25 April Thursday

ക്യൂബയ്‌ക്കുമേൽ വീണ്ടും അമേരിക്കൻ കണ്ണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 14, 2021


ജൂലെെ 11ന്‌ ഹവാന ഉൾപ്പെടെ ക്യൂബയിലെ വിവിധയിടങ്ങളിൽ കൂടുതൽ വാക്‌സിനേഷനും ഭക്ഷ്യവസ്‌തുക്കളും ആവശ്യപ്പെട്ട്‌ പ്രകടനം നടന്നതോടെ വിപ്ലവ സർക്കാരിനെതിരെ പ്രചണ്ഡമായ ദുഷ്‌പ്രചാരണങ്ങളാണ്‌ നടക്കുന്നത്‌. ക്യൂബയിൽ പട്ടിണിയാണെന്നും മരുന്നില്ലെന്നും മഹാമാരി നിയന്ത്രിക്കാൻ ഭരണസംവിധാനത്തിന്‌ കഴിയുന്നില്ലെന്നുമാണ്‌ പ്രചാരണം. അതിനാൽ ജനങ്ങളെ രക്ഷിക്കാൻ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടൽ വേണമെന്നാണ്‌ പ്രകടനക്കാരുടെ ആവശ്യം. 1959ൽ ഏകാധിപതിയായ ബാറ്റിസ്റ്റയെ അധികാരത്തിൽനിന്ന്‌ ഇറക്കി ഫിദലും ചെ യും അധികാരം പിടിച്ച നാൾമുതൽ ആ സർക്കാരിനെ അട്ടിമറിക്കാൻ ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ ശ്രമിച്ചുവരികയാണ്‌ അമേരിക്ക. 80 മൈൽ അകലെ സ്ഥിതിചെയ്യുന്ന ക്യൂബയെ കീഴടക്കാനും വരുതിയിലാക്കാനും എന്തെല്ലാം ശ്രമങ്ങളാണ്‌ അമേരിക്കയും കൂട്ടരും ഇതിനകം പയറ്റിയത്‌. ഫിദൽ കാസ്‌ട്രോയെ വധിക്കാൻ ചുരുട്ടിൽവരെ വിഷം കലർത്തിയില്ലേ സിഐഎയും അമേരിക്കൻ കൂലിപ്പട്ടാളവും! 1961ൽ ബേ ഓഫ്‌ പിഗ്‌സ്‌ ആക്രമണം നടത്തി ക്യൂബയെ കീഴടക്കാനുള്ള അമേരിക്കയുടെ ശ്രമവും ദയനീയമായി പരാജയപ്പെട്ടു. ക്യൂബയിൽ ഫിദൽ അധികാരമേറ്റതുമുതൽ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം ഇന്നും തുടരുകയാണ്‌. 28 തവണയാണ്‌ യുഎൻ പൊതുസഭ ഈ മനുഷ്യത്വരഹിതമായ ഉപരോധം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. 28 തവണയും 184 രാജ്യമാണ്‌ ക്യൂബയ്‌ക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്‌തത്‌. അമേരിക്കയും ഇസ്രയേലും മാത്രമാണ്‌ എതിർക്കാനുണ്ടായത്‌.

സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെ ക്യൂബയുടെ തകർച്ചയും സ്വപ്‌നം കണ്ടിരുന്നു അമേരിക്കയും കൂട്ടരും. പിന്നീട്‌ കാസ്‌ട്രോ മരിച്ചപ്പോൾ ക്യൂബ തകരുമെന്ന്‌ പ്രതീക്ഷിച്ചു. ഏറ്റവും അവസാനം ഫിദലിന്റെ സഹോദരൻ റൗൾ കാസ്‌ട്രോ പ്രസിഡന്റ്‌ സ്ഥാനവും കമ്യൂണിസ്റ്റ്‌ പാർടി സെക്രട്ടറി സ്ഥാനവും ഒഴിയുകയും വിപ്ലവാനന്തര തലമുറയുടെ പ്രതിനിധിയായ മിഗേൽ ദിയാസ്‌ കനേൽ അധികാരമേൽക്കുകയും ചെയ്‌തപ്പോൾ അമേരിക്കയും കൂട്ടരും വീണ്ടും മോഹിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അവസാന ശ്രമമെന്ന നിലയിലാണ്‌ കോവിഡ്‌ മഹാമാരിയുടെ കാലം ക്യൂബയെ തകർക്കാർ അമേരിക്കയും മേഖലയിലെ കമ്യൂണിസ്റ്റ്‌ വിരുദ്ധരും തെരഞ്ഞെടുത്തത്‌. ആദ്യ തരംഗത്തെ വലിയ പരിക്കുകളില്ലാതെ അതിജീവിച്ച ക്യൂബ രണ്ടാംതരംഗത്തിൽ അൽപ്പം ഉലഞ്ഞു. എങ്കിലും തീവ്രവ്യാപനം തടഞ്ഞുനിർത്താൻ അവർക്കായി. സർക്കാർവിരുദ്ധ നീക്കം നടന്ന ജൂലൈ പതിനൊന്നിന്‌ രാജ്യത്ത്‌ 6923 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 47 മരണവും. അമേരിക്കൻ ഉപരോധം കാരണം വാക്‌സിനും മറ്റ്‌ മരുന്നുകളും ഇറക്കുമതി ചെയ്യാൻപോലും ക്യൂബയ്‌ക്ക്‌ കഴിയുന്നില്ല. അതിനാൽ സ്വയം നിർമിച്ച സൊബെറാന, അബ്‌ദാല വാക്‌സിനുകളാണ്‌ ക്യൂബ നൽകിവരുന്നത്‌. ജനസംഖ്യയുടെ മൂന്നിലൊന്നിന് ആദ്യ ഡോസ്‌ വാക്‌സിൻ നൽകിക്കഴിഞ്ഞു. രണ്ടാം തരംഗത്തെയും അതിജീവിക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസത്തിലാണ്‌ സർക്കാരും ആരോഗ്യപ്രവർത്തകരും. ഈ ഘട്ടത്തിലാണ്‌ സർക്കാർവിരുദ്ധ പ്രവർത്തനം ശക്തമായത്‌.

സർക്കാർ വിരോധികൾ ഉന്നയിക്കുന്ന ഭക്ഷ്യക്ഷാമത്തിനും മരുന്നുക്ഷാമത്തിനും വാക്‌സിൻ ക്ഷാമത്തിനും സർക്കാരിനെ കുറ്റം പറയാൻ എളുപ്പമാണ്‌. എന്നാൽ, 60 വർഷത്തിലധികമായി തുടരുന്ന ഉപരോധമാണ്‌ പ്രധാന വില്ലൻ. ഇറക്കുമതിയിൽ 40 ശതമാനത്തിന്റെ കുറവാണ്‌ ഇതുമൂലം ഉണ്ടായിട്ടുള്ളത്‌. അതിനാൽ ക്ഷാമം പരിഹരിക്കണമെങ്കിൽ അമേരിക്ക ഉപരോധം പിൻവലിക്കണം. അതിനായി സമ്മർദം ശക്തമാക്കണം. അമേരിക്കയാകട്ടെ ഈ വിഷമാവസ്ഥ ക്യൂബൻ സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ സമർഥമായി ഉപയോഗിക്കുകയാണ്‌. അസ്ഥിരീകരണ പ്രക്രിയക്ക്‌ ദശലക്ഷക്കണക്കിന്‌ ഡോളറാണ്‌ യുഎസ്‌ അന്താരാഷ്ട്ര വികസന ഏജൻസിയും നാഷണൽ എൻഡോവ്‌മെന്റ്‌ ഫോർ ഡെമോക്രസിയും ക്യൂബയിൽ ഒഴുക്കുന്നത്‌. വിദേശമണ്ണ്‌ കേന്ദ്രമാക്കിയാണ്‌ വൻതോതിലുള്ള ക്യൂബവിരുദ്ധ പ്രചാരണം നടന്നതെന്ന്‌ സ്‌പാനിഷ്‌ വിദഗ്‌ധൻ ജൂലിയാൻ മാസിയാസ്‌ ടോവർ സാക്ഷ്യപ്പെടുത്തുന്നു. റോബോട്ടിന്റെയും മറ്റും സഹായത്തോടെയാണ്‌ ക്യൂബയിലെ കോവിഡ്‌ അവസ്ഥയെക്കുറിച്ച്‌ ആയിരക്കണക്കിന്‌ ട്വീറ്റ്‌ സ്‌പെയിനിൽനിന്ന്‌ പിറന്നത്‌. നേരത്തെ ബൊളീവിയൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിനും മെക്‌സിക്കൻ പ്രസിഡന്റ്‌ ഒബ്രഡോർക്കുമെതിരെയും ഇതേ സംഘം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിരുന്നു. ക്യൂബയിലെ സ്ഥിതി മോശമാണെന്ന്‌ പ്രചരിപ്പിച്ച്‌ അമേരിക്കൻ സൈനിക ഇടപെടൽ ക്ഷണിച്ചുവരുത്തുകയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം.

എന്നും ക്യൂബവിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രമായ മിയാമിയുടെ മേയർ ഫ്രാൻസിസ്‌ സുവാരസ്‌ അമേരിക്കയോട്‌ സൈനികമായി ഇടപെടാനാണ്‌ ആവശ്യപ്പെട്ടത്‌. ഫ്‌ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർടി കോൺഗ്രസ്‌ അംഗം ആന്റണി സബാട്ടിനി ക്യൂബൻ ജനതയോട്‌ ആഹ്വാനം ചെയ്‌തത്‌ കലാപം നടത്താനും ക്യൂബയിലെ എല്ലാ സർക്കാർ അധികാരികളെയും വധിക്കാനുമാണ്‌. വൈറ്റ്‌ ഹൗസ്‌ ഉടൻ ഇടപെടണമെന്നാണ്‌ ഡെമോക്രാറ്റിക് കോൺഗ്രസ്‌ അംഗം വൽഡെമിങ് ആഹ്വാനം ചെയ്‌ത്‌. അമേരിക്കൻ സ്‌റ്റേറ്റ്‌സ്‌ ഡിപ്പാർട്ട്‌മെന്റിലെ അസിസ്‌റ്റന്റ്‌ സെക്രട്ടറി ജൂലി ചൂങ് ക്യൂബയിലെ സർക്കാർവിരുദ്ധ പ്രകടനത്തെ പിന്തുണച്ച്‌ രംഗത്ത്‌ വരികയും ചെയ്‌തു. ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌ അമേരിക്കൻ നേതൃത്വത്തിലാണ്‌ ക്യൂബയിലും അട്ടിമറി ശ്രമത്തിന്‌ നീക്കം നടത്തുന്നത്‌ എന്നാണ്‌. 2004ൽ അമേരിക്ക സൈനികമായി ഇടപെട്ട ഹെയ്‌തിയിൽ ഇപ്പോൾ പ്രസിഡന്റ്‌ തന്നെ അവരുടെ പിന്തുണയോടെ വധിക്കപ്പെട്ടിരിക്കുന്നു. അൽ ഖായ്‌ദയെയും താലിബാനെയും തോൽപ്പിക്കാനായി 20 വർഷമായി അഫ്‌ഗാനിൽ യുദ്ധം നടത്തിയ അമേരിക്ക അതുപേക്ഷിച്ച്‌ താലിബാന്റെ കൈകളിലേക്ക്‌ ‘അധികാരം കൈമാറി ’പിന്മാറിയിരിക്കുന്നു. അമേരിക്കൻ ഇടപെടൽ എന്ന അസംബന്ധം കൊണ്ടൊന്നും ഒരു പ്രശ്‌നവും പരിഹരിക്കില്ലെന്നതിന്റെ ഉദാഹരണങ്ങളാണിതൊക്കെ. അതിനാൽ ക്യൂബയുടെ ഭാഗധേയം നിർണയിക്കേണ്ടത്‌ അവിടത്തെ ജനങ്ങളാണ്‌. അല്ലാതെ അമേരിക്കയല്ല. റഷ്യയും മെക്‌സിക്കോയും നിക്കരാഗ്വയും ബൊളീവിയയും ഈ പ്രതിസന്ധി ഘട്ടത്തിൽ ക്യൂബയെ പിന്തുണയ്‌ക്കാനുള്ള കാരണവും അതുതന്നെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top