ഘട്ടത്തില്‍ അതിനകത്തുള്ള പഴയ കറന്‍സികള്‍ നീക്കാന്‍മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നാണ് എടിഎം കമ്പനികള്‍ പറയുന്നത്. 2000 രൂപ നിറയ്ക്കാനാവശ്യമായ കാസറ്റുകള്‍ എടിഎമ്മുകളില്‍ സ്ഥാപിക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് 50 ശതമാനം എടിഎം മെഷീനുകളും കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ എന്‍സിആര്‍ കോര്‍പറേഷന്‍ പറയുന്നത്.  ഏറ്റവും കൂടുതല്‍ വിനിമയംചെയ്യുന്ന കറന്‍സികള്‍ പിന്‍വലിക്കുമ്പോള്‍ പകരം കറന്‍സി വിനിമയത്തിന് തയ്യാറാക്കാത്ത റിസര്‍വ് ബാങ്കിന്റെ നടപടിയും പ്രതിസന്ധി രൂക്ഷമാക്കി. അഞ്ഞൂറുരൂപയുടെ കറന്‍സി ഇനിയും വിനിമയത്തിന് എത്തിയിട്ടില്ല. ബാങ്കുകള്‍ പഴയ കറന്‍സിക്ക് പകരം നല്‍കുന്ന രണ്ടായിരത്തിന് ചില്ലറ കിട്ടാതെ ജനം നട്ടംതിരിയുകയാണ്. ഇതിന്റെ ഫലമായി കടകമ്പോളങ്ങള്‍ അടച്ചിടുമെന്ന് ഒരുവിഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ കറന്‍സിയിലുള്ള വിശ്വാസ്യതയ്ക്കും ക്ഷതം വന്നിരിക്കുകയാണ്. ലോകത്തിലെ പ്രധാന കറന്‍സികളൊന്നുംതന്നെ ഇതുവരെയും മരവിപ്പിക്കുകയുണ്ടായിട്ടില്ല. അമേരിക്കന്‍ ഡോളറും ബ്രിട്ടീഷ് പൌണ്ടുംതന്നെ ഉദാഹരണം. 1887നുശേഷം (സില്‍വര്‍ ഡോളര്‍) ഡേളാറിന്റെ ഒരു രൂപവും പിന്‍വലിച്ചിട്ടില്ല. ഏറ്റവും ചെറിയ മൂല്യമുള്ള കറന്‍സികള്‍ മാത്രമാണ് മറ്റ് രാഷ്ട്രങ്ങള്‍ പിന്‍വലിക്കാറുള്ളത്. അതില്‍നിന്ന് വിപരീതമായ നീക്കമാണ് മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. പുതുതായി വരുന്ന കറന്‍സികള്‍ വീണ്ടും മരവിപ്പിക്കപ്പെടുമോ എന്ന സംശയം നിലനില്‍ക്കുന്നത് കറന്‍സിയുടെ വിശ്വാസ്യതയാണ് ഇടിക്കുന്നത്.

കള്ളപ്പണം തടയാനാണ് മോഡി സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതെന്ന വാദവും ചോദ്യംചെയ്യപ്പെടുകയാണ്. നോട്ട് പിന്‍വലിച്ചതിന്റെ ഫലമായി കള്ളപ്പണം വന്‍തോതില്‍ പിടിച്ചെടുത്തതായി സര്‍ക്കാര്‍ ഇതുവരെയും അവകാശപ്പെട്ടിട്ടില്ല. മാത്രമല്ല നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം ബിജെപി നേതൃത്വം വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകം കറന്‍സി മരവിപ്പിക്കുന്നതായി മോഡി പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ഒരു കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ രാജ്കോട്ടില്‍നിന്ന് ഇറങ്ങുന്ന ഒരു പത്രം ഏപ്രിലില്‍ത്തന്നെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് മാസം ഇക്കോണമിക് ടൈംസ് ദിനപത്രവും ഒക്ടോബറില്‍ ഹിന്ദു ദിനപത്രം 'ദൈനിക്ജാഗരണും' ഇതേ വാര്‍ത്ത പുറത്തുവിട്ടു. അതായത് കള്ളപ്പണം കൈകാര്യംചെയ്യുന്നവരൊക്കെത്തന്നെ റിയല്‍ എസ്റ്റേറ്റിലും ഓഹരിവിപണിയിലും വിദേശബാങ്കിലും പണം നിക്ഷേപിച്ച് അത് വെളുപ്പിച്ചു. സ്വര്‍ണം വാങ്ങിക്കൂട്ടാനും ഈ വിഭാഗം തയ്യാറായി.

എന്നാല്‍, ബാങ്ക് അക്കൌണ്ടില്ലാത്ത ഗ്രാമീണ കര്‍ഷകനും ചെറുകിട വ്യാപാരികളുമാണ് ഇപ്പോള്‍ വെട്ടിലായത്. രാജ്യത്തെ 40 ശതമാനംപേര്‍ക്കും ബാങ്ക് അക്കൌണ്ടില്ല. ഉത്തരേന്ത്യയിലെ ഗ്രാമീണ കര്‍ഷകരാണ് ഇവരില്‍ ഭൂരിപക്ഷവും. രാജസ്ഥാനിലുംമറ്റും അടുത്ത ബാങ്ക് ശാഖയിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്രചെയ്യണം. കൃഷിയില്‍നിന്നുകിട്ടുന്ന വരുമാനത്തിന് നികുതിയില്ലാത്തതിനാല്‍ വീട്ടില്‍ത്തന്നെ പണം സൂക്ഷിക്കുന്നവരാണ് അധികവും. വിളവെടുപ്പിന്റെ കാലമാണിത്. നിലം വീണ്ടും കൃഷിക്ക് ഒരുക്കേണ്ട സമയംകൂടിയാണിത്. കറന്‍സിക്ഷാമം കാരണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നില്ല. മാത്രമല്ല, നിലം ഒരുക്കാനാവശ്യമായ പണം ലഭ്യമാകുന്നുമില്ല. അതായത് അടുത്ത വിളവെടുപ്പും പ്രശ്നത്തിലാകും.  ഇതുവരെ സൂക്ഷിച്ചുവച്ച കറന്‍സി മുഴുവന്‍ വിലയില്ലാതാകുന്ന കര്‍ഷകനെയാണ് മോഡി കള്ളപ്പണക്കാരുടെ പട്ടികയിലേക്ക് തള്ളിയിടുന്നത്.  കള്ളപ്പണം സൂക്ഷിക്കപ്പെടുന്ന പണമല്ല, നിരന്തരം ഒഴുകുന്ന പണമാണെന്ന അടിസ്ഥാനതത്വമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വാരിക ശരിയായി വിലയിരുത്തുന്നതുപോലെ 'കറന്‍സി പിന്‍വലിക്കലും മോഡി സര്‍ക്കാരിന്റെ മറ്റേത് നയപരമായ ഇടപെടലിനെയുംപോലെ കള്ളപ്പണ സമ്പദ്വ്യവസ്ഥയ്ക്കെതിരെയുള്ള യഥാര്‍ഥ ആക്രമണത്തേക്കാള്‍ വെറും നാടകമാണ്'.  നോവലിസ്റ്റ് അമിത്വര്‍മയുടെ ഭാഷയില്‍ മോഡിയുടേത് തുഗ്ളക്ക് പരിഷ്കരണമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top