20 April Saturday

ഉപരോധത്തെ ജയിച്ച് ക്യൂബ

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2016

ക്യൂബയ്ക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ എതിരില്ലാതെ പാസായി. കാല്‍നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ക്യൂബ അവതരിപ്പിച്ച പ്രമേയം എതിരില്ലാതെ പാസാക്കുന്നത്. വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതോടെയാണ് കൃത്യം 25–ാമത്തെ വര്‍ഷം 191 അനുകൂലവോട്ടിന് പ്രമേയം പാസായത്. 'എന്നും ക്യൂബന്‍ പ്രമേയത്തിന് എതിരായാണ് വോട്ട് ചെയ്യാറുള്ളതെങ്കിലും ഇക്കുറി വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്' എന്ന് അമേരിക്കയുടെ യുഎന്‍ പ്രതിനിധി സാമന്തപവര്‍ നടത്തിയ പ്രഖ്യാപനത്തെ വന്‍ കരഘോഷത്തോടെയാണ് പൊതുസഭ സ്വീകരിച്ചത്. ബുധനാഴ്ച പ്രമേയം പൊതുസഭയില്‍ പാസായപ്പോള്‍ അത് ലോകചരിത്രത്തിലെതന്നെ പ്രധാന സംഭവമായി. ശീതസമരത്തിന്റെ അവസാന അവശിഷ്ടങ്ങളിലൊന്നാണ് ചരിത്രത്തിന്റെ ഭാഗമായത്. ക്യൂബയ്ക്കെതിരെ 1960 മുതല്‍ അമേരിക്ക തുടരുന്ന സാമ്പത്തികവും വാണിജ്യപരവും ധനപരവുമായ ഉപരോധം അവസാനിക്കുന്നതിലേക്കുള്ള ആദ്യപടിയാണ് പൊതുസഭയില്‍ പ്രമേയം പാസായത്. 1992 മുതലാണ് എല്ലാ വര്‍ഷവും പൊതുസഭയില്‍ ക്യൂബയ്ക്കെതിരെ തുടരുന്ന മനുഷ്യത്വരഹിതവും നീതീകരിക്കാനാകാത്തതുമായ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്യൂബ പ്രമേയം അവതരിപ്പിക്കാന്‍ ആരംഭിച്ചത്. അന്നുമുതല്‍ 25 വര്‍ഷവും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത് രണ്ടേരണ്ടു രാഷ്ട്രങ്ങള്‍മാത്രമാണ്. അമേരിക്കയും ഇസ്രയേലും. ചില വര്‍ഷങ്ങളില്‍ റുമാനിയയും അല്‍ബേനിയയും പരാഗ്വെയും മാര്‍ഷല്‍ ഐലന്‍ഡും പലാവുവും ഉസ്ബെകിസ്ഥാനും എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറായെങ്കിലും അവരൊക്കെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്യൂബയുടെ പ്രമേയത്തെ അനുകൂലിക്കാന്‍ തയ്യാറായി. ആദ്യ രണ്ടുവര്‍ഷം പ്രമേയം വോട്ടിനിടുന്ന വേളയില്‍ വിട്ടുനിന്ന ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളും പിന്നീടുള്ള വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഭീഷണിയെ അവഗണിച്ച് ക്യൂബയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറായി. 1992ല്‍ 59 രാഷ്ട്രങ്ങളാണ് ക്യൂബന്‍ പ്രമേയത്തെ അനുകൂലിച്ചതെങ്കില്‍ 2015 ആകുമ്പോഴേക്കും അത് 191 ആയി വര്‍ധിച്ചു. അമേരിക്കയും ഇസ്രയേലും മാത്രമായിരുന്നു കഴിഞ്ഞവര്‍ഷം പ്രമേയത്തെ എതിര്‍ക്കാനുണ്ടായിരുന്നത്. നാലു രാജ്യങ്ങളിലധികം ഇന്നുവരെ പ്രമേയത്തെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല എന്നത് ക്യൂബയ്ക്കുള്ള വര്‍ധിച്ച പിന്തുണയാണ് വ്യക്തമാക്കുന്നത്.  

ക്യൂബയില്‍ 1959ല്‍ അധികാരത്തില്‍ വന്ന ഫിദല്‍ കാസ്്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്– കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമാക്കിയാണ് 1960 മുതല്‍തന്നെ സാമ്പത്തിക ഉപരോധം അയല്‍രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. 1960ല്‍ അമേരിക്കന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലെസ്റ്റര്‍ ഡി മാലറിയുടെ ഉപദേശമനുസരിച്ചാണ് ക്യൂബയെ സാമ്പത്തികമായി ഞെരുക്കി കാസ്ട്രോയുടെ സോഷ്യലിസ്റ്റ് വിപ്ളവത്തിനെതിരെ അവിടത്തെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ നയതന്ത്രം വിച്ഛേദിച്ചതും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതും. എന്നാല്‍, ഈ നയംകൊണ്ട് അമേരിക്ക ലക്ഷ്യമിട്ട ഒരു മാറ്റവും സാധ്യമായില്ലെന്ന് ബറാക് ഒബാമ തുറന്നുസമ്മതിച്ചു. ബേ ഓഫ് പിഗ്സിലേക്ക് നാവികാക്രമണം നടത്തിയും ഭീകരവാദാക്രമണം സംഘടിപ്പിച്ചും കാസ്ട്രോയെ ചുരുട്ടിലും വസ്ത്രത്തിലും മറ്റും വിഷം കലര്‍ത്തി 400 തവണയെങ്കിലും വധിക്കാന്‍ശ്രമിച്ചും ഹവാനയിലെ വിപ്ളവസര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ചിട്ടും വിജയിക്കാനായില്ല. ക്യൂബയുമായുള്ള സാമ്പത്തികബന്ധം പൂര്‍ണമായും ഇല്ലാതാക്കാനായി 1992ല്‍ ടോറിസെല്ലി നിയമവും 1996ല്‍ ഹെംസ് ബര്‍ട്ടന്‍ നിയമവും 2000ല്‍ വ്യാപാര ഉപരോധ പരിഷ്കരണ കയറ്റുമതിവര്‍ധന നിയമവും അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി.  അമേരിക്കന്‍ പൌരന്മാരുടെ ക്യൂബയിലേക്കുള്ള വിനോദസഞ്ചാരം വിലക്കുകയും മൂന്നാംരാജ്യത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുമായുള്ള വ്യാപാരബന്ധം തടയുകയും ചെയ്തു. ക്യൂബ ദേശസാല്‍ക്കരിച്ച മുന്‍ അമേരിക്കന്‍ കമ്പനികളുമായിപ്പോലും അമേരിക്കന്‍ വ്യാപാരബന്ധം തടഞ്ഞുള്ള നിയമനിര്‍മാണങ്ങളായിരുന്നു ഇവയൊക്കെ. ക്യൂബയുമായി ഒരുവിധ വ്യാപാര വാണിജ്യബന്ധവും പാടില്ലെന്ന ദുഷ്ടബുദ്ധിയായിരുന്നു അമേരിക്കയുടേത്.

സാമ്പത്തിക ഉപരോധം ക്യൂബയുടെ സമ്പദ്ഘടനയെ ഏറെ ദോഷമായി ബാധിച്ചെങ്കിലും ക്യൂബ മുന്നോട്ടുള്ള പ്രയാണം അനുസ്യൂതം തുടര്‍ന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയ്ക്ക് 1.1 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് ഉപരോധം വഴി ക്യൂബയ്ക്ക് ഉണ്ടായത്. ഇതിനാലാണ് അമേരിക്കന്‍ ഉപരോധത്തെ കൂട്ടക്കൊലയോട് ഫിദല്‍ കാസ്ട്രോ ഉപമിച്ചത്. എന്നിട്ടും അമേരിക്കയ്ക്ക് ക്യൂബയെ മുട്ടുകുത്തിക്കാനായില്ല. ഒടുവില്‍ കൊച്ചു ക്യൂബയ്ക്കുമുമ്പില്‍ അമേരിക്കയ്ക്ക് കീഴടങ്ങേണ്ടിവന്നു. അഞ്ചരപ്പതിറ്റാണ്ടായി അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നെഞ്ചുറപ്പോടെ പൊരുതിനിന്ന സോഷ്യലിസ്റ്റ് ക്യൂബയ്ക്കുമുമ്പില്‍ അമേരിക്കയ്ക്ക് തലകുനിക്കേണ്ടിവന്നു. 54 വര്‍ഷത്തിനുശേഷം അമേരിക്ക ഏകപക്ഷീയമായി വിച്ഛേദിച്ച നയതന്ത്രബന്ധം 2014 ഡിസംബര്‍ 17ന് പുനഃസ്ഥാപിച്ചതോടെ ശീതയുദ്ധത്തിന്റെ സ്ഫോടനാത്മകമായ ഒരു ഏടിനാണ് അന്ത്യമായത്. ഇരുരാഷ്ട്രങ്ങളും എംബസികള്‍ തുറന്നു. വിമാന സര്‍വീസ് പുനരാരംഭിച്ചു. പ്രസിഡന്റ് ഒബാമ മാര്‍ച്ചില്‍ ക്യൂബ സന്ദര്‍ശിച്ചു. സാമ്പത്തിക ഉപരോധംകൂടി പിന്‍വലിക്കുന്നതോടെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങും. വിട്ടുവീഴ്ചയില്ലാതെ ക്യൂബന്‍ജനത നടത്തിയ പോരാട്ടമാണ് ഇവിടെ വിജയം വരിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top