31 May Wednesday

സിഎസ്‌ബി ബാങ്കിലെ അതിജീവനസമരം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

നൂറുവർഷം പഴക്കമുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ പേര് ഇന്ന് സിഎസ്‌ബി ബാങ്ക് എന്നാണ്. പേരിലെ സാമ്യം ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. ബാങ്ക്‌ ഇപ്പോൾ ക്യാനഡയിലെ ഫെയർഫാക്സ് കമ്പനിയുടെ നിയന്ത്രണത്തിൽ. 51 ശതമാനം ഓഹരിയാണ് 2018ൽ ഒറ്റയടിക്ക് വിദേശ കമ്പനി കൈക്കലാക്കിയത്. വിദേശനിയന്ത്രിത ബാങ്കായതോടെ സാധാരണക്കാർക്ക് അപ്രാപ്യമായി. സേവിങ്‌സ്‌ അക്കൗണ്ട് തുടങ്ങാൻ ആദ്യനിക്ഷേപം 10,000 രൂപ വേണമെന്ന നിബന്ധനമാത്രം മതി ഉദാഹരണത്തിന്. ചെറുകിട വായ്പകളെല്ലാം നിർത്തി. കാർഷിക-, വിദ്യാഭ്യാസ, -ഭവന വായ്പകൾ പേരിനുമാത്രമായി. വായ്പ കോർപറേറ്റുകൾക്കുമാത്രമായി ചുരുക്കി. അങ്ങനെ കേരളത്തിന്റെ തനതു ബാങ്ക് നാട്ടുകാർക്ക് അന്യമായി.

ലാഭംമാത്രം ലക്ഷ്യംവച്ചുള്ള വിദേശ മൂലധനം അതിനൊത്ത ചേരുവമാറ്റത്തിന് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി നടത്തി. ജനകീയ ബാങ്കിങ്‌ ഘടനയും പ്രവർത്തനവും ഉടച്ചുവാർത്തു. പുതിയ മേധാവി താക്കോൽസ്ഥാനങ്ങളിലെല്ലാം പാർശ്വവർത്തികളെ നിയമിച്ചു. അഞ്ചു വർഷത്തിനിടയിൽ ഒറ്റ സ്ഥിരം ജീവനക്കാരെയും പുതുതായി നിയമിച്ചില്ല. നിർബന്ധിത വിആർഎസ് തുടങ്ങി വിവിധ തരം പീഡനമുറകളിലൂടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 3200ൽ നിന്ന് 1353 ആക്കി. പ്രതികാരനടപടികളും ക്രൂരമായ സ്ഥലംമാറ്റങ്ങളും ദിനചര്യയായി. മൂന്നുവർഷത്തിനുള്ളിൽ പുതുതായി നിയമിച്ച ഏകദേശം 3500 കരാർ ജീവനക്കാർക്ക് തുച്ഛവേതനംമാത്രം. 2017 മുതൽ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്‌കരണം മറ്റെല്ലാ ബാങ്കിലും നടപ്പാക്കിയപ്പോൾ ഇവിടെയില്ല. വ്യാവസായിക അടിസ്ഥാനത്തിലുള്ള കരാറൊന്നും ബാധകമല്ലെന്നാണ് മാനേജ്മെന്റ്‌ വാദം. 

ഈ സാഹചര്യത്തിലാണ് സിഎസ്ബി ബാങ്ക് ജീവനക്കാർ ബുധനാഴ്ചമുതൽ ത്രിദിന പണിമുടക്ക് ആരംഭിച്ചത്. എല്ലാ ജീവനക്കാരെയും പ്രതിനിധാനം ചെയ്യുന്ന നാലു സംഘടനയുടെ ഐക്യവേദിയാണ് നേതൃത്വം നൽകുന്നത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മറ്റ് ബാങ്കുകളിലെ ജീവനക്കാരും വെള്ളിയാഴ്‌ച പണിമുടക്കുകയാണ്. 24 ട്രേഡ് യൂണിയൻ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിങ്‌ മേഖലയുടെ ജനകീയസ്വഭാവം തിരിച്ചുപിടിക്കാനുള്ള തൊഴിലാളി ഐക്യമാണ് ഇവിടെ ദൃശ്യമാകുന്നത്.

1920ൽ തൃശൂർ ആസ്ഥാനമായി ആരംഭിച്ച കാത്തലിക് സിറിയൻ ബാങ്ക് സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായ സ്വയംപര്യാപ്തത എന്ന സ്വാതന്ത്ര്യസമര സന്ദേശം ഉയർത്തിപ്പിടിച്ചാണ് വളർന്നത്. ദാരിദ്ര്യത്തിൽ അമർന്നവരും ചെറുകിട കച്ചവടക്കാരും ഈ സ്ഥാപനത്തെ ആശ്രയിച്ചു. പതുക്കെ അധ്യാപകരിലേക്കും ഇടത്തരക്കാരിലേക്കും സ്ഥാപനം കടന്നുചെന്നു. 1969ലെ ബാങ്ക് ദേശസാൽക്കരണത്തോടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു.

1991ലെ ആഗോളവൽക്കരണം സ്ഥിതി മാറ്റി. ‘നവ ഉദാരവൽക്കരണ’ നയങ്ങൾ അനുവദിച്ച പഴുതിലൂടെ 36 ശതമാനം ഓഹരി തായ്‌ലൻഡിലെ ചൗള ബിസിനസ് ഗ്രൂപ്പ് കൈക്കലാക്കി. ജനകീയസമരവും 2008ലെ സുപ്രീംകോടതി വിധിയും കാരണം ചൗള ഗ്രൂപ്പിന് പുറത്തുപോകേണ്ടി വന്നു. ഇതിനിടയിൽ വിദേശകമ്പനി ബാങ്കിന് കനത്ത പരിക്കേൽപ്പിച്ചിരുന്നു.

2018ൽ വിദേശ മൂലധനത്തിന്റെ രണ്ടാംവരവ് ഉന്നതതല ഗൂഢാലോചനയിലൂടെ ആയിരുന്നു. ഇന്ത്യൻ ബാങ്കിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികൾ ഒരൊറ്റ വിദേശ കമ്പനിക്ക് വാങ്ങാൻ അനുമതി ലഭിച്ചു. 1200 കോടി രൂപ മുടക്കി 35,000 കോടിയുടെ ബിസിനസാണ് കനേഡിയൻ കമ്പനി സ്വന്തമാക്കിയത്. ജനകീയ ബാങ്കിങ്ങിൽനിന്ന് വരേണ്യവർഗ ബാങ്കിങ്ങിലേക്കുള്ള ജനവിരുദ്ധ പരീക്ഷണശാലയാക്കുകയാണ് സിഎസ്ബി ബാങ്കിനെ ഇപ്പോൾ.
സ്വകാര്യബാങ്കുകളിൽ 74 ശതമാനംവരെ വിദേശ ഓഹരിപങ്കാളിത്തം അനുവദിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനം ഈ പരീക്ഷണം വ്യാപിപ്പിക്കാനുള്ള കളമൊരുക്കുകയാണ്. ഇത് ഇവിടെ ചെറുത്തില്ലെങ്കിൽ രോഗം വ്യാപിക്കും. മറ്റെല്ലാ ബാങ്കുകളിലേക്കും ഈ സംസ്കാരം കടന്നുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top