26 April Friday

ജീവിതം വഴിമുട്ടി ദരിദ്രനാരായണന്മാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2016

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളില്‍ ഇന്ന് കൊടികുത്തിവാഴുന്നത് ദാരിദ്യ്രമാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദുരിതങ്ങളും അനുദിനം കൂടിവരുന്നു. ആയിരക്കണക്കിന് കുട്ടികള്‍ പോഷകാഹാരക്കുറവും വിളര്‍ച്ചയുംമൂലം മരിക്കുന്നു. പ്രതിദിനം തൊഴില്‍നഷ്ടം വര്‍ധിച്ചുവരുന്നു. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ സാധിക്കാതെ സാധാരണ ജനങ്ങള്‍. ഇതൊന്നുമറിയാതെ ഏതോ 'സ്വപ്നലോകം' നിര്‍മിക്കാന്‍ പുറപ്പെടുകയാണ് രാജ്യം ഭരിക്കുന്നവര്‍. അവരുടെ കാഴ്ചയില്‍പെടുന്നത് സമൂഹത്തിന്റെ മേല്‍ത്തട്ടുമാത്രം; അവരുടെ പ്രശ്നങ്ങള്‍ മാത്രം. കോര്‍പറേറ്റ് വ്യാപാര മേഖലയിലെ കുതിപ്പും കിതപ്പുമൊക്കെയാണ് ഇന്നത്തെ ഭരണാധികാരികളുടെ നയരൂപീകരണത്തിന്റെ അളവുകോലുകള്‍. സമ്പന്ന താല്‍പ്പര്യങ്ങള്‍ക്ക് ഊനംതട്ടാതിരിക്കാന്‍ ഏത് നയവ്യതിയാനങ്ങള്‍ക്കും അവര്‍ അടിയൊപ്പുചാര്‍ത്തുന്നു. അടിത്തട്ടിലുള്ളവര്‍ എങ്ങനെ ചതയ്ക്കപ്പെട്ടാലും മനസ്സലിവില്ല. രാജ്യതാല്‍പ്പര്യവും ദേശസ്നേഹവും മേമ്പൊടിയാക്കി ചേര്‍ത്ത് ഏത് ജനവിരുദ്ധനടപടിയും അടിച്ചേല്‍പ്പിക്കുന്നു.

ദരിദ്ര ഇന്ത്യയുടെ മുഖത്തിനുനേരെപിടിച്ച കണ്ണാടിയായിരുന്നു സമീപകാലത്തെ വാര്‍ത്താദൃശ്യങ്ങള്‍. ഒഡിഷയില്‍ ആംബുലന്‍സിന് പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് 10 കിലോമീറ്റര്‍ നടന്ന ദാനാമാജി ഇന്ന് അതിശയമല്ലാതായി. ഉത്തര്‍പ്രദേശിലെ മീറത്തില്‍ ഒരു ആശുപത്രിക്കുപുറത്ത് മകന്റെ മൃതശരീരവുമായി ഒരമ്മ. ജഡം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ല. മധ്യപ്രദേശിലെ നീമുച്ച് ഗ്രാമത്തിലെ ശ്മശാനത്തില്‍ ജഗദീശ് ദിന്‍ എന്ന ദളിതന്‍ ഭാര്യയുടെ ജഡം സംസ്കരിക്കാന്‍ ചെന്നു. 2500 രൂപ അടച്ചാല്‍മാത്രമേ സംസ്കരിക്കാന്‍പറ്റൂ. പണമില്ലാത്തതുകൊണ്ട് മൃതദേഹവുമായി അയാള്‍ തിരിച്ചുപോയി. തെലങ്കാനയില്‍ കുഷ്ഠരോഗിയായ ഒരാള്‍ തന്റെ ഉന്തുവണ്ടയില്‍ ഭാര്യയുടെ മൃതദേഹവുമായി താണ്ടിയത് 60 കിലോമീറ്റര്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളെ ഒറ്റപ്പെട്ടവയെന്ന് എഴുതിത്തള്ളാന്‍ വരട്ടെ.

ഭക്ഷണവും പാര്‍പ്പിടവും ചികിത്സയുമൊക്കെ അവകാശം അല്ലെങ്കില്‍ അടിസ്ഥാന ആനുകുല്യമായി അംഗീകരിക്കപ്പെട്ട രാജ്യത്ത,് ഇവയെല്ലാം നിഷേധിക്കപ്പെടുന്ന വലിയൊരു ശതമാനം ജനങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കും പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്താം. പാര്‍പ്പിടമില്ലാത്തവര്‍ക്കായി ഭവനപദ്ധതികള്‍ രൂപപ്പെടുത്താം. അധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നല്‍കാം. ഇതൊക്കെ ഫലപ്രദമായി നടപ്പാക്കുമെങ്കില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസംതന്നെയാണ്. കേരളംപോലെ ചുരുക്കം സംസ്ഥാനങ്ങള്‍ ഇത് വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴില്‍തേടിയുള്ള പ്രവാസവുമാണ് അത്തരം സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നം. എന്നാല്‍, അധ്വാനശേഷിയും സന്നദ്ധതയുമുള്ള ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും. ഈ വെല്ലുവിളിയെ ഒരു പരിഷ്കൃത ഗവണ്‍മെന്റ് എങ്ങനെ നേരിടുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ഇന്ത്യയുടെ ദാരിദ്യ്രത്തെ ഒരു പരിധിവരെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായിരുന്ന ഈ പദ്ധതിക്കുനേരെ വാളോങ്ങിയിരിക്കുകയാണ് കോര്‍പറേറ്റ് തോഴരായ മോഡി ഭരണം.

ഇടതുപാര്‍ടികളുടെ ക്രിയാത്മക ഇടപെടലിലൂടെ യുപിഎ ഗവണ്‍മെന്റ് നടപ്പാക്കിയതാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് ആശ്വാസം പകര്‍ന്ന്  ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ഈ പദ്ധതി. ഒരു വര്‍ഷം ചുരുങ്ങിയത് 100 ദിവസം ജോലിയും 125 രൂപ കൂലിയുമായി തുടങ്ങിയ പദ്ധതിയില്‍ 6 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. അന്നത്തെ ബജറ്റ്വിഹിതം 40100 കോടി രൂപ. കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ ജീവിതത്തെ പ്രകാശിപ്പിച്ച തൊഴിലുറപ്പിനെ അട്ടിമറിക്കാന്‍ മോഡി സര്‍ക്കാര്‍ നീക്കം തുടക്കിക്കഴിഞ്ഞു. ഉദാരവല്‍ക്കരണനയങ്ങള്‍ നിര്‍വിഘ്നം മുന്നേറുമ്പോള്‍ ജനക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെടുക സ്വാഭാവികം. പൊതുആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും കച്ചവടത്തിന് വഴിമാറിയിരിക്കുന്നു.  തൊഴിലുറപ്പ് പദ്ധതിയുടെ മരണമണിതന്നെയാണ് മുഴങ്ങുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ഉയരുമ്പോഴും ബജറ്റ് വിഹിതം കുത്തനെ കുറയ്ക്കുകയാണ് മോഡി സര്‍ക്കാര്‍. പുതിയ തൊഴിലവസരങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിക്കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രമന്ത്രാലയം സ്വീകരിക്കുന്നത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിന് വിരുദ്ധമായ തീരുമാനമാണിത്. വിഹിതം വര്‍ധിപ്പിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം അവഗണിക്കുകയാണ്.
പട്ടിണിക്കാരുടെ എണ്ണത്തില്‍ ഒന്നാമതാണ്് ഇന്ത്യ. പാവങ്ങളുടെ ഉന്നമനത്തില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ തൊഴിലുറപ്പുപദ്ധതിയെ തകിടംമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമായിരുന്നില്ല. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍ തരിമ്പും ആശങ്കപ്പെടാത്ത ഒരു ഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന്  സംശയലേശമെന്യെ തെളിയിക്കപ്പെട്ട ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കറന്‍സി നിരോധനത്തിലൂടെ രാജ്യത്തെ വ്യാപാര വാണിജ്യ മേഖലയില്‍ സ്തംഭനമാണ്. സാധാരണ ജനങ്ങളുടെ ജീവിതം പൂര്‍ണമായി വഴിമുട്ടിയിരിക്കുന്നു. തൊഴിലുറപ്പുപദ്ധതി നിര്‍ജീവമാക്കിയതോടെ നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്ന നിശ്ചലാവസ്ഥ ഒന്നുകൂടി രൂക്ഷമാക്കിയിരിക്കുയാണ് കറന്‍സി നിരോധനം. അടിസ്ഥാന ജനവിഭാഗങ്ങളെ കുരുതികൊടുക്കുന്ന ഈ സമ്പന്നസേവയെ ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ. തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ഐക്യനിര കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഈലക്ഷ്യത്തിലേക്കുള്ള വഴി. ഒപ്പം രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ കേന്ദ്ര ഭരണകക്ഷി പുലര്‍ത്തുന്ന അമിതാധികാര പ്രവണതയ്ക്കെതിരായ നിതാന്ത പ്രതിരോധവും ശക്തിപ്പെടുത്തണം. എങ്കില്‍മാത്രമേ ഇന്ത്യ ഊറ്റംകൊള്ളുന്ന ജനാധിപത്യ, പരമാധികാര രാഷ്ട്രസങ്കല്‍പ്പം അര്‍ഥവത്താകുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top