16 June Sunday

റിസര്‍വ് ബാങ്കിന് നാഥനുണ്ടോ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2016രാജ്യം നോട്ട് പ്രശ്നത്തില്‍ നട്ടംതിരിയുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എവിടെയെന്ന ചോദ്യം പ്രസക്തമാകുകയാണ്. കറന്‍സി അച്ചടിക്കുന്നതുമുതല്‍ പണപരമായ എല്ലാ വിഷയങ്ങളും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കൈകാര്യംചെയ്യേണ്ടത് റിസര്‍വ് ബാങ്കാണ്. എന്നാല്‍, രണ്ടാഴ്ചമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചതുമുതല്‍ ഇതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അതിനിതുവരെയും തയ്യാറായിട്ടില്ല. പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെടാതെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഒഴിഞ്ഞുനടക്കുകയാണ്. ഒരുതവണ മാത്രമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത്പട്ടേല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മോഡി പ്രഖ്യാപനം നടത്തിയ ദിവസം അതിനെ ന്യായീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണറെ പൊതുവേദികളിലെവിടെയും കണ്ടിട്ടില്ല.  നോട്ട് പ്രതിസന്ധിയെക്കുറിച്ച് മൂന്നുപേര്‍ മാത്രമാണ് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിനുപുറത്ത് ബിജെപി വേദികളില്‍ പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയും ധനകാര്യ സെക്രട്ടറി ശക്തികാന്തസിങ്ങും മാത്രമാണ് പ്രതികരിക്കുന്നത്.  ആര്‍ബിഐ ഗവര്‍ണര്‍ പ്രതികരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് ധനകാര്യ സെക്രട്ടറിയും മറ്റും പ്രതികരിക്കുന്നതെന്നാണ് അറിയുന്നത്. 

രഘുറാംരാജന് രണ്ടാംവട്ടം ഗവര്‍ണര്‍പദവി നല്‍കാന്‍ വിസമ്മതിച്ച നരേന്ദ്ര മോഡി പകരമായി തെരഞ്ഞെടുത്ത വ്യക്തിയാണ് ഊര്‍ജിത് പട്ടേല്‍.  ദീര്‍ഘകാലം റിലയന്‍സ് ഇന്‍ഡസ്ട്രീസിലും പിന്നീട് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനിലും ജോലിചെയ്തയാളാണ് ഊര്‍ജിത് പട്ടേല്‍.  മോഡിയുമായി നേരത്തേതന്നെ അടുത്തബന്ധം പട്ടേലിനുണ്ട്. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് ഊര്‍ജിത് പട്ടേലും 10 അംഗ ആര്‍ബിഐ ബോര്‍ഡുമാണെന്ന് ആദ്യം പറഞ്ഞത് കേന്ദ്ര ഊര്‍ജമന്ത്രി പിയുഷ് ഗോയലാണ്.  പിന്നീട് ഇതേ കാര്യം കേന്ദ്ര നിയമ-വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദും ആവര്‍ത്തിച്ചു. ആര്‍ബിഐ നല്‍കിയ നിര്‍ദേശം നടപ്പാക്കുകമാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നാണ് രവിശങ്കര്‍ പ്രസാദിന്റെ വാദം. അതായത് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം  സര്‍ക്കാരല്ല, മറിച്ച് ആര്‍ബിഐയാണെന്ന് സാരം. തീരുമാനം നടപ്പാക്കിയതിലുണ്ടായ വീഴചകള്‍ക്കെതിരെ പ്രതിപക്ഷവിമര്‍ശനം ശക്തമാക്കിയിരിക്കെയാണ് ഇരു മന്ത്രിമാരുടെയും പ്രസ്താവനയെന്നതും ശ്രദ്ധേയം. എന്നിട്ടും ഊര്‍ജിത് പട്ടേലിന് പ്രതികരണമില്ല.

ഇന്ത്യയില്‍ കലാപത്തിന് പോലും സാധ്യതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച ഘട്ടത്തില്‍പോലും മൌനംവെടിയാന്‍ ആര്‍ബിഐ ഗവര്‍ണര്‍ തയ്യാറായില്ല.
ആര്‍ബിഐയുടെ ഗവര്‍ണറുടെ മൌനത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലുംമറ്റും  പ്രതികരണങ്ങള്‍ വരാന്‍ തുടങ്ങിയ ഘട്ടത്തില്‍ അദ്ദേഹത്തെ ന്യായീകരിക്കാന്‍ അരുണ്‍ ജെയ്റ്റലി തയ്യാറായി. നയങ്ങള്‍ നടപ്പാക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ മികവ് കാട്ടേണ്ടതെന്നും എത്ര തവണ ക്യാമറയില്‍ മുഖം കാണിക്കുന്നത് നോക്കിയല്ലെന്നും പറഞ്ഞായിരുന്നു ധനമന്ത്രിയുടെ ന്യായീകരണം. എന്നാല്‍, നോട്ട് പിന്‍വലിക്കുക എന്ന നയത്തിന്റെ ഉത്തരവാദിത്തം പട്ടേലിന്റെ കോര്‍ട്ടിലേക്ക് ഇതുവഴി തട്ടുകയാണ് ധനമന്ത്രിയെന്നാണ് അടക്കംപറച്ചില്‍. വായാടിയായ ഓഫീസറാണ് ഊര്‍ജിത് പട്ടേല്‍ എന്ന് ആര്‍ക്കും കുറ്റപ്പെടുത്താനാകില്ല. രഘുറാം രാജന്റെ ഡെപ്യൂട്ടിയായി പ്രവര്‍ത്തിക്കുമ്പോഴും പട്ടേല്‍ അധികമൊന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
രഘുറാം രാജന്‍ മോഡി സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുമ്പോഴും പട്ടേല്‍ ഒരഭിപ്രായപ്രകടനവും നടത്തിയിരുന്നില്ല.  എന്നാല്‍, രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നത്തില്‍ ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍പോലും ഗവര്‍ണര്‍ തയ്യാറായില്ല. നോട്ടുകള്‍ പിന്‍വലിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റേതുപോലെ ഉത്തരം പറയാന്‍ റിസര്‍വ് ബാങ്കിനും ബാധ്യതയുണ്ട്. കേന്ദ്രമന്ത്രിമാര്‍ അവകാശപ്പെടുന്നതുപോലെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ ആണോ ശുപാര്‍ശ ചെയ്തത്? അതല്ല കേന്ദ്രത്തിന്റെ നിര്‍ദേശം ആര്‍ബിഐ അംഗീകരിക്കുകയായിരുന്നോ? കേന്ദ്രമന്ത്രിസഭയ്ക്കും ഗവണ്‍മെന്റിനും നിര്‍ദേശം അയക്കുന്നതിനുമുമ്പ് ആര്‍ബിഐ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് ആര്‍ബിഐ ഗവര്‍ണറാണ്. 

വ്യാജകറന്‍സി വ്യാപിക്കുന്നതില്‍  അതീവ ഉല്‍ക്കണ്ഠയുണ്ടെന്ന് പറഞ്ഞാണ് ഒറ്റയടിക്ക് 86 ശതമാനം നോട്ടുകള്‍ അസാധുവാക്കിയതെന്നായിരുന്നു ആദ്യവാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്.  പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും  ജനങ്ങള്‍ക്ക് വിഷമമൊന്നും ഉണ്ടാകില്ലെന്നും ഊര്‍ജിത് പട്ടേല്‍ ഉറപ്പ് നല്‍കി. എന്നാല്‍, എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കുമുമ്പിലും ജനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതോടെ ഗവര്‍ണര്‍ ഉള്‍വലിഞ്ഞു. വരിനിന്ന 70 പേര്‍ ഇതിനകം മരിച്ചു. രണ്ടാഴ്ചയായിട്ട് ഒരു പ്രസ്താവനപോലും ആബിഐയില്‍നിന്നുണ്ടായിട്ടില്ല. ധനമന്ത്രാലയമാണ് എല്ലാ പ്രഖ്യാപനങ്ങളും ദിനംപ്രതി നടത്തുന്നത്.  ബാങ്ക് ജീവനക്കാര്‍ ഇതിനകംതന്നെ ആര്‍ബിഐ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തി. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധിക്കുംകാരണം ആര്‍ബിഐ ഗവര്‍ണറാണെന്നാണ് ഇവരുടെ പക്ഷം. ഈ പ്രതിസന്ധിക്ക് എന്നാണ് പരിഹാരമാകുക എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും ആര്‍ബിഐക്ക് ഇല്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാതെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്താണ് ആര്‍ബിഐ ചെയ്യുന്നത് എന്നറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top